Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആറ്റിൽ കളഞ്ഞാലും അളന്നു കളയണം' എന്നാണ് പഴംചൊല്ല്; അതുപോലെ കേരളത്തിലെ ഭക്ഷണ സാധനങ്ങളുടെ കലോറി നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്; പത്തു സദ്യയും ബീഫും ബിരിയാണിയും കഴിച്ച് പത്തു മീറ്റർ പോലും നടക്കാതെയുള്ള ജീവിതം അത്ര എളുപ്പത്തിൽ തീർന്നുപോകാൻ നമ്മുടെ ആരോഗ്യ രംഗത്തെ വളർച്ച നമ്മളെ അനുവദിക്കുമെന്ന് തോന്നുന്നില്ല; കലോറിയിൽ സദ്യ ഉണ്ണുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുന്നു

'ആറ്റിൽ കളഞ്ഞാലും അളന്നു കളയണം' എന്നാണ് പഴംചൊല്ല്; അതുപോലെ കേരളത്തിലെ ഭക്ഷണ സാധനങ്ങളുടെ കലോറി നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്; പത്തു സദ്യയും ബീഫും ബിരിയാണിയും കഴിച്ച് പത്തു മീറ്റർ പോലും നടക്കാതെയുള്ള ജീവിതം അത്ര എളുപ്പത്തിൽ തീർന്നുപോകാൻ നമ്മുടെ ആരോഗ്യ രംഗത്തെ വളർച്ച നമ്മളെ അനുവദിക്കുമെന്ന് തോന്നുന്നില്ല; കലോറിയിൽ സദ്യ ഉണ്ണുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ണ്ടു വർഷം കൂടുമ്പോൾ ഒരു കംപ്ലീറ്റ് മെഡിക്കൽ ചെക്ക് അപ്പ് നാല്പത് വയസ്സ് കഴിഞ്ഞപ്പോൾ മുതലുള്ള ഒരു ആചാരമാണ്. ഇപ്പോൾ അൻപത്തി അഞ്ചായ സ്ഥിതിക്ക് അത് ഇനി വർഷത്തിൽ ഒന്ന് വീതമാക്കണം. ജീവിതശൈലിയിലെ ദോഷം കൊണ്ട് പ്രഷറും ഷുഗറും ഒക്കെയായി പകരാവ്യാധികൾ ഓരോന്ന് നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന സമയമാണ്.

പതിനഞ്ച് വർഷമായി ഞാൻ എറണാകുളത്തെ ലൂർദ്ദ് ആശുപത്രിയിലാണ് ചെക്ക് അപ്പ് നടത്തുന്നത്. അവിടെ ഷാജു എന്ന ഡോക്ടർക്കാണ് ഇതിന്റെ ചാർജ്ജ്. വളരെ സൗഹാർദപൂർവം പ്രൊഫഷണലായിട്ടാണ് ആദ്യത്തെ തവണ മുതൽ അദ്ദേഹം ഇടപെടുന്നത്. രാവിലെ ആറുമണിക്ക് അവിടെ എത്തിയാൽ എല്ലാ പരിശോധനകളുടെയും ആദ്യത്തെ ഫലത്തിന്റെ അടിസ്ഥാനത്തിൽ വേണ്ട സ്‌പെഷ്യലിസ്റ്റുമാരെ കാണിച്ച് ഉച്ചക്ക് രണ്ടുമണിയോടെ നമുക്ക് പ്രാഥമിക റിപ്പോർട്ടും ലഞ്ചും തന്നു പറഞ്ഞയക്കും. വിശദമായ റിപ്പോർട്ട് ഒരാഴ്ചക്കകം ഇ-മെയിലിൽ അയക്കുകയും ചെയ്യും. നിങ്ങളിൽ നാല്പത് കഴിഞ്ഞവർ തീർച്ചയായും ഇത്തരത്തിൽ പരിശോധന നടത്തണം. അധികം ചിലവൊന്നുമില്ല, അത് നൽകുന്ന മുന്നറിയിപ്പുകൾ, ആത്മവിശ്വാസം, വിദഗ്ദ്ധോപദേശം എല്ലാം കണക്കാക്കിയാൽ നല്ല റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് ആണ്. ലൂർദ്ദിൽ മാത്രമല്ല കേരളത്തിലെ വൻകിട ആശുപത്രികളിലെല്ലാം ഇതിന് സൗകര്യമുണ്ട്. ഇനി വൈകിക്കേണ്ട.

അല്പം പൊണ്ണത്തടിയും അമിതഭാരവും ഉള്ളതുകൊണ്ട് ഒരു ഡയറ്റീഷ്യനുമായിട്ടുള്ള കൺസൾട്ടേഷൻ എപ്പോഴുമുണ്ട്. കേരളത്തിൽ ഞാൻ കണ്ടിട്ടുള്ള എല്ലാ ഡയറ്റീഷ്യന്മാരുടെയും പൊതു പരിചയം കേരളീയ ഭക്ഷണങ്ങളും ആയിട്ടല്ല. അതുകൊണ്ടു തന്നെ ഓരോ തവണയും ഞാൻ ഇക്കാര്യം അവരോട് ചോദിക്കും, പുതിയതായി അറിവുകൾ നേടാനുള്ള ആഗ്രഹം കൊണ്ടാണ്. 'മാഡം, രണ്ടു കൂട്ടം പായസവും കൂട്ടി ഒരാൾ ഒരു കേരള സദ്യ ഉണ്ടാൽ അയാൾ എത്ര കലോറി അകത്താക്കിയിട്ടുണ്ടാകും ?' 'ഇത്തിരി കടല പിണ്ണാക്കും, ഇത്തിരി കാടി വെള്ളവും' പോലെ ഇത്തിരിയായിട്ടാണ് മലയാളികൾ സദ്യ ഉണ്ണുന്നതെങ്കിലും എണ്ണയിൽ വറുത്തതും, എണ്ണ ഒഴിച്ചുണ്ടാക്കുന്നതുമായ വിഭവങ്ങൾ ഒരു വശത്ത്, രണ്ടു ഗ്ലാസ് പായസം ഉണ്ടാക്കുന്ന പഞ്ചസാര ആക്രമണം മറുവശത്ത്. കുന്നോളം ചോറുണ്ടാക്കുന്ന കാർബോ ഹൈഡ്രേറ്റ് ആക്രമണം വേറെ. ഇതെത്രെയാണെന്ന് ആർക്കും കണക്കില്ല.

പണ്ടാണെങ്കിൽ ഓണക്കാലത്ത് ഒറ്റ സദ്യ ഉണ്ടാൽ മതിയായിരുന്നു. ഇപ്പോൾ ഓഫീസിൽ, ക്ലബ്ബിൽ, റെസിഡന്റ് അസോസിയേഷനിൽ, വീട്ടിൽ എന്നിങ്ങനെ നാലു സദ്യയിൽ നിന്നാൽ ഭാഗ്യം. നല്ല സാമൂഹ്യ ബന്ധങ്ങൾ ഉള്ളവർക്ക് പത്തോ അതിൽ കൂടുതലോ സദ്യയുടെ ആക്രമണം നേരിടണം.

ഇതിപ്പോൾ സദ്യയുടെ മാത്രം കാര്യമല്ല. ഓണത്തിനും വിഷുവിനും മാത്രമുണ്ടായിരുന്ന കായ വറുത്തത് ഇപ്പോൾ സ്ഥിര ഭക്ഷണമായി. കേരളത്തിൽ അങ്ങോളമിങ്ങോളം റോഡരികിൽ പ്രൈം ലൊക്കേഷനുകളിൽ കായയും കപ്പയും വറുത്തതിനുള്ള കടകൾ നടത്തുന്നതിൽ നിന്ന് തന്നെ അതിന്റെ വ്യാപാരം എത്രയുണ്ടെന്ന് മനസിലാക്കാം. തെക്കൻ കേരളത്തിലേക്ക് പോകുന്‌പോൾ 'പത്തുരൂപക്ക് ചെറുകടി' എന്ന ബോർഡുകൾ ഓരോ അഞ്ചു കിലോമീറ്ററിലും ഉണ്ട്, പരിപ്പുവട മുതൽ പക്കോഡ വരെ. ഇതിന്റെയൊക്കെ കലോറി എത്രയാണെന്ന് വല്ല പഠനവും ഉണ്ടോ?

(ബിരിയാണി, ബീഫ് തുടങ്ങിയ നോൺ വെജ് ആക്രമണം വേറെയുണ്ട്, അതിനെപ്പറ്റി പിന്നീടൊരിക്കൽ പറയാം). 'ഇതൊക്കെ അറിയാമെങ്കിൽ ചേട്ടന് പിന്നെ ഇതങ്ങ് കഴിക്കാതിരുന്നു കൂടെ, ഞങ്ങളെക്കൊണ്ട് കലോറി അളന്നു നോക്കേണ്ട വല്ല കാര്യവും ഉണ്ടോ?.' ഈ വസ്തുക്കൾക്കെല്ലാം മലയാളിയുടെ നൊസ്റ്റാൾജിയയുടെ രുചിയുള്ളതിനാലും പണ്ട് ആഗ്രഹിച്ചു കിട്ടാതിരുന്നതിന്റെ വിഷമം ഉള്ളതിനാലും പെട്ടെന്ന് നിറുത്തുക എളുപ്പമല്ല.

'ആറ്റിൽ കളഞ്ഞാലും അളന്നു കളയണം' എന്നാണ് പഴംചൊല്ല്. അതുപോലെ കേരളത്തിലെ ഭക്ഷണ സാധനങ്ങളുടെ കലോറി നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. യൂറോപ്പിൽ സൂപ്പർമാർക്കറ്റിൽ കയറി ഒരു സാലഡ് വാങ്ങിയാൽ പോലും അതിന്റെ താഴെ കലോറി എത്ര എന്ന് എഴുതിയിട്ടുണ്ടാകും. ഒരു പാക്കറ്റ് ഉഴുന്ന് വടയുടെ താഴെ അതിന്റെ കലോറി എഴുതി വെക്കാൻ എന്താണ് പ്രയാസം?

ആരോഗ്യരംഗത്ത് കേരളം നന്പർ വൺ ആണ്. കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ് കൂടുകയാണ്. അതേസമയം ആശുപത്രി ചെലവ് പടിപടിയായി കൂടുന്നു. ഒരാളുടെ ആയുഷ്‌ക്കാലത്തെ ആശുപത്രി ചെലവിന്റെ തൊണ്ണൂറു ശതമാനവും അയാളുടെ അവസാനത്തെ പത്തു വർഷത്തിൽ ആണ് ഉണ്ടാകുന്നത് എന്നാണ് വികസിത രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പറയുന്നത്. അവിടേക്കാണ് കേരളം നടന്നു നീങ്ങുന്നത്, പക്ഷെ അതിനുള്ള സാന്പത്തിക തയ്യാറെടുപ്പുകൾ ഒരു ശരാശരി മലയാളി നടത്തിയിട്ടില്ല. ഒരു വീടുണ്ടാക്കുക, കുട്ടികളുടെ വിദ്യാഭ്യാസം നടത്തുക, അവരുടെ വിവാഹം ആർഭാടമായി നടത്തുക, ശേഷ ജീവിതം മരണം വരെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ശരാശരി മലയാളിയുടെ ചിന്തയും പ്ലാനിങ്ങും.

പക്ഷെ, പത്തു സദ്യയും ബീഫും ബിരിയാണിയും കഴിച്ച് പത്തു മീറ്റർ പോലും നടക്കാതെയുള്ള ജീവിതം അത്ര എളുപ്പത്തിൽ തീർന്നുപോകാൻ നമ്മുടെ ആരോഗ്യ രംഗത്തെ വളർച്ച നമ്മളെ അനുവദിക്കുമെന്ന് തോന്നുന്നില്ല. ചുരുങ്ങിയത് ആൻജിയോപ്ലാസ്റ്റി മുതൽ ഡയാലിസിസ് വരെ, പറ്റിയാൽ കിഡ്നി ട്രാൻസ്പ്ലാന്റ് മുതൽ മുട്ട് മാറ്റിവെക്കൽ വരെ, വേണ്ടി വന്നാൽ ഓപ്പൺ ഹാർട്ട് മുതൽ ലിവർ ട്രാൻസ്പ്ലാന്റ്‌റ് വരെ സാദ്ധ്യതകൾ അനവധിയാണ്. ഇതിനെയൊക്കെ പഞ്ചായത്തുകൾ തോറും ഡയാലിസിസ് യൂണിറ്റ് ഉണ്ടാക്കിയല്ല നാം പ്രതിരോധിക്കേണ്ടത്, ആരോഗ്യകരമായ ജീവിതശൈലി ആളുകളെ പഠിപ്പിച്ചാണ്. അതില്ലെങ്കിൽ ഉണ്ടാക്കിയ വീടും വിറ്റ്, മക്കൾക്ക് ഭാരമായി, ജീവിതം ദുരിതമാകാൻ പോകുന്നതിനെ പറ്റി ആളുകളെ പഠിപ്പിച്ചാണ് പ്രതിരോധിക്കേണ്ടത്, വേണമെങ്കിൽ പേടിപ്പിച്ചും.

ഇനിയുള്ള കാലത്ത് ഇവിടെയാണ് നമ്മുടെ ആരോഗ്യ നയം ശ്രദ്ധ കൊടുക്കേണ്ടത്. അതിന്റെ തുടക്കം നമ്മുടെ ഭക്ഷണ സാധനങ്ങളെ ശരിയായി മനസിലാക്കുക എന്നതാണ്. (വിഷമടിച്ച പച്ചക്കറി, മായം ചേർത്ത പലവ്യഞ്ജനം, പ്രിസർവേറ്റിവുകൾ ചേർത്ത നിർമ്മിത വസ്തുക്കൾ എന്നിങ്ങനെ വിഷയങ്ങൾ വേറെയും ഉണ്ട്). കപ്പയും താറാവും കണ്ണുമടച്ച് മൂക്കറ്റം വെട്ടി വിഴുങ്ങുന്ന ചേട്ടൻ തന്നെ വേണം ഇത് പറയാൻ എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. എനിക്ക് ഏറ്റവും വേഗത്തിലും കൂടുതലായും ആവശ്യം വരാൻ പോകുന്ന വിഷയത്തെപ്പറ്റി ഞാനല്ലാതെ വേറെ ആരാണ് അഭിപ്രായം പറയേണ്ടത്?.

ആയതിനാൽ ഈ വർഷം ഈ വിഷയത്തിൽ കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP