Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യോഗ ഹിന്ദുവിന് സ്വന്തമോ? യഹൂദന്റെ അറിവിൽ മുളച്ച സാങ്കേതികവിദ്യ മറ്റു മതസ്ഥർക്ക് ഉപയോഗിക്കമെങ്കിൽ ഭാരതത്തിന്റെ അറിവ് ലോകത്തിന് ഉപയോഗിക്കാം; യോഗയെ വിശദമായി അറിയാം..

യോഗ ഹിന്ദുവിന് സ്വന്തമോ? യഹൂദന്റെ അറിവിൽ മുളച്ച സാങ്കേതികവിദ്യ മറ്റു മതസ്ഥർക്ക് ഉപയോഗിക്കമെങ്കിൽ ഭാരതത്തിന്റെ അറിവ് ലോകത്തിന് ഉപയോഗിക്കാം; യോഗയെ വിശദമായി അറിയാം..

രവികുമാർ അമ്പാടി

യോഗ എന്നത് ഇന്ത്യൻ സംസ്‌ക്കാരം ലോകത്തിന് നൽകിയ മഹത്തായ സംഭാവന തന്നെയാണ്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കാൻ വേണ്ടി രംഗത്തിറങ്ങിയതോടെ യോഗയിലും രാഷ്ട്രീയം കണ്ടു ഇന്ത്യക്കാർ. ചിലർ ഇതിന് മതപരിവേഷം ചാർത്തി നൽകി. ഇതിന്റെ പേരിൽ രാഷ്ട്രീയ യുദ്ധങ്ങളും മുറുകി. കേരളത്തിലാണെങ്കിൽ ഒടുവിൽ സിപിഎമ്മിന്റെ നേതൃത്വത്തിലും യോഗാ പരിശീലനം നൽകിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ്. ഇതേചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ മുറുകുമ്പോൾ എന്താണ് യോഗയെന്ന് വിശദമായി പരിചയപ്പെടുക്കുകയാണ് ലേഖകൻ.

അതിപുരാതന ഭാരതം അറിവുകളുടെ ഒരു അക്ഷയഖനി തന്നെയായിരുന്നു. വേദങ്ങളിലും മറ്റുമായി കാച്ചിക്കുറുക്കി വച്ചിരുന്ന അറിവുകൾ പലവിധത്തിലും പുതിയ തലമുറകൾക്ക് നഷ്ടപ്പെട്ടു, അവയിൽ ചിലത് നഷ്ടപ്പെട്ടുപോയപ്പോൾം വേറെ ചിലത്, ചില തല്പര കക്ഷികളുടെ സ്വാർത്ഥതക്കായി വികലമായി വ്യാഖ്യാനം ചെയ്യപ്പെട്ടു. ആയുർവേദം മുതൽ കാമശാസ്ത്രം വരെയുള്ള പലതും ഇത്തരത്തിൽ അവഗണിക്കപ്പെടുകയോ, വ്യഖ്യാനിച്ച് വികലമാക്കപ്പെടുകയോ ചെയ്തതിനാൽ പൂർണ്ണത നഷ്ടപ്പെട്ട ശാസ്ത്രങ്ങളാണ്. അതിൽ ഒന്നാണ് യോഗയും.

യോഗ എന്നത് ഒരു ജീവിത രീതിയാണ്. ശരീരത്തിനും മനസ്സിനും ആരോഗ്യവും ഉണർവ്വും ഏകാൻ ഉതകുന്ന ഒരു ജീവിത രീതി. അതിന് മതാചാരങ്ങളുമായോ ദൈവാരാധനയുമായോ യാതൊരു ബന്ധവുമില്ല. യുജ് എന്ന സംസ്‌കൃത ധാതുവിൽ നിന്നും പിറവിയെടുത്ത യോഗ എന്ന വാക്കിന്റെ അർത്ഥം വൈയക്തിക ബോധവും പ്രപഞ്ച ബോധവും ഒന്നായി തീരുന്നു എന്നാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ, ശരീരവും, മനസ്സും, പ്രപഞ്ചം നിറഞ്ഞു നില്ക്കുന്ന ആ അദൃശ്യമായ ഊർജ്ജ സ്രോതസ്സും തമ്മിലുള്ള ഐക്യപ്പെടൽ. അതിലൂടെ ശരീരത്തിനും മനസ്സിനും ഊർജ്ജവും ഉണർവ്വും ഉണ്ടാകുന്നു. ഈ ഐക്യപ്പെടലിനു വേണ്ടിയുള്ള വിവിധ പ്രക്രിയകളാണ് യോഗസൂത്രം.

പതാഞ്ജലിയുടെ യോഗ സൂത്ര പ്രകാരം, ഇത് ഒരു അഷ്ടാംഗ മാർഗ്ഗമാണ്. ഇതിൽ പറയുന്ന എട്ട് അംഗങ്ങൾക്കും, അല്ലെങ്കിൽ ഭാഗങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. ഒന്ന് മറ്റൊന്നിനെ അധീനത്തിലാക്കരുത്.

താഴെപ്പറയുന്നവയാണ് പ്രസ്തുത എട്ടംഗങ്ങൾ

യമ: ഇത് വിശ്വ ധാർമ്മികതയെ സൂചിപ്പിക്കുന്നു.

നിയമ: ഇത് വ്യക്തിപരമായ ചര്യകളെ അല്ലെങ്കിൽ പ്രവർത്തികളെ ഉൾക്കൊള്ളുന്നു. യമ നിയമ എന്നിവ ചേർന്ന്, നാം നമ്മുടെ ചുറ്റുപാടുകളിൽ എങ്ങനെ ജീവിക്കണം, എങ്ങനെ മറ്റുള്ളവരോട് ഇടപെടണം എന്നൊക്കെയുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് നൽകുന്നത്. അഹിംസാചരണം, സത്യം പറയൽ, കളവ് ചെയ്യാതിരിക്കൽ തുടങ്ങിയ കാര്യങ്ങൾ. ഇതിൽ ഒരിടത്തും, ഏതെങ്കിലും ഒരു പ്രത്യേക ദേവനേയോ ദേവിയേയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഈശ്വര സങ്കല്പത്തെയോ ആരാധിക്കുവാനുള്ള കർമ്മങ്ങളോ നിർദ്ദേശങ്ങളോ പറയുന്നില്ല. അങ്ങിനെ ഒന്നായി തെറ്റിദ്ധരിക്കുവാൻ ഇടയുള്ള രണ്ട് കാര്യങ്ങൾ തപസ്സും, ഈശ്വര പ്രണിധാനവുമാണ്.

അകത്തെ ആശകളെയെല്ലാം നിയന്ത്രിച്ച് മനസ്സിനെ നിയന്ത്രണത്തിലാക്കി, ശരീരത്തെ വിശ്രമാവസ്ഥയിലെത്തിക്കുന്നതാണ് തപസ്സ് എന്നാണ് യോഗസൂത്രത്തിൽ പറയുന്നത്. ഇതിന് ഈശ്വരനാമ ജപവും മറ്റും ഉതകുമെങ്കിലും, അത്യാവശ്യമില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെയോ മറ്റോ രൂപം മനസ്സിൽ സങ്കല്പിച്ചും, ആ പേര് ഉഛരിച്ചും ഈ ഏകാഗ്രത നേടാവുന്നതാണ്. അതുപോലെത്തന്നെയാണ് ഈശ്വരപ്രാനിധാനം. ഈശ്വരന്റെ പാദങ്ങളിലേക്ക് എല്ലാം സമർപ്പിക്കുന്നതോടെ ഇല്ലാതെയാകുന്നത് അയാളുടെ ഈഗോയാണ് അല്ലെങ്കിൽ ഞാൻ എന്ന ബോധമാണ്. അത്, മനസ്സിൽ ശരിയായ അറിവിന്റെ വെളിച്ചം ഏറ്റുവാങ്ങിയാൽ സ്വയം ഉണ്ടാകുന്ന ഒരവസ്ഥകൂടിയാണ്. ഈശ്വര സാന്നിദ്ധ്യം നിർബന്ധമല്ലെന്നർത്ഥം.

അംഗങ്ങളിൽ മൂന്നാമത്തേതാണ് ആസനങ്ങൾ ഇത് തികച്ചും ശാരീരികമായ വ്യായാമ മുറകൾ മാത്രമാണ്. ഇനിയത്തേതാണ് പ്രാണായാമം. ശ്വാസത്തിന്റെ ഗതി അളന്ന് നിയന്ത്രിച്ച്, കൂടുതൽ ഊർജ്ജം കരസ്ഥമാക്കുന്ന മാർഗ്ഗമാണത്. ശ്വാസമാണല്ലോ നമ്മുടെയെല്ലാം പ്രാണൻ? ഇതും ഒരു പരിധിവരെ ഒരു ശാരീരിക വ്യായാമം മാത്രമാണ്.

അടുത്ത പടിയാണ് പ്രത്യാഹാര, അഥവ ഇന്ദ്രിയങ്ങളുടെ പിടിയിൽ നിന്നുമുള്ള മോചനം. വൈകാരിക അസന്തുലിതത്വവും, മനസ്സിന്റെ ഒടുങ്ങാത്ത വിശപ്പുമെല്ലാം ഇല്ലാതെയാക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണിത്. തികച്ചും ഏകാഗ്രമായി ധ്യാനത്തിൽ മുഴുകുന്നതോടെ ഇത് സാധ്യമാകും. ഇന്ദ്രിയങ്ങൾ ജോലി ചെയ്യാതെ ഇരിക്കുന്നതോടെ അവക്ക് മൂർച്ചയേറുകയും, പിന്നീടുള്ള ജീവിതത്തിൽ ഒരുപാട് സഹായകമാവുകയും ചെയ്യും. ഇവിടെ ധ്യാനത്തിന് പ്രത്യേക ദൈവസങ്കല്പങ്ങളോ ശ്ലോകങ്ങളോ ഒന്നുമില്ല. സാധാരണ യോഗാചാര്യന്മാർ പറയുന്നത് ഇഷ്ട ദൈവങ്ങളുടെ രൂപം മനസ്സിൽ വിചാരിക്കുവാനാണ്. ഇനി ദൈവത്തിന്റെ രൂപമില്ലെങ്കിൽ, നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന വ്യക്തിയുടെയോ വസ്തുവിന്റെയോ രൂപം മനസ്സിൽ വിചാരിച്ചും ആ നാമം ആവർത്തിച്ചും മനസ്സിൽ ഏകാഗ്രതയുളവാക്കാൻ സാധിക്കും. ഒന്നു പരീക്ഷിച്ചു നോക്കിയാൽ അറിയാവുന്ന കാര്യമേയുള്ളു. ധാരണ, ധ്യാന തുടങ്ങിയ അടുത്ത അംഗങ്ങളും ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പിന്നെയാണ് എട്ടാമത്തെ അംഗമായ സമാധി എത്തുന്നത്. ഭൗതികമായ എല്ലാത്തിൽ നിന്നുമുള്ള താത്ക്കാലികമായ ഒരു വിടുതലാണിത്.

അങ്ങനെ, അരോഗ്യമുള്ള മനസ്സും ശരീരവും പ്രദാനം ചെയ്യുന്ന ഒന്നാണ് യോഗ. ഇത് ആവിർഭവിച്ചത്, പുരാതന ഭാരതത്തിലെ ഋഷിമാരിൽ നിന്നുമാണ്. ഇതുപോലെ തന്നെയാണ് ആയുർവേദവും. ഇന്ന് മിക്ക രോഗങ്ങൾക്കും വളരെ കൃത്യമായ നിവാരണമാർഗങ്ങൾ നിർദ്ദേശിക്കുന്ന ആയുർവേദം പിറവികൊണ്ടതും ഭാരതത്തിലായിരുന്നു. ആദിശാസ്ത്രജ്ഞരായ ഋഷിമാർ നടത്തിയ നിരവധി പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ രൂപപ്പെട്ട രണ്ടു ശാസ്ത്രങ്ങളാണ് യോഗയും ആയുർവേദവും.
തികച്ചും ശാസ്ത്രീയമായ കാര്യങ്ങളാണിവ രണ്ടിലും പറയുന്നത്, അല്ലാതെ മത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർബന്ധിതമാക്കുന്ന മത തത്വസംഹിതകളല്ല അവ രണ്ടും.

അതുപോലെത്തന്നെ, ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസികൾക്ക് മാത്രം ഉപകാരപ്പെടുകയോ, അല്ലെങ്കിൽ അവർ മാത്രം പരിശീലിക്കേണ്ട ഒന്നോ അല്ല ഇവ രണ്ടും. ഇന്ത്യയിൽ രൂപകൊണ്ടതു കൊണ്ടു മാത്രം, അല്ലെങ്കിൽ അവയുടെ കാരണക്കാർ ഹിന്ദു മതവിശ്വാസികളായി എന്നതുകൊണ്ടു മാത്രം ഇത് ഹിന്ദുക്കൾക്ക് മാത്രമേ പരിശീലിക്കാനും അനുഭവിക്കാനും പാടു എന്നു പറയുന്നതിൽ എന്തർത്ഥമാണുള്ളത്? ഇന്ന് നിലവിൽ ഇരിക്കുന്ന ഹിന്ദു മത തത്വ സംഹിതകളിൽ വിശ്വസിക്കാത്ത ഒരുവനും യോഗ പരിശീലിക്കാവുന്നതാണ്. സൂര്യ നമസ്‌കാരം ചെയ്യുമ്പോൾ ഓം സൂര്യായ നമഃ എന്നു മാത്രമേ പറയാവൂ എന്നു പറയുന്നില്ല. അതുപോലെ ധ്യാനത്തിലമരുമ്പോൾ, ഹിന്ദു ദൈവ സൂക്തങ്ങൾ മാത്രമെ ജപിക്കാവൂ എന്നും പറയുന്നില്ല. ശരീരത്തിന് ഉന്മേഷവും മനസ്സിന് ഏകഗ്രതയും ലഭിക്കുവാൻ ഏത് പേരും ചൊല്ലാം. മാടൻപോത്തിന്റെ രൂപത്തിലാണ് അകവൂർ ചാത്തൻ പരബ്രഹ്മത്തെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തിയത് എന്നോർക്കുക.

പല ക്ഷേത്ര കലകളും നാശോന്മുഖമായത് യാഥാസ്ഥികർ അവയെ ക്ഷേത്ര മതിൽക്കെട്ടുകളിൽ ഒതുക്കിയിട്ടതുകൊണ്ടാണ്. ഇന്ന് യോഗയേയും മതത്തിന്റെ ഒരു ഭാഗമാക്കാനുള്ള ശ്രമം ആ മഹത്തായ അറിവിന്റെ നാശത്തിലെ അവസാനിക്കൂ. അത് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. അതിന് ബഹുജന സംഘടനകൾ മുൻകൈ എടുക്കുന്നത് എന്തുകൊണ്ടും ശ്ലാഘനീയവുമാണ്.
ക്രിസ്ത്യാനി വികസിപ്പെച്ചെടുത്ത അലോപ്പതി ഉപയോഗിച്ച് ഹിന്ദുവിന് രോഗം ഭേദമാക്കാമെങ്കിൽ, യഹൂദന്റെ അറിവിൽ മുളച്ച സാങ്കേതിക വിദ്യ ഉപയൊഗിച്ച് ഹിന്ദുവിനും മുസ്ലീമിനുമൊക്കെ റോക്കറ്റും മിസൈലും ഉണ്ടാക്കാമെങ്കിൽ, ഈ പുരാതന ഭാരതത്തിന്റെ അറിവും ലോകത്ത് ആർക്കും ഉപയോഗിക്കാവുന്നതാണ്. അവന്റെ മനോഗതിക്കും വിശ്വാസത്തിനുമനുസരിച്ച് അതിനെ വികസിപ്പിക്കാവുന്നതുമാണ്. അറിവിന് പകർപ്പവകാശം നിശ്ചയിക്കുന്നത്, ലോകത്തിനെ വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് നയിക്കുന്നതുപോലെയായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP