Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മുടെ കുഞ്ഞുങ്ങളുടെ ചിരിയും സന്തോഷവുമെല്ലാം നമ്മുടെ പിടിവാശി മൂലം ഡിഫ്ത്തീരിയയോ മറ്റോ കവർന്നെടുത്താൽ? ആ ദുഃഖഭാരവും പേറി ജീവിതകാലം മുഴുവൻ തള്ളിനീക്കാൻ നമുക്കാവുമോ? വാക്‌സിനേഷൻ വിരുദ്ധ പ്രചാരണങ്ങളുടെ കള്ളിപൊളിച്ചെഴുതി ഫാസിൽ ഷാജഹാന്റെ ലേഖനം

നമ്മുടെ കുഞ്ഞുങ്ങളുടെ ചിരിയും സന്തോഷവുമെല്ലാം നമ്മുടെ പിടിവാശി മൂലം ഡിഫ്ത്തീരിയയോ മറ്റോ കവർന്നെടുത്താൽ? ആ ദുഃഖഭാരവും പേറി ജീവിതകാലം മുഴുവൻ തള്ളിനീക്കാൻ നമുക്കാവുമോ? വാക്‌സിനേഷൻ വിരുദ്ധ പ്രചാരണങ്ങളുടെ കള്ളിപൊളിച്ചെഴുതി ഫാസിൽ ഷാജഹാന്റെ ലേഖനം


വാക്‌സിനേഷൻ കൊടുക്കണോ വേണ്ടയോ?

ഈയൊരു നീണ്ട ലേഖനം വായിച്ചു നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാൻ ചോദ്യത്തിനുള്ള ഉത്തരം ആദ്യമേ പറയാം, വാക്‌സിനേഷൻ നിർബന്ധമായും കൊടുക്കണം.വിശദീകരണം:
ഇതുമായി ബന്ധപ്പെട്ട് വാട്‌സപ്പിലൂടെ അടക്കം പ്രചരിക്കുന്ന ഊഹാ പോഹങ്ങളാണ് ജനങ്ങളിൽ ഇങ്ങിനെയൊരു ആശയക്കുഴപ്പം ഉണ്ടാകാൻ കാരണം.എന്തൊക്കെയാണ് ആരോപണങ്ങൾ എന്നും എന്താണ് അവയ്ക്കുള്ള മറുപടി എന്നും പറയുന്നതിനു മുമ്പ് ചെറിയൊരു ചരിത്ര വായന നടത്താം. കോടിയോളം ആളുകളെ കൊന്ന, ചില ഗ്രാമങ്ങൾ തന്നെ ഇല്ലാതായിപ്പോയ നിരവധി രോഗങ്ങളെ നമ്മൾ ഇല്ലാതാക്കുകയോ നിയന്ത്രണ വിധേയമാക്കുകയോ ചെയ്തിട്ടുണ്ട്. അവ ഇവയാണ്.
1. ചിക്കൻ പോക്‌സ്
2. പോളിയോ
3. വസൂരി
4. ടൈഫോയിഡ്
5. ന്യുമോണിയ
6. ടൈഫോയിഡ്
7. മലേറിയ
8. അഞ്ചാം പനി (മീസൽസ്)
9.വില്ലൻ ചുമ
10.ഡിഫ്ത്തീരിയ

എന്റെയൊക്കെ ചെറുപ്പകാലത്ത് നിറയെ വസൂരിക്കലയുള്ള പലരെയും നാട്ടിൽ കാണാറുണ്ടായിരുന്നു. ഇവരിൽ നിന്നൊക്കെയും അനുഭവ എഴുത്തുകളിലൂടെയും അന്നത്തെ ബീഭൽസമായ ഭീകരാവസ്ഥയെ കുറിച്ചു കേട്ടിട്ടുണ്ട്.അന്നും കൊണ്ടുപിടിച്ച ആരോപണങ്ങളും അന്ധവിശ്വാസങ്ങളും എതിർപ്പുകളും മന്ത്രവാദങ്ങളും ഇന്നത്തേക്കാൾ രൂക്ഷമായി നിലകൊണ്ടിരുന്നു. വസൂരി പിടിച്ചവരെ വീടോടെ, ജീവനോടെ, കത്തിച്ചു കളഞ്ഞിരുന്നു.അക്കരെയുള്ള രോഗികൾ പുഴയിലൂടെ നീന്തി വരുന്നത് തടയാൻ ചൂട്ടും കത്തിച്ചു പുഴയുടെ ഇക്കരെ ആളുകൾ ഉറക്കമൊഴിഞ്ഞു കാവലിരുന്നിരുന്നു.

മതങ്ങളോ പ്രാർത്ഥനകളോ മന്ത്രവാദങ്ങളോ അല്ല, മറിച്ചു മരുന്നുകളാണവ നിർമ്മാർജ്ജനം ചെയ്യാൻ നമ്മെ സഹായിച്ചത് എന്ന് ഇന്നത്തെ എതിർപ്പുകാർ പോലും സമ്മതിക്കും.ഭയത്തിന്റെ വിൽപ്പനക്കാർ എന്നും അങ്ങിനെയായിരുന്നു. ഇന്നെതിർക്കുന്നവർ ഇന്നലെയെ അംഗീകരിക്കും. നാളെ എതിർക്കുന്നവർ ഇന്നിനെ അന്ന് അംഗീകരിക്കും. എന്തായാലും നാളെകളിൽ പറഞ്ഞു ചിരിക്കാനുള്ള അത്തരക്കാരുടെ ഇന്നത്തെ വാദമുഖങ്ങൾ എന്തൊക്കെയെന്നു നോക്കാം.

1 ഈ വാക്‌സിൻ കൊടുത്തതു കൊണ്ട് ഇതുവരെ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല.

അങ്ങിനെയല്ല. രണ്ടായിരമാണ്ടിൽ ഇന്ത്യയിലെ മീസിൽസ് (അഞ്ചാം പനി) വാക്‌സിനേഷന്റെ കവറേജ് 56 ശതമാനം ആയിരുന്നു, ഇന്ത്യയിലാകെ അന്നുണ്ടായ മരണം ഒരു ലക്ഷം. 2015 ഇന്ത്യയിലെ മീസിൽസ് വെക്കേഷന്റെ കവറേജ് 87 ശതമാനമായിരുന്നു, അന്നുണ്ടായ മരണങ്ങൾ 49000.

2 കുഞ്ഞുങ്ങളിൽ മീസൽസ് റുബെല്ലാ വാക്‌സിനേഷൻ ഓട്ടിസം ഉണ്ടാക്കും.

മെഡിക്കൽ സയൻസിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒരു നുണയാണിത്.'ആധുനിക വാക്‌സിൻ വിരുദ്ധ മുന്നേറ്റത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ആൻഡ്ര്യൂ വേക്ക്ഫീൽഡ്, പ്രശസ്ത ശാസ്ത്ര ജേർണലായ ലാൻസറ്റിൽ എഴുതിയ ലേഖനമാണ് വാക്‌സിനും ഓട്ടിസവും തമ്മിലുള്ള ബന്ധം ആദ്യമായി 'കണ്ടുപിടിക്കുന്നത്.'ലോകമെമ്പാടുമുള്ള വാക്‌സിൻ വിരുദ്ധർ ലേഖനം ഉപയോഗിച്ച് വലിയ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. വികസിത രാഷ്ട്രങ്ങളിൽ പോലും വാക്‌സിനേഷൻ നിരക്ക് കുറഞ്ഞു. പതിനാലു വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ടിൽ ആദ്യത്തെ മീസിൽസ് മൂലമുള്ള മരണം സംഭവിച്ചു.2004ൽ ബ്രയാൻ ഡീർ എന്ന പത്ര പ്രവർത്തകനാണ് വേക് ഫീൽഡിന്റെ തട്ടിപ്പ് ലോകത്തെ അറിയിച്ചത്.വേക്ക്ഫീൽഡ് പഠനത്തിൽ കാണിച്ച കൃത്രിമങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തു.
ഒരു കോടിയോളം കുട്ടികളുടെ ഡാറ്റ പരിശോധിച്ച 31 പഠനങ്ങൾ വാക്‌സിനും ഓട്ടിസവും തമ്മിൽ ബന്ധമില്ല എന്ന് തെളിയിക്കുകയും കൂടി ചെയ്തതിനെത്തുടർന്ന് ലാൻസറ്റ് ജേർണൽ ക്ഷമാപണത്തോടെ വേക്ക് ഫീൽഡിന്റെ ലേഖനം പിൻവലിച്ചു.ഇതോടെ ശാസ്ത്രീയ ചർച്ചകൾക്ക് വിരാമമായെങ്കിലും ലോകമെമ്പാടുമുള്ള വാക്‌സിൻ വിരുദ്ധ പ്രചാരകരുടെ പ്രധാന ആയുധം ഇന്നും ഈ ലേഖനമാണ്.

3 മാതൃഭൂമിയിൽ വന്ന ലേഖനം.

ആരുഷി ബേദി എഴുതിയ ലേഖനം വാക്‌സിൻ കച്ചവടത്തെ മനോഹരമായി തുറന്നു കാണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും ദേശിയ തലത്തിലും ഈ കച്ചവടം എങ്ങിനെ നടക്കുന്നു എന്നും ആരൊക്കെ, എവിടെയൊക്കെ, എത്രയൊക്കെ ലാഭം ഉണ്ടാക്കുന്നു എന്നതും കൃത്യമായി ആരുഷി എഴുതിയിട്ടുണ്ട്.പക്ഷേ വാക്‌സിൻ എടുക്കരുത് എന്നോ, വാക്‌സിനുകൾ ദോഷമാണെന്നോ ആരുഷിയുടെ ലേഖനത്തിൽ എവിടെയും പറയുന്നില്ല. ആവശ്യമുള്ള വാക്‌സിനുകൾ എടുക്കണം എന്ന് ആ ലേഖനത്തിൽ പറയാതെ പറയുന്നുമുണ്ട്.ഇത്തരം അവസ്ഥകളെ നേരിടേണ്ടത് ബാലറ്റു പേപ്പറിലൂടെയും പ്രതിഷേധ മാർഗ്ഗങ്ങളിലൂടെയും ആണ്. വാക്‌സിൻ വിരുദ്ധത അതിന്റെ പരിഹാരമല്ല.ഒരു വടിക്കായി കാത്തു നിൽക്കുന്ന വാക്‌സിൻ വിരുദ്ധർ ഇതിനെ ആഘോഷിച്ചു. കച്ചവടം, ലാഭം എന്നീ സാമൂഹ്യതിന്മകളെ തുറന്നു കാണിക്കാനുള്ള ശ്രമം, വാക്‌സിൻ വിരുദ്ധത എന്ന ദുർഭൂതത്തെ തുറന്നു വിടും എന്ന് ആരുഷിയോ, ഇത് തർജ്ജമ ചെയ്ത മാതൃഭൂമിയോ മുൻകൂട്ടി കാണാതെ പോയത് ദുഃഖകരമാണ്.

4 എന്റെ കുട്ടിക്ക് വാക്‌സിൻ എടുക്കാത്തതുകൊണ്ട് ഉണ്ടാകാവുന്ന പ്രശ്‌നം ഞാനും കുടുംബവും സഹിച്ചോളാം.

വാക്‌സിൻ എടുക്കാതിരിക്കുന്നതിനുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തിൽ പൊതു സമൂഹവും സർക്കാരും ഇടപെടുന്നതെന്തിനു്?വാക്‌സിൻ എടുക്കാത്തതുകൊണ്ടുള്ള പ്രശ്‌നം സ്വന്തം കുടുംബത്തിനു മാത്രമേ വരൂ എന്ന തെറ്റിദ്ധാരണ മൂലമുള്ള വാദമാണിത്.
പൊതു സമൂഹത്തിൽ പെട്ടെന്ന് പകരുന്ന, എന്നാൽ പ്രതിരോധകുത്തിവെപ്പു കൊണ്ട് തടയാവുന്ന അസുഖം ബാധിക്കാൻ സാധ്യതയുള്ളവർ വാക്‌സിൻ വിരുദ്ധർ മാത്രമല്ല. ആരെല്ലാമാണവർ ? അവരെ രണ്ടായി തിരിക്കാം

1. വാക്‌സിൻ എടുക്കാൻ പാടില്ലാത്തവർ
a. തീരെ ചെറിയ, വാക്‌സിൻ എടുക്കാൻ പ്രായമാകാത്ത കുട്ടികൾ
b. വാക്‌സിനു അലർജ്ജിയുള്ളവർ
c.. ചില വാക്‌സിനുകൾ എടുക്കാൻ പാടില്ലാത്ത അസുഖങ്ങൾ ജന്മനാ ഉള്ളവർ
2. വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം ഇല്ലാത്തവർ
a. ജന്മനാ പ്രതിരോധ ശക്തി കുറയുന്ന രോഗമുള്ളവർ
b. രോഗപ്രതിരോധ ശക്തി കുറയ്ക്കുന്ന ചില തരം കാൻസറുകൾ ഉള്ളവർ
c.. കാൻസർ കീമൊതെറാപ്പി മൂലമോ മറ്റ് ചില ചികിൽസകൾ കാരണമോ രോഗ പ്രതിരോധ ശക്തി കുറഞ്ഞവർ.
3അവയവമാറ്റിവെക്കലിനു വിധേയമായിട്ട് , ശരീരം അവയവത്തെ തിരസ്‌കരിക്കുന്നത് തടയാൻ മരുന്നു കഴിക്കുന്നവർ
4. വാക്‌സിൻ പരാജയങ്ങൾ ( 510 ശതമാനം പേർ പൂർണമായി വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിലും സംരക്ഷണം കിട്ടാത്തവരായിട്ടുണ്ട് )
മേൽ സൂചിപ്പിച്ച വിഭാഗങ്ങളിൽപ്പെട്ട ആർക്കും വാക്‌സിൻ വിരുദ്ധരുടെ സാമീപ്യം കാരണം രോഗം വരാനും ജീവൻ അപകടത്തിലാകാനും സാധ്യത വേണ്ടുവോളമുണ്ട്.
5 കരയാമ നൂറ്റമ്പത് വർഷം ജീവിച്ചിരിക്കുന്നത് ഏത് വാക്‌സിൻ കുത്തിവെച്ചിട്ടാണ് യുക്തിവാദികളെ?

എക്കാലവും മത വിഭാഗങ്ങളിലെ അന്ധമായ ഒരു ന്യൂനപക്ഷവും നേതൃത്വവും ശാസ്ത്രത്തിന് എതിരായിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷം എല്ലാവരും അംഗീകരിച്ചാൽ അതു തങ്ങളുടെ മത ഗ്രന്ഥത്തിലുണ്ട് എന്നു പറഞ്ഞു ഇത്തരക്കാർ അതിന്റെ ഉടമസ്ഥാവകാശവും പിതൃത്വവും തട്ടിയെടുക്കുകയും ചെയ്യും.

6 ഒരു സന്തോഷ വാർത്ത....... കണ്ണൂരിലും ഡിഫ്തീരിയ റിപ്പോർട്ട് ചെയ്തൂട്ടോ..

ഇത്തരം പോയിന്റ് ശതമാനത്തിനു താഴെ മാത്രം വരുന്ന ദുരന്തങ്ങളെ വാക്‌സിൻ വിരുദ്ധർ വലിയ സന്തോഷത്തോടു കൂടി ആഘോഷിക്കുന്നതു കാണാം.ഒരു വലിയ കാൻവാസിൽ അന്തർദേശീയ, ദേശീയ, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പഠിക്കാൻ ശ്രമിക്കാത്തതിനാലാണിങ്ങനെ തങ്ങളുടെ വാദങ്ങളുടെ വിജയമായി ഇത്തരം ദുരന്തങ്ങളെ അവർ ആഘോഷിക്കാൻ കാരണം.

7 'ലോകജനസംഖ്യ പത്തോ പതിനഞ്ചോ ശതമാനത്തിലെത്തിക്കാൻ വാക്‌സിനേഷന് മാത്രമേ കഴിയൂ' എന്ന് ടിഇഡി ഇന്റർവ്യൂവിൽ ബിൽഗേറ്റ്‌സ് പറയുന്നുണ്ട്.

ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ഫേസ്‌ബുബുക്ക് ഐ ഡികൾ മിക്കതും വ്യാജമാണ്. ബാക്കിയുള്ളവ കോപ്പി പേസ്റ്റും. വായനക്കാരുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടികളും ഇല്ല.ഇനി അത്തരം പോസ്റ്റുകളിൽ അവർ തന്നെ തന്ന ടിഇഡി ലിങ്കുകൾ പോയി നോക്കിയാൽ പ്രതിരോധതിനുള്ള വാക്‌സിൻ ഉണ്ട്, ഫാമിലി പ്ലാനിംഗിനുള്ള വാക്‌സിനും ഉണ്ട് എന്ന് ഇന്റർവ്യൂവിൽ അദ്ദേഹം പറയുന്നതിനെ വളച്ചൊടിച്ചതാണ് എന്നു കാണാം.

8 രോഗ പ്രതിരോധത്തിനുള്ള നൈസർഗികമായ കഴിവ് ദൈവം മനുഷ്യനിൽ പ്രത്യേകം നിക്ഷേപിച്ചിട്ടുണ്ട്.

വാക്‌സിൻ വിരുദ്ധർ എല്ലാക്കാലത്തും ശാസ്ത്രീയതേക്കാളും കണക്കുകളേക്കാളും കയ്യിലെടുക്കാൻ ശ്രമിച്ചിട്ടുള്ളത് മത വിശ്വാസികളെ ആണെന്നു നമുക്കു കാണാം.
ഇക്കാലഘട്ടത്തിലും അവർ പറയുന്നത് നോക്കുക.തയോമെർസൽ എന്ന മെർക്കുറി സംയുക്തം ഒരു മാരകവിഷമാണ്. സിംഹഭാഗം ജലാറ്റിനും നിർമ്മിക്കുന്നത് യഹൂദർക്കും മുസ്ലിങ്ങൾക്കും മതപരമായി നിരോധനമുള്ള പന്നി കൊഴുപ്പിൽ നിന്നാൺ! സീറത്തിലെ ആൽബുമിനാണെങ്കിൽ ഏതൊക്കെയോ രക്തദാതാക്കളുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത ഭാഗമാണ്.

ഇവിടെ ഇവ ഓരോന്നും വിവരിക്കാൻ സാധ്യമല്ല. എങ്കിലും ചിലതു പറയാം.വാക്‌സിൻവിരുദ്ധർ 'മെർക്കുറി' എന്നും പറഞ്ഞു പേടിപ്പിക്കുന്ന സംഭവം മൾട്ടി വയൽ വാക്‌സിനുകളിൽ പ്രിസർവേറ്റീവായി ഉപയോഗിക്കുന്ന ' തൈമെറോസാൽ' എന്ന പദാർത്ഥമാണ്. (ഇതിൽ ഓർഗാനിക് മെർക്കുറി ഉണ്ട്).പ്രിസർവേറ്റീവുകളുടെ ഉപയോഗം മുമ്പേ വിവരിച്ചതാണല്ലോ. ഡിടി, ഇൻഫ്ളാവൻസ,വാക്‌സിൻ മുതലായ വാക്‌സിനുകളിലാണ് ഇതിലുള്ളത്. 1999ൽ തൈമെറോസാല് അടങ്ങിയ വാക്‌സിനുകൾ യുഎസിൽ തിരികെ എടുക്കുകയുണ്ടായി.
അതിനുള്ള കാരണം വാക്‌സിനിൽ അടങ്ങിയ മെർക്കുറി അംശം ഇപിഎ ഗൈഡ്‌ലൈൻ സേഫ്റ്റി ലെവലി ന് മുകളിലാണ് എന്ന വാർത്ത പരന്നതു മൂലമാണ്. പക്ഷേ ഇപിഎ സേഫ്റ്റി ലെവൽ മീഥൈൽ മെർക്കുറിക്കു മാത്രമേ ബാധകമാവൂ. തൈമെറോസാലിൽ ഈഥൈൽ മെർക്കുറി ആണുള്ളത്.ഇനി ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം ഒന്നു നോക്കാം. മീഥൈൽ മെർക്കുറി ഒരു വിഷ പദാർത്ഥമാണ്. അതു ശരീരത്തിൽ അടിഞ്ഞു കൂടുകയും, ഞരമ്പുകൾക്കു കേടുപാടു വരുത്തുകയും ചെയ്യുന്നു.എന്നാൽ തൈമെറോസാൽ (ഈഥൈൽ മെർക്കുറി) ശരീരത്തിൽ അടിഞ്ഞു കൂടുന്നില്ല. അതു ശരീരം പൂർണ്ണമായും പുറംതള്ളുന്നു. അതിനാൽ തന്നെ സുരക്ഷിതവും ആണ്.

9 മൃതശരീരം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ ആണ് പാതി ചത്ത ഈ വൈറസുകളെ പ്രിസർവ് ചെയ്യാൻ ഉപയോഗിക്കുന്നത്.

കുരങ്ങന്റെ ചലം, വൃഷ്ണം പഴുപ്പിച്ച ചലം, പന്നിയുടെ തലച്ചോർ പഴുപ്പിച്ച ചലം ഇതൊക്കെയാണ് വാക്‌സിനിലുള്ളത് (സംഭ്രമജനകമായ ടോണിൽ വായിക്കുക)ഈ പറയുന്ന മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നവർക്കും ഇതു വിശ്വസിക്കുന്നവർക്കും ബേസിക് ബയോളജിയെ പറ്റിയുള്ള പരിജ്ഞാനം കുറവാണ് എന്ന് സാരം.വാക്‌സിനുകൾ നിർമ്മിക്കാൻ നാം ആശ്രയിക്കുന്നത് സെൽ കൾച്ചറുകളെയാണ്.അതായത്, ഏതെങ്കിലും ഒരു ജീവിയുടെ ഒരു കോശം എടുത്ത് ലാബിലെ കൃത്രിമമായ അന്തരീക്ഷത്തിൽ അതിനെ മൾട്ടിപ്ലൈ ചെയ്യുന്നു. ഇങ്ങനെ ഉണ്ടാക്കിയെടുത്ത സെൽ കൾച്ചറുകളിൽ വാക്‌സിൻ നിർമ്മിക്കുന്നതിനാവശ്യമായ ബാക്ടീരിയകളെയും വൈറസുകളെയും വളർത്തിയെടുക്കുന്നു.
ഇനി പഴുപ്പ് എന്നു പറയുന്നത്, അണുബാധയെ പ്രതിരോധിക്കാൻ വേണ്ടി ശരീരം നിർമ്മിക്കുന്ന ശ്വേതരക്താണുക്കൾ ആണ്. ഇതും, ചത്തുപോയ അണുക്കളും സ്രവവും എല്ലാം കൂടി ചേരുമ്പോൾ ചലം ആകും.ചലം ജീവനുള്ള മനുഷ്യ ശരീരത്തിലോ മൃഗശരീരത്തിലോ മാത്രമേ ഉണ്ടാകൂ. സെൽ കൾച്ചറുകളിൽ ചലം ഇല്ല. ഇത് വാക്‌സിനെ കുറിച്ച് അറപ്പ് ഉണ്ടാക്കാൻ വേണ്ടിയുള്ള വാസ്തവ രഹിത പ്രചരണം മാത്രമാണ്.....

10 ലോക ശക്തികൾ, ഭീമൻ സ്രാവുകൾ, കുത്തകകൾ, വ്യവസായ പിമ്പുകൾ, ഞെട്ടിക്കുന്ന കണക്കുകൾ, മരുന്നു പരീക്ഷണം, വന്ധ്യംകരണം, ഇതൊന്നും ഒരു പത്രവും കാണുന്നില്ല, ഒരു കോടതിയും പരിഗണിക്കുന്നില്ല...ഇസ്ലാമിനെ ഇല്ലാതാക്കാൻ യഹൂദ ക്രിസ്ത്യൻ ഹിന്ദു ഗൂഢ അജണ്ടയുടെ ഭാഗമായുണ്ടായ ഉൽപനമാണ് വാക്‌സിനേഷൻ... അതിനു തെളിവാണ് വാക്‌സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ മിക്കവരും യഹൂദനോ ക്രിസ്ത്യാനിയോ ആണ് എന്നത്...നേരത്തെപ്പറഞ്ഞതുപോലെ ഇത്തരം തള്ളലുകളും ഒരായിരം വ്യാജ ഐഡികളും ആധികാരിക കണക്കുകളില്ലാത്ത ലിങ്കുകളും പേടിപ്പെടുത്തലും അർദ്ധസത്യങ്ങളും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാതെയുള്ള ഭയം ജനിപ്പിക്കലുകളും വേണമെങ്കിൽ നമുക്കു സ്വീകരിക്കാം.

പക്ഷേ, നാളെ നമ്മൾ ചോരയും നീരും കൊടുത്തു വളർത്തുന്ന നമ്മുടെ കുട്ടികൾ, നമ്മുടെ സ്‌നേഹവും ലാളനയുമേറ്റ് വളരുന്ന നമ്മുടെ കുഞ്ഞുങ്ങൾ, അവരുടെ ചിരിയും, സന്തോഷവും, വാശിയും കരച്ചിലുമെല്ലാം, നമ്മുടെ ഒരു തെറ്റായ മനോഭാവം മൂലം, നമ്മുടെ ഒരു പിടിവാശി മൂലം, ഒരു ഡിഫ്ത്തീരിയയോ മറ്റോ കവർന്നെടുത്താൽ?? ആ ദുഃഖഭാരവും പേറി ഒരു ജീവിതകാലം മുഴുവൻ തള്ളിനീക്കാൻ നമുക്കാവുമോ??

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP