Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ അൾത്താരകളിൽ അഭിരമിക്കുമ്പോൾ ചിലർ സ്ഥിരമായി തെറി കേൾക്കുന്നതെന്തുകൊണ്ട്? സോഷ്യൽ മീഡിയയിൽ സംവാദിക്കുന്നവർ അറിഞ്ഞിരിക്കാൻ

ഓൺലൈൻ അൾത്താരകളിൽ അഭിരമിക്കുമ്പോൾ ചിലർ സ്ഥിരമായി തെറി കേൾക്കുന്നതെന്തുകൊണ്ട്? സോഷ്യൽ മീഡിയയിൽ സംവാദിക്കുന്നവർ അറിഞ്ഞിരിക്കാൻ

സോഷ്യൽമീഡിയയിൽ വൈറലായിരുന്ന ഒരു കാർട്ടൂണുണ്ട് — രാത്രി ഏറെ വൈകിയും കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന ഒരാളോട് ഭാര്യ 'ഇന്നെന്താ ഉറങ്ങുന്നില്ലേ?' എന്നന്വേഷിക്കുമ്പോൾ സ്‌ക്രീനിൽനിന്നു കണ്ണുപറിക്കാതെ അയാൾ പറയുന്നു: 'ദേ, ഇന്റർനെറ്റിലൊരാൾ പൊട്ടത്തരം വിളമ്പുന്നു; അങ്ങേരെയൊന്നു വാസ്തവം ബോദ്ധ്യപ്പെടുത്തിയിട്ട് ഇപ്പൊ വരാം!'

ലോകത്തിന്റെ മറ്റേതോ ഭാഗങ്ങളിൽക്കിടക്കുന്ന മുൻപരിചയം പോലുമില്ലാത്ത എത്രയോ പേരുമായി അർത്ഥവത്തായ ചർച്ചകൾ നടത്താനും, പുതിയ ആശയങ്ങളും വിജ്ഞാനശകലങ്ങളും വീക്ഷണകോണുകളും പരസ്പരം കൈമാറാനും, മറ്റൊരാൾക്കിത്തിരി വിവരം പകർന്നുകൊടുക്കാനായെന്ന ചാരിതാർത്ഥ്യം കൈവരിക്കാനുമെല്ലാം ഇന്റർനെറ്റ് നമുക്കായൊരുക്കിയിരിക്കുന്നത് ചരിത്രത്തിൽ സമാനതകളില്ലാത്ത സൗകര്യങ്ങളാണ്. എന്നാൽ നെറ്റിൽ സംവാദങ്ങൾക്കോ മറ്റുള്ളവരുടെ പിഴവുകളെയോ വികലധാരണകളെയോ തിരുത്താനോ മിനക്കെടുന്നവർക്കു നിത്യേന കിട്ടുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതു പക്ഷേ സാഹചര്യം അത്രക്കങ്ങു സ്വപ്നസമാനമല്ല എന്നാണ്. എത്രതന്നെ മറുതെളിവുകളോ യുക്തിഭദ്രമായ എതിർവാദങ്ങളോ നിരത്തപ്പെട്ടാലും സ്വന്തം പിശകുകൾ തിരുത്താൻ ഒട്ടുമേ തയ്യാറില്ലാത്തവരും, വിയോജിപ്പു പ്രകടിപ്പിക്കുന്നവരെയും അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെയും പരിഹാസത്തിലൂടെയും അസഭ്യവർഷത്തിലൂടെയും നേരിടുന്നവരും, മിക്ക ചർച്ചകളും ദ്രുതവേഗം മുട്ടൻവഴക്കുകളിലും തെറിയഭിഷേകങ്ങളിലും മനോവൈഷമ്യങ്ങളിലുമൊക്കെ വഴുതിച്ചെന്നെത്തുന്നതുമെല്ലാം ഓൺലൈൻ 'ആൽത്തറ'കളിലെ സ്ഥിരംകാഴ്ചകളാണ്.

ഇന്റർനെറ്റിന്റെ പല സവിശേഷതകളും അതിനെ സാർത്ഥക ചർച്ചകൾക്ക് അനുരൂപമല്ലാതാക്കുന്നുണ്ട് എന്നതാണു വാസ്തവം. ഉദാഹരണത്തിന്, മുഖാമുഖമുള്ള സംവാദങ്ങളിൽ ആരെങ്കിലും അബദ്ധമോ അസഭ്യമോ വിളമ്പിത്തുടങ്ങിയാൽ അവരതു മുഴുമിക്കുംമുന്നേതന്നെ മറ്റുള്ളവരാരെങ്കിലും ഇടപെട്ടേക്കും — എന്നാൽ നെറ്റിലാവട്ടെ, എത്ര ദൈർഘ്യം വേണമെങ്കിലുമുള്ള ഏതുതരം കമന്റും ഒരു വിഘ്‌നവുമില്ലാതെ പോസ്റ്റാനാവും. മറ്റുള്ളവർ തെറ്റു ചൂണ്ടിക്കാണിച്ചാൽ ഒന്നുംമിണ്ടാതെ സ്ഥലംവിടാനോ താൻ തമാശ പറയുകയായിരുന്നെന്ന് കള്ളംപറയാനോ ഒക്കെയുള്ള, ഓഫ്‌ലൈൻജീവിതത്തിൽ കിട്ടാത്ത, സൗകര്യങ്ങൾ നെറ്റു തരുന്നുമുണ്ട്. അതുപോലെതന്നെ, ഉയർത്തുന്ന വാദങ്ങൾക്ക് ഉപോദ്ബലകമായി നാം സ്വന്തമനുഭവങ്ങളെ മുന്നോട്ടുവച്ചാൽ നമ്മെ നേരിട്ടറിയാവുന്നവർക്ക് അതു സ്വീകാര്യമായേക്കാമെങ്കിലും നെറ്റിലെ അപരിചിതർക്ക് അങ്ങിനെയാവണമെന്നില്ല. ഏതൊരു സംഭാഷണത്തിലും, നമ്മോട് അഭിപ്രായവ്യത്യാസമുള്ളവരുമായുള്ള സംവാദങ്ങളിൽ പ്രത്യേകിച്ചും, നാമവലംബിക്കുന്ന ശരീരഭാഷക്ക് നാം വാകൊണ്ടുപറയുന്ന കാര്യങ്ങളെക്കാൾ ഏറെ പ്രാധാന്യമുണ്ട് — എന്താംഗ്യങ്ങളാണു കാണിക്കുന്നത്, ഏതു വാക്കുകൾക്കാണ് ഊന്നൽകൊടുക്കുന്നത്, എന്തു മുഖഭാവമാണ് പ്രകടിപ്പിക്കുന്നത് എന്നിവക്കൊക്കെ നമ്മുടെ പറച്ചിലുകളെ കേൾവിക്കാർ എങ്ങിനെയുൾക്കൊള്ളുന്നു എന്നു നിർണയിക്കുന്നതിൽ പ്രസക്തിയുണ്ട്. എന്നാൽ എഴുത്തിലൂടെ മാത്രം നടക്കുന്ന ഓൺലൈൻചർച്ചകളിൽ ഇതിനൊന്നും അവസരങ്ങളുണ്ടാവാറില്ല.

'Backfire effect' എന്ന മനഃശ്ശാസ്ത്രതത്വത്തിന് ഓൺലൈൻ ഉപദേശാവബോധനങ്ങൾ ഏശാതെ പോവുന്നതിനു പിന്നിൽ നല്ലൊരു പങ്കുണ്ട് എന്നാണ് 'You can beat your brain' എന്ന പുസ്തകത്തിൽ ഡേവിഡ് മക്‌റാനി സമർത്ഥിക്കുന്നത് . നാം അടിയുറച്ചുവിശ്വസിക്കുന്ന കാര്യങ്ങളോടു വിയോജിക്കുന്നതോ അവയെ പൊളിച്ചെഴുതുന്നതോ ആയ വല്ല വസ്തുതകളും ആരെങ്കിലും എടുത്തിട്ടാൽ സസന്തോഷം മുൻവിശ്വാസങ്ങളെ ത്യജിക്കുകയും പുത്തനറിവുകളെ പുണരുകയുമല്ല നാം ചെയ്യുക; മറിച്ച് നമ്മുടെ ഒറിജിനൽ വിശ്വാസങ്ങൾ, അവ എത്രതന്നെ അബദ്ധജടിലമോ യുക്തിരഹിതമോ ആണെങ്കിലും, കൂടുതൽ സുദൃഢമായിത്തീരുകയാണു സംഭവിക്കുക എന്നാണ് ഈ തത്വത്തിന്റെ പൊരുൾ. മനസ്സിനരുമകളായി നാം കൊണ്ടുനടക്കുന്ന വിശ്വാസങ്ങളെ ആരോ പൊളിച്ചുതകർക്കാൻ ശ്രമിക്കുന്നെന്ന തോന്നൽ നമുക്കൊരുതരം ബൗദ്ധികാസ്വാരസ്യം (cognitive dissonance) ജനിപ്പിക്കുകയും, അതിൽനിന്നു വിടുതി നേടാൻ നമ്മുടെ മനസ്സിൽ നാം പോലുമറിയാതെ 'ഇവർ മനഃപൂർവം നുണ പറയുകയാണ്' എന്നൊക്കെപ്പോലുള്ള സാന്ത്വനവാദങ്ങൾ ഉറവെടുക്കുകയും, ഉടനടി നാം നമ്മുടെ മുൻധാരണകൾ തരുന്ന സുഖാശ്വാസങ്ങളിലേക്കു മടങ്ങുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങിനെയൊരു വിരോധാഭാസം സംഭവിക്കുന്നത്. സ്വന്തം വാദത്തിനു ബലം കിട്ടാൻ നിങ്ങൾ കുറേ കണക്കുകളും ലിങ്കുകളുമൊക്കെ സ്വരുക്കൂട്ടിയെടുത്തിട്ടാൽ അതിന്റെ പരിണിതഫലം എതിരാളികൾ അവരുടെ വിശ്വാസങ്ങളിൽ കൂടുതൽ തീവ്രതയോടെ അള്ളിപ്പിടിക്കുകയാവും എന്നു ചുരുക്കം!

'ആന്റിസോഷ്യൽ പേഴ്‌സണാലിറ്റി' പോലുള്ള വ്യക്തിത്വവൈകല്യങ്ങളുള്ളവർ കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കി രസിക്കാൻ ഓൺലൈൻവേദികളിൽ കറങ്ങിനടക്കുകയും ഇല്ലാത്ത കാരണമുണ്ടാക്കിപ്പോലും സഭ്യേതര പെരുമാറ്റം രംഗത്തിറക്കുകയും ചെയ്‌തേക്കാം. എന്നാൽ നിത്യജീവിതത്തിൽ ഏറെ മാന്യതയോടും ആത്മനിയന്ത്രണത്തോടും മാത്രം അന്യരോടിടപഴകാറുള്ളവർ പോലും ഓൺലൈൻ വേദികളിൽ സംയമനവും സഭ്യതയുമില്ലാതെ പ്രതികരിക്കാറുണ്ട് എന്നതാണു സത്യം. ഇതിനു പല കാരണങ്ങളുമുണ്ട്: ചെറിയ ഇഷ്ടക്കേടുകളെ ശരീരഭാഷയിലൂടെ മാത്രം പ്രകടിപ്പിക്കുന്നതിനും ശ്രോതാവിന്റെ ഭാവമാറ്റങ്ങളിൽ നിന്നുകിട്ടുന്ന ദുസ്സൂചനകളുടെ വെളിച്ചത്തിൽ സ്വന്തം പ്രതികരണങ്ങളെ മയപ്പെടുത്തുന്നതിനുമൊക്കെ നിത്യജീവിതത്തിൽ സൗകര്യങ്ങളുണ്ടെങ്കിലും ഓൺലൈൻ വേദികളിൽ അങ്ങിനെയില്ല. വഷളത്തരം കാണിച്ചാൽ സമൂഹത്തിലെ സൽപ്പേരു പൊയ്‌പ്പോവാം, അടികിട്ടുക പോലും ചെയ്യാം എന്നൊക്കെയുള്ള 'പഴഞ്ചൻ' ആശങ്കകൾക്ക് ഓൺലൈൻ തർക്കസദസ്സുകളിൽ പ്രാധാന്യമേതുമില്ല എന്നതും പ്രശ്‌നമാണ്. ഒരാളോടു നേരിട്ടുസംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളൊന്നും എവിടെയോ കിടക്കുന്ന ഓൺലൈൻചർച്ചാപങ്കാളികളോടു കാണിക്കേണ്ടതില്ല എന്ന ദുർമനോഭാവവും പ്രബലമാണ്. നെറ്റിൽ ചർച്ചകൾക്കിറങ്ങാൻ സ്വന്തം പേരോ വിലാസമോ പരസ്യപ്പെടുത്തുക നിർബന്ധമല്ല എന്നതും പലരെയുമവിടെ നിർമര്യാദക്കാരും അക്രമോത്സുകരും ആക്കുന്നുണ്ട്. സംസാരത്തെയപേക്ഷിച്ച് എഴുത്ത് എന്ന മാദ്ധ്യമം അതുപയോഗിക്കുന്നവർ മര്യാദകേടിലേക്കു വഴുതാൻ സാദ്ധ്യത കൂടുതലുള്ള ഒന്നാണ് എന്ന കുഴപ്പവും ഉണ്ട്.

ഓൺലൈൻ സംവാദങ്ങൾ മുഖേന ആർക്കെങ്കിലും പുതിയ ഉൾക്കാഴ്ചകളോ ബോധോദയങ്ങളോ പകരാൻ ശ്രമിക്കുന്നത് നിരർത്ഥകമാണ് എന്നാണ് ഈ പറഞ്ഞതിന്റെയെല്ലാം വിവക്ഷ. (അർബൻ ഡിക്ഷ്ണറി 'internet argument'നു നൽകുന്ന നിർവചനം 'something that idiots do online' എന്നാൺ) എന്നാലും ഒന്നു ശ്രമിച്ചുനോക്കാം എന്നാണെങ്കിൽ കൈത്താങ്ങാക്കാവുന്ന ചില വിദ്യകൾ ഇതാ:

എതിരാളിയുടെ വാദങ്ങൾ തെറ്റാണ് എന്നുമാത്രം സമർത്ഥിച്ച് പിൻവാങ്ങാതെ, കൂടെ എന്താണു ശരി എന്നതും വസ്തുതകളുടെയും ചിത്രങ്ങളുടെയുമെല്ലാം പിൻബലത്തോടെ വ്യക്തമാക്കുക.

തിരുത്താൻ ശ്രമിക്കുന്ന വികലധാരണകളെ ചുരുങ്ങിയ വാക്കുകളിൽ മാത്രം പരാമർശിച്ച്, നിങ്ങൾക്കുയർത്താനുള്ള എതിർവാദങ്ങളെ വിശദമായവതരിപ്പിക്കുക.

കുറേയേറെ മറുവാദങ്ങൾ നിരത്താതെ സുപ്രധാനമായ മൂന്നോനാലോ പോയിന്റുകൾ മാത്രം മുന്നോട്ടുവെക്കുക.

നിങ്ങളുടെ വാദങ്ങൾ വിശ്വസിച്ചാൽ എതിരാളിക്കു കിട്ടിയേക്കാവുന്ന പ്രയോജനങ്ങൾ എണ്ണിപ്പറയുക.

ശരീരഭാഷ സഹായത്തിനെത്തില്ല എന്ന ബോദ്ധ്യത്തോടെ ദുർവ്യാഖ്യാനങ്ങൾക്ക് ഇടംകൊടുക്കാത്ത വ്യക്തവും ലളിതവുമായ ഭാഷയും അനുയോജ്യമായ സ്‌മൈലികളും ഉപയോഗിക്കുക.

കമന്റിന്റെ തുടക്കാവസാനങ്ങളിൽ പ്രകോപനകരമല്ലാത്ത കാര്യങ്ങൾ മാത്രം എഴുതുന്നതും അഭിപ്രായവ്യത്യാസങ്ങൾ മദ്ധ്യത്തിലെവിടെയെങ്കിലും മാത്രം കുറിക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന്, 'പൊതുവെ ഞാൻ താങ്കളുടെ പോസ്റ്റുകളെല്ലാം ഇഷ്ടപ്പെടുന്ന ഒരാളാണ്. എന്നാൽ ഈ പോസ്റ്റിന്റെ രണ്ടാമത്തെ ഖണ്ഡികയിൽ വസ്തുതാപരമായ ഇന്നയിന്ന പിഴവുകളുണ്ട്. ഏതായാലും ഇതിൽ താങ്കൾ പറഞ്ഞ മറ്റു പോയിന്റുകളോടെല്ലാം ഞാൻ പൂർണമായും യോജിക്കുന്നു.' എന്നെഴുതാം.

നിങ്ങൾ സ്വയം backfire effectനു കീഴ്‌പ്പെടുന്നില്ല എന്നു ജാഗ്രത വെക്കുക — എതിരാളിയുടെ വാദങ്ങളെ മുൻവിധിയോടെ പുച്ഛിച്ചുതള്ളാതെ അവയെയും തുറന്ന മനസ്സോടെ പരിശോധിക്കുക.

ചർച്ച വഴക്കിലേക്കു വഴുതുന്നു എന്ന പ്രതീതി കിട്ടിയാൽ എല്ലാം ഒന്നാറിത്തണുക്കാനുള്ള സമയംകിട്ടാൻ തൽക്കാലത്തേക്കു വെടിനിർത്തുക.

തീരെ മുൻപരിചയമില്ലാത്തവരോടാണെങ്കിൽ വിമർശനത്തിലേക്കു കടക്കുംമുമ്പ് അവരുടെ വാദങ്ങളെക്കുറിച്ചുള്ള കൗതുകമോ ജിജ്ഞാസയോ പങ്കുവെക്കാം. 'അതെന്താ ഇങ്ങിനെ പറയാൻ കാര്യം?' 'താങ്കളീ പറഞ്ഞതാണോ ഈ വിഷയത്തിൽ പൊതുസമ്മതിയുള്ള വാദം?' എന്നൊക്കെ ചോദിക്കാം.

ദുഷ്ടലാക്കോടെ പ്രകോപനമുണ്ടാക്കുന്നു എന്നു തോന്നുന്നവരെ തീർത്തും അവഗണിക്കുക.

ഡോ. ഷാഹുൽ അമീൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും, മനഃശ്ശാസ്ത്രരംഗത്ത് ഇന്ത്യയിലെ മുൻനിരസ്ഥാപനങ്ങളിൽ ഒന്നായ റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയിൽ നിന്ന് എം.ഡി.യും കരസ്ഥമാക്കി. മൂന്നുവർഷം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയിൽ സീനിയർ റെസിഡന്റായും രണ്ടുവർഷം കട്ടപ്പന സെന്റ്‌ജോൺസ് ഹോസ്പിറ്റലിൽ സൈക്ക്യാട്രിസ്റ്റായും ജോലിചെയ്തു. 2009 ജൂലൈ മുതൽ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിലും 2012 ഡിസംബർ മുതൽ പുതുജീവൻ ഹോസ്പിറ്റൽ ഫോർ സൈക്കോളജിക്കൽ മെഡിസിനിലും കൺസൾട്ടന്റ്് സൈക്ക്യാട്രിസ്റ്റാണ്.

2015ൽ റുമാനിയയിലെ ബുക്കാറെസ്റ്റിൽ വച്ചു നടന്ന വേൾഡ് സൈക്ക്യാട്രിക്ക് അസോസിയഷന്റെ അന്താരാഷ്ട്ര കോൺഫറൻസിലെ 'യംഗ് ഹെൽത്ത് പ്രൊഫഷണൽസ് ട്രാക്ക്റ്റി'ൽ പങ്കെടുക്കാൻ ഇന്ത്യൻ സൈക്ക്യാട്രിക്ക് സൊസൈറ്റി നാമനിർദ്ദേശം ചെയ്ത ഇന്ത്യയിൽ നിന്നുള്ള ഏക പുരുഷപ്രതിനിധി ഇദ്ദേഹമായിരുന്നു.

1990ൽ കാസർകോട്ടു നടന്ന സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലെ കഥാരചനയിൽ എ ഗ്രേഡ് നേടി. കൂടാതെ ഈദ്ദേഹത്തിന്റെ നിരവധി കഥകളും രചനകളും സമ്മാനാർഹങ്ങൾ ആയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP