Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്നും നാരങ്ങ ഉപയോഗിക്കുക; കുഞ്ഞുങ്ങൾക്ക് ചോക്കലേറ്റ് നൽകുക; വെളുത്തുള്ളി ചേർത്ത ഭക്ഷണം കഴിക്കുക; ലോകത്തെ ഏറ്റവും മികച്ച ഭക്ഷണ വസ്തുക്കൾ ഇവയൊക്കെ

എന്നും നാരങ്ങ ഉപയോഗിക്കുക; കുഞ്ഞുങ്ങൾക്ക് ചോക്കലേറ്റ് നൽകുക; വെളുത്തുള്ളി ചേർത്ത ഭക്ഷണം കഴിക്കുക; ലോകത്തെ ഏറ്റവും മികച്ച ഭക്ഷണ വസ്തുക്കൾ ഇവയൊക്കെ

വിലയേറിയ ഭക്ഷ്യവസ്തുക്കളിൽ മാത്രമാണ് പോഷകങ്ങൾ ഏറെയുണ്ടാവുകയെന്ന തെറ്റിദ്ധാരണ നമ്മിൽ പലർക്കുമുണ്ട്. എന്നാൽ സാധാരണ നമ്മുടെ അടുക്കളകളിൽ കാണുന്ന ആർക്കും വാങ്ങാൻ സാധിക്കുന്ന പല ആഹാര പദാർത്ഥങ്ങളിലും നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പല പോഷക ഘടകങ്ങളും സമൃദ്ധമായി അടങ്ങിയിട്ടുണ്ടെന്ന് അറിയുക. നാം പലപ്പോഴും വേണ്ടത്ര പ്രാധാന്യം നൽകാത്ത ഇവ പതിവായി ഒരു നിശ്ചിത അളവിൽ കഴിക്കുന്നതിലൂടെ പ്രതിരോധം കൈവരിച്ച് രോഗങ്ങളെ അകറ്റി നിർത്താനും ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാനും സാധിക്കും. ബെർമിങ്ഹാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാറ്ററിങ് കമ്പനിയായ പ്ലൈവൈൻ കാറ്ററിങ് ഇപ്പോൾ ഇത്തരം 10 ഭക്ഷ്യവസ്തുക്കളുടെ പ്രാധാന്യം ചിത്രീകരിക്കുന്ന ഒരു ഇൻഫോഗ്രാഫിക് പുറത്തിറക്കിയിട്ടുണ്ട്. എന്നും നാരങ്ങ ഉപയോഗിക്കുക, കുഞ്ഞുങ്ങൾക്ക് ചോക്കലേറ്റ് നൽകുക, വെളുത്തുള്ളി ചേർത്ത ഭക്ഷണം കഴിക്കുക, തുടങ്ങിയ നിർദേശങ്ങളാണ് ഈ ഇൻഫോഗ്രാഫിക്കിലുള്ളത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 10 ഭക്ഷ്യവസ്തുക്കളാണ് ഈ ഇൻഫോഗ്രാഫിക്കിൽ പരാമർശിച്ചിരിക്കുന്നത്. ഈ ആഹാര പദാർത്ഥങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ഗുണഗണങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.

നാരങ്ങ
നിങ്ങൾ ദിവസവും കഴിക്കുന്ന വിറ്റാമിൻ സി യേക്കാൾ നൂറ് ശതമാനത്തിൽ കൂടുതൽ വിറ്റാമിൻ സി ഒരു നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നല്ല എച്ച്ഡിഎൽ കൊളസ്‌ട്രോൾ നിലവാരത്തെ വർധിപ്പിക്കാൻ ഇത് സഹായകമാകും. ഇതിന് പുറമെ എല്ലുകൾ ശക്തിപ്പെടുകയും ചെയ്യും. നാരങ്ങയിൽ കാണുന്ന സിട്രസ് ഫ്‌ലാവോനോയ്ഡ്‌സ് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതൊരു ആന്റി ഇൻഫ്‌ലാമേറ്ററിയായി വർത്തിക്കുകയും ചെയ്യും.

ബ്രോക്കോളി
നിങ്ങൾക്ക് ദിവസവും ആവശ്യമുള്ള വിറ്റാമിൻ കെയുടെ നൂറ് ശതമാനത്തേക്കാൾ കൂടുതൽ വിറ്റാമിൻ കെ ശരാശരി വലുപ്പമുള്ള ഒരു ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് ദിവസവും നിർദേശിക്കപ്പെട്ട വിറ്റാമിൻ സിയേക്കാൾ 200 ശതമാനവും ബ്രോക്കോളിയിലുണ്ട്. എല്ലുകളുടെ നിർമ്മാണത്തിൽ വളരെ നിർണായകമായ വിറ്റാമിനുകളാണിവ. വിവിധ തരത്തിലുള്ള കാൻസറുകളെ പ്രതിരോധിക്കാനും ബ്രോക്കോളിക്ക് കരുത്തുണ്ട്.

ഡാർക്ക് ചോക്കളേറ്റ്
ചോക്കളേറ്റിനെ നാം സാധാരണ ആരോഗ്യകരമായ ഒരു ഭക്ഷണമായല്ല കണക്ക് കൂട്ടുന്നത്. എന്നാൽ പുതിയ ഇൻഫോഗ്രാഫിക് പ്രകാര ഒരു ഔൺസിന്റെ നാലിലൊന്ന് ചോക്കളേറ്റ് ദിവസവും കഴിക്കുന്നത് ഗുണകരമാണ്. ഇതിലൂടെ രക്തസമ്മർദം കുറയ്ക്കാൻ സാധിക്കും. ഫ്‌ലാവൊനോയ്ഡുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമൃദ്ധമായ കൊക്കോ പൗഡർ ചീത്ത എൽഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കാൻ സഹായിക്കുകയും നല്ല എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

ഉരുളക്കിഴങ്ങ്
കോശങ്ങളുടെ നിർമ്മാണത്തിന് അനിവാര്യമായ 66 മൈക്രോഗ്രാം ഫോലേറ്റ് ഒരു ചുവന്ന ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് സ്പിനാക്ക് അല്ലെങ്കിൽ ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ഫോലേറ്റിന്റെ അളവിന് തുല്യമാണിത്. ഒരു സ്വീറ്റ് പൊട്ടറ്റോവിൽ നിങ്ങൾക്ക് ദിവസവും ആവശ്യമുള്ള വിറ്റാമിൻ എയുടെ എട്ടിരട്ടി അടങ്ങിയിട്ടുണ്ട്. കാൻസറിനെ പ്രതിരോധിക്കുന്നതിലും പ്രതിരോധം വർധിപ്പിക്കുന്നതിലും വിറ്റാമിൻ എയ്ക്ക് നിർണായകമായ പങ്കുണ്ട്.

സാൽമൻ
ശരീരത്തിന് അനിവാര്യമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് സാൽമൻ. മാനസികസമ്മർദം കുറയ്ക്കാൻ ഇവ അത്യാവശ്യമാണ്. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. മൂന്ന് ഔൺസ് സാൽമണിൽ നിങ്ങൾക്ക് ദിവസവും ആവശ്യമുള്ള നിയാസിന്റെ 50 ശതമാനം വരെ അടങ്ങിയിരിക്കും. അൽഷിമേഴ്‌സ്, സ്മൃതിനാശം എന്നിവയെ പ്രതിരോധിക്കുന്നതിൽ നിയാസിന് നിർണായകമായ പങ്കാണുള്ളത്.

വാൾനട്ടുകൾ
ഇതും ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ്. ഇതുകൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്നു. നമ്മുടെ മാനസിക ഭാവം മെച്ചപ്പെടുത്താനും കാൻസറിനെതിരെ പോരാടാനും ഒമേഗ ഫാറ്റി ആസിഡുകൾ അനിവാര്യമാണ്. സൂര്യാഘാതത്തിൽ നിന്നും സംരക്ഷിക്കാനും ഇത് ഉപകരിക്കും.

അവാകാഡോസ്
തികച്ചും ആരോഗ്യകരമായ ഭക്ഷണമാണിത്. നിങ്ങൾക്ക് ദിവസവും ആവശ്യമായി വരുന്ന നാരുകളുടെ അളവിന്റെ 40 ശതമാനം വരെ ഒരു അവാകാഡോയിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം വരാനുള്ള സാധ്യത ഇത് കഴിക്കുന്നതിലൂടെ കുറയുന്നതാണ്.

വെളുത്തുള്ളി
രോഗങ്ങളോട് പടപൊരുതുന്നതിൽ ഇത്രയും ശക്തമായ ആഹാരം മറ്റൊന്നില്ല. ഇകോളിയടക്കമുള്ള വിവിധ ബാക്ടീരിയകളുടെ വളർച്ചയെ വെളുത്തുള്ളി തടയുന്നുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകമായ അല്ലിസിൻ ഒരു ആന്റി ഇൻഫ്‌ലാമറ്ററി ആയി വർത്തിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും ഇത് സഹായിക്കും.

സ്പിനാക്
സ്പിനാക്കിൽ ലൂട്ടിൻ, സീക്‌സാൻതിൻ എന്നീ രണ്ട് ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധം വർധിപ്പിക്കുന്നതിൽ ഇവയ്ക്ക് നിർണായകമായ പങ്കാണുള്ളത്. കണ്ണുകളുടെ ആരോഗ്യത്തിനും ഇവ അനിവാര്യമാണ്. കാൻസറിനെ പ്രതിരോധിക്കുന്ന ഫലങ്ങൾക്കിടയിൽ സ്പിനാക്ക് വളരെ ഫലപ്രദമാണെന്ന് അടുത്തിടെ നടത്തിയ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

ബീൻസ്
ബീൻസ്, പയറുകൾ തുടങ്ങിയവ ആഴ്ചയിൽ നാല് പ്രാവശ്യമെങ്കിലും കഴിച്ചാൽ ഹൃദ്രോഗം വരാനുള്ള സാധ്യത 22 ശതമാനമെങ്കിലും കുറയുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്തനാർബുദം വരുന്നത് തടയാനും ഇത് സഹായിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP