Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർബുദ രോഗങ്ങളെ ഇനി ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാം; അതിസൂക്ഷ്മ ജൈവതന്മാത്രകളെ തിരിച്ചറിയാൻ സഹായിക്കുന്ന ബയോസെൻസർ വികസിപ്പിച്ചു; വൈദ്യരംഗത്തെ പുതിയ കണ്ടുപിടുത്തത്തിന് ചുക്കാൻ പിടിച്ചത് മലയാളികൾ ഉൾപ്പെട്ട ഗവേഷകസംഘം

അർബുദ രോഗങ്ങളെ ഇനി ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാം; അതിസൂക്ഷ്മ ജൈവതന്മാത്രകളെ തിരിച്ചറിയാൻ സഹായിക്കുന്ന ബയോസെൻസർ വികസിപ്പിച്ചു; വൈദ്യരംഗത്തെ പുതിയ കണ്ടുപിടുത്തത്തിന് ചുക്കാൻ പിടിച്ചത് മലയാളികൾ ഉൾപ്പെട്ട ഗവേഷകസംഘം

മറുനാടൻ മലയാളി ബ്യൂറോ

അർബുദം പോലുള്ള രോഗങ്ങളെ അവയുടെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയാത്തതാണ്, ഇത്തരം രോഗങ്ങൾ പലപ്പോഴും മാരകമാകാൻ കാരണം. സിങ്കപ്പൂരിൽ മലയാളികൾ ഉൾപ്പെട്ട ഗവേഷകസംഘം വികസിപ്പിച്ച സവിശേഷ ബയോസെൻസർ ഈ പോരായ്മ മറികടക്കാൻ സഹായിച്ചേക്കും.

തന്മാത്രകളാകട്ടെ വലിയ വസ്തുക്കളാകട്ടെ, അവയിൽ നിന്ന് പ്രതിഫലിച്ചെത്തുന്ന പ്രകാശം ഉപയോഗിച്ച് അവയെ നിരീക്ഷിക്കാനും പഠിക്കാനും സാധിക്കും. എന്നാൽ ഈ രീതി ഉപയോഗിച്ച് തീരെ ചെറിയ ജൈവതന്മാത്രകളെ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തിന് പ്രകാശ പ്രതിഫലനം ഉപയോഗിച്ചുള്ള സങ്കേതങ്ങൾ ഇല്ല എന്നു തന്നെ പറയാം. ഈ വെല്ലുവിളി മറികടക്കാൻ സഹായിക്കുന്ന പുതിയ നാനോ ബയോസെൻസറാണ് ഗവേഷകർ വികസിപ്പിച്ചത്.

സിങ്കപ്പൂരിലെ നാൻയാങ് ടെക്നിക്കൽ സർവകലാശാലയിലെ ഗവേഷകനും കണ്ണൂരിലെ പയ്യന്നൂർ സ്വദേശിയുമായ ഡോ. ശ്രീകാന്ത് കെ.വി, സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനും പത്തനംതിട്ട പ്രക്കാനം സ്വദേശിയുമായ ഡോ. ശിവരാമപണിക്കർ ശ്രീജിത്ത് എന്നിവരും, നാൻയാങ് സർവകലാശാലയിലെ പ്രൊഫസറും ബിഹാർ സ്വദേശിയുമായ ഡോ. രഞ്ചൻ സിങും ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്. 2016 ഒക്ടോബറിൽ തുടങ്ങിയ ഗവേഷണമാണ് ഇപ്പോൾ ഫലംകണ്ടത്.

അതിസൂക്ഷ്മ ജൈവതന്മാത്രകളെ തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ബയോസെൻസർ. വളരെയേറെ നേർപ്പിച്ച ലായനിയിൽ ഒറ്റ പ്രോട്ടീൻ തന്മാത്രയേ അടങ്ങിയിട്ടുള്ളൂ എങ്കിലും, അതിനെ പോലും തിരിച്ചറിയാനും വേർതിരിച്ചെടുക്കാനും ഈ നാനോ ബയോസെൻസറിന് കഴിയും. അങ്ങേയറ്റം സൂക്ഷ്മമായ ജൈവതന്മാത്രയെ ഒരു ജൈവ അരിപ്പ (biological sieve) പോലെ നാനോസെൻസർ വേർതിരിച്ചെടുക്കുന്നത് എങ്ങനെയെന്ന്, 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് വിവരിക്കുന്നു. വ്യത്യസ്ത അർബുദങ്ങൾ തിരിച്ചറിയാൻ പാകത്തിൽ ജൈവസൂചകങ്ങളുപയോഗിച്ച് ബയോസെൻസറിന്റെ ക്ഷമത വർധിപ്പിക്കാനാണ് ഗവേഷകരുടെ അടുത്ത ശ്രമം.

ഇത്തരം സെൻസറുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതിലെ പ്രധാന വെല്ലുവിളി, അതിന് വളരെ ചെലവ് വരും എന്നതാണ്. എന്നാൽ, 'നാനോഫോട്ടോണിക് തിൻഫിലിം പ്ലാറ്റ്ഫോം' ഉപയോഗിച്ച് ചെലവുകുറഞ്ഞ രീതിയിൽ നാനോസെൻസർ വികസിപ്പിക്കാൻ സിങ്കപ്പൂർ സംഘത്തിന് കഴിഞ്ഞു. അർബുദം പോലുള്ള പ്രശ്നങ്ങളെ പ്രാരംഭഘട്ടത്തിൽ തന്നെ ചെലവ് കുറഞ്ഞ രീതിയിൽ തിരിച്ചറിയാൻ സഹായിക്കുന്ന മുന്നേറ്റമാണിതെന്ന് സാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP