Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആയുർവേദത്തിലൂടെ കൊളസ്‌ട്രോളിനെ മെരുക്കാം

ആയുർവേദത്തിലൂടെ കൊളസ്‌ട്രോളിനെ മെരുക്കാം

മ്പത്തും സാങ്കേതിക മികവും ഒത്തിണങ്ങിയതോടെ ബൗദ്ധികമികവുകൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന നില വന്നതോടെയാണ് ആളുകളുടെ ജീവിതം വ്യായാമരഹിതമായത്. കമ്പ്യൂട്ടറിനു മുന്നിൽ വിരലുകൾ മാത്രം ചലിപ്പിച്ചു കൊണ്ട് പതിനഞ്ചും പതിനെട്ടും മണിക്കൂർ കഴിച്ചു കൂട്ടുന്ന രീതിയിലേക്ക് യുവത്വം മാറിയിരിക്കുന്നു. കൈനിറയെ പണം. അതുകൊണ്ടു തന്നെ ജീവിതം ആഘോഷമാകുന്നു. ഇത്തരം ആഘോഷ രാവുകളിൽ നിന്നും രോഗ കിടക്കയിലേക്ക് അധികം ദൂരമില്ലെന്ന് അവർ മനസിലാക്കുന്നില്ല.


നമ്മുടെ ശരീരത്തിന് ആവശ്യമായ മിതമായ വ്യായമം പോലും ഇന്നു പലർക്കും ലഭിക്കുന്നില്ല. ആഹാര കാര്യത്തിൽ ഭൂരിപക്ഷം ആളുകൾക്കും യാതൊരു നിയന്ത്രണവുമില്ല. ആ അവസ്തയുണ്ടാക്കുന്ന സങ്കീർണതകൾ ഏറെയാണ്. ഹൃദ്രോഗം, പ്രമേഹം, രക്താതി സമ്മർദ്ദം, വർധിച്ച കൊളസ്‌ട്രോൾ, ദുർമേദസ്, ശേഷിക്കുറവ്, വിഷാദ രോഗം എന്നിങ്ങനെ രോഗങ്ങളുടെ വലിയൊരു ശൃംഖലതന്നെയുണ്ടാകുന്നു. ഗുരുതരരോഗവുമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുമ്പോൾ മാത്രമാണ് പലരും തങ്ങൾക്ക് സംഭവിച്ച വലിയ അപകടത്തെക്കുറിച്ച് ചിന്തിക്കുന്നതും അതോർത്ത് ദുഃഖിക്കുന്നതും.

കൊളസ്‌ട്രോൾ കൂടുതലുള്ള എല്ലാവർക്കും പൊണ്ണത്തടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ പൊണ്ണത്തടിയുള്ളവരിൽ ബഹുഭൂരിപക്ഷവും ശരീരത്തിൽ കൊളസ്‌ട്രോൾ ആവശ്യത്തിൽ കൂടുതലായിരിക്കും.

ജീവിത ശൈലിയിലെ മാറ്റങ്ങൾ

സാധാരണക്കാർ ഉൾപ്പെടെ എല്ലാവരുടെയും ജീവിത ശൈലിയിൽ വളരെയധികം മാറ്റങ്ങൾ വരുത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം വർധിച്ചു. ഭക്ഷണത്തിൽ ഉൽക്കൊള്ളിക്കുന്ന കൊഴുപ്പിന്റെ അളവുകൂടി. ധാന്യങ്ങൾ മുതലായവ കൂടുതലായി സംസ്‌കരിച്ച് ഉപയോഗിക്കാൻ തുടങ്ങിയതോടെ അതിലെ നാരുകളുടെയും മറ്റും അളവ് കുറഞ്ഞു. ഊർജം വർധിക്കുകയും ചെയ്തു. ഇതെല്ലാം രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു.

ഇന്നത്തെ സ്‌കൂൾ കുട്ടികൾ ഓടിക്കളിക്കുന്നവരോ, നടന്നു പോകുന്നവരോ അല്ല. വീട്ടിലെത്തിയാലും ടെലിവിഷൻ, കമ്പ്യൂട്ടർ എന്നീ വിനോദോപാധികളെ ആശ്രയിക്കുന്നു. കുട്ടികളോടുള്ള സ്‌നേഹകൂടുതൽ കാരണം സ്‌കൂളിലെ ഇടവേളകളിലും, ഭക്ഷണ സമയങ്ങളിലും കഴിക്കുനനതിനായി റെഡിമെയ്ഡ് സ്‌നാക്‌സ് കൊടുക്കുന്നു. ഇതോടെ ഭക്ഷണത്തിലൂടെ കുട്ടികളിലെത്തുന്ന ഊർജം വർധിക്കുന്നു. വ്യായാമം ഇല്ലാത്തതിനാൽ അവ ശരീരത്തിൽ അടിഞ്ഞു കൂടി ചെറുപ്പം മുതൽ അനോരോഗ്യത്തിന്റെ കലവറയായി കുട്ടികൾ മാറുന്നു.

പൊണ്ണത്തടിയും കൊളസ്‌ട്രോളും അനുബന്ധരോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം സാമ്പത്തിക പ്രശ്‌നങ്ങൾക്കും വഴി തെളിക്കും. രോഗങ്ങൾക്ക് ചികിത്സക്കുവേണ്ടി മുടക്കുന്ന പണവും ചിക്തസക്കുവേണ്ടി വരുന്ന സമയവും വല്ലാത്ത പ്രതിസന്ധിയാണ് സാധാരണ കുടുംബങ്ങളില്പോലും സൃഷ്ടിക്കുന്നത്.

ലോകത്തിൽ ഏറ്റവും അധികം മരുന്നു വിൽപനയും ഉപകരണ വിൽപനയും നടക്കുന്നത് അമിത വണ്ണം, കുടവയർ, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കുന്നതിനുള്ള ഉപാധികളാണ്.

കൊളസ്‌ട്രോളിന്റെ ധർമ്മങ്ങൾ

ശീരത്തിനാവശ്യമായ ഊർജം നൽകുക, ശരീരത്തിലെ താപനില സന്തുലിതാവസ്ഥയിൽ നിറുത്തുക, ആന്തരാവയവങ്ങളെ പുറമേ നിന്നുള്ള ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുക, ജീവകം ഏ, ഡി, ഇ, കെ എന്നിവയുടെ ആഗീരണത്തെ സുഗമമാക്കുക എന്നിവയാണ് കൊളസ്‌ട്രോളിന്റെ പ്രധാന ധർമ്മങ്ങൾ.

കൊളസ്‌ട്രോൾ ഉണ്ടാകുന്ന വിധം

ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കൊളസ്‌ട്രോൾ രണ്ടു വിധത്തിലാണ് ഉണ്ടാകുന്നത്. ഒന്ന് നാം നിത്യേന കഴിക്കുന്ന ആഹാരത്തിൽ നിന്നും, രണ്ടാമത് കരളിൽ ഉത്പാദിപ്പിക്കപ്പെടുന്നതിൽ നിന്നും.

പ്രധാനമായും സസ്യേതര ഭക്ഷണത്തിൽ കൂടിയാണ് നമുക്ക് ആവശ്യമായ കൊളസ്‌ട്രോളിൽ കൂടുതൽ ഭാഗവും ലഭിക്കുന്നത്. മുട്ട (പ്രത്യേകിച്ചും മഞ്ഞക്കരു) വെണ്ണ, മാംസം (പ്രത്യേകിച്ചും മട്ടൺ, ബീഫ്) ഇവയിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ്.

ഭക്ഷണത്തിലൂടെ ചെറുകുടലിൽ എത്തുന്ന കൊഴുപ്പ് ചില എൻസൈമുകളുടെ പ്രവർത്തനഫലമായി ട്രൈഗ്ലിസറൈഡുകൾ, കൊളസ്‌ട്രോൾ, ഫാറ്റി ആസിഡുകൾ എന്നീ ഘടകങ്ങളുമായി വേർതിരിയുന്നു. രക്തത്തിലുള്ള മറ്റ് കൊഴുപ്പുകളെപ്പോലെ തന്നെ കൊളസ്‌ട്രോളും വെള്ളത്തിൽ ലയിക്കാത്തവ ആയതിനാൽ നേരിട്ട് ആഗീരണം ചെയ്യപ്പെടുന്നില്ല. ചില പ്രോട്ടീനുകളുടെ സഹായം കൂടി ഇവയുടെ ആഗീരണത്തിന് ആവശ്യമാണ്. ശരീരത്തിൽ എത്തുന്ന കൊഴുപ്പിന്റെ പകുതി ഭാഗത്തോളം മാത്രമാണ് ഇപ്രകാരം ആഗീരണം ചെയ്യപ്പെടുന്നത്. ബാക്കി പകുതി ഭാഗം വിസർജിക്കപ്പെടുന്നു.

രക്തത്തിൽ എത്തിച്ചേർന്നതിനു ശേഷവും ഈ കൊഴുപ്പുകൾ വീണ്ടും ചില എൻസൈമുകളുടെ പ്രവർത്തനഫലമായി വീണ്ടും വിഘടിക്കപ്പെടുന്നു. ഇതിൽ ട്രൈഗ്ലിസറൈഡുകളെ പേശികളും മറ്റു ചില കോശങ്ങളും സംഭരിക്കുന്നു. കൊളസ്‌ട്രോൾ നേരിട്ട് കരളിലെത്തുകയും ശരീരത്തിന്റെ വിവധ പ്രവൃത്തികൽക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മിച്ചം വരുന്ന കൊളസ്‌ട്രോളിനെ പിത്തരസവുമായി കൂട്ടിച്ചേർത്ത് തിരികെ കുടലിൽ എത്തിച്ചതിനു ശേഷം മലത്തിലൂടെ പുറം തള്ളുന്നു.

ശരീരത്തിൽ നിർമ്മിക്കപ്പെടുന്ന കൊഴുപ്പുകൾ

കരളിലെ കോശങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് നിർമ്മിക്കപ്പെടുന്നത്. നാം കഴിക്കുന്ന ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് ഇവയുടെ ഉപാപചയ പ്രവർത്തനത്തില നിന്നും ഉണ്ടാകുന്ന ഒരു ഘടകത്തിൽ നിന്നുമാണ് ശരീരകോശങ്ങൽ കൊളസ്‌ട്രോളിനെ നിർമ്മിച്ചെടുക്കുന്നത്. ഭക്ഷണത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും കരളിലെ കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയുകയും ചെയ്യും.

കരളിൽ ഉത്പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോളിനെ രക്തത്തിലൂടെ വിവിധ അവയവങ്ങളിലും കോശങ്ങളിലും എത്തിക്കുന്നത് കൊളസ്‌ട്രോളിലെ (ലോ ഡെൻസിറ്റി ലൈപ്പോ പ്രോട്ടീൻസ്) ആണ് കോശങ്ങളിലെത്തിച്ചേരുന്ന കൊളസ്‌ട്രോൾ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. രക്തത്തിലെ എൽ. ഡി. എൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ് രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാൻ കാരണമായിത്തീരുന്നത്.

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിർത്തി രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് തടയുവാൻ സഹായിക്കുന്ന എച്ച്. ഡി. എൽ (ഹൈ ഡെൻസിറ്റി ലൈപ്പോ പ്രോട്ടീൻ) എന്ന ഒരു വിഭാഗവും കൊളസ്‌ട്രോളിലുണ്ട്. ശരീരത്തിലെ കൊളസ്‌ട്രോളിലെ ഇരുപതു മുതൽ മുപ്പത്തഞ്ച് ശതമാനം വരെ ഇതായിരിക്കും. കരളിലും കുടലിന്റെ ഭിത്തിയിലുള്ള കോശങ്ങളിലുമാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരീരകോശങ്ങളിലും കലകളിലും രക്തക്കുഴലിലും എല്ലാം അളവിൽ കൂടുതലായി കാണുന്ന കൊളസ്‌ട്രോളിനെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെ നിന്നും പിത്തരസത്തോടൊപ്പം കലർത്തി കുടലിലെത്തിച്ച് വിസർജിക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് എച്ച. ഡി. എല്ലിന്റെ പ്രധാന ധർമ്മം. ഇത്രയുമൊക്കെ ഉപയോഗം ചെയ്യുന്നവയായതുകൊണ്ട് ഇവ നല്ല കൊളസ്‌ട്രോൾ എന്നറിയപ്പെടുന്നു.

കൊളസ്‌ട്രോൾ ശത്രുവും മിത്രവും

രക്തത്തിലെ മറ്റു കൊഴുപ്പുകളുടെയും കൊഴുപ്പുകളിൽ മാത്രം ലയിച്ചു ചേരുന്ന ജീവകങ്ങളുടെയും ആഗീരണത്തെ സഹായിക്കുക, ശരീരത്തിനു മുഴുവൻ സംരക്ഷണ കവചമായി നില കൊള്ളുന്ന ചർമ്മത്തിനെ രോഗാണുക്കളിൽ നിന്നും ഹാനികരമായേക്കാവുന്ന മറ്റ് പദാർത്ഥങ്ങളിൽ നിന്നും സംരക്ഷിക്കുക, ചർമ്മത്തിൽ നിന്നും ജലാംശം ബാഷ്പീകരിച്ചു നഷ്ടപ്പെടാതെയിരിക്കാൻ സഹായിക്കുക എന്നിവ ചെയ്യുന്നത് ചർമ്മത്തിന് അടിയിൽ അടിഞ്ഞ് നിൽക്കുന്ന കൊളസ്‌ട്രോൾ ആണ്.

ശരീരത്തിലെ പല പ്രധാന ഹോർമോണുകളുടെയും ഉൽപാദനത്തിനും കൊളസ്‌ട്രോൾ ആവശ്യമാണ്. കോർട്ടിസോൺ, ആൽഡോസ്റ്റീറോൺ, ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ, ടെസ്റ്റോസ്റ്റീറോൺ എന്നിവയെല്ലാം കൊളസ്‌ട്രോളിൽനിന്നും ഉത്പാദിപ്പിക്കപ്പെടുന്നവയാണ്.

കൊഴുപ്പിന്റെ ആഗീരണം ശരീരത്തില തടസ്സപ്പെടുകയാണെങ്കിൽ കൊഴുപ്പിൽ ലയിച്ചുചേരുന്ന ജീവകം ഏ, ഡി, ഇ, കെ എന്നിവയുടെ ആഗിരണം ശരിയായ നിലക്ക് നടക്കുകയില്ല. ഇത് ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.

വിഎൽഡിഎൽ, എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിറൈഡ് എന്നീ നാലു ഘടകങ്ങളുടെയും കൂടി മൂർത്തി ഭാവമാണ് കൊളസ്‌ട്രോൾ.

കൊളസ്‌ട്രോൾ പ്രവർത്തിക്കുന്ന വിധം

ശരീരത്തിൽ കൊഴുപ്പിന്റെ പചനത്തിലും ആഗീരണത്തിലും വരുന്ന അനുപാകതകളാണ് കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നത്. ശരിയായ രീതിയിലല്ലാത്ത ആഹാര വിഹാരങ്ങൾ, പൂരിതകൊഴുപ്പുകൾ, മധുരം എന്നിവ കൂടുതലുള്ള കഫ വർധകമായ ആഹാരം, അസമയത്തുള്ളതും കൂടുതലുമായ ഉറക്കം, വ്യായമക്കുറവ്, സസ്യേതര വിഭവങ്ങളിൽ നിന്നും ലഭിക്കുന്ന കൊഴുപ്പുകളുടെ ഉപയോഗം എന്നിവ രക്തത്തിൽ കൊളസ്‌ട്രോൾ കൂടാൻ പ്രധാന കാരണമായിത്തീരുന്നു.

അമിത കൊളസ്‌ട്രോൾ ഉണ്ടാക്കുന്ന ദൂഷ്യങ്ങൾ

രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വളരെക്കാലം കൂടുതലായി നിന്നാൽ രക്തക്കുഴലുകളുടെ ഉൾഭാഗം കട്ടിയാവുകയും, ഉള്ളിലെ വ്യാസം കുറയുന്നതുമൂലം രക്തസഞ്ചാരം കുറയുകയും ചെയ്യുന്നു.

ഹൃദയപേശികൾക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കിൽ ഹൃദയകോശങ്ങൾ മൃതപ്രായമാകുകയും ഹൃദയസ്തംഭനത്തനു കാരണമായിത്തീരുകയും ചെയ്യുന്നു.

കൊളസ്‌ട്രോൾ കൂടുതലുള്ളവരിൽ പുകവലിയും പ്രമേഹവും രക്ത സമ്മർദ്ദവും ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു.

തലച്ചോറിലേക്കുള്ള രക്തക്കുഴലിലാണ് തടസ്സം നേരിടുന്നതെങ്കിൽ ഓർമ്മക്കുറ്, മന്ദത, തലകറക്കം, ബോധക്കേട് എന്നിവയുണ്ടാകുന്നു. അമിത രക്ത സമ്മർദ്ദം മൂലം രക്തക്കുഴലുകൾ പൊട്ടുകയും, ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യാം. രക്തക്കുഴലുകൾ അടയുകയോ, പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായി പക്ഷാഘാതം (ശരീരത്തിന്റെ ഒരു വശം തളരുക) ഉണ്ടാവാം. കൈകൾ ഉയർത്താൻ കഴിയാതെ വരുക, ചിലപ്പോൾ ശരീരം മുഴുവനായും തളർന്നു പോകുക, മുഖം ഒരു വശത്തേയ്ക്ക് കോടിപ്പോകുക, നടക്കുമ്പോഴും കയറ്റം കയറുമ്പോഴും കിതപ്പ്, എല്ലാ പ്രവർത്തികളിലും ഉത്സാഹക്കുറവ്, ലൈംഗിക ശേഷിയും താല്പര്യവും കുറയുക എന്നിവയും അമിത കൊളസ്‌ട്രോൾ കൊണ്ട് ഉണ്ടാവുന്ന രോഗാവസ്ഥകളാണ്.

കൊളസ്‌ട്രോൾ നിയന്ത്രണം

കൊളസ്‌ട്രോളിന്റെ ആധിക്യം നിയന്ത്രിക്കുന്നതിന് പ്രധാനമായും രണ്ട് മാർഗങ്ങളാണ് ആയുർവേദ ശാസ്ത്രം അനുശാസിക്കുന്നത്.

ഔഷധ സേവയും ഔഷധ ചൂർണ്ണങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള തിരുമ്മൽ (ഉദ്വർത്തനം) ഔഷധ സസ്യങ്ങളുടെ ഇലകളോ ഔഷധ ചൂർണ്ണങ്ങളോ കൊണ്ട് ഉണ്ടാക്കിയ കിഴി ഉപയോഗിച്ച് വിയർപ്പിക്കൽ.

ശരിയായ രീതിയിലുള്ള വ്യായാമം, ആഹാരത്തിലൂടെ അധികം കൊഴുപ്പ് ശരീരത്തിൽ എത്താതിരിക്കാനുള്ള മാർഗങ്ങൾ, ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ.

ഔഷധസേവയും ചികിത്സകളും

വരണാദി കഷായം, വരാദി കഷായം, രസോനാദി കഷായം, ഗുൽഗുലുതിക്തകം കഷായം, പഞ്ചകോലകുലത്ഥാദി കഷായം, വ്യോഷാചിത്രകാദി കഷായം, ദശമൂലഹരീതകി ലേഹ്യം, ത്രഫല ചൂർണ്ണം മുതലായവ രോഗിയുടെ ശരീരപ്രകൃതിക്കനുസരിച്ചും, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനനുസരിച്ചും വിധിപ്രകാരം സേവിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായകമാകും.

ഗുൽഗുലു, കന്മദം, വെളുത്തുള്ളി, നെല്ലിക്ക, പാവയ്ക്ക, കടുക്ക, യവ, അയമോദകം, നീർമരുത്, വേങ്ങക്കാതൽ എന്നിവയ്ക്കും അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള കഴിവുണ്ട്. നീർമരുത്, വേങ്ങക്കാതൽ എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ഒരു പരിധിവരെ അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാൻ സഹായിക്കും.

ആഹാരകാര്യത്തിൽ ശ്രദ്ധിക്കുക

വിശപ്പുള്ളപ്പോൾ മാത്രം ആഹാരം കഴിക്കുക. ആവശ്യത്തിലധികം ആഹാരം കഴിക്കാതിരിക്കുക (വയറിന്റെ പകുതി ഭാഗം ആഹാരം കൊണ്ടും കാൽഭാഗം വെള്ളം കൊണ്ടും നിറയ്ക്കുക. ബാക്കി വരുന്ന കാൽഭാഗം വായുവിന്റെ സുഖ സഞ്ചരണത്തിനായി ഒഴിവാക്കിയിടുക എന്ന ആയുർവേദ തത്വം എപ്പോഴും മനസ്സിൽ ഓർത്തു വയ്ക്കുക)

ഭക്ഷണ കാര്യത്തിൽ സസ്യാഹാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. അവിയലും നാര് കൂടുതൽ അടങ്ങിയവയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുക. നാര് കൂടുതൽ അടങ്ങിയ പയറുവർഗങ്ങൾ, തവിടുകളയാത്ത ധാന്യങ്ങൾ എന്നിവ രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിർത്തുകയും വിസർജനത്തെ സഹായിക്കുകയും ചെയ്യും.

കാരറ്റ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ സസ്യാഹാരങ്ങളിലെ വളരെ ഗുണമുള്ളവയാണ്. ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന കരോട്ടിനും നിരോക്‌സീകരണ ഘടകങ്ങളും ആവശ്യത്തിൽ കൂടുതലുള്ള കൊളസ്‌ട്രോളിനെ പുറം തള്ളാൻ സഹായിക്കുകയും ദഹനവ്യവസ്ഥയെ ശരിയാം വണ്ണം പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനത്തിനുശേഷം ബാക്കിവരുന്ന അപകടകാരികളായ കൊളസ്‌ട്രോളിനെ മലത്തിലൂടെ വിസർജിക്കുന്നതിനും ഇവ സഹായിക്കുന്നു.

കൂടുതൽ ഉപ്പും, മധുരവും ഒഴിവാക്കി പൊണ്ണത്തടി വരാത്ത രീതിയിൽ ഉയരത്തിനൊത്ത് ശരീരഭാരം ക്രമീകരിച്ച് നിർത്തുക.

മദ്യപാനം, പുകവലി എന്നിവയുള്ളവർ അവ നിശ്ശേഷം ഉപേക്ഷിക്കുക.

പകൽ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യ സമയത്ത് എഴുന്നേൽക്കുകയും ചെയ്യുക.

വിധിപ്രകാരം ദിവസവും കൃത്യാമായി വ്യായാമം ചെയ്യുകയ ഒരാളുടെ ആരോഗ്യത്തിന് പകുതിക്ക് ഒത്ത വിധത്തിൽ വ്യായാമം ചെയ്തിരിക്കണം എന്നാണ് ആയുർവ്വേദം അനുശാസിക്കുന്നത്. നെറ്റിയിലും മൂക്കിന്റെ അറ്റത്തും കക്ഷത്തിലും വിയർപ്പ് പൊടിയുന്നതായിക്കണ്ടാൽ അതാണ് പകുതി ശക്തിക്ക് ഒത്ത വിധത്തിലുള്ള വ്യായാമത്തിന്റെ മാനദണ്ഡം.

കൊളസ്‌ട്രോൾ മൂലം പ്രശ്‌നങ്ങളും അപകട സാധ്യതയും ഉള്ളവർ പരമ്പരാഗത ഭക്ഷണരീതികളും, ജീവിത ശൈലികളും പിൻതുടരുകയും ഭക്ഷണത്തിലൂടെ ലഭിക്കുന്ന ആകെ ഊർജ്ജത്തിൽ മൂന്നിലൊരു ഭാഗത്തിൽ താഴെ മാത്രം കൊഴുപ്പിൽ നിന്നും ലഭിക്കുന്ന വിധത്തിൽ ഭക്ഷണക്രമീകരണം നടത്തുകയും വേണം.


കടപ്പാട്: സ്ത്രീ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP