Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാറിൽ കണ്ടത് ന്യൂസ് റൂമുകൾ വിചാരണക്കോടതികളാകുന്ന കാഴ്ച; ഈ അപ്രമാദിത്വം ജനാധിപത്യത്തിന്റെ നെഞ്ചിൽ കുത്തിയിറക്കുന്ന കഠാരയാണ്; സക്കറിയ മറുനാടൻ മലയാളിയോട്

സോളാറിൽ കണ്ടത് ന്യൂസ് റൂമുകൾ വിചാരണക്കോടതികളാകുന്ന കാഴ്ച; ഈ അപ്രമാദിത്വം ജനാധിപത്യത്തിന്റെ നെഞ്ചിൽ കുത്തിയിറക്കുന്ന കഠാരയാണ്; സക്കറിയ മറുനാടൻ മലയാളിയോട്

സുനിത ദേവദാസ്

സാഹിത്യ ജീവിതം നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ സക്കറിയയെ വെറുമൊരു എഴുത്തുകാരനായല്ല മലയാളി കാണുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ സക്കറിയയുടെ സജീവമായ ഇടപെടലുകൾ എപ്പോഴും കേരളത്തിൽ സജീവമായ ചർച്ചയ്ക്കു വഴി തെളിച്ചിട്ടുണ്ട്. താൻ ഒരു കർഷകനാണെന്നു സ്വയം വിശദീകരിക്കുന്ന ചൂണ്ടയിൽ പോൾ സ്‌കറിയ സക്കറിയ എന്ന ഉരുളികുന്നത്തുകാരന്റെ ജീവിതം തന്നെ അങ്ങനെയായിരുന്നു. ലോകത്തെ ഒരു സ്പന്ദനനത്തിൽനിന്നും വിട്ടുനിന്നിട്ടില്ല. കാൽ നൂറ്റാണ്ടുകാലം കേരളത്തിനു പുറത്തും ഒരു വ്യാഴവട്ടമായി കേരളത്തിലും ജീവിക്കുന്നു. അദ്ധ്യാപകൻ, മാദ്ധ്യമപ്രവർത്തകൻ, സഞ്ചാരി... സക്കറിയയെക്കുറിച്ചുള്ള വിശേഷണങ്ങൾ ഇങ്ങനെ നീണ്ടുപോകുന്നു. എഴുത്തിന്റെയും അദ്ധ്യാപനത്തിന്റെയും നീണ്ട കാലത്തിനു ശേഷം സക്കറിയ കേരളത്തിലേക്കു മടങ്ങിയെത്തിയ ഏഷ്യാനെറ്റ് ചാനലിന്റെ തുടക്കവുമായി ബന്ധപ്പെട്ടാണ്. മലയാള ചാനലുകളിലെ ആദ്യ മാദ്ധ്യമവിമർശ പരിപാടിയായ പത്രവിശേഷത്തിലൂടെ സക്കറിയ അങ്ങനെയൊരു ചരിത്രവും കുറിച്ചു. കേരളത്തിലെ മാദ്ധ്യമങ്ങളെയും ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെയും വിശകലനം ചെയ്യുകയാണ് സക്കറിയ. വിമോചന സമരത്തിന് ശേഷം ഇതാദ്യമായി വീണ്ടും മാദ്ധ്യമങ്ങൾ ഞങ്ങളാണ് മുഖ്യമന്ത്രിയെ പുറത്താക്കിയത് എന്ന് തെളിയിക്കാൻ ശ്രമിക്കുന്നു. എല്ലാറ്റിനും മീതെ ഞങ്ങളാണ് എന്നും അധികാരത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് ഇരിക്കുന്നതെന്നും പറയാതെ പറയുന്നു. മാദ്ധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടയ്‌ക്കൊത്ത് ചലിക്കാൻ രാഷ്ട്രീയ പാർട്ടികളും നിർബന്ധിതമായിരിക്കുന്നു. ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെക്കുറിച്ച് സക്കറിയ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

ശ്രീനാരാണഗുരു, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ് കർത്താക്കളും തകഴി, കുറ്റിപ്പുഴ തുടങ്ങി സാഹിത്യാചാര്യന്മാരും ഇടതുപക്ഷ പ്രസ്ഥാനങ്ങളും കേരളത്തിൽ 1940 കളിൽ സൃഷ്ടിച്ച നവോത്ഥാനം പ്രത്യാശാജനകമായ ഒരു ആശയമായിരുന്നു. ജാതി-മത-വർഗ്ഗ വ്യത്യാസമില്ല, ബൗദ്ധികവും ഭാവനാപരവുമായ ആധുനികത, ജനാധിപത്യം, ഫ്യൂഡൽ സംസ്‌കാരങ്ങളിൽ നിന്നും ജാതി - മത പാരമ്പര്യ വാദങ്ങളിൽ നിന്നും മോചനം തുടങ്ങിയ സ്വപ്നങ്ങളാണ് നവോത്ഥാനത്തെ പ്രത്യാശാജനകമാക്കിയത്. ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെയും വായനശാല പ്രസ്ഥാനങ്ങളുടെയും പ്രവർത്തനഫലമായി 1960 - 70 കാലഘട്ടങ്ങളിൽ നവോത്ഥാനത്തിന്റെ പുഷ്‌കല കാലഘട്ടമായിരുന്നു.

എന്നാൽ 1980 കളുടെ അവസാന പകുതിയോടെ നവോത്ഥാനത്തിന്റെ ഫലമായുണ്ടായ എല്ല നന്മകളും തല്ലിത്തകർക്കപ്പെടാൻ തുടങ്ങി. ജാതി മത അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ആത്മീയ വ്യവസായങ്ങളും ആൾ ദൈവങ്ങളും തിരിച്ചുവന്നു തുടങ്ങി.

ഇതിനൊക്കെ പ്രധാന കാർമികത്വം വഹിച്ചതു മാദ്ധ്യമങ്ങളാണ്. മാദ്ധ്യമങ്ങൾ അവരുടെ വിപണി - വരിസംഖ്യ വിപണിയും പരസ്യവിപണിയും വർധിപ്പിക്കാൻ തുടങ്ങി. സാക്ഷരതയിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെ മനസിൽ മാദ്ധ്യമങ്ങളുടെ വിശ്വാസ്യത വളരെ വലുതാണ്. ആ വിശ്വാസത്തെ ദുരുപയോഗം ചെയ്തുകൊണ്ടാണ് മാദ്ധ്യമങ്ങൾ നമ്മുടെ പുരോഗമനാശയങ്ങളെയും ആധുനികതാ പ്രസ്ഥാനത്തെയും നവോത്ഥാന ചിന്തയെയും പടിപടിയായി തകർത്തത്.

ജാതിയും മതവും രാഷ്ട്രീയവും ഇന്ന് മാദ്ധ്യമങ്ങളുടെ കയ്യിലെ കരുക്കൾ മാത്രമാണ്. ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്ന പോലെ മാദ്ധ്യമങ്ങൾ ദൂരേക്കെറിഞ്ഞ് കൊടുക്കുന്ന വർഗ്ഗീയ ജാതീയ അന്ധവിശ്വാസങ്ങൾ പൊതു ജനങ്ങളും രാഷ്ട്രീയക്കാരും പിന്തുടരുകയാണ്. ഇന്നു രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതു മാദ്ധ്യമങ്ങളാണ്. വിമോചനസമര കാലഘട്ടത്തിലാണ് മാദ്ധ്യമങ്ങൾ ഇത്തരത്തിൽ പ്രതിലോമകരമായ പങ്ക് വെളിപ്പെടുത്താൻ തുടങ്ങിയത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷമുള്ള മന്ത്രിസഭയെ നിഷ്‌കാസനം ചെയ്യാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചു. അതിൽ അവർ വിജയിച്ചു.

മന്ത്രിസഭയെ താഴെയിറക്കുന്നതിൽ മാദ്ധ്യമങ്ങൾ അപകടകരമായ പങ്ക് വഹിച്ചു. അന്നു രക്തം രുചിച്ച മാദ്ധ്യമങ്ങൾ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരായി മാറി വിമോചന സമരത്തിലാണ് മാദ്ധ്യമങ്ങൾ ശക്തി തെളിയിച്ചത്. ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ രാഷ്ട്രീയ പാർട്ടികൾ മാദ്ധ്യമങ്ങളെ ഭയന്നുതുടങ്ങി കാരണം രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളതിനെക്കാൾ റീച്ച് -പരന്ന എത്തിപ്പിടിക്കൽ - ജനങ്ങൾക്കിടയിൽ മാദ്ധ്യമങ്ങൾക്കുണ്ട്. ഓരോ മാദ്ധ്യമങ്ങൾക്കും ഓരോ നിഷിപ്ത താൽപ്പര്യങ്ങളും അജണ്ടകളുമുണ്ട്.

രാവിലത്തെ ദിനപത്രങ്ങളും ഇടവിടാതെയുള്ള വാർത്താ ബുള്ളറ്റിനുകളും ചേർന്നാണ് ഇന്നു മലയാളിയുടെ ചിന്തകളെ നിയന്ത്രിക്കുന്നത്. ചിലപ്പോൾ അസത്യങ്ങളും അർധസത്യങ്ങളും ഊഹാപോഹങ്ങളും കൊണ്ടുള്ള ഒരു സോഷ്യൽ ഡിസ്‌കോഴ്‌സ് മാദ്ധ്യമങ്ങൾ നമ്മിൽ അടിച്ചേൽപ്പിക്കുന്നു. നന്മ, പുരോഗതി, ഭാവി തുടങ്ങിയ കർമങ്ങൾ നിർവ്വഹിക്കേണ്ടവരാണ് ഇത് ചെയ്യുന്നത്.

മാദ്ധ്യമങ്ങളുടെ ഈ അടിച്ചേൽപ്പിക്കലിന് മുന്നിൽ പ്രതിഭാധനന്മാരായ പൗരന്മാരെ പോലെ രാഷ്ട്രീയ പാർട്ടികളും നിസഹായരാണ്. മാദ്ധ്യമങ്ങളിലൂടെ പ്രവഹിക്കുന്ന കളവുകളെ പ്രതിരോധിക്കാൻ ഇന്ന് കേരളത്തിലാർക്കും ശേഷിയില്ല. എല്ലാ വ്യവസായങ്ങളെയും പോലെ മാദ്ധ്യമങ്ങൾക്കും വിറ്റു വരവും ലാഭവും ഉണ്ടാക്കിയേ പറ്റൂ. സാമ്പത്തിക വിജയത്തിൽ മാത്രം പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മാദ്ധ്യമങ്ങൾ മലയാളി സമൂഹത്തോടും ഭാവിയോടും യഥാർത്ഥ പ്രശ്‌നപരിഹാരം നടത്തേണ്ട ഉത്തരവാദിത്വം ചവറ്റു കുട്ടയിലെറിഞ്ഞു.

എന്നാൽ മാദ്ധ്യമങ്ങളെ പുറത്തുനിന്നും നിയന്ത്രിക്കാൻ സാധ്യമല്ല. മാദ്ധ്യമങ്ങളെ ആരെങ്കിലും നിയന്ത്രിക്കാൻ ശ്രമിച്ചാൽ അത് മാദ്ധ്യമങ്ങളല്ലാതാവും. ആര് നിയന്ത്രിച്ചാലും അത് പിന്നീട് സ്വേച്ഛാധിപത്യപരമായ ഒരു നിയന്ത്രണമായി മാറും.

മാദ്ധ്യമങ്ങൾ സ്വയം നിയന്ത്രിക്കുകയാണു വേണ്ടത്. ഓരോ മാദ്ധ്യമഭവനങ്ങളും സർവസ്വാതന്ത്ര്യത്തോടൊപ്പം ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തണം. എന്നാൽ മാദ്ധ്യമ ഉടമകളുടെ കയ്യിലാണ് എല്ലാ ചരടുകകളും അവർക്ക് ജനാധിപത്യത്തോടും മതേതരത്വത്തോടും സാമൂഹിക നീതിയോടും ലിംഗപരമായ തുല്യതയോടും സാംസ്‌കാരിക മാനദണ്ഡങ്ങളോടും ഉത്തരവാദിത്വമുണ്ടെങ്കിൽ അത് തെളിയിക്കേണ്ടത് ഇത്തരം സ്വയം നനിയന്ത്രണങ്ങളിലൂടെയാണ്. അവരുടെ ഉൽപ്പന്നങ്ങളിലൂടെയാണ്.

എന്നാൽ അതിര് കടന്ന സാമ്പത്തിക ലക്ഷ്യമോ പരസ്പരമത്സരമോ മാദ്ധ്യമഭവനങ്ങളുടെ സ്വന്തം ജാതി മത സാമ്പത്തിക ലോബിയോ രാഷ്ട്രീയ നിക്ഷിപ്ത താൽപ്പര്യങ്ങളോ ഒക്കെ ചേർന്ന് സാമൂഹിക നന്മക്കാവശ്യമായ പ്രമാണങ്ങളെ പിന്തള്ളുന്നു. ഇന്നത്തെ കേരളത്തിൽ മലയാളികളോട് കൂറുള്ള മാദ്ധ്യമങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഇന്ന് മാദ്ധ്യമങ്ങൾക്ക് കൂറ് അവരോട് തന്നെയാണ് മാദ്ധ്യമങ്ങൾ വ്യവസായികവൽക്കരിക്കപ്പെട്ട് കഴിഞ്ഞു എന്ന പ്രതിഭാസം അംഗീകരിച്ചേ മതിയാവൂ. പത്രാധിപന്മാർക്കും പത്രപ്രവർത്തകർക്കും അവരുടെ സ്ഥാനം നഷ്ടപ്പെട്ട് കഴിഞ്ഞു. അല്ലെങ്കിൽ സ്ഥാനം നാമമാത്രമായിത്തീരുന്നു. മാദ്ധ്യമ ഉടമകളുടെ ആവശ്യം നിർവ്വഹിക്കാൻ ബാധ്യസ്തരാണ് പത്രാധിപന്മാർ.

സെൻസേഷണൽ വാർത്തകളുടെ വിറ്റഴിയൽ വളരെ എളുപ്പമായതുകൊണ്ട് ബ്രേക്കിങ് ന്യൂസുകളുമായി അവയും പ്രത്യക്ഷപ്പെടുന്നു. വികസന വാർത്തകൾ രസകരമാക്കാൻ, ആസ്വാദ്യകരമാക്കാൻ കൂടുതൽ അദ്ധ്വാനം ആവശ്യമുണ്ട്. അത്തരം വാർത്തകൾ കണ്ടെത്താനും പരിശീലനം ആവശ്യമാണ്. അതുകൊണ്ട് ശരാശരി മനുഷ്യന്റെ ഉദ്വേഗത്തെ കോരിത്തരിപ്പിക്കുന്ന വാർത്തകൾ ആഘോഷിക്കപ്പെടുന്നു.

മാദ്ധ്യമപ്രവർത്തകരുടെ വാർത്തകളോടുള്ള ചായ്‌വ് അച്ചടി മാദ്ധ്യമത്തിൽ അദൃശ്യമാണ്. അന്തലീനമായ നിലയിൽ ചായ്വുകളും വളവുകളും ഒടിവുകളും സൃഷ്ടിച്ചാണ് അച്ചടി മാദ്ധ്യമത്തിൽ മാദ്ധ്യമപ്രവർത്തകന്റെ വാർത്താ നിയന്ത്രണം സാധ്യമാകുന്നത്. എന്നാൽ ദൃശ്യമാദ്ധ്യമങ്ങളിലെ വാർത്താവതാരകർ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് തങ്ങളാണ് എന്ന അധികാരത്തോടെ ചോദ്യം ചെയ്യുന്നു. കുറ്റമാരോപിക്കപ്പെടുന്നവർ കുറ്റം ചെയ്‌തോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതും വിധി ന്യായം പുറപ്പെടുവിക്കുന്നതും ദൃശ്യമാദ്ധ്യമ അവതരണമാണ്. ഫലത്തിൽ ന്യൂസ് റൂമുകൾ വിചാരണ കോടതികളായി മാറുന്നു. ആ വിചാരണ കോടതിയിലെ ന്യായാധിപന്റെ കൈമുതൽ വളരെ ഉപരിപ്ലവമായ രാഷ്ട്രീയ ധാരണകളും ചരിത്ര ബോധവും ഒരു വശത്തും മറു വശത്ത് ജനങ്ങളുടെ മുന്നിൽ ഒരു അധികാര പ്രകടനം നടത്തുന്നതിനുള്ള ത്വരയുമാണ്. മാദ്ധ്യമ പ്രവർത്തകരെ സംബന്ധിച്ച് ഈ ചോദ്യോത്തര വേളകൾ വെറും തത്സമയ നാടകങ്ങൾ മാത്രമാണ്. അതിനനപ്പുറം ഒരു സാമൂഹിക ധാർമ്മിക ബാധ്യതയും ഇല്ല.

ഒരു ശരാശരി രാഷ്ട്രീയ പ്രവർത്തകനെന സംബന്ധിച്ച് ടിവി ചാനനലുകൾ ഒരുക്കുന്ന ഇത്തരം നാടക വേദികൾ അവന്റെ നിഷിപ്ത താൽപ്പര്യങ്ങൾ ലക്ഷക്കണക്കിന് കാണികളെ അറിയിക്കാൻ പ്രയോജനപ്പെടും എന്ന വിശ്വാസമുണ്ട്. ഒരു ചെറുപരിധിവരെ അത് വാസ്തവവുമാണ് പക്ഷെ യഥാർഥത്തിൽ സ്റ്റുഡിയോയിലെ ചർച്ചയിലെ പങ്കെടുക്കുന്ന രാഷ്ട്രീയ പ്രവർത്തകർ വെറുമൊരു ഇരയും കരുവും മാത്രമാണ്.

രാഷ്ട്രീയക്കാരന്റെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള അത്യാഗ്രഹമാണ് പലപ്പോഴും അപമാനം സഹിച്ചും ശകാരം കേട്ടും ചാനൽ ചർച്ചകൾക്ക് വിധേയനാകാൻ അവനെ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ അണികൾ വിവിധ മുന്നണികളിലയി ചിതറി കിടക്കുകയാണ്. അവരോട് ഒന്നിച്ച് സംവേദനം നടത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നില്ല. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളോട് കണക്ക് ബോധിപ്പിക്കാൻ ബാധ്യസ്ഥരാണ്. അഞ്ച് വർഷത്തിലൊരിക്കലെങ്കിലും അവർക്ക് ജനങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.

ഇവിടെയാണ് മാദ്ധ്യമങ്ങൾ രാഷ്ട്രീയക്കാരെ കവച്ചുവയ്ക്കുന്നതും അവരെ പിന്നിലാക്കുന്നതും. മാദ്ധ്യമങ്ങൾക്ക് ആരോടും ഒരു കണക്കും ബോധിപ്പിക്കേണ്ടതില്ല. പത്ര സ്വാതന്ത്ര്യം എന്ന പേരിൽ അവർക്ക് നൽകപ്പെട്ടിരിക്കുന്ന സമ്പൂർണ്ണ സ്വാതന്ത്ര്യം ഒരു പൗരന് പോലും അവകാശപ്പെടാൻ കഴിയുന്നതല്ല. ഇതിലൂടെ മാദ്ധ്യമങ്ങൾ നോടിയിരിക്കുന്ന സംവേദന ശക്തി കേരളത്തിലെ ഏറ്റവും വലിയ കുത്തകയാക്കി അവരെ മാറ്റിയിരിക്കുന്നു. പരമ്പരാഗതമായി നാം കുത്തകകളെന്ന് കരുതി പോന്നിരുന്ന രാഷ്ട്രീയ പാർട്ടികളോ മതങ്ങളോ മാദ്ധ്യമങ്ങളോട് കിടപിടിക്കുന്നവ അല്ലാതായി തീർന്നിരിക്കുന്നു.

സമൂഹത്തിലെ അധികാര കുത്തകകളുടെ കൂട്ടായ്മകളുടെ എസ്റ്റാബ്ലിഷ്‌മെന്റ് ഭാഗമാവരുതാത്തവരാണ് മാദ്ധ്യമങ്ങൾ. എന്നാൽ ഇന്ന് പല മാദ്ധ്യമങ്ങളും ഭാരണകൂടങ്ങളുടെ സഹകാരികളും ഉപദേഷ്ടാക്കളും കടിഞ്ഞാൺ പിടിക്കുന്നവരുമായി തീർന്നിരിക്കുന്നു. എല്ലാ കുത്തകൾക്കും ജനങ്ങളോട് സംവദിക്കാൻ മാദ്ധ്യമങ്ങൾ ഒരൊറ്റ മാർഗ്ഗമേയുള്ളൂ. അവിടെയാണ് മാദ്ധ്യമങ്ങളുടെ മേൽക്കോയ്മ ഊട്ടി ഉറപ്പിക്കപ്പെടുന്നത് ഈ മേൽക്കോയ്മയെയാണ് മാദ്ധ്യമങ്ങൾ സ്വന്തം തൽപ്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തിയത്.

സംവേദനശേഷി സ്വയം കൈവരിക്കാൻ വേണ്ടി കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളെല്ലാം സ്വന്തം പത്രങ്ങളും ചാനലുകളും തുടങ്ങി കഴിഞ്ഞു. ചാരക്കേസിന് ശേഷം മാദ്ധ്യമ നിർമ്മിത വാർത്ത പ്രതിഭാസമായിരുന്നു സോളാർ അഴിമതി. ഭരണകൂടത്തെ പിന്തുണയ്ക്കുന്നവയെന്ന് പൊതുവെ ധരിക്കുന്ന മാദ്ധ്യമങ്ങൾ പോലും സോളാർ ആഘോഷത്തിൽ പങ്ക് ചേർന്നു. ജനങ്ങളുമയി നേരിട്ട് സംവദിക്കുന്ന മുഖ്യ മന്ത്രിയുടെ ശൈലിയിൽ അസംതൃപ്തി പൂണ്ട പൊളിറ്റിക്കൽ ക്ലാസ്സിന്റെ പ്രതികരണമാണ് സോളാർ തട്ടിപ്പ് കേസിനെ വളർത്തി കൊണ്ട് വന്ന ആസൂത്രണത്തിന് പിന്നിൽ. ഉദ്യോഗസ്ഥരെ മറികടന്നുള്ള പ്രശ്‌നനങ്ങൾ നേരിട്ട് പരിഹരിക്കുന്ന മുഖ മന്ത്രിയുടെ ശൈലി ഉദ്യോഗസ്ഥ സമൂഹത്തിനും അസ്വസ്തതയുണ്ടാക്കി.

കൂട്ടത്തിൽ ഉമ്മൻ ചാണ്ടിക്കു വീഴ്ചയും പറ്റി. തന്റെ ഓഫീസിന്റെ സുതാര്യതയെ ചിലർ ടൈം ബോംബ് പോലെ ഉപയോഗിക്കുന്നത് തിരിച്ചറിനാൻ കഴിഞ്ഞില്ല. സുതാര്യത എന്നത് ഉമ്മൻ ചാണ്ടിയുടെ ബലവും ബലഹീനതയുമായി മാറി. എന്നാൽ മലയാളികളുടെ വർത്തമാന കാല ദുതിരങ്ങളിൽ ഏറ്റവും സുപ്രധാനവും ജീവൻ മരണ പ്രാധാന്യമുള്ളതുമായ പ്രശ്‌നങ്ങളുടെ മുന്നിൽ എത്ര മാത്രം പ്രധാനപ്പെട്ടതാണ് ഈ വീഴ്ചയും തട്ടിപ്പും?

സുതാര്യത മൂലമാണ് അങ്ങനെയൊരു വീഴ്ചയുണ്ടായതെങ്കിൽ സുതാര്യതയ്ക്ക് വേണ്ടി ഭരണാധികാരികൾ എന്ത് വിലയും നൽകണം. ഏതറ്റം വരെയും പോകണം. അല്ലാതെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സുതാര്യത ഇല്ലാതാവുന്ന അവസ്ഥ ഉണ്ടാവരുത്. ഉമ്മൻ ചാണ്ടിക്കെതിരായ നീക്കങ്ങളുടെ പാതയും സോളാർ തട്ടിപ്പ് കേസിലെ സരിതയുടെ ആഗനമനത്തിന്റെ പാതയും യാദൃശ്ചികമായി കൂട്ടി മുട്ടി. പണ്ട് മറിയ റഷീദയുടെ ശരീരം മലയാള പത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചത് പോലെ ഇന്ന് സരിത എസ് നായരുടെ ശരീരത്തെ ഒരു ഇറച്ചിക്കടയിലെന്നപോലെ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് മാദ്ധ്യമങ്ങൾ.

പുരുഷ കാപട്യത്തിന്റെ ഉള്ളറകളും ഇവിടെ കാണാം. ഒരു സ്ത്രീയെ കൊന്നാൽ പാപമില്ല. കൂടെ കിടന്നാൽ പാപം ഏത് മഹാനെയും ഏറ്റവുമെളുപ്പം അടിച്ച വീഴ്‌ത്താനുള്ള യഥാർത്ഥ ഉപകരണം സ്ത്രീയാണെന്ന് മാദ്ധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും നന്നായിട്ടറിയാം.

വാളയാർ ചെക്ക് പോസ്റ്റിലെ ഒരാഴ്ചത്തെ കൈക്കൂലിയുടെ അത്രയില്ല മൊത്തം സോളാർ തട്ടിപ്പ്. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ ഒരു ദിവസത്തെ കൈക്കൂലി ഇതിൽ കൂടുതൽ വരും. ഇവിടെയാണ് മാദ്ധ്യമങ്ങൾ മലയാളിയുടെ യാതാർത്ഥ്യ ബോധത്തെയയും യഥാർത്ഥ പ്രശ്‌ന അവബോധത്തെയും യഥാർത്ഥ പ്രശ്‌ന അവബോധത്തെയും വഴി തെറ്റിക്കുന്നത്. മാദ്ധ്യമങ്ങൾ ഇവിടെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ചു.

ആഘോഷപൂർവ്വകമായ മാദ്ധ്യമസദ്യ ഒരുക്കി. വിമോചന സമരത്തിന് ശേഷം മാദ്ധ്യമങ്ങൾ തങ്ങളുടെ അപ്രമാദിത്വം തെളിയിക്കാൻ ഈ അവസരം ഭംഗിയായി ഉപയോഗിച്ചു. മറ്റുള്ളവർക്ക് തങ്ങളോട് കളിക്കുന്നത് സൂക്ഷിച്ച് വേണം എന്ന ഒരു മുന്നറിയിപ്പും ഇതിലൂടെ നൽകി. ഇത് ആപത്കരമാണ്. ജനാധിപത്യത്തിന്റെ നെഞ്ചിൽ കുത്തിയിറക്കിയിരിക്കുന്ന കഠാരയാണ് മാദ്ധ്യമങ്ങൾക്ക് ഉണ്ടായിരിക്കുന്ന ഈ അപ്രമാദിത്വം.

(സ്വാതന്ത്ര്യദിനം പ്രമാണിച്ച് നാളെ (വ്യാഴം) അവധിയായതിനാൽ മറുനാടൻ മലയാളിയിൽ വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ മാന്യ വായനക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP