Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലയാണ് തന്റെ ജോലിയും ജീവിതവും ഭാവിയും; സ്വപ്ന ജീവികൾക്ക് പറ്റുന്ന പരിപാടിയല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയം; എല്ലാ തവണത്തെയും പോലെ ഇത്തവണയും ചിലർ തന്നെ രഹസ്യ ചർച്ചയ്ക്കായി സമീപിച്ചു; നിയമസഭയിലേക്ക് ആർക്കു വേണ്ടിയും മത്സരിക്കില്ലെന്ന് മറുനാടനോട് നെടുമുടി വേണു

കലയാണ് തന്റെ ജോലിയും ജീവിതവും ഭാവിയും; സ്വപ്ന ജീവികൾക്ക് പറ്റുന്ന പരിപാടിയല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയം; എല്ലാ തവണത്തെയും പോലെ  ഇത്തവണയും ചിലർ തന്നെ രഹസ്യ ചർച്ചയ്ക്കായി സമീപിച്ചു; നിയമസഭയിലേക്ക് ആർക്കു വേണ്ടിയും മത്സരിക്കില്ലെന്ന് മറുനാടനോട് നെടുമുടി വേണു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നെടുമുടി വേണു. ആലപ്പുഴയിലെ മണ്ഡലങ്ങളിൽ ഒന്നിൽ നെടുമുടിയെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ ശ്രമം നടത്തുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ഇടപെടലിന് താനില്ലെന്ന് നെടുമുടി മറുനാടനോട് വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമുടിവേണുവിനെ സിപിഐയുടെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം നടക്കുന്നതായി വാർത്തകൾ വന്നിരുന്നു. സിപിഐയുടെ സീറ്റായ ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലക്കെതിരെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഐയുടെ സീറ്റിൽ നെടുമുടിയെ മത്സരിപ്പിക്കാൻ എൽഡിഎഫ് ആലോചിക്കുന്നതായി്ട്ടായിരുന്നു വാർത്ത. സിനിമാക്കാരെ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമം വിവധ പാർട്ടികൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നെടുമുടിയും വാർത്തകളിലെത്തിയത്.

ശ്രീനിവാസനെ തൃപ്പുണ്ണിത്തുറയിൽ മത്സരിപ്പിക്കാൻ സിപിഐ(എം) ശ്രമിച്ചിരുന്നു. എന്നാൽ ശ്രീനിവാസൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പരസ്യമായി പ്രതികരിക്കുകയും ചെയ്തു. നെടുമുടിവേണുവും ഇതേ അഭിപ്രായമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു നെടുമുടിവേണു മറുനാടൻ മലയാളിയോട് പറഞ്ഞു. ആദ്യമായാണ് നെടുമുടിവേണു തന്റെ അഭിപ്രായം ഒരു മാദ്ധ്യമത്തോട് പങ്കു വയ്ക്കുന്നത്. നെടുമുടി വേണുവിന്റെ ഈ പ്രസ്താവന സിപിഐയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവും.

ഇക്കാര്യത്തിൽ നെടുമുടിയുടെ നിലപാട് വിശദീകരണം ഇങ്ങനെ - തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന വേളകളിൽ താൻ പല പാർട്ടികളുടെയും സ്ഥാനാർത്ഥിയാവും എന്ന് വാർത്തകൾ വരുന്നത് പതിവാണ്. അതിൽ ഇടതുപക്ഷവും, വലതുപക്ഷവും, ബിജെപിയുടെയും വരെ സ്ഥാനാർത്ഥി താനാവും എന്ന വാർത്തകൾ വരുന്നത് പതിവാണ്. ചിലർ ചർച്ചകൾക്കായി വരാറുമുണ്ട്. എല്ലാ തവണത്തെയും പോലെ ഇത്തവണയും ചിലർ തന്നെ രഹസ്യ ചർച്ചയ്ക്കായി സമീപിച്ചു എന്നത് സത്യമാണ്.

പക്ഷേ തനിക്കതിൽ താൽപര്യമില്ലാത്തതുകൊണ്ട് സമ്മതം മൂളിയില്ലെന്നും ഇനി ചർച്ചകൾ വന്നാലും തന്റെ അഭിപ്രായത്തിൽ താൻ ഉറച്ചു നിൽക്കുമെന്നും നെടുമുടിവേണു പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു പൊതുപ്രവർത്തകൻ അവന്റെ കടമയിൽ നൂറുശതമാനവും സിൻസിയർ ആവണം, അല്ലെങ്കിൽ ആ പണിക്കു പോയിട്ടുകാര്യമില്ലെന്നും, വെറുമൊരു പേരിനും അംഗീകാരത്തിനുമായി സ്ഥാനമാനങ്ങൾ കൊണ്ടു നടക്കുന്ന പ്രവണതയോട് ഒട്ടും താല്പര്യമില്ലാത്തയാളാണ് താനെന്നും നെടുമുടിവേണു പറഞ്ഞു.

പൊതുപ്രവർത്തന രംഗത്ത് നൂറുശതമാനവും നീതി പുലർത്തുവാൻ തനിക്ക് സാധിക്കുമോ എന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ആ പരിപാടിക്കു തന്നെ കിട്ടില്ല. കലയാണ് തന്റെ ജോലിയും ജീവിതവും ഭാവിയും. ഒരു കലാകാരൻ എന്ന നിലയിൽ സ്വപ്നങ്ങൾ കാണുന്ന സ്വഭാവം ധാരാളമുണ്ട്. ഇങ്ങനെയുള്ള സ്വപ്ന ജീവികൾക്ക് പറ്റുന്ന പരിപാടിയല്ല ഇലക്ഷനിൽ മത്സരിക്കുകയും ജയിക്കുകയും പിന്നെയുള്ള പൊതുപ്രവർത്തനവുമെന്നുമാണ് നെടുമുടിവേണു അഭിപ്രായപ്പെടുന്നത്. പക്ഷെ തനിക്കു തന്റെതായ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ പൊതുകാര്യങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കാൻ തനിക്കു താല്പര്യമില്ല. ഒരു കലാകാരന്റെ ചുമതല താൻ നൂറു ശതമാനവും പുലർത്തുന്നുണ്ട് എന്നാണു തന്റെ വിശ്വാസമെന്നും നെടുമുടി വേണു മറുനാടനോട് പ്രതികരിച്ചു.

സിനിമാക്കാര് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രീതി ശരിയല്ല എന്ന് പറയുന്നവരെ പേടിച്ചല്ല താൻ മത്സരിക്കാത്തതെന്നും മലയാള സിനിമാ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നെടുമുടിവേണു എന്ന കലാകാരനിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്നത് താൻ തിരിച്ചു കൊടുക്കുന്നുണ്ട് എന്നുമാണു തന്റെ വിശ്വാസമെന്നും അത് പൊതുപ്രവർത്തനത്തിൽ സാധ്യമാകുമോ എന്ന് തനിക്കു സംശയമുണ്ട് അതുകൊണ്ട് ആരൊക്കെ എന്തൊക്കെ തരാമെന്നു പറഞ്ഞാലും ആരൊക്കെ നിർബന്ധിച്ചാലും താൻ വഴങ്ങില്ലെന്നും നെടുമുടിവേണു എന്ന കലാകാരൻ അല്ലാതെ ഒരു രാഷ്ട്രീയ പൊതുപ്രവർത്തകൻ ഭാവിയിലുണ്ടാകില്ലെന്നും നെടുമുടിവേണു മറുനാടൻ മലയാളിയോട് പറഞ്ഞു.

സിപിഐയുടെ സ്ഥിരം സീറ്റുകളായ തൃശൂർ, പറവൂർ, കാഞ്ഞിരപ്പള്ളി, ഹരിപ്പാട്, നെടുമങ്ങാട് തുടങ്ങിയ മണ്ഡലങ്ങളിൽ നെടുമുടിയെ മത്സരിപ്പിക്കാൻ ശ്രമം നടക്കുന്നതായയായിരുന്നു വാർത്തകൾ. നെടുമുടിവേണു ജയിക്കുകയും അതോടോപ്പം ഇടതുപക്ഷം അധികാരത്തിൽ വരുകയും ചെയ്താൽ മന്ത്രിയാക്കാം എന്ന ഓഫർ കൊടുത്തു എന്നും സൂചനകളെത്തി. എന്നാൽ സിപിഐയുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് താൻ തെരഞ്ഞെടുപ്പിലോ, രാഷ്ട്രീയത്തിലോ ഉണ്ടാവില്ലെന്നുള്ള പ്രസ്താവന മറുനാടൻ മലയാളി വഴി നെടുമുടി വേണു അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP