Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പല്ല് തേയ്‌ക്കേണ്ടത് വട്ടത്തിൽ; പത്ത് മിനിട്ടിൽ കൂടുതൽ ച്യൂയിംഗം വായിലിടരുത്; സ്ട്രാബെറി ഉപയോഗിച്ച് വെളുപ്പിക്കണം; നിങ്ങളുടെ പല്ല് നിലനിർത്താൻ ഇതൊക്കെയെ വഴികളുള്ളൂ

പല്ല് തേയ്‌ക്കേണ്ടത് വട്ടത്തിൽ; പത്ത് മിനിട്ടിൽ കൂടുതൽ ച്യൂയിംഗം വായിലിടരുത്; സ്ട്രാബെറി ഉപയോഗിച്ച് വെളുപ്പിക്കണം; നിങ്ങളുടെ പല്ല് നിലനിർത്താൻ ഇതൊക്കെയെ വഴികളുള്ളൂ

സൗന്ദര്യത്തിൽ മനോഹരമായ ചിരിക്കുള്ള സ്ഥാനത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.. ആരെയും മയക്കുന്ന ചിരി സമ്മാനിക്കാൻ മനോഹരമായ പല്ലുകളും അനിവാര്യമാണ്. എന്നാൽ ജീവിതരീതികൾ കാരണം ഇന്ന് മിക്കവരുടെയും പല്ലുകൾക്ക് അകാലത്തിൽ കേടുപാടുകൾ സംഭവിക്കാറുണ്ട്. പല്ലുകളുടെ പരിചരണത്തിലും ജീവിതരീതികളിലും അൽപം ശ്രദ്ധിച്ചാൽ പല്ലുകളെ പരമാവധി കാലം മനോഹരവും ശക്തവുമാക്കി നിലനിർത്താൻ സാധിക്കുമെന്നുറപ്പാണ്. പല്ല് തേയ്ക്കുന്ന രീതിയിൽ അൽപം മാറ്റം വരുത്തിയാൽ പല്ലുകളുടെ സംരക്ഷണം വർധിക്കുമെന്നാണ് വിഗദ്ധർ പറയുന്നത്. അതായത് പല്ല് തേയ്‌ക്കേണ്ടത് വട്ടത്തിലാണെന്നാണ് ഇവർ നിർദേശിക്കുന്നത്. അതുപോലെത്തന്നെ സ്ട്രാബെറി ഉപയോഗിച്ച് പല്ല് വെളുപ്പിക്കുന്നതും ഗുണം ചെയ്യും.

ദീർഘനേരം ച്യൂയിംഗം ചവയ്ക്കുന്നത് പോലുള്ള ദുശ്ശീലങ്ങൾ പല്ലിന് ദോഷം ചെയ്യുമെന്നുറപ്പാണ്. അഥാവ ച്യൂയിംഗം ചവയ്ക്കണമെന്ന് നിർബന്ധമാണെങ്കിൽ അത് പത്ത് മിനിറ്റിൽ കൂടരുതെന്നും നിർദേശമുണ്ട്. പല്ലിന്റെ പരിചരണവുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. ദിവസത്തിലെ അനുയോജ്യമല്ലാത്ത സമയത്തും അതിവേഗത്തിലും കാലാവധി കഴിഞ്ഞ ഉപകരണങ്ങളുമുപയോഗിച്ചാണ് ബ്രഷ് ചെയ്യുന്നതെന്നാണ് ലണ്ടനിലെ ഡന്റിസ്റ്റും ഓറൽബിയുടെ സ്‌മൈൽ ഡയറക്ടറുമായി ഡോ. ഉച്ചെന്ന ഒകോയെ പറയുന്നത്. മൂന്നിലൊന്നാളുകളും അവരുടെ പല്ല് രാവിലെ വൃത്തിയാക്കാൻ മറക്കുന്നുവെന്ന് ഒരു സർവേയിൽ വെളിപ്പെട്ടതിനെ തുടർന്നാണ് ഈ മുന്നറിയിപ്പുമായി ഡോക്ടർ രംഗത്ത് വന്നിട്ടുള്ളത്.

വട്ടത്തിൽ പല്ല് തേയ്ക്കുക

മിക്കവരും മുകളിലോട്ടും താഴോട്ടും ബ്രഷ് ചലിപ്പിച്ചാണ് പല്ല് തേയ്ക്കുന്നത്. എന്നാൽ ഇത് മോണയ്ക്ക് ദോഷം ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പകരം വട്ടത്തിൽ പല്ല് തേയ്ക്കാനാണ് നിർദ്ദേശം. വട്ടത്തിൽ പല്ല് തേയ്ക്കുന്നതിലൂടെ പല്ലുകൾക്കും മോണയ്ക്കും മസാജിങ് ഫലം ലഭ്യമാക്കുമെന്നും അത് അവയുടെ ആരോഗ്യം വർധിപ്പിക്കുമെന്നാണ് ഡോ. ഒകോയെ നിർദേശിക്കുന്നത്. നാം ബ്രഷിംഗിനായി മാന്വൽ ബ്രഷാണ് ഉപയോഗിക്കുന്നതെങ്കിൽ അതുപയോഗിച്ച് വട്ടത്തിൽ ചാക്രികചലനമനുവർത്തിച്ച് പല്ല് തേയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. ഇതിലൂടെ ബ്രഷിലെ ബ്രിസിലുകൾ മോണയ്ക്കകത്തേക്ക് കടന്ന് ചെന്ന് വൃത്തിയാക്കുന്നു. എന്നാൽ മുകളിലോട്ട് താഴോട്ടും പല്ല് തേയ്ക്കുമ്പോൾ മോണയ്ക്ക് പുറം ഭാഗം മാത്രമെ വൃത്തിയാകുന്നുള്ളൂ. മീഡിയം ശക്തിയുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടത്. വായയെ നാല് ഭാഗങ്ങളായി വേർതിരിക്കണമെന്നും ബ്രഷിംഗിനായി ഓരോ ഭാഗത്തിനും തുല്യ സമയം വിനിയോഗിക്കണമെന്നും ഡോക്ടർ നിർദേശിക്കുന്നു. രണ്ടുമിനിട്ടെങ്കിലും മിനിമം പല്ല് തേയ്ക്കണമെന്നും കഴിയുമെങ്കിൽ അഞ്ച്മിനിറ്റെടുത്താലും അധികമാവില്ലെന്നും ഡോക്ടർ ഒകോയെ നിർദേശിക്കുന്നു.

പത്ത് മിനുറ്റിലധികം ച്യൂയിംഗം ചവയ്ക്കരുത്

ച്യൂയിംഗം ചവയ്ക്കുന്നത് പലരുടെയും ഒരു ശീലമാണ്. പലരും മണിക്കൂറുകളോളം ഒരേ ച്യൂയിംഗം വായിലിട്ട് ചവയ്ക്കുന്നതിന് അടിപ്പെട്ടവരുമാണ്. എന്നാൽ പല്ലുകളുടെ ആരോഗ്യത്തിന് ഇത് ഹാനികരമാണെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. അഥവാ ച്യൂയിംഗം ചവയ്ക്കണമെന്ന് നിർബന്ധമുള്ളവർ 10മിനുറ്റിലധികം അത് വായിൽ വയ്ക്കരുതെന്നും നിർദേശമുണ്ട്. ഇതിലൂടെ മോണയുടെ ബലം നഷ്ടപ്പെട്ട് മാർദവമുള്ളതായിത്തീരുകയും അത് മോണരോഗങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യും.

പല്ല് വെളുപ്പിക്കാൻ സ്ട്രാബറിയും ബൈകാർബണേറ്റ് ഓഫ് സോഡയും

രോഗ്യമുള്ള പല്ലുണ്ടായിട്ട് കാര്യമില്ല. അതിന് വെളുത്ത പല്ലും വേണം. പല്ല് വെളുപ്പിക്കാൻ പലരും പലതരം പരീക്ഷണങ്ങൾ നടത്തുന്നുമുണ്ട്. എന്നാൽ അവയിൽ പല പരീക്ഷണങ്ങളും പല്ലിന്റെ സ്വാഭാവികനിറം നഷ്ടപ്പെടുത്തി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പല്ല് വെളുപ്പിക്കുന്നതിനുള്ള സ്വാഭാവികവും പ്രകൃതിപരവുമായ മാർഗങ്ങളാണ് സ്‌ട്രോബറിയും ബൈ കാർബണേറ്റ് ഓഫ് സോഡയും. ഇവയുടെ കോമ്പിനേഷൻ ഒരു നാച്വറൽ ടീത്ത് വൈറ്റ്‌നറായി പ്രവർത്തിക്കുമെന്നുറപ്പാണ്. എട്ട് സ്ട്രാബറികളും ഒരു ടീസ്പൂൺ ബൈ കാർബണേറ്റ് ഓഫ് സോഡയും ഇതിനായി ഉപോഗിക്കാമെന്നാണ് ഡോക്ടർ പറയുന്നത്. ഇവ ഉപയോഗിച്ച് ഒരു പേസ്റ്റുണ്ടാക്കുകയാണ് ചെയ്യേണ്ടത്. ആദ്യം ഒരു കോടൻ കഷണമെടുത്ത് പല്ലിനിടയിൽ വച്ച് അതിൽ കടിക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് ഈ പേസ്റ്റ് പല്ലുകൾക്ക് മുകളിൽ പുരട്ടുകയും വേണം. ഇത്തരത്തിൽ പല്ലിന്റെ സ്വാഭാവികനിറം നമുക്ക് നേടാൻ സാധിക്കും. ചായ, കാപ്പി തുടങ്ങിവ മൂലം പല്ലിലുണ്ടായ കറ നീക്കം ചെയ്യാൻ ബൈ കാർബണേറ്റ് ഓഫ് സോഡയ്ക്ക് സാധിക്കും. സ്‌ട്രോബറിയിൽ അസ്‌കോർബിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിനും പല്ലുകളുടെ ഉപരിതലത്തിൽ അടങ്ങിയിട്ടുള്ള പുറം വസ്തുക്കളെ നീക്കം ചെയ്യാനും പല്ലിന് തിളക്കമേകാനുമുള്ള കഴിവുണ്ട്. കട്ടികൂടിയ വെണ്ണയ്ക്കും പല്ലിനെ വെളുപ്പിക്കാനും ആരോഗ്യമുള്ളതാക്കാനും സാധിക്കുമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്ക്ഫാസ്റ്റിന് മുമ്പ് പല്ല് തേയ്ക്കുക

മിക്കവരും ബ്രേക്ക് ഫാസ്റ്റിന് മുമ്പ് പല്ല് തേയ്ക്കാറുണ്ടെങ്കിലും പലരും ഇത് മറന്ന് പോകാറുണ്ട്. എന്നാൽ ബ്രേക്ക്ഫാസ്റ്റിന് മുമ്പ് പല്ല് തേയ്ക്കുന്നത് നല്ലതാണെന്നാണ് ഡോക്ടർ പറയുന്നത്. കഴിയുമെങ്കിൽ ബ്രേക്ക്ഫാസ്റ്റിന് ശേഷവും പല്ല് തേയ്ക്കാം. കാരണം പലരും പ്രാതലനൊപ്പം ഗ്രേപ്പ്ഫ്രൂട്ട് പോലുള്ള ആസിഡ് നിറഞ്ഞ ഭക്ഷണ ഫലങ്ങൾ കഴിക്കാറുണ്ട്. ഇത്തരം ആസിഡുകൾ പല്ലിലെ ഇനാമലിനെ മൃദുവാക്കുകയും പല്ലിന്റെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. പ്രാതലിന് ശേഷമുള്ള പല്ല് തേപ്പിലൂടെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചസാരയുടെ അംശത്തെ ഇല്ലാതാക്കാനും ഇനാമൽ തേയുന്നത് തടയാനും സാധിക്കുമെന്ന് ഡോ. ഒകൊയോ പറയുന്നു. രാത്രി പല്ല് തേച്ച് ഉറങ്ങാൻ പോകുന്നതിലൂടെ പല്ലിലുണ്ടാകുന്ന കാവിറ്റിയെ കുറയ്ക്കാനാവുമെന്നും ഡോക്ടർ പറയുന്നു.

നാക്കും ബ്രഷ് ചെയ്യുക

മിക്കവരും പല്ല് നന്നായി ബ്രഷ് ചെയ്യുമെങ്കിലും നാക്ക് ബ്രഷ് ചെയ്യാൻ മിനക്കെടാറില്ല. എന്നാൽ ഇത് തെറ്റായ പ്രവണതയാണ്. ശ്വാസോച്ഛ്വാസങ്ങളിൽ ദുർഗന്ധമുണ്ടാവാതിരിക്കാൻ നാക്ക് ബ്രഷ് ചെയ്യുക അനിവാര്യമാണ്. നാക്കിന് മുകളിൽ നിരവധി ബാക്ടീരിയകൾ അധിവസിക്കുന്നുണ്ട്. നാക്ക് നനുത്തതും മാർദവമുള്ളതുമായതിനാൽ ബാക്ടീരിയകൾക്ക് എളുപ്പം അധിവസിക്കാൻ സാധിക്കും. ഇവ പല്ലിനെയും ആക്രമിക്കാനുള്ള സാധ്യതയേറെയാണ്. അതിനാലാണ് നാക്ക് ബ്രഷ് ചെയ്യണമെന്ന് നിഷ്‌കർഷിക്കുന്നത്.ഇത്തരം ബാക്ടീരിയകൾ സൾഫർ പുറന്തള്ളുന്നുണ്ട്. ഇക്കാരണത്താൽ വായയിൽ ദുർഗന്ധമുണ്ടാവുകയും ചെയ്യും. നാക്ക് വൃത്തിയാക്കാൻ ടംഗ് സ്‌ക്രാപ്പർ ഉപയോഗിക്കാമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്.

ഇലക്ട്രോണിക് ടൂത്ത് ബ്രഷ് ഉപയോഗിക്കുക

രമ്പരാഗത ടൂത്ത് ബ്രഷുകളേക്കാൾ പല്ല് വൃത്തിയാക്കാൻ ഉത്തമം ഇലക്ട്രോണിക് ടൂത്ത് ബ്രഷുകളാണെന്നാണ് ഡോ. ഒകെയോ പറയുന്നത്. ഒരു വാഷിങ് മെഷീൻ തുണി വൃത്തിയാക്കുന്നത് പോലെ ഇവ പല്ലുകളെ വൃത്തിയാക്കുമെന്നുമവർ ചൂണ്ടിക്കാട്ടുന്നു.

ഫ്‌ലോസ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കാം

നൂലുപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് ചിലരുടെ ശീലമാണ്. ഈ നൂലിനെ ഫ്‌ലോസ് എന്നാണ് പറയുന്നത്. ഫ്‌ലോസുകൾ ഉപയോഗിച്ചാൽ പല്ല് വൃത്തിയാകുമെന്ന് മാത്രമല്ല മോണകളും വൃത്തിയാക്കാനും അതിലെ ബാക്ടീരിയകളെ തുരത്താനും സാധിക്കും. ഇതിലൂടെ പലവിധ രോഗങ്ങളെ തടയാൻ സാധിക്കും. നൂലുകൾ ഉപയോഗിച്ചും ഫ്‌ലോസ് സ്റ്റിക്കുകൾ ഉപയോഗിച്ചും ഇത്തരത്തിൽ പല്ല് വൃത്തിയാക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP