Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പോയ് മറഞ്ഞ പൂപ്പാട്ടിനായ് ഒരു കലാജാഥ; എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെ പ്രചാരണത്തിനായി തിരുവനന്തപുരം നഗരസഭയുടെ സംരംഭം

പോയ് മറഞ്ഞ പൂപ്പാട്ടിനായ് ഒരു കലാജാഥ; എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെ പ്രചാരണത്തിനായി തിരുവനന്തപുരം നഗരസഭയുടെ സംരംഭം

തിരുവനന്തപുരം: 'ആന കുത്തി ഒരാൾ മരിച്ചാൽ വാർത്ത. പക്ഷേ, കൊതുകു കുത്തി അയിരങ്ങൾ മരിച്ചാൽ വാർത്തയാകുമോ?' ചോദ്യം കേട്ടു കുട്ടികൾ ഒരുനിമിഷം നിശബ്ദരായി. തുടർന്ന് അരങ്ങേറിയതുകൊതുകിന്റെ ലീലാവിലാസങ്ങളും ഇരകളുടെ ദുരന്തങ്ങളും. 'കാലിൽ വന്തു കടിച്ചിരിപ്പാൻ... കാതിൽ വന്തു പാട്ടിറിപ്പാൻ...' 'എന്തൊരു കൊതുകാണപ്പാ' എന്ന ആക്ഷേപഹാസ്യനാടകത്തിലെ പാരഡിപ്പാട്ടിന്റെ താളത്തിൽ എല്ലാവരും താളമിട്ടു.

തിരുവനന്തപുരം നഗരസഭയുടെ 'എന്റെ നഗരം സുന്ദരനഗരം' പദ്ധതിയുടെ പ്രചാരണത്തിനു സംഘടിപ്പിച്ച കലാജാഥയാണ് വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ഒരുപോലെ ഹരമായത്. തൃശൂർ ജനനയനയാണ് നഗരസഭയ്ക്കുവേണ്ടി ശുചിത്വസന്ദേശ കലാജാഥ അവതരിപ്പിക്കുന്നത്.

'പൂപ്പാട്ടൊന്നു പാടെടിപെണ്ണേ പുന്നാരക്കുറത്തീ' എന്ന കുറവന്റെ അഭ്യർത്ഥനയ്ക്കുമുന്നിൽ, 'പൂപ്പാട്ടും തേൻപാട്ടും പോയ്മറഞ്ഞേ കുറവാ' എന്നു നിസ്സഹായയാകുന്ന കുറത്തി നമ്മുടെ നഗരങ്ങളുടെ ദുരവസ്ഥ തുറന്നു കാട്ടുന്നു. നാടും വീടും കോലംകെട്ടു കിടക്കുന്നതും കിണറും പുഴയും മാലിന്യം നിറയുന്നതും നിരത്തെല്ലാം ചവറുകൂനയാകുന്നതും തൊടിയിൽ പ്ലാസ്റ്റിക് നിറയുന്നതും ഓടയിൽ കൂത്താടി നുരയുന്നതുമെല്ലാം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് കലാജാഥ ഓർമിപ്പിക്കുന്നു.

സുഗന്ധം പരത്തുന്ന പെൺകുട്ടി എന്ന നാടകത്തിലൂടെ ആരോഗ്യത്തിന്റെ അടിത്തറ ശുചിത്വമാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. ആക്ഷേപഹാസ്യനാടകമായ 'വിവാഹാലോചന' ആരോഗ്യകരമായ പരിസരത്തിന്റെ പ്രാധാന്യം രസകരമായി അവതരിപ്പിക്കുന്നു. നാടൻ പാട്ടുകളും ദൃശ്യശില്പങ്ങളും നർമ്മപരിപാടികളുമൊക്കെ കലാജാഥയ്ക്ക് മാറ്റേകുന്നു. സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച പ്രേം പ്രസാദ് തയ്യാറാക്കിയ പരിപാടി അവതരിപ്പിക്കാൻ റംല, ബ്രീസ്, രേവതി, ബിന്ദു തുടങ്ങി ഏഴു വനിതകളടക്കം 20 അംഗങ്ങളുണ്ട് സംഘത്തിൽ.

ബുധനാഴ്ച വരെ നഗരത്തിൽ 25 വേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കും. മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മേയർ കെ ചന്ദ്രികയാണ് കലാജാഥ ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി മേയർ ഹാപ്പി കുമാർ അദ്ധ്യക്ഷനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP