Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്ക് നിങ്ങളെ മാനസീക രോഗിയാക്കും; സ്ത്രീകൾ കുടുതൽ അടിമകൾ

ഫേസ്‌ബുക്ക് നിങ്ങളെ മാനസീക രോഗിയാക്കും; സ്ത്രീകൾ കുടുതൽ അടിമകൾ

ഫേസ് ബുക്കിനെ കുറിച്ച് നിരവധി പഠനങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും മാസങ്ങൾക്ക് മുമ്പ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ 119ാം വാർഷിക കൺവെൻഷനിൽ അവതരിപ്പിച്ച റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ അനുസരിച്ച് സ്ത്രീകളാണത്ര ഫേസ്‌ബുക്കിന് അടിമകളാകുന്നത്. ഫേസ് ബുക്കിന്റെ അമിതമായ ഉപയോഗം മാനസീക നിലയെ തകരാറിലാക്കിയേക്കുമെന്നാണ് ഈ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കാരണം മാനസികരോഗ ചികിത്സാരംഗത്ത് ലോകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്ന അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ 119ാം വാർഷിക കൺവെൻഷനിലാണ് ഫേസ് ബുക്ക് ആരാധകരെ ആശങ്കയിലാഴ്‌ത്തുന്ന ഈ പഠനറിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്. ആഗോളതലത്തിലെ ഏറ്റവും ശ്രദ്ധേയ യൂണിവാഴ്‌സിറ്റികളിലൊന്നായ കാലിഫോർണിയ സ്റ്റേറ്റ് യൂണിവാഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം പ്രൊഫസർ ലാറി ഡി റോസൻ ആണ് ഈ പഠനറിപ്പോർട്ട് അവതരിപ്പിച്ചത്. കേവലം തമാശയുടേയും ആകാംക്ഷയുടേയും പേരിലാണ് പലരും ഫേസ്‌ബുക്കിൽ സന്ദർശകരാകുന്നത്. തുടക്കത്തിൽ ജോലിയുടേയും പഠനത്തിന്റേയുമൊക്കെ ഇടവേളകളിൽ ഫേസ്‌ബുക്ക് സന്ദർശകരായെത്തുന്നവർ ക്രമേണ ഫേസ്‌ബുക്കിലെ ഇടവേളകളിൽ മാത്രം ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചും എന്തിനേറെ കുടുംബത്തെക്കുറിച്ച് പോലും ചിന്തിക്കുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുന്നുണ്ട് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.

താൻ അപ് ലോഡ് ചെയ്ത ഫോട്ടോക്കും സ്റ്റാറ്റസിനുമെല്ലാം മികച്ച പ്രതികരണങ്ങൾ ലഭിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇത് നടന്നില്ലെങ്കിൽ പലരും നിരാശരാകുന്നു. നിദ്രാഭംഗം, ഉത്കണ്ഠ, വിഷാദം, അമിതമായ കോപം തുടങ്ങി പലതരത്തിലുള്ള മാനസിക വൈകല്യങ്ങളും, മാനസിക തകരാറിലേക്ക് നയിക്കുന്ന കാരണങ്ങളും പ്രൊഫസർ ലാറി ഡി റോസൻ ചൂണ്ടിക്കാണിക്കുന്നു.

പാതിരാത്രിയിലെ സ്ത്രീകളുടെ ഫേസ്‌ബുക്ക് ഉപയോഗം

പാതിരാത്രിയിൽ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ഫേസ്‌ബുക്കിലെ അപ്‌ഡേറ്റുകൾ സെർച്ച് ചെയ്യുന്നവരുണ്ടെന്ന് പറഞ്ഞാൽ അവിശ്വസനീയമായിരിക്കും എന്നാൽ അത് സത്യമാണ്. പഠനത്തിന് വേണ്ടി ഇവർ സമീപിച്ചത് 1605 സ്ത്രീകളെയാണ്. ഇതിൽ 21 ശതമാനം പേർ അർദ്ധരാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന് ഫേസ് ബുക്ക് ചെക്ക് ചെയ്യാറുണ്ടത്രെ. ഈ സമയങ്ങളിൽ പ്രധാനമായും തങ്ങളുടെ ബോയ്ഫ്രണ്ട്‌സിനോട് തന്നെയാണ് സല്ലപിക്കാറുള്ളതെന്നും ഇവർ സമ്മതിക്കുന്നു. 53 ശതമാനം സ്ത്രീകളും തങ്കളുടെ പേഴ്‌സണൽ വിഷയങ്ങൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യാറുണ്ടെന്നാണ് ഈ പഠനത്തിൽ സമ്മതിച്ചിരിക്കുന്നത്. 18 വയസ്സിനും 34 വയസ്സിനുമിടയിൽ പ്രായമുള്ളവരിൽ 63 ശതമാനം പേരും തങ്ങളുടെ ഫോട്ടോ മറ്റുള്ളവർ കണ്ട് അസൂയപ്പെടട്ടേ എന്ന് ചിന്തിക്കുന്നവരുമാണ്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അതത്ര ശുഭകരമായിരിക്കില്ല എന്ന അടിക്കുറിപ്പും റിസർച്ച് നടത്തിയവർ ചേർത്തിരിക്കുന്നുണ്ട്. കുടുംബബന്ധങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്നു

ഫേസ്‌ബുക്കിന് തീർത്തും അടിമകളായി മാറുന്നവരുടെ കുടുംബബന്ധങ്ങളിൽ വലിയതോതിലുള്ള വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. കുട്ടികളോടും, ഭാര്യയോടും, അച്ഛനമ്മമാരോടും ചെലവഴിക്കേണ്ട സമയങ്ങളിൽ ഫേസ്‌ബുക്കിൽ കയറി ഒരിക്കലും കാണാത്ത സുഹൃത്തുക്കളോട് സല്ലപിക്കുന്നവർ ക്രമേണ ചുറ്റും നടക്കുന്ന കാര്യങ്ങൾ പോലും മറന്നുപോകാറുണ്ട്. ഇത് കുടുംബബന്ധങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുവാൻ കാരണമാകുന്നു. ഇതിന് പുറമെ ഫേസ്‌ബുക്കിന് അടിമകളായി മാറിയവർ സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകന്ന് പോകുന്ന കാഴ്ചയും ഭയപ്പെടേണ്ടതാണ്.

അസുഖങ്ങൾ

ഫേസ്‌ബുക്കിന് അടിമകളായ വ്യക്തികൾ ദിവസേന കുറഞ്ഞത് ആറ്ഏഴ് മണിക്കൂർ കമ്പ്യൂട്ടറിന് മുൻപിലിരിക്കുന്നുണ്ടെന്നാണ് കണക്ക്. യാതൊരു വിധത്തിലും ശരീരം അനങ്ങാതെയുള്ള ഈ ഇരുപ്പിൽ അമിതവണ്ണം പോലുള്ള അസുഖങ്ങൾ സ്വാഭാവികമായും ഉണ്ടാകും.

പഠനത്തെ ബാധിക്കും

ഫേസ്‌ബുക്കിന് അടിമകളായ കുട്ടികളുടെ പഠനനിലവാരം വളരെ മോശമായ രീതിയിൽ താഴ്ന്നുപോകുന്നു എന്നാണ് പല അദ്ധ്യാപകരുടേയും അനുഭവസാക്ഷ്യം. പഠിക്കേണ്ട സമയത്ത് ഫേസ്‌ബുക്കിന് മുൻപിലിരിക്കുന്നത് വഴി പഠന സമയം നഷ്ടപ്പെടുന്നു. ഇതിന് പുറമെ പുസ്തകത്തിന് മുൻപിലിരിക്കുമ്പോഴും മനസ്സ് നിറയെ ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്ത ചിത്രത്തിന് ലഭിക്കുന്ന കമന്റുകളും ആകാംക്ഷയുമായിരിക്കും. സ്വാഭാവികമായും 'ഫേസ് ബുക്കിലും മനസ്സ് ഫേസ്‌ബുക്കിലും എന്ന അവസ്ഥ വന്നുചേരും. ഇത് പഠനനിലവാരം കുറയുവാൻ കാരണമാകും. ഇതിന് പുറമെ പക്വതയെത്താത്ത പ്രായത്തിലുള്ളവരാണ് കുട്ടികൾ എന്നത് കൊണ്ട് തന്നെ ഈ മായികലോകത്തിനകത്തുള്ള ഗെയിമുകളും അശ്‌ളീല വീഡിയോകളുമെല്ലാം കുട്ടികളെ സ്വാധീനിക്കുവാനിടയുണ്ട്.

ഓഫീസിൽ ഫുൾടൈം ഫേസ് ബുക്ക്

ഇത് വായിക്കുന്ന വ്യക്തിയും ഒരുപക്ഷെ ഓഫീസ് കമ്പ്യൂട്ടറിന് മുൻപിലായിരിക്കും. ഇതുകൊണ്ട് രണ്ട് തരത്തിലുള്ള ദോഷങ്ങളുണ്ട് ഒന്നാമതായി കമ്പ്യൂട്ടറിൽ ഫേസ് ബുക്ക് ഓൺ ചെയ്ത് മിനിമൈസാക്കി വച്ച് ജോലി ചെയ്യുന്ന വ്യക്തി 5 മിനിട്ടിൽ ഒരു തവണ എന്ന രീതിയിലെങ്കിലും മിനിമൈസ് ചെയ്തുവച്ച പേജ് സന്ദർശിക്കും. ഒരു തവണ സന്ദർശിച്ചാൽ കുറഞ്ഞത് ഒരു മിനിട്ടെങ്കിലും(ഏറ്റവും കുറഞ്ഞത്) അതിനുവേണ്ടി ചെലവഴിക്കുകയും ചെയ്യും. അതായത് അരമണിക്കൂറിൽ 6 മിനിട്ട് ഫേസ്‌ബുക്കിന് വേണ്ടി ചെലവഴിച്ചു. ഒരു മണിക്കൂറിൽ അത് 12 മിനിട്ടാവുകയും 8 മണിക്കൂറിൽ ഒന്നേകാൽ മണിക്കൂറിലധികം ഫേസ്‌ബുക്കിന് വേണ്ടി സമയംചെലവഴിക്കുന്നു എന്ന് സാരം. ലഞ്ച് ബ്രേക്ക് പോലും ഒരു മണിക്കൂർ മാത്രം കൊടുക്കുന്ന സ്ഥാപനത്തിന് ഫേസ്‌ബുക്കിന് വേണ്ടി ഒന്നേകാൽ മണിക്കൂർ ചെലവഴിക്കുന്ന ജീവനക്കാരനെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടാകില്ലെന്നതുറപ്പല്ലെ. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഫേസ്‌ബുക്കും ജോലിയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

ഇതിന് പുറമെ പലരും നമ്മുടെ അക്കൗണ്ടിൽ പലതും പേസ്റ്റ്‌ചെയ്യാറുമുണ്ട്. പുതുതായി ജോലിതേടിയെത്തുന്ന വ്യക്തിയുടെ സ്വഭാവ സവിശേഷത മനസ്സിലാക്കുവാൻ ഒരു മാനേജ്‌മെന്റിന് ഏറ്റവും എളുപ്പവഴി അവന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിക്കുക എന്നതാണ്. സാധാരണ ഗതിയിൽ ഇങ്ങനെ ചെയ്താൽ ആ ഉദ്യാഗാർത്ഥിയുടെ ജോലി എപ്പോൾ പോയി എന്ന് ചോദിച്ചാൽ മതി. ഫേസ്‌ബുക്കിന് ഒട്ടനവധി ഗുണവശങ്ങളുണ്ട്. എന്നാൽ അതോടൊപ്പം തന്നെ ചില മോശം വശങ്ങളും ഫേസ് ബുക്കിനുണ്ട്. ഇത്തരം ദോഷകരമായ വശങ്ങളെ കൃത്യമായി മനസ്സിലാക്കി നല്ല രീതിയിൽ ഉപയോഗിച്ചാൽ അത് ഗുണകരമായിരിക്കും. അത്തരത്തിൽ ഫേസ് ബുക്കിനെ ഒരു മാദ്ധ്യമമാക്കി ഉപയോഗപ്പെടുത്തുന്നവർ വളരെ കുറച്ച് മാത്രമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP