Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കീമോതെറാപ്പിക്കൊപ്പം വ്യായാമം ചെയ്യുന്നത് ട്യൂമറുകളുടെ വളർച്ചയെ കുറയ്ക്കുമെന്ന് പുതിയ കണ്ടെത്തൽ

കീമോതെറാപ്പിക്കൊപ്പം വ്യായാമം ചെയ്യുന്നത് ട്യൂമറുകളുടെ വളർച്ചയെ കുറയ്ക്കുമെന്ന് പുതിയ കണ്ടെത്തൽ

കാൻസർ ചികിത്സാരംഗത്ത് പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ. കാൻസർ രോഗികൾ കീമോതെറാപ്പിക്കൊപ്പം ചെറിയ രീതിയിൽ വ്യായാമം ചെയ്യുന്നത് ട്യൂമറിന്റെ വളർച്ചയെ മന്ദഗതിയിലാക്കുമെന്നാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കീമോയ്‌ക്കൊപ്പം വ്യായാമം ചെയ്യുന്നതിലൂടെ മരുന്നുകൾ കൂടുതൽ ഫലപ്രദമായി കാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്നാണ് ഇവർ പറയുന്നത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ രക്ത പ്രവാഹം വർധിക്കുകയും രക്തത്തിലൂടെ കാൻസർ ബാധിത സെല്ലുകളിലേക്ക് മരുന്നുകൾ കൂടുതൽ ഫലപ്രദമായി എത്തുകയും അതുവഴി സെല്ലുകളുടെ വളർച്ച മന്ദഗതിയിലാകുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

കീമോതെറാപ്പിയിൽ സാധാരണയായി ഉപയോഗിക്കുന്ന ഡോക്‌സോറബിസിൻ( അഡ്രിയാമൈസിൻ) എന്ന മരുന്ന് മുടികൊഴിച്ചിൽ, ഡയേറിയ, ഛർദ്ദിൽ തുടങ്ങി നിരവധി പാർശ്വഫലങ്ങൾ ഉളവാക്കുന്നവയാണ്. മാത്രമല്ല ഹൃദയകോശങ്ങളുടെ പ്രവർത്തനത്തെയും ഇത് സാരമായി ബാധിക്കും. എന്നാൽ വ്യായാമം ചെയ്യുന്നതിലൂടെ ഡോക്‌സോറുബിസിൻ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങളെ ഒഴിവാക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കീമോയ്‌ക്കൊപ്പം വ്യായാമം ചെയ്യുന്നത് ഹൃദയകോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ഇവർ പറയുന്നു.

എലികളിലാണ് ശാസ്ത്രജ്ഞർ ഇത് സംബന്ധിച്ച പരീക്ഷണം നടത്തിയത്. എലികളെ നാലു ഗ്രൂപ്പായി തിരിച്ചായിരുന്നു പരീക്ഷണം. എല്ലാ എലികളിലും മെലനോമ സെല്ലുകൾ കുത്തി വച്ചിരുന്നു. രണ്ടാഴ്ചകൾക്ക് ശേഷം ഇവയിൽ രണ്ടു ഗ്രൂപ്പ് എലികൾക്ക് ഡോക്‌സോറബിസിൻ രണ്ടു ഡോസ് വീതം കൊടുത്തു. മറ്റ് രണ്ട് ഗ്രൂപ്പുകൾക്ക് വേദനാസംഹാരിയായ പ്ലേസ്‌ബോ ഇഞ്ചക്ഷനും നൽകി. ഡോക്‌സോറബിസിൻ കുത്തിവച്ച എലികളിലെ ഒരു ഗ്രൂപ്പിന് വ്യായാമം നൽകി. ദിവസം 45 മിനിട്ട് വച്ച് അഞ്ചു ദിവസം എലികൾക്ക് വേണ്ടി നിർമ്മിച്ച പ്രത്യേത ട്രെഡ്മില്ലിൽ നടത്തിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ശാസ്ത്രജ്ഞർ എലികളുടെ ഇസിജി പരിശോധിച്ചു. പ്രതീക്ഷിച്ച പോലെ ഡോക്‌സോറബിസിൻ മാത്രം നൽകിയ എലികളിൽ ഹൃദയത്തിന്റെ പ്രവർത്തനം കുറഞ്ഞതായും ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഫൈബ്രോസിസിന്റെ അളവ് കൂടിയതായും കണ്ടെത്തി. എന്നാൽ ഡോക്‌സോറബിസിനും വ്യായാമവും ഒരുമിച്ച് നൽകിയ എലികളിൽ ട്യൂമറിന്റെ വലിപ്പം കുറഞ്ഞതായും കണ്ടെത്തി.

ഏതായാലും പുതിയ പരീക്ഷണത്തിൽ ശാസ്ത്രലോകം ആഹ്‌ളാദത്തിലാണ്. ഇത് സംബന്ധിച്ച് കൂടുതൽ പരീക്ഷണങ്ങളിലാണെന്ന് പെനിസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ജോസഫ് ലിബനറ്റി പറയുന്നു. വ്യായാമം ചെയ്യുന്നത് ഈ രീതിയിൽ ഫലപ്രദമാകുകയാണെങ്കിൽ രോഗികൾക്ക് മരുന്നുകളുടെ അളവ് കുറയ്ക്കാമെന്നും അതിനുസരിച്ച് ഇവ ശരീരത്തിലുണ്ടാക്കുന്ന പാർശ്വഫലങ്ങൾ കുറയുമെന്നും അദ്ദേഹം പറയുന്നു. ഈ കണ്ടെത്തലോടെ വ്യായാമം ചെയ്യുന്നതിന്റെ ഫലം ഉളവാക്കുന്ന പുതിയ മരുന്നുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചും ശാസ്ത്രലോകം ചിന്തിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP