മിക്ക ഭാര്യമാരും പറയുന്നു, ആ നാലു കാര്യങ്ങളിൽക്കൂടി ഭർത്താക്കന്മാർ നന്നായിരുന്നെങ്കിൽ; ഭർത്താക്കന്മാർ പറയുന്നു, ആ ആറുകാര്യങ്ങളിൽക്കൂടി ഭാര്യമാർ മാറിയിരുന്നെങ്കിൽ; പങ്കാളികൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
September 23, 2017 | 10:20 AM IST | Permalink

സ്വന്തം ലേഖകൻ
ദാമ്പത്യജീവിതത്തിൽ കല്ലുകടികൾ സാധാരണമാണ്. ഭർത്താവോ ഭാര്യയോ ആരുമാകട്ടെ, അവർക്ക് പിഴവുകൾ സ്വാഭാവികവും. ചില കാര്യങ്ങളിൽ പങ്കാളി കുറച്ചുകൂടി നന്നായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവരുണ്ടാകില്ല. പങ്കാളികളെ പരസ്പരം തൃപ്തിപ്പെടുത്തുന്ന ആ കാര്യങ്ങളേതൊക്കെയെന്നറിയാനായാണ് ഈ സർവേ നടത്തിയത്. വിവാഹിതരായ ദമ്പതിമാർക്കിടയിൽ നടന്ന സർവേ പങ്കാളിയിൽ ഓരോരുത്തരും ആഗ്രഹിക്കുന്ന മാറ്റങ്ങളേതൊക്കെയെന്ന് വ്യക്തമാക്കുന്നു. മാറ്റങ്ങൾ കൂടുതലായും ആഗ്രഹിക്കുന്നത് ഭർത്താക്കന്മാരാണെന്ന് സർവേ തെളിയിക്കുന്നു. പങ്കാളി ആറു കാര്യങ്ങളിൽ മാറണമെന്നാണ് ഭർത്താക്കന്മാരുടെ ആഗ്രഹം.
ഭാര്യമാർക്ക് നാലു കാര്യങ്ങളേ വേണ്ടൂ. ഭർത്താക്കന്മാരുടെ ശുണ്ഠിയാണ് ഭാര്യമാരെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്നത്. സർവേയിൽ പങ്കെടുത്ത 35 ശതമാനം ഭാര്യമാരും ഭർത്താവ് ഇത്രയും കോപിഷ്ടനാകരുതെന്ന് ആഗ്രഹിക്കുന്നു. വാതോരാതെ സംസാരിക്കുന്ന ഭാര്യമാർക്ക്, അവർ പറയുന്നത് ഭർത്താവ് ശ്രദ്ധാപൂർവം കേൾക്കണമെന്ന് ആഗ്രഹം തോന്നാതിരിക്കില്ല. 30 ശതമാനം ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർ നല്ല കേൾവിക്കാരാകണമെന്ന് ആഗ്രഹിക്കുന്നു. മദ്യപാനവും പുകവലിയും പോലുള്ള ദുശീലങ്ങൾ ഭർത്താവ് കൈവെടിയണമെന്ന് ആഗ്രഹിക്കുന്ന ഭാര്യമാർ 25 ശതമാനം വരും. താൻ എന്തുചെയ്താലും നന്നായി എന്നു പറയുന്നവരായി ഭർത്താക്കന്മാർ മാറണമെന്ന് ആഗ്രഹിക്കുന്നവരും അത്രതന്നെയാണ്.
ഭർത്താക്കന്മാരുടെ ആഗ്രഹങ്ങൾ നേരെ വ്യത്യസ്തമാണ്. ഭാര്യ തങ്ങളെ അല്പം കൂടി സ്‌നേഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് 23 ശതമാനം പേരും. ഭാര്യമാർ എപ്പോഴും സന്തോഷവതികളായിരിക്കണമെന്ന് 22 ശതമാനം പേർ കരുതുന്നു. കിടപ്പറയിൽ അല്പംകൂടി സജീവമായി ഇടപെടുന്ന ഭാര്യമാരെയാണ് 20 ശതമാനം ഭർത്താക്കന്മാർക്കുമിഷ്ടം. വീട് അടുക്കും ചിട്ടയോടും സൂക്ഷിക്കുന്നതിനെ ഇഷ്ടപ്പെടുന്നവർ 18 ശതമാനം വരും. ഭാര്യയിൽനിന്ന് നല്ലവാക്കുകേൾക്കാനാഗ്രഹിക്കുന്നവർ 17 ശതമാനവും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കാണണമെന്ന് ആഗ്രഹിക്കുന്നവർ 16 ശതമാനവുമാണ്.
ദാമ്പത്യം എങ്ങനെ സുഖകരമായി മുന്നോട്ടുകൊണ്ടുപോകാമെന്നതിന്റെ സൂചനകളാണ് ഇവയെന്ന് റിലേഷൻഷിപ്പ് എക്‌സ്‌പേർട്ട് ഡോണ ഡോസൺ പറയുന്നു. കൂടുതൽ സ്‌നേഹവും കിടപ്പറയിൽ കൂടുതൽ സജീവവുമായി ഭാര്യമാർ ഇടപെട്ടാൽ, ഭർത്താക്കന്മാരുടെ ദേഷ്യം കുറയ്ക്കാനാകുമെന്നാണ് സർവേ സൂചിപ്പിക്കുന്നതെന്ന് അവർ വിലയിരുത്തുന്നു. അതുപോലെ, ഭർത്താക്കന്മാർ ദുശീലങ്ങളകറ്റുകയും, ഭാര്യമാർ പറയുന്നതുകേൾക്കാൻ കുറച്ചുകൂടി സമയം ചെലവിടുകയും ചെയ്താൽ ദാമ്പത്യം കൂടുതൽ സുഖകരമായി മുന്നോട്ടുപോകുമെന്നും ഡോണ വ്യക്തമാക്കുന്നു.
കാലമെത്ര മാറിയാലും ബന്ധങ്ങളുടെ കെട്ടുറപ്പിന് പഴയ തത്വങ്ങൾതന്നെയാണ് ഇപ്പോഴും ആധാരമെന്ന് ഡോണ വിലയിരുത്തുന്നു. പരസ്പരം കേൾക്കാൻ തയ്യാറാവുക, ഒരുമിച്ച് സമയം ചെലവിടുക, പരസ്പരം സ്‌നേഹവും ബഹുമാനവും അനുകമ്പയും പുലർത്തുക എന്നിവയാണ് ആ തത്വങ്ങളെന്നും അവർ പറഞ്ഞു. ജിംജർ റിസർച്ച് നടത്തിയ സർവേയിൽ പങ്കെടുത്ത പുരുഷന്മാരിലേറെപ്പേരും ഭാര്യമാർ കൂടുതൽ സെക്‌സിയായി വസ്ത്രം ധരിക്കാനിഷ്ടപ്പെടുന്നവരാണ്. ഭർത്താക്കന്മാരുടെ കുടി കുറയ്ക്കുന്നതിനോടാണ് ഭാര്യമാർക്ക് താത്പര്യമേറെയും.
