Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗംഗാജലം കുടിച്ചാൽ കോളറ മാറുമോ? ഗംഗയുടെ അടിത്തട്ടിലെ സൂക്ഷ്മാണുക്കൾക്ക് രോഗാണുക്കളെ കൊന്നൊടുക്കാൻ ശേഷിയുണ്ടെന്ന് ശാസ്ത്രീയ പഠന റിപ്പോർട്ട്; പുണ്യനദിയെ വീണ്ടെടുക്കാൻ കോടികൾ മുടക്കുന്നത് വെറുതെയാവില്ലെന്ന് മോദിക്ക് ആശ്വസിക്കാം

ഗംഗാജലം കുടിച്ചാൽ കോളറ മാറുമോ? ഗംഗയുടെ അടിത്തട്ടിലെ സൂക്ഷ്മാണുക്കൾക്ക് രോഗാണുക്കളെ കൊന്നൊടുക്കാൻ ശേഷിയുണ്ടെന്ന് ശാസ്ത്രീയ പഠന റിപ്പോർട്ട്; പുണ്യനദിയെ വീണ്ടെടുക്കാൻ കോടികൾ മുടക്കുന്നത് വെറുതെയാവില്ലെന്ന് മോദിക്ക് ആശ്വസിക്കാം

മറുനാടൻ ഡെസ്‌ക്‌

ചണ്ടിഗഡ്: പുണ്യനദിയായി പുരാണകാലംതൊട്ട് പരിഗണിക്കപ്പെടുന്ന ഗംഗ. മാലിന്യവാഹിനിയായി, അടക്കംചെയ്യുന്ന മൃതദേഹങ്ങൾവരെ വഹിച്ച് ഒഴുകുന്ന രാജ്യത്തെ പ്രധാന നദി. ഗംഗയുടെ പുനരുദ്ധാരണത്തിന് കോടികൾ മുടക്കി മോദി സർക്കാർ പദ്ധതി നടപ്പാക്കി തുടങ്ങിയപ്പോൾ അതിന് ഒരു 'സംഘപരിവാർ പ്രൊജക്റ്റ്' എന്ന പരിവേഷമാണ് ലഭിച്ചത്.

ഒരുവശത്ത് അങ്ങനെ ചർച്ചകൾ മുന്നേറുമ്പോൾ മറുവശത്ത് ഗംഗയുടെ പ്രത്യേകതയെന്തെന്ന ശാസ്ത്രീയ പരിശോധനകളും ഗംഗ എത്രത്തോളം മലിനമാകുന്നുവെന്ന പഠനങ്ങളും നടന്നിരുന്നു. ഹിമാലയത്തിൽ ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയിലൂടെയും ബംഗഌദേശിലൂടെയുമായി 2,525 കിലോമീറ്റർ ഒഴുകി ബംഗാൾ ഉൾക്കടലിൽ സമുദ്രസംഗമം നടത്തുന്ന നദി അനുദിനം മലിനമാകുന്നതിലൂടെ ഒരു രോഗവാഹിയായാണ് പലപ്പോഴും ചിത്രീകരിക്കപ്പെട്ടത്.

പക്ഷേ, അങ്ങനെയല്ല കാര്യങ്ങളെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. ഒന്ന് മുങ്ങിനിവർന്നാൽ സർവരോഗങ്ങളും ശമിപ്പിക്കുന്ന നദിയെന്ന കീർത്തിയുണ്ടായിരുന്ന നദിയുടെ ആ സൽപ്പേര് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. നദിയുടെ രോഗനിവാരണ ശേഷിയെപ്പറ്റി ഓഷോ ഉൾപ്പെടെയുള്ളവർ നേരത്തെയും പറഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയ അടിത്തറയില്ലാതെ പുണ്യനദിയെന്ന പേരിൽ നടത്തുന്ന പ്രചാരണമാണ് അതെന്നായിരുന്നു എതിർവാദങ്ങൾ. രോഗശാന്തിക്ക് ഗംഗയ്ക്ക് കഴിവുണ്ടെന്ന് വാദം വെറും മിത്താണെന്ന് പുച്ഛിച്ചവർക്ക് മറുപടിയായാണ് പുതിയ പഠന റിപ്പോർട്ട് എത്തുന്നത്.

ചണ്ടിഗഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്‌നോളജി (ഇംടെക്) ശാസ്ത്രജ്ഞരുടെ പഠനത്തിൽ കണ്ടെത്തിയത് ഗംഗയിലുള്ള ചില സൂക്ഷ്മാണുക്കൾക്ക് രോഗകാരികളായ നിരവധി ബാക്ടീരിയകളേയും വൈറസുകളേയും കൊന്നൊടുക്കാൻ കഴിയുവുണ്ടെന്നാണ്. ഇത്തരമൊരു ശാസ്ത്രീയ പഠനം ഗംഗയുടെ രോഗനിവാരണ ശേഷിയെപ്പറ്റി നടക്കുന്നതും ആദ്യമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

കിലോമീറ്ററുകൾ താണ്ടിയുള്ള ഒഴുക്കിൽ ഋഷികേശിനിപ്പുറം പല ഘട്ടങ്ങളിലായി നദി നിരവധി കാര്യങ്ങളാൽ മലിനമാകുന്നുണ്ട്. എന്നിട്ടും ഗംഗ പൂർണമായും മലിനമായി മാറാതെ പിടിച്ചുനിൽക്കുന്നത് അടിത്തട്ടിലെ ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യംകൊണ്ടാണെന്നാണ് കണ്ടെത്തൽ. നിരവധി പുതിയ തരം രോഗാണുക്കൾ നദിയിൽ പുതുതായി എത്തുന്നുണ്ടെങ്കിലും അവയെ നശിപ്പിക്കാൻ അടിത്തട്ടിലുള്ള സൂക്ഷ്മാണുക്കൾക്കും ബാക്ടീരിയകൾക്കും അസാമാന്യ കഴിവുണ്ടെന്ന് പഠനത്തിൽ പറയുന്നു. ഗംഗാജലത്തിന്റെ രോഗനിവാരണ ശേഷിയെപ്പറ്റി ശാസ്ത്രലോകത്ത് ഭിന്നാഭിപ്രായം നിലനിൽക്കുമ്പോഴാണ് ഈ പഠനം പുറത്തുവരുന്നത്.

ഗംഗാജലത്തിൽ നിക്ഷേപിച്ചാൽ മൂന്നുമണിക്കൂറിനകം കോളറ രോഗാണു നശിക്കുന്നതായി ബ്രിട്ടീഷ് ഡോക്ടറായ ഇ ഹാൻബറി ഹാൻകിൻ 1986ൽ കണ്ടെത്തിയിരുന്നു. ഒരേസമയം തിളപ്പിച്ച് ശുദ്ധീകരിച്ച വെള്ളത്തിലും ഗംഗാജലത്തിലുമായിരുന്നു അന്ന് പരീക്ഷണം നടത്തിയത്. ഇതൊരു ഊഹം മാത്രമാണെന്ന പ്രചരണമാണ് പിന്നീട് നടന്നതെങ്കിലും ഇപ്പോൾ ഇംടെകിലെ ശാത്രജ്ഞരുടെ കണ്ടെത്തൽ ഹാൻകിനിന്റെ നിരീക്ഷണം ശരിവയ്ക്കുന്നു.

രോഗകാരികളായ അണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ള 20 മുതൽ 25വരെ വിവിധതരം സൂക്ഷ്മാണുക്കൾ നദിയിലുണ്ടെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ടിബി, ന്യൂമോണിയ, കോളറ, മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്ന രോഗാണുക്കൾ എന്നിവയ്‌ക്കെതിരെ പൊരുതാൻ നദിയിലെ ബാക്ടീരിയോ ഫേജസിന് കഴിവുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായത്.

ഗംഗയിലെ വൈറൽ സ്വഭാവമുള്ള സൂക്ഷ്മാണുക്കളെ പറ്റിയായിരുന്നു പഠനമെന്നും സൂക്ഷ്മാണുക്കളെ തിന്നു നശിപ്പിക്കുന്ന നിരവധി ബാക്ടീരിയോഫേജസിനെ നദിയിൽ കണ്ടെത്തിയെന്നും പഠനത്തിന് നേതൃത്വം നൽകിയ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ഷൺമുഖം മയിൽരാജ് വ്യക്തമാക്കി. നദിയിലെ എക്കലിൽ മുമ്പ് കണ്ടെത്താത്ത തരത്തിലുള്ള നിരവധി പുതിയ വൈറസുകളെ കണ്ടെത്തി. ഇവ ചില പ്രത്യേകതരം ബാക്ടീരിയകൾക്കെതിരെയും സൂക്ഷ്മാണുക്കൾക്കെതിരെയും പൊരുതുന്നവയും നിരവധി മരുന്നുകൾ ഉപയോഗിച്ച് ഇല്ലാതാക്കുന്ന രോഗബാധകൾക്കെതിരെ പൊരുതാൻ ശേഷിയുമുള്ളതാണെന്ന് മയിൽരാജ് വ്യക്തമാക്കുന്നു.

നദി ഏറ്റവുമധികം മലിനമായി കരുതപ്പെടുന്ന ഹരിദ്വാർ-വാരണാസി മേഖലയിൽ നിന്നാണ് ഇവർ വെള്ളത്തിന്റെ സാമ്പിൾ എടുത്തതെന്നാണ് ശ്രദ്ധേയമായ കാര്യം. ദേശീയ എൻവയോൺമെന്റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കോ-ഓർഡിനേറ്റിങ് ലാബ്, നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസർട്ട്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ അൻഡ് അരോമാറ്റിക് പഌന്റ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് നിംടെക് പഠനം നടത്തിയത്.

കോടിക്കണക്കിന് വർഷങ്ങളായി ഉറഞ്ഞുകിടക്കുന്ന ഹിമാനികളിൽ നിന്നാണ് ഗംഗയുടെ ഉദ്ഭവമെന്നും ഈ മഞ്ഞുമലകളുടെ അഗാധതയിൽ ഉറങ്ങിക്കിടക്കുന്ന സൂക്ഷ്മാണുക്കൾ നിരവധിയുണ്ടാകാമെന്നും ശാസ്ത്രലോകം കരുതുന്നുണ്ട്. ഈ ദിശയിൽ നടക്കുന്ന കൂടുതൽ പഠനങ്ങൾ ഗംഗാജലത്തിന്റെ രോഗശാന്തി ശേഷിയെ ഭാവിയിൽ തുറന്നുകാട്ടുമോയെന്ന് കാത്തിരുന്നു കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP