നിങ്ങളുടെ കുടുംബജീവിതം കൂടുതൽ സന്തുഷ്ടമാകാൻ ആഗ്രഹിക്കുന്നുവോ..? എങ്കിൽ ഭാര്യയുടെ മാതാപിതാക്കളെ കൈയിൽ എടുക്കുക മാത്രം വഴി; പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്
January 15, 2017 | 09:36 AM IST | Permalink

സ്വന്തം ലേഖകൻ
ഭാര്യയെ സന്തോഷിപ്പിക്കാനും അതുവഴി കുടുംബജീവിതം സന്തോഷപ്രദമാക്കാനും നിങ്ങൾ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടിരിക്കുകയാണോ..? എന്നാൽ അതിനുള്ള ഏറ്റവും ഫലപ്രദമായ വഴി ഭാര്യയുടെ മാതാപിതാക്കളെ കൈയിൽ എടുക്കുക എന്നത് മാത്രമാണെന്നാണ് യൂണിവേഴ്സിറ്റി ഓഫഫ് മിച്ചിഗൻ നടത്തിയ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. കുടുംബജീവിതത്തിൽ സന്തോഷം വളർത്തുന്നതിൽ ഭാര്യ ഭർത്താവിന്റെ മാതാപിതാക്കളുമായി അടുക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളുമായി അടുക്കുന്നതിനുണ്ടെന്നാണ് ഈ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. മുതിരുമ്പോൾ പുരുഷന്മാർക്ക് അവരുടെ മാതാപിതാക്കളുമായുള്ള ബന്ധത്തേക്കാൾ കൂടുതൽ അടുപ്പം സ്ത്രീകൾക്ക് അവരുടെ മാതാപിതാക്കളുമായി ഉണ്ടാകുമെന്നതാണിതിന് കാരണമെന്നും മനഃശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. അതിനാൽ പുരുഷന്മാർ ഭാര്യാമാതാപിതാക്കളുമായി അടുപ്പം സ്ഥാപിച്ചാൽ അത് ഭാര്യമാരെ സന്തോഷവതികളാക്കുമെന്നുറപ്പാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ പഠനത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗനിലെ ഗവേഷകർ മധ്യവയസിലുള്ള 132 ദമ്പതികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇരുവരുടെയും മാതാപിതാക്കളുമായുള്ള നല്ല ബന്ധം സന്തോഷകരമായ ദാമ്പത്യത്തിന് അനിവാര്യമാണെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഇവരുമായുള്ള ബന്ധത്തിലെ കലഹം ദാമ്പത്ത്യ ജീവിതത്തിൽ കടുത്ത സമ്മർദമുണ്ടാക്കുമെന്നും വെളിപ്പെട്ടിരുന്നു.എന്നാൽ ഭാര്യയുടെ മാതാപിതാക്കളുമായി ഭർത്താവ് നല്ല ബന്ധം പുലർത്തുന്ന കുടുംബങ്ങളിൽ സന്തോഷമേറുമെന്നും വ്യക്തമായിട്ടുണ്ട്.
ഫാമിലി പ്രോസസ് ജേണലിലാണ് ഈ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടനിൽ നടക്കുന്ന 10 ൽ ഒന്ന് വിവാഹ മോചനങ്ങളും ഭാര്യയുടേയൊ ഭർത്താവിന്റെയോ മാതാപിതാക്കളുടെ അമിതമായ ഇടപെടലുകളാലാണ് സംഭവിക്കുന്നതെന്ന് 2013ൽ നടത്തിയ മറ്റൊരു അഭിപ്രായ സർവേയിലൂടെ വെളിപ്പെട്ടിരുന്നു. മാതാപിതാക്കളെ ചൊല്ലി ദമ്പതിമാർ തമ്മിലുള്ള കലഹങ്ങളും വേർപിരിയലിന് വഴിയൊരുക്കുന്നുണ്ട്. മിക്ക ദമ്പതികളും ഭാര്യമാരുടെ മാതാപിതാക്കളുമായി അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും അതിനാൽ ഈ കണ്ടെത്തലിൽ അത്ഭുതപ്പെടാനില്ലെന്നുമാണ് എക്സ്റ്റെർ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റായ ഡോ. ജാനെറ്റ് റെയ്ബ്സ്റ്റെയിൻ പറയുന്നത്.
