Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ടിട്ടുണ്ടോ കൂട്ടരേ; നല്ല അരിയും ചോറും? തവിടുള്ള ചോറ് ഉണ്ടാൽ പ്രമേഹ സാധ്യത കുറയുമോ?

കണ്ടിട്ടുണ്ടോ കൂട്ടരേ; നല്ല അരിയും ചോറും? തവിടുള്ള ചോറ് ഉണ്ടാൽ പ്രമേഹ സാധ്യത കുറയുമോ?

ല്ല അരി കണ്ടിട്ടുണ്ടോ? നമ്മുടെ മുൻഗാമികൾ കഴിച്ചിരുന്ന നല്ല തവിടുള്ള ചോറുണ്ടാക്കിയിരുന്ന അരി? ഇന്നും അതൊക്കെ വാങ്ങാൻ കിട്ടും. പക്ഷേ ആർക്കും വേണ്ട. വെളുപ്പിച്ച അരിയാണ് കഴിക്കേണ്ടതെന്നും അതിനാണു രുചിയെന്നുമാണ് പലരും പറയുന്നത്. വെളുത്തിരിക്കുന്ന പലഹാരങ്ങൾ തന്നെ വേണം എന്ന നിർബന്ധവും ഉണ്ട് പലർക്കും. പുട്ടും അപ്പവും ഇഡലിയും പത്തിരിയും ഒക്കെ വെളുത്തിരുന്നാൽ മാത്രമേ കഴിക്കൂ പലരും. സ്വാദിനാണ് പ്രാധാന്യം.അതു മാറി ആരോഗ്യമാണ് മുഖ്യം എന്ന ചിന്ത വരണം.

നല്ല തവിടുള്ള പുഴുക്കലരിയും പച്ചരിയും ആണ് ചിത്രങ്ങളിൽ. ഇത്തരം അരിയാണ് ഉണ്ണേണ്ടതെന്ന സത്യം എത്ര പേർ അംഗീകരിക്കും? അതിന്റെ ഗുണങ്ങൾ അറിയേണ്ടവർക്കു വേണ്ടി ഒരു റിസേർച്ച് പേപ്പർ പങ്കു വയ്ക്കാം. ഈ പഠനം നടത്തിയത് ഹാർവാർഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രശസ്തരായ ശാസ്ത്രജ്ഞന്മാരാണ്. വൈറ്റ് റൈസ് ഉപയോഗം കൂടുന്നുവെന്നും അതിന്റെ ദോഷങ്ങളും ഒക്കെ വിശദമാക്കിയുള്ള ഈ പഠനം ചൈന, ജപ്പാൻ,അമേരിക്ക,ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഉള്ള വൈറ്റ് റൈസ് ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചു തയ്യാറാക്കിയതാണ്.പതിവായി വൈറ്റ് റൈസ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുന്നു എന്നാണ് കണ്ടെത്തൽ.

വൈറ്റ് റൈസിന് പകരം തവിടുള്ള ബ്രൗൺ റൈസോ മറ്റു ധാന്യങ്ങളോ ഉപയോഗിക്കുമ്പോൾ പ്രമേഹ സാധ്യത കുറയുന്നതായും ഈ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ആവശ്യത്തിന് അധ്വാനവും കഴിക്കാൻ തവിടു പോകാത്ത നല്ല ധാന്യങ്ങളും ആവശ്യത്തിനു മാത്രം ഉണ്ടായിരുന്ന മുൻഗാമികൾക്കു പ്രമേഹം കുറവായിരുന്നു. മില്ലുകൾ വന്നതോടെ വെളുപ്പിച്ച അരിയും അതു കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും ശീലിച്ച ഈ തലമുറയ്ക്ക് തീരെ അധ്വാനവുമില്ല. തിന്നാൻ ഏറെയുണ്ട് താനും ! പകുതിയെങ്കിലും തവിടുള്ള അരി കിട്ടിയിരുന്നെങ്കിൽ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോൾ നമ്മൾ വാങ്ങുന്ന കുത്തരിയൊന്നു പരിശോധിച്ച് നോക്കണം. ഒരു നേർത്ത വര പോലെ അല്പം തവിടുണ്ടെങ്കിലായി.

ജനത്തിന് വേണ്ട എന്നുള്ളതുകൊണ്ട് മില്ലുകാർക്കും സൗകര്യം. ഇതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തിയപ്പോൾ അറിഞ്ഞത് ഒരു പ്രമുഖ ബ്രാൻഡ് തവിടെണ്ണ ഉണ്ടാക്കുന്ന മില്ലിന് മറ്റു മില്ലുകാർ തവിടു വിൽക്കുന്നു എന്നാണ്. അപ്പോൾ നമുക്ക് കിട്ടേണ്ട തവിടൊക്കെ ചുരണ്ടി വിറ്റിട്ട് നമുക്കവർ വെറും ചവറു പോലുള്ള അരി വിൽക്കുന്നു. രണ്ടു തരത്തിൽ മില്ലുകാർക്കു ലാഭം. സത്യത്തിൽ പകുതിയെങ്കിലും തവിടില്ലാത്ത പുഴുക്കലരിയും പച്ചരിയും വിൽക്കരുതെന്ന് ഒരു നിയമം തന്നെ കൊണ്ടുവരണം. അതൊക്കെ ആരു ചെയ്യാൻ? അതൊക്കെ എന്നു നടപ്പാവാൻ? എന്നാൽ കൃഷിക്കാരിൽ നിന്നു നേരിട്ട് നമുക്ക് ഇത്തരം നല്ല അരി വാങ്ങാൻ കഴിയും.

പ്രമേഹ രോഗിയായ ഒരാളെ സംബന്ധിച്ചിടത്തോളം നിശ്ചിത അളവിൽ എന്നും ഒരേ പോലെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.പ്രമേഹം വന്നു കഴിഞ്ഞവർ ചോറ് കഴിച്ചു കൂടാ.ഗോതമ്പു തന്നെ കഴിക്കണം എന്നൊരു തെറ്റിധാരണയും നിലനിൽക്കുന്നു. എന്നാൽ തവിടുള്ള ചോറ് പ്രമേഹ രോഗിക്ക് കഴിക്കാം. എന്നാൽ കുറച്ചു കൂടി നല്ലതു ഗോതമ്പാണെന്നു മാത്രം. ചോറിനേക്കാൾ ജി ഐ കുറവാണു ചപ്പാത്തിക്കും മറ്റു ഗോതമ്പു പലഹാരങ്ങൾക്കും. എന്നാൽ അതും നല്ല തവിടുള്ള ആട്ട ആവുന്നത് തന്നെ നല്ലത്. ചോറ് വേണ്ടെന്നു വച്ചിട്ട് കൂടുതൽ ചപ്പാത്തി കഴിക്കാനും പാടില്ല. നിശ്ചിത കാലറി ഊർജം കിട്ടും വിധം ഇത്ര അളവിൽ ചോറ് അല്ലെങ്കിൽ ചപ്പാത്തി അല്ലെങ്കിൽ മറ്റു ധന്യ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയാണ് വേണ്ടത്.

(പേജ് 25 ,26 , ഡയറ്റ് ആൻഡ് ഡയബറ്റിസ് , നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യൂട്രീഷൻ,ഹൈദരാബാദ് )
ഓരോ ആളുകളുടെയും അധ്വാനവും ശരീര ഭാരവും ഉയരവും ഒക്കെ അനുസരിച്ച് വേണ്ട ഭക്ഷണത്തിന്റെ അളവും വ്യത്യസ്തമാവും. ഒരു ഡയറ്റിഷനെ കൺസൾട്ട് ചെയ്തു തനിക്കു വേണ്ട അളവ് മനസിലാക്കാൻ പറ്റുന്നവർക്ക് അതു ചെയ്യാം.അല്ലെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുടെ സഹായം തേടാം. എത്ര തിരക്കുണ്ടെങ്കിലും ഒരു ഏകദേശ ധാരണ തരാൻ ഡോക്ടർമാർക്കു കഴിയും.എന്നും കഴിക്കുന്ന സമയവും പ്രധാനം തന്നെ. ഓരോ ഭക്ഷണവും തമ്മിലുള്ള ഇടവേളയും ഏതാണ്ട് ഒരു പോലെ തുടരാനും ശ്രദ്ധിക്കണം.

(നാളെ: ഉലുവയും പ്രമേഹവും)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP