ബ്രാൻഡഡ് കുപ്പിവെള്ളങ്ങളിൽ പോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി ഗവേഷകർ
March 15, 2018 | 02:45 PM IST | Permalink

സ്വന്തം ലേഖകൻ
മിയാമി: ദൂരെ യാത്രകളിൽ പലരും ദാഹജലത്തിനായി ആശ്രയിക്കുന്നത് കുപ്പി വെള്ളത്തെയാണ്. മലയാളികൾക്കും ഒഴിച്ചു കുടാനാവാത്തതായി മാറിയ കുപ്പിവെള്ളത്തിൽ വൻ തോതിൽ പ്ലാസറ്റിക് മാലിന്യങ്ങൾ കലർന്നതായി റിപ്പോർട്ട്. ഇന്ത്യയടക്കം ഒമ്പത് രാഷ്ട്രങ്ങളിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
ഇവിടങ്ങളിൽ നിന്ന് ശേഖരിച്ച 93% സാമ്പിളുകളിലും പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തി. അക്വാ, അക്വാഫിന, ഡസാനി, എവിയാൻ, നെസ്ലെ പ്യൂർ ലൈഫ് ,ബിസ് ലേരി, എപുറ, ജെറോൾസ്റ്റെയ്നർ, മിനൽബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് റിസേർച്ചർ ഷെരി മാസണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.
കുപ്പികളിൽ വെള്ളം നിറച്ച ശേഷം മൂടിയിടുന്ന നിർമ്മാണ പ്രക്രിയയിലാണ് പ്ലാസ്റ്റിക് ശകലങ്ങൾ കടന്നുകൂടുന്നതെന്നാണ് പഠനം നിരീക്ഷിക്കുന്നത്. വെള്ളം മൂടിയിടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മൂടികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ വകഭേദമായ പോളി പ്രൊപ്പലിൻ, നൈലോൺ, പോളി എത്തിലിൻ ട്രെപ്താലെറ്റ് എന്നിവയാണ് വെള്ളത്തിൽ കലർന്നത്. ലഭിച്ചവയിൽ 65%വും പ്ലാസ്റ്റിക് ശകലങ്ങളാണ് പകരം പ്ലാസ്റ്റിക് നാരുകളല്ലെന്നും പഠനത്തിൽ വ്യക്തമാവുന്നു.
ഒരൊറ്റ കുപ്പിയിൽ പൂജ്യം മുതൽ 1000 ശകലങ്ങൾ വരെ കണ്ടെത്തി.ഒരു ലിറ്ററിൽ ശരാശരി 325 എന്ന കണക്കിലാണ് പ്ലാസ്റ്റിക് മാലിന്യം കടന്നു കൂടിയിരിക്കുന്നത്. ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം കലർന്ന കുപ്പിവെള്ളം കുടിക്കുന്നത് ഓട്ടിസം, കാൻസർ, പുരുഷന്മാരിലെ വന്ധ്യത എന്നിവയ്ക്ക് കാരണമായേക്കാം.
