Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹിന്ദു പുരാണത്തിലെ നരസിംഹാവതാരം ; ഗ്രീക്ക് പുരാണത്തിലെ കൈമിറ; വൈവിധ്യമാർന്ന ശരീരഭാഗങ്ങളുമായി ജീവിച്ച കഥാപാത്രങ്ങൾ യഥാർത്ഥമായേക്കാവുന്ന കണ്ടുപിടുത്തം; ഭാവിയിൽ മനുഷ്യാവയവങ്ങൾ സൃഷ്ടിച്ചെടുക്കാനും ഉതകിയേക്കും; ന്യുയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിയിലെ ശാസ്ത്രജ്ഞർ സൃഷ്ടിച്ച മനുഷ്യ എലിയെ കുറിച്ചറിയാം

ഹിന്ദു പുരാണത്തിലെ നരസിംഹാവതാരം ; ഗ്രീക്ക് പുരാണത്തിലെ കൈമിറ; വൈവിധ്യമാർന്ന ശരീരഭാഗങ്ങളുമായി ജീവിച്ച കഥാപാത്രങ്ങൾ യഥാർത്ഥമായേക്കാവുന്ന കണ്ടുപിടുത്തം; ഭാവിയിൽ മനുഷ്യാവയവങ്ങൾ സൃഷ്ടിച്ചെടുക്കാനും ഉതകിയേക്കും; ന്യുയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിയിലെ ശാസ്ത്രജ്ഞർ സൃഷ്ടിച്ച മനുഷ്യ എലിയെ കുറിച്ചറിയാം

മറുനാടൻ ഡെസ്‌ക്‌

ർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കുമപ്പുറം സഞ്ചരിച്ചവയാണ് പുരാണങ്ങളും ഐതിഹ്യങ്ങളും. കടും നിറങ്ങളാർന്ന ഛായക്കൂട്ടിൽ വരച്ചിട്ട ചിത്രങ്ങൾ എന്നും മനുഷ്യ മനസ്സിനെ ത്രസിപ്പിച്ചിരുന്നു. പാതി സിംഹത്തിന്റെ ശിരസ്സും മനുഷ്യ ഉടലുമായി ഇന്ത്യൻ സംസ്‌കാരത്തിൽ പൗരുഷത്തിന്റെയും ധീരതയുടേയും പ്രതീകമായി നിറഞ്ഞു നിൽക്കുന്ന നരസിംഹാവതാരം മുതൽ, സിംഹത്തിന്റെ ഉടലിൽ നിന്നും പിന്നോട്ട് തിരിഞ്ഞുനോക്കുന്ന മാനിന്റെ തലയും, വാലിന്റെ സ്ഥാനത്ത് നാഗവുമായുള്ള ഗ്രീക്ക് പുരാണത്തിലെ കൈമിറ വരെ ഇക്കൂട്ടത്തിൽ പെടും.

ഒരുപക്ഷെ, മനുഷ്യന്റെ സാമാന്യബുദ്ധിക്ക് നിരക്കാത്തതെന്ന് പറഞ്ഞ് യുക്തിവാദികൾ തള്ളിക്കളയുന്ന ഇവ ഓരോന്നും യാഥാർത്ഥ്യമാവുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ പടിയാണ് ന്യുയോർക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ സൃഷ്ടിച്ചെടുത്ത മനുഷ്യ എലി. മനുഷ്യന്റെ സ്റ്റെം കോശങ്ങൾ എലിയുടെ ഭ്രൂണകോശങ്ങളുമായി സംയോജിപ്പിച്ചാണ് ശാസ്ത്രജ്ഞർ ഈ നേട്ടം കൈവരിച്ചത്. മനുഷ്യകോശത്തിലെ എം ടി ഒ ആർ എന്നറിയപ്പെടുന്ന പ്രോട്ടീൻ നിർജ്ജീവമാക്കിയ ശേഷമായിരുന്നു സംയോജനം നടത്തിയത്.

ഈ പ്രോട്ടീനാണ് കോശവളർച്ചയെ നിയന്ത്രിക്കുന്നത്. മണിക്കൂറുകളോളം ഈ പ്രോട്ടീൻ നിർജ്ജീവമായതോടെ മനുഷ്യ കോശം അതിന്റെ ശൈശവാവസ്ഥയിൽ എത്തുന്നു. ഈ ഘട്ടത്തിൽ നിന്നും ഈ കോശത്തിനെ വിവിധതരം കോശകലകളായോ അവയവങ്ങളായോ വളർത്തിയെടുക്കാനാകും. ഇത്തരം ശൈശവ ദശയിലുള്ള മനുഷ്യ സ്റ്റെം കോശങ്ങൾ എലികളുടെ ബ്രൂണകോശവുമായി സംയോജിപ്പിക്കുന്നതിൽ വിജയിച്ചു എന്നാണ് സയൻസ് ന്യുസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇത്തരത്തിൽ ശൈശവ ദശയിലുള്ള മനുഷ്യ സ്റ്റെം കോശങ്ങളുടെ 10 മുതൽ 12 വരെ ബാച്ചുകൾ എലികളുടെ ഭ്രൂണത്തിലേക്ക് കടത്തിവിട്ട് അത് വികസിക്കുവാനായി 17 ദിവസം കാത്തിരുന്നു. അതിനുശേഷം ഭ്രൂണം പരിശോധിച്ചപ്പോൾ അതിലെ മൊത്തം കോശങ്ങളിൽ 0.1 മുതൽ 4 ശതമാനം വരെ മനുഷ്യകോശങ്ങളായിരുന്നു എന്നാണ് കണ്ടുപിടിച്ചത്. എലിയുടെ ഭ്രൂണത്തിൽ 17 ദിവസം കൊണ്ട് വളർച്ചയെത്തിയ ഈ കോശങ്ങൾ ഒരു മനുഷ്യ ഭ്രൂണത്തിൽ വളർച്ച പ്രാപിക്കുവാൻ മാസങ്ങൾ എടുക്കും.

ഭ്രൂണത്തിലൂടെ ചംക്രമണം ചെയ്യുന്ന അരുണ രക്തകോശങ്ങളിലാണ് മനുഷ്യ സ്റ്റെം കോശങ്ങൾ കൂടുതലായി കാണപ്പെട്ടത്. കരളിലെ കോശ കലയിലും ഹൃദയത്തിലും കണ്ണുകളിലും തലച്ചോറിലും വരെ ഇവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാൽ ഈ കോശങ്ങൾ കാണാൻ കഴിയാതിരുന്നത് പ്രത്യൂദ്പാദനാവയവങ്ങളിൽ മാത്രമായിരുന്നു. അതായത് ഇത്തരം കൈമിറകൾക്ക് സ്വയം പ്രത്യൂദ്പാദനം നടത്തുവാനുള്ള കഴിവ് ഉണ്ടായിരിക്കില്ല എന്നർത്ഥം. ഇത്തരത്തിൽ ഒന്നിലധികം വ്യത്യസ്ത ഇനം ജീവികളുടെ സങ്കരത്തെയാണ് ഇപ്പോൾ ജനിതക ശാസ്ത്രത്തിൽ കൈമിറ എന്ന് വിളിക്കുന്നത്. കൈമിറകളെ സൃഷ്ടിക്കുന്നതിലെ ധാർമ്മികതയെ കുറിച്ച് ശാസ്ത്രകാരന്മാർക്കിടയിൽ രണ്ടഭിപ്രായമാണുള്ളത്.

2019- ൽ സമാനമായ ഒരു പരീക്ഷണത്തിൽ പന്നിയുടെ ഭ്രൂണത്തെ മനുഷ്യ സ്റ്റെം കോശങ്ങളുമായി സംയോജിപ്പിക്കുവാനുള്ള ശ്രമം ചില ചൈനീസ് ശാസ്ത്രകാരന്മാർ നടത്തിയിരുന്നു. അതിൽ രണ്ട് പന്നി ഭ്രൂണങ്ങൾ പൂർണ്ണവളർച്ചയെത്തി ജന്മമെടുത്തെങ്കിലും ഒരാഴ്‌ച്ചയ്ക്കുള്ളിൽ മരിക്കുകയാണ് ഉണ്ടായത്.

എന്നാൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ശാസ്ത്രത്തിന്റെ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല എന്ന് വാദിക്കുന്ന ശാസ്ത്രകാരന്മാരുമുണ്ട്. ഇതിന്റെ പരിണിതഫലം ഒരു പക്ഷെ ശാസ്ത്രലോകത്തിന് പ്രവചിക്കുവാൻ കഴിയുന്നതിലും ഭീകരമായിരിക്കും എന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ജീവിതത്തിന്റെ സ്വാഭാവിക ഘടനയേയും ക്രമത്തേയും അസ്ഥിരപ്പെടുത്തുന്ന എന്തും, ഭൂമിയിൽ ജീവന്റെ നാശത്തിലായിരിക്കും കലാശിക്കുക എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP