Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊടികളേയും സ്രവങ്ങളേയും നശിപ്പിക്കുന്ന രോമങ്ങളേയും ജീവകോശങ്ങളുടെ ആദ്യം നശിപ്പിക്കും; ഇതോടെ വരണ്ട ചുമ; പിന്നെ ശ്വാസകോശത്തിൽ കൊഴുത്ത ദ്രാവകം നിറയും; ഇതോടെ വെന്റിലേറ്ററുകളുടെ സഹായത്തോടെ ശ്വാസോച്ഛ്വാസം നൽകിയാലും രോഗിക്ക് ഓക്‌സിജനെ ആഗീരണം ചെയ്യാൻ കഴിയാതെയാകും; ശ്വാസകോശത്തിൽ തുടങ്ങി ശ്വാസകോശത്തിൽ അവസാനിക്കുന്ന രീതിയിലെ ആക്രമണ രീതി; കോവിഡ് 19 അതിഭീകരൻ; എന്തുകൊണ്ട് സോഷ്യൽ ഡിസ്റ്റൻസിങ് അനിവാര്യതയാകുന്നു? സിന്ധു പ്രഭാകരൻ എഴുതുന്നു

പൊടികളേയും സ്രവങ്ങളേയും നശിപ്പിക്കുന്ന രോമങ്ങളേയും ജീവകോശങ്ങളുടെ ആദ്യം നശിപ്പിക്കും; ഇതോടെ വരണ്ട ചുമ; പിന്നെ ശ്വാസകോശത്തിൽ കൊഴുത്ത ദ്രാവകം നിറയും; ഇതോടെ വെന്റിലേറ്ററുകളുടെ സഹായത്തോടെ ശ്വാസോച്ഛ്വാസം നൽകിയാലും രോഗിക്ക് ഓക്‌സിജനെ ആഗീരണം ചെയ്യാൻ കഴിയാതെയാകും; ശ്വാസകോശത്തിൽ തുടങ്ങി ശ്വാസകോശത്തിൽ അവസാനിക്കുന്ന രീതിയിലെ ആക്രമണ രീതി; കോവിഡ് 19 അതിഭീകരൻ; എന്തുകൊണ്ട് സോഷ്യൽ ഡിസ്റ്റൻസിങ് അനിവാര്യതയാകുന്നു? സിന്ധു പ്രഭാകരൻ എഴുതുന്നു

സിന്ധു പ്രഭാകരൻ

കേരളവും ഇന്ത്യയും കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗണിലേക്ക് വന്നിട്ടും എന്തുകൊണ്ടാണ് പൂർണ്ണ സമയവും വീട്ടിലിരിക്കാൻ ജനങ്ങൾ മടിക്കുന്നത്? രോഗബാധിത പ്രദേശത്തുനിന്നും വന്നതാണെങ്കിലും, അല്ലെങ്കിലും എനിക്ക് ഇപ്പോൾ ഒരു അസുഖവും ഇല്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്? യഥാർത്ഥത്തിൽ ഈ അസുഖത്തിന്റെ ഭീകരതയെക്കുറിച്ച് അറിയാത്തതുകൊണ്ടല്ല. മറിച്ച് കോവിഡ്-19 എന്ന വൈറസ് പ്രവേശിച്ച് കഴിഞ്ഞാൽ, ശരീരത്തിനുള്ളിൽ ആദ്യനാളുകളിൽ ഉണ്ടാകുന്ന മാറ്റം അറിയാത്തതുകൊണ്ടല്ലേ? 

വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ ഈ അസുഖം ബാധിച്ചാൽ ഏതു തരത്തിലാണ് മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. അതനുസരിച്ച് കോവിഡ് 19 വൈറസ്ബാധ ഉണ്ടായാലും ആദ്യനാളുകളിൽ വ്യക്തികൾക്ക് യാതൊരു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നില്ല. ഒരുപക്ഷേ ഇതുതന്നെയായിരിക്കും മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാൻ ആളുകൾ തയ്യാറാകാത്തതിന്റെ പ്രധാനകാരണം. എന്നാൽ ഈ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ എന്തൊക്കെയാണ് സംഭവിക്കുന്നത്?

യഥാർത്ഥത്തിൽ കോവിഡ് 19 വൈറസ് ശ്വാസകോശങ്ങളെയാണ് നേരിട്ട് ആക്രമിക്കുന്നത്. ശ്വാസകോശത്തിൽ തുടങ്ങി ശ്വാസകോശത്തിൽത്തന്നെ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ ആക്രമണം. ആദ്യം ഈ രോഗാണു ശ്വാസകോശത്തിലെ ജീവകോശങ്ങളെ ആക്രമിക്കുന്നു. ശ്വാസകോശത്തിന് അകത്തുള്ള പൊടികളേയും സ്രവങ്ങളേയും നശിപ്പിക്കാൻ കഴിയുന്ന രോമങ്ങൾ പോലുള്ള ഉള്ള (സീലിയ) ഭാഗങ്ങളാണ് ആദ്യം നശിക്കുന്നത്. തുടർന്ന് ജീവകോശങ്ങളുടെ നാശം ആരംഭിക്കുന്നു. ഈ പ്രക്രിയ തുടരുമ്പോൾ ശ്വാസകോശത്തിലെ ജീവകോശങ്ങൾ ഒന്നാകെ നശിച്ചു പോകുന്നു.

ഇതാണ് വരണ്ട ചുമയ്ക്ക് ഇടയാക്കുന്നത്. തുടർന്ന് ന്യുമോണിയ ബാധ ഉണ്ടാവുകയും ചെയ്യും. ക്രമേണ എ ആർ ഡി എസ് (ARDS-Accute Respiratory Distress Syndrome) എന്ന അവസ്ഥയിലേക്ക് ശ്വാസകോശം മാറുന്നു. ശ്വാസകോശത്തിനകത്തുകൊഴുത്ത ഒരു ദ്രാവകം നിറയുന്ന അവസ്ഥയാണ് ഇത്. ഈ അവസ്ഥയിലുള്ള രോഗികൾക്ക് വെന്റിലേറ്ററുകളുടെ സഹായത്തോടെ കൃത്രിമമായ ശ്വാസോച്ഛ്വാസം നൽകുമ്പോഴും, ഓക്‌സിജനെ ആഗീരണം ചെയ്യാൻ കഴിയാതെ വരുന്നു. ശ്വാസകോശങ്ങൾ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്നത്. പലപ്പോഴും എ ആർ ഡി എസ് ആണ് മരണകാരണമാകുന്നത്.

സാധാരണയായി ഉണ്ടാകുന്ന ജലദോഷം പോലെയാണ് കോവിഡിന്റേയും ആദ്യ ലക്ഷണങ്ങൾ. ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിൽ ഇത് ശ്രദ്ധിക്കപ്പെടാതെ പോയതിന് ഉണ്ടായ പ്രധാന കാരണവും ഇതുതന്നെ ആണ്. പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, ശരീര വേദന തുടങ്ങി ന്യുമോണിയ വരെ പ്രകടമാക്കിക്കൊണ്ടും ഈ രോഗം ഉണ്ടാകാം. ചൈനയിൽ ഫെബ്രുവരി 20ന് ലാബ്‌ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ട 88 ശതമാനം രോഗികളിലും പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. ഇവരിൽത്തന്നെ 67 ശതമാനം പേർക്ക് വരണ്ട ചുമയും 38 ശതമാനം പേർക്ക് ക്ഷീണവും 18 ശതമാനം പേർക്ക് തൊണ്ടവേദനയും ഉണ്ടായിരുന്നു.

കൂടാതെ തലവേദന, പേശിവേദന, കുളിര്, മൂക്കൊലിപ്പ്, വയറിളക്കം, ശർദ്ദി, കഫം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ച രോഗികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അഞ്ചോ ആറോ ദിവസങ്ങൾ ആകുമ്പോഴാണ് ഇത്തരം ചില ലക്ഷണങ്ങൾ രോഗിയിൽ ഉണ്ടാകുന്നത്. എന്നിരിക്കലും ഇൻകുബേഷൻ കാലാവധി ഒന്നു മുതൽ 14 ദിവസം വരെയായാണ് കണക്കാക്കിയിരിക്കുന്നത്. ഈ സമയത്തെല്ലാം രോഗാണു മനുഷ്യശരീരത്തിൽ ഉണ്ടാവുകയും അതിനോടൊപ്പം മറ്റുള്ളവരിലേക്ക് രോഗം പകർന്നു നൽകുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് പരസ്പരം അകലം പാലിക്കാൻ കഴിയുന്ന 'സോഷ്യൽ ഡിസ്റ്റൻസിങ്' എന്ന ആശയം ലോകമാകമാനം മുന്നോട്ട് വയ്ക്കുന്നത്. അത് ഫലപ്രദമായി പ്രയോഗത്തിൽ വരുത്തിയാൽ മാത്രമേ ഈ മഹാമാരിയെ തടുക്കാൻ നമുക്ക് സാധിക്കൂ.

ചൈനയിൽ ഫെബ്രുവരി 20ന് രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനം പേരുടെയും രോഗാവസ്ഥ മിതമായ സ്റ്റേജിൽ (mild to moderate) ആയിരുന്നു. എന്നാൽ 14 ശതമാനം പേർ രൂക്ഷമായ (severe) അവസ്ഥയിൽ ഉള്ളവരും ആറ് ശതമാനം പേർ ഗുരുതരമായ(critical) അവസ്ഥയിൽ ഉള്ളവരും ആയിരുന്നു. സാധാരണ ജലദോഷം പോലെയാണ് ഇതിന്റെ തുടക്കം എങ്കിലും മോഡറേറ്റ് സ്റ്റേജിൽ ഉള്ളവർക്ക് പോലും അതിനേക്കാൾ വളരെ മോശമായ ശാരീരികഅവസ്ഥ ആയിരിക്കും ഉണ്ടാവുക.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് 44 ശതമാനം രോഗികൾക്കാണ് പനി ഉണ്ടായിരുന്നതെങ്കിൽ പിന്നീട് 89 ശതമാനം രോഗികൾക്കും അതുണ്ടായതായി ഈ പഠനം പറയുന്നു. രോഗലക്ഷണം ഒന്നുമില്ലാതെ തന്നെ രോഗം സ്ഥിരീകരിച്ചവരിലും പിന്നീട് പല തരം രോഗങ്ങൾ ഉണ്ടായതാണ് ഇവിടുത്തെ അനുഭവങ്ങൾ കാണിക്കുന്നത്. സിവിയർ സ്റ്റേജിൽ ഉള്ളവർക്ക് മിക്കവാറും കൃത്രിമമായി ഓക്‌സിജൻ നൽകേണ്ടി വരും. എന്നാൽ ക്രിട്ടിക്കൽ സ്റ്റേജിൽ ഉള്ളവരിൽ ശ്വാസകോശരോഗങ്ങളോടൊപ്പം ഒന്നിലധികം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലും തകരാറുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു.

മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലാത്തവർക്ക് ഒരാഴ്ച കൊണ്ട് ആശുപത്രി വിടാൻ കഴിയും എന്നതാണ് ആശ്വാസകരമായ ഒരു വസ്തുത. എന്നാൽ മറ്റുള്ളവരിൽ ഇത് ക്രമേണ ന്യുമോണിയ ബാധയായി മാറും. മോഡറേറ്റായി അസുഖം ബാധിച്ചവർക്ക് രണ്ടര ആഴ്ച വരെ ആശുപത്രിയിൽ കിടക്കേണ്ടതായി വരും. സിവിയർ സ്റ്റേജിൽ ഉള്ളവരിലും ക്രിട്ടിക്കൽ സ്റ്റേജിൽ ഉള്ളവരിലും ശ്വാസകോശത്തെ ബാധിക്കുന്ന എ ആർ ഡി എസ് (ARDS) എന്ന രോഗാവസ്ഥയിലേക്ക് ഇത് മാറുന്നു.

ഇത്തരത്തിലുള്ള ഒരു രോഗി അസുഖത്തിൽ നിന്നു മുക്തി നേടാൻ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ സമയമെടുക്കും. ഇവർ അസുഖത്തിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെട്ടാലും ഇവരുടെ ശ്വാസകോശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കും. ഈ അസുഖം പൂർണമായി ചികിത്സിച്ചു ഭേദപ്പെടുത്തിയാൽപ്പോലും ഇത്തരം വ്യക്തികളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഉണ്ടെന്നാണ് ശാസ്ത്രലോകം ഇപ്പോൾ കരുതുന്നത്. അതുകൊണ്ടുതന്നെ ഇവർ ആശുപത്രി വിട്ട ശേഷവും ഡോക്ടറുടേയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.

പുതുതായി കണ്ടെത്തിയ ഈ രോഗാണുവിനെതിരെ മനുഷ്യർ നേരത്തെ പ്രതിരോധശേഷി നേടിയിട്ടില്ല എന്നതാണ് വളരെ വ്യാപകമായി ഇത് പടർന്നു പിടിക്കാനുള്ള കാരണം. അതുകൊണ്ടുതന്നെ ഈ അസുഖം വന്നതിനുശേഷം ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാൾ വരാതെ ശ്രദ്ധിക്കുകയാണ് നല്ലത്. അതിനായി സർക്കാരുകളും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ നമുക്ക് കൃത്യമായി പാലിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP