Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയെ കീഴടക്കാനുള്ള വാക്സിൻ ലോകം എമ്പാടുമായി വികസിപ്പിക്കുന്നത് 70 രാജ്യങ്ങളിൽ; ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഗവേഷണം അന്തിമ ഫലത്തിലേക്ക്; മൃഗങ്ങളിൽ പരീക്ഷണം വിജയിച്ച അദ്ഭുത ഔഷധം അടുത്ത ആഴ്‌ച്ച മനുഷ്യരിൽ പരീക്ഷിക്കും; പരീക്ഷണത്തിനു ഒരുങ്ങി 510 പേർ; ലോകത്തെ മഹാവിപത്തിൽ നിന്നും കാക്കാൻ ഉടൻ വാക്സിനെത്തുമോ?

കൊറോണയെ കീഴടക്കാനുള്ള വാക്സിൻ ലോകം എമ്പാടുമായി വികസിപ്പിക്കുന്നത് 70 രാജ്യങ്ങളിൽ; ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഗവേഷണം അന്തിമ ഫലത്തിലേക്ക്; മൃഗങ്ങളിൽ പരീക്ഷണം വിജയിച്ച അദ്ഭുത ഔഷധം അടുത്ത ആഴ്‌ച്ച മനുഷ്യരിൽ പരീക്ഷിക്കും; പരീക്ഷണത്തിനു ഒരുങ്ങി 510 പേർ; ലോകത്തെ മഹാവിപത്തിൽ നിന്നും കാക്കാൻ ഉടൻ വാക്സിനെത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

ലോകം ഇതുവരെ ദർശിക്കാത്ത ദുരന്തത്തിനാണ് വർത്തമാനകാലം സാക്ഷ്യം വഹിച്ചത്. ഒരു പക്ഷെ രണ്ട് ലോകമഹായുദ്ധങ്ങൾ പോലും ഇത്രയധികം രാജ്യങ്ങളെ ബാധിച്ചിരുന്നില്ല. അത്രയധികമാണ് ഈ കൊച്ചുഭീകരന്റെ വ്യാപനം. ലോകത്താകമാനം ഇതുവരെ 20,77,839 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 1,34,375 പേർ ഈ വ്യാധിയോട് പൊരുതി മരണമടയുകയും ചെയ്തു. ഈ മഹാമാരിയെ തടയാൻ ലോകം മുഴുവൻ കൈമെയ് മറന്ന് പോരാടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 70 കേന്ദ്രങ്ങളിലാണ് ഈ കൊലയാളി വൈറസിനെ ചെറുക്കാനുള്ള ഔഷധത്തിനായുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നത്.

ഇതിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഗവേഷണം ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ, ഈ പുതിയതായി വികസിപ്പിച്ച മരുന്ന് കൊറോണയെ ചെറുക്കാൻ ഫലവത്താണെന്ന് കണ്ടു. മനുഷ്യരിൽ ഇത് പരീക്ഷിക്കുകയാണ് പരീക്ഷണത്തിന്റെ അടുത്ത പടി. ഇതുകൂടി വിജയിക്കുകയാണെങ്കിൽ, വസന്തകാലം തുടങ്ങുന്നതോടെ കൊറോണയ്ക്കുള്ള മരുന്നുകൾ വിപണിയിലെത്തുമെന്നാണ് പൊതുവെ കണക്കാക്കുന്നത്. ഇതിനിടയിൽ മൂന്ന് വ്യത്യസ്ത ഗവേഷണ സംഘങ്ങൾ അവർ കണ്ടുപിടിച്ച മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചൈനയിൽ ഒരു സംഘം ശാസ്ത്രജ്ഞരും അമേരിക്കയിൽ രണ്ട് സംഘങ്ങളും ആണ് ഇത് മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചിട്ടുള്ളത്.

ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷിക്കുന്നതിനായി 510 ആളുകളേയുാണ് തയ്യാറാക്കി നിർത്തിയിരിക്കുന്നത്. 18 നും 55 നും പ്രായമുള്ളവരാണ് ഇക്കൂട്ടത്തിൽ ഉള്ളത്. അടുത്ത ആഴ്‌ച്ചയായിരിക്കും മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുക. കൊറോണ വൈറസിനെ ചിമ്പാൻസികളിൽ കുത്തിവയ്ക്കുകയും, അതിനെതിരായി ചിമ്പാൻസികളുടെ ശരീരത്തിൽ രൂപപ്പെട്ട ആന്റിബോഡികൾ മനുഷ്യ ശരീരത്തിന്റെ പ്രതിരോധത്തിനായി ഉപയോഗിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. മനുഷ്യരിലെ പരീക്ഷണം കൂടി വിജയിച്ചാൽ, സെപ്റ്റംബർ മാസത്തോട് കൂടി ഇത് വിപണിയിൽ എത്തിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ, പുതിയതായി കണ്ടുപിടിക്കുന്ന ഏതൊരു വാക്സിനും ആവശ്യമായ പരീക്ഷണങ്ങൾ കഴിഞ്ഞ്, ആരോഗ്യവകുപ്പ് നിശ്ചയിക്കുന്ന കടമ്പകളും കടന്ന്, ഔദ്യോഗിക അംഗീകാരത്തോടെ വിപണിയിലെത്താൻ ഒരു വർഷം മുതൽ 18 മാസം വരെ എടുക്കാറുണ്ടെന്നാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. അതായത്, കൊറോണക്കെതിരായ ഒരു വാക്സിൻ ലോകത്തിന് പ്രതീക്ഷിക്കാൻ കഴിയുക 2021 ൽ മാത്രം. കോവിഡ്-19 ന് കാരണമായ വൈറസിന് ഗോളാകൃതിയാണുള്ളത്, വ്യാസം 60-140 നാനോമീറ്റർ (nm). പ്രധാനപ്പെട്ട നാലു പ്രോട്ടീനുകൾ വൈറസിലുണ്ട്. ന്യൂക്ലിയോപ്രോട്ടീൻ (nucleoprotein), എൻവിലോപ് പ്രോട്ടീൻ (envelope protein), മെമ്പ്രൈൻ പ്രോട്ടോൻ (Membrane protein), സ്പയിക് പ്രോട്ടീൻ (spike protein, s-protein) എന്നിവ. ഇതിൽ സ്പൈക് പ്രോട്ടീന് 9 മുതൽ 12 നാനോമീറ്റർ വരെ നീളമുണ്ട്.

സ്പൈക് പ്രോട്ടീനിന്റെ സഹായത്തോടെയാണ് കൊറോണവൈറസ് നമ്മുടെ ശരീരകോശങ്ങളിൽ കയറിപ്പറ്റുന്നത്. ഇതിന്റെ ജനിതകാംശ ഒറ്റ ഇഴയുള്ള പോസിറ്റീവ് ആർഎൻഎ (RNA) ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ നേരിട്ട് ഉത്പാദനം നടത്തി പെരുകാൻ വൈറസിന് ഇതിന്റെ സഹായത്തോടെ കഴിയും. 2003 ലെ സാർസ് വൈറസ് പോലെ, ഇപ്പോഴത്തെ കൊറോണവൈറസും നമ്മുടെ ശ്വാസനാളത്തിൽ കടന്നുകൂടുന്നത്, മറ്റുള്ളവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ശരീരസ്രവങ്ങളുടെ ചെറുകണങ്ങൾ വഴിയാണ്. കഫകണങ്ങൾ പോലുള്ളവയിലൂടെ നമ്മുടെ നിശ്വാസവായു വഴി ശ്വാസകോശത്തിലെത്തിയാൽ വൈറസ് പണി തുടങ്ങും.

സ്പൈക് പ്രോട്ടീൻ കൊണ്ട് ശ്വാസകോശങ്ങളിലെ ACE2 റിസപ്റ്ററിൽ എത്തിപ്പിടിക്കും. ഈ സ്വീകരണിപ്രോട്ടീൻ (receptor protein) മറ്റു പല ശരീരകോശങ്ങളിലും ഉണ്ടെങ്കിലും, കൂടുതലായി കാണപ്പെടുന്നത് ശ്വാസകോശ കോശങ്ങളിലാണ്. റിസപ്റ്ററിൽ പിടികിട്ടുന്ന സ്പൈക് പ്രോട്ടീൻ തന്മാത്രാതലത്തിൽ ചില കീറലും മുറിക്കലും നടത്തി, ആതിഥേയ കോശത്തിലേക്ക് വൈറസിന്റെ ജനിതകദ്രവ്യം കടത്തിവിടുന്നു. വൈറസിന്റെ ജനിതകദ്രവ്യം ആർഎൻഎ ആയതിനാൽ, കോശത്തിലെ സംവിധാനം ഉപയോഗിച്ചു തന്നെ വൈറസ് പതിപ്പുകൾ സൃഷ്ടിച്ചു പെരുകുന്നു. അതിന്റെ ഫലമായി രോഗം മൂർച്ഛിച്ച് ശ്വാസതടസ്സമുണ്ടാകും. 2003 ലെ സാർസ് ഒന്നും, 2012 ലെ മെർസ് രോഗവും പകർച്ചവ്യാധികൾ മാത്രമായിരുന്നു. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായി കോവിഡ്-19 വളരെ വേഗം പടർന്ന് ഒരു മാഹാമാരിയായത് എന്തുകൊണ്ട്? കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഇതിന് ഗവേഷകർ ഉത്തരം കണ്ടെത്തി. പുതിയ വൈറസ് വകഭേദത്തിന്, 2003 ലെ സാർസ് വൈറസിനെ അപേക്ഷിച്ച്, ACE2 റിസപ്റ്ററിനെ പിടിച്ചെടുക്കാൻ കഴിയും. അതിനാൽ, ചെറിയ അളവിൽ പോലും കോവിഡ്-19 ന് കാരണമായ വൈറസിന് സംക്രമിക്കാൻ കഴിയും.

ലോകത്താകെ പടർന്ന കൊറോണവൈറസ് രോഗത്തെ പിടിച്ചുകെട്ടാനുള്ള ആദ്യപിടിവള്ളി വൈറസിനു പുറമേയുള്ള സ്പൈക് പ്രോട്ടീനാണ്. അതിനെ നിയന്ത്രിച്ചാൽ വൈറസിനെ വരുതിയിൽ വരുത്താം. കാരണം, ഈ പ്രോട്ടീനില്ലാതെ വൈറസിന് മനുഷ്യകോശത്തിൽ കയറിപ്പറ്റാനാകില്ല. സ്പൈക് പ്രോട്ടീന് എതിരെ mRNA-1273 എന്ന വാക്സിൻ അമേരിക്കൻ ഗവേഷകർ മാർച്ച് 15 ന് പരീക്ഷിച്ചു തുടങ്ങി. ഇതിന്റെ ഫലമറിയാൻ മാസങ്ങളെടുക്കും.രണ്ടാമത്തെ മാർഗ്ഗം, കൊറോണവൈറസിനെ കോശങ്ങൾക്കുള്ളിൽ കടത്താൻ സഹായിക്കുന്ന നമ്മുടെ കോശത്തിലെ 'ഈർച്ചവാളി'ന്റെ (TMPRSS2) മൂർച്ച കെടുത്തുക എന്നതാണ്. ഇതിനുള്ള സാധ്യത ചില പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്. മൂന്നാമതൊരു മാർഗ്ഗം, മനുഷ്യകോശത്തിൽ പ്രവേശിച്ച വൈറസിന്റെ ആർ എൻ എ നിർവീര്യമാക്കുക എന്നതാണ്. ഇതിന് ആർ എൻ എ വാക്സിൻ വേണ്ടിവരും. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP