Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തുളവീണ രണ്ട് നിക്കറുകൾ മാറി മാറിയിട്ട് സ്‌കൂൾ ജീവിതം; കൂലിപ്പണിയെടുത്ത് അമ്മകൊണ്ടു വന്ന പണം കൊണ്ട് പട്ടിണി മാറാതെ ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ അന്തിയുറക്കം; സലിം കുമാറിനൊപ്പം നടന്ന് മിമിക്രി കാണിച്ചു കൗമാരം: കൊച്ചിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാജേഷ് രാമൻ മറുനാടനോട് ജീവിതം പറയുമ്പോൾ

തുളവീണ രണ്ട് നിക്കറുകൾ മാറി മാറിയിട്ട് സ്‌കൂൾ ജീവിതം; കൂലിപ്പണിയെടുത്ത് അമ്മകൊണ്ടു വന്ന പണം കൊണ്ട് പട്ടിണി മാറാതെ ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ അന്തിയുറക്കം; സലിം കുമാറിനൊപ്പം നടന്ന് മിമിക്രി കാണിച്ചു കൗമാരം: കൊച്ചിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാജേഷ് രാമൻ മറുനാടനോട് ജീവിതം പറയുമ്പോൾ

അർജുൻ സി വനജ്

കൊച്ചി: വിശപ്പിനോടും ജീവിതത്തിലെ ദാരിദ്രത്തോടും പടവെട്ടി, പറവൂരിലെ ദളിത് കുടുംബത്തിൽ നിന്ന കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണറായ രാജേഷ് രാമൻ എന്ന കലാകാരനെ കൊച്ചിയിലെ ജനം പരിചയപ്പെട്ട് വരുന്നതെയുള്ളു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലടക്കം നേടിയ ഈ ഉദ്യോഗസ്ഥനെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് വേറിട്ടതാക്കുന്നതും ഇദ്ദേഹത്തിന്റെ വിനയവും, സാധാരണക്കാരോടുള്ള പെരുമാറ്റവുമാണ്. ജീവിതത്തിൽ താണ്ടിയ കയ്പ് നിറഞ്ഞ ബാല്യവും കൗമാരവും, മുണ്ട് മറുക്കിയുടുത്ത് തൊഴിലിനായി നെട്ടോട്ടം ഓടിയ യൗവനവും ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാകേണ്ട ഏടുകളാണ്. അമ്മാവന്മാരുടെ പഴകിയ, നിറം മങ്ങിയ പാന്റ്‌സുകളിട്ട് കോളേജിൽ പോയ കാലവും, ചോർന്നൊലിക്കുന്ന ഓലക്കൂരയിൽ സഹോദരിയേയും അമ്മയേയും സംരക്ഷിച്ച നിമിഷങ്ങളും രാജേഷ് രാമൻ മറുനാടൻ മലയാളി വായനക്കാർക്കായി പങ്കുവച്ചു. ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളുടെ രുചി ആദ്യം കയ്‌പ്പും പിന്നെ മധുരവുമാണെന്ന് ചൊല്ലാണ്, ജനുവരി 26 ന് കൊച്ചിയിൽ ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷ്ണറായി ചുമതലയേറ്റ രജേഷ് രാമന്റെ ജീവിതം പുതുതലമുറയോട് പറയുന്നത്.

ദാരിദ്രത്തോട് പടവെട്ടിയ ബാല്യവും കൗമാരവും

അമ്മയുടെ പൂയ്യപ്പള്ളിയിലെ കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയിൽ സ്മാരകങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു അച്ഛൻ രാമൻ. വളരെ കുറഞ്ഞ വേതനം ലഭിക്കുന്ന അച്ഛൻ, താൻ എഴാം ക്ലാസ്സിൽ പഠിക്കുന്നത് വരെ കാസർഗോഡ് ആയിരുന്നു ജോലിയ്തിരുന്നത്. അമ്മ, ദേവയാനി. അച്ഛന്റെ കുറഞ്ഞ വേതനം കൊണ്ട് തന്നേയും സഹോദരിയേയും പഠിപ്പിക്കാൻ കഴിയാത്തത് മൂലം അമ്മ കൂലിപ്പണി എടുത്തിരുന്നു. കെട്ടുകളിൽ മീൻ പിടിക്കാൻ പോകും, മറ്റ് കൂലിപ്പണിക്കും. അമ്മയുടെ തറവാട്ടിൽ രണ്ട് അമ്മാവന്മാരും ആറ് ചിറ്റമ്മമാരുമാണ് ഉണ്ടായിരുന്നത്. പലപ്പോഴും എല്ലാവർക്കും ഭക്ഷണം കഴിക്കാൻ തികയില്ല. കുഞ്ഞുന്നാളിൽ സ്‌കൂൾ വിട്ട് വരുന്നത് തന്നെ നല്ല വിശപ്പ് കൊണ്ടാകും. പക്ഷെ ഒന്നും കഴിക്കാൻ കാണില്ല. തുള വീണ രണ്ട് നിക്കറായിരുന്നു ആകെയുള്ള സമ്പാദ്യം. അതിന്റെ പേരിലും കൂട്ടുകാരുടെ പരിഹാസ പാത്രമായിട്ടുണ്ട് പലപ്പോഴും. സത്യത്തിൽ സർക്കാർ ഹോസ്റ്റലിൽ വിട്ടത് തന്നെ മകൻ മൂന്ന് നേരം കൃത്യമായി ഭക്ഷണം കഴിച്ചോട്ടെ എന്ന് വിചാരിച്ചാവും. പാവം അമ്മ. രാജേഷ് ഓർക്കുന്നു.

കാസർഗോഡ് നിന്നും അച്ഛന് സ്ഥലം മാറ്റം ലഭിക്കുന്നത് ഏഴിലെ പഠന കാലത്താണ്. വീടിനടുത്ത് തന്നെ കുറച്ച് സ്ഥലം വാങ്ങി അച്ഛൻ. ഓല കൊണ്ട് മറച്ചൊരു ചെറിയ വീട് വച്ചു. വീട്ടിൽ ഒരു ചെറിയ ബെഞ്ച് മാത്രമായിരുന്നു ഫർണിച്ചറായി ഉണ്ടായിരുന്നത്. രാത്രിയിൽ ഞാനും സഹോദരിയും ഉറങ്ങാൻ വൈകുമ്പോൾ നാടൻ പാട്ടുകൾ അമ്മ പാടിതരും. ഓണക്കളികളിലും അമ്മയ്ക്ക് വല്ല്യ ഗ്രാഹ്യമുണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആ സംഭവം നടന്നത്. ഒരു ദിവസം ഞാൻ വീട്ടിലുള്ള സമയത്ത് എന്റെ വീടിനടുത്ത ഒരു സഹപാഠിയുടെ വീട്ടിൽ പെൺകുട്ടികളായ മറ്റ് സഹപാഠികൾ വന്നു. പിന്നെ എന്റെ വീട്ടിലേക്ക്. ചെറിയ വീട് ആയതിനാൽ സാധാരണഗതിയിൽ ഞാൻ ആരേയും വീട്ടിലേക്ക് ക്ഷണിക്കാറില്ലായിരുന്നു. എന്റ ഓലപ്പുര കണ്ട് അന്നവർക്ക് അത്ഭുതമാണ് വന്നത്. വീട്ടിൽ വന്നവരോട് കയറി ഇരിക്കാൻ പറയാൻ ആകെയുണ്ടായിരുന്നത് ഒരു ചെറിയ ബെഞ്ചാണ്. പക്ഷെ അവരെന്നെ വേദനിപ്പിച്ചില്ല. ഉള്ള സ്ഥലത്തും നിലത്ത് പായ് ഇട്ടും ഇരുന്നു. പക്ഷെ അതെന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവമാണ്.

രജേഷ് രാമൻ എന്ന മിമിക്രിക്കാരന്റെ ജനനം

എന്നിലെ മിമിക്രിക്കാരൻ യഥാർത്ഥത്തിൽ ജനിക്കുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്ന് പ്രകൃതിയിലെ പക്ഷിമൃഗാതികളുടെ ശബ്ദമായിരുന്നു അനുകരിച്ചിരുന്നത്. അന്ന് താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഞ്ചാം ക്ലാസ്സിലായിരുന്നു ഇന്നത്തെ മികച്ച കോമഡി താരമായ ബിജു കുട്ടൻ. അന്നൊരു യൂത്ത് ഫെസ്റ്റ് വെല്ലിന് ബിജു കുട്ടനും ഞാനും തമ്മിൽ മിമിക്രി വേദിയിൽ ഏറ്റുമുട്ടി. ഒന്നാം സ്ഥാനം എനിക്കായിരുന്നു. വീടിന്റെ തൊട്ടടുത്താണ് നടൻ സലീം കുമാറിന്റെ വീട്. സലീം ഏട്ടന് അന്ന് കൊച്ചിൻ മിമി വോയിസ് എന്ന പേരിൽ ചെറിയ ഒരു മിമിക്രി ട്രൂപ്പ് ഉണ്ടായിരുന്നു. സലീം ഏട്ടൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അന്ന് സലീം ഏട്ടന്റെ ആ ചെറിയ വീട്ടിൽ പോകും. അവിടെ സലീം ഏട്ടന്റെ ചെറിയ മുറിയിൽ ഇരുന്ന് മിമിക്രി ചെയ്ത് പഠിക്കും. മിമിക്രിയിൽ സലീം കുമാറാണ് ഗുരു. ശിവാജി ഗണേശന്റെ ശബ്ദം ആയിരുന്നു എന്റെ മാസ്റ്റർ പീസ്. ഇപ്പോളും ചെറിയ ഐറ്റംസൊക്കെ കൈയിലുണ്ട്. പ്രദീപ് കൈതാരം, വിനോദ് കെടാമങ്കലം തുടങ്ങിയവരായിരുന്നു അന്നത്തെ ഉറ്റ സ്‌നേഹിതർ.

മിമിക്രിയിൽ മാത്രമല്ല, മൃദംഗത്തിലും ഒരു കൈ വച്ചത് പ്രിഡിഗ്രി കാലത്താണ്. പറവൂർ ചിയാൻ കോവിൽ കലാ സമിതിയിൽ നിന്നാണ് മൃദംഗം അഭ്യസിക്കുന്നത്. അക്കാലത്ത് ക്ഷേത്രങ്ങളിലും മറ്റും ഭ്ക്തി ഗാനമേളയ്ക്കും പോകുമായിരുന്നു. പിന്നെ ഈ അടുത്താണ് ഡ്രം പഠിക്കാൻ ഒരു മോഹം തോന്നിയത്. അങ്ങനെ തൃശ്ശൂരിൽ സിഐ ആയിരുന്നപ്പോൾ പ്രമുഖ ഡ്രമ്മിസ്റ്റ് ഷോമിയുടെ കീഴിൽ അതും പഠിച്ചു.

അദ്ധ്യാപന രംഗത്ത് നിന്നും എസ്‌ഐയിലേക്ക്

ചിറ്റാറ്റുകര സർക്കാർ എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വരെയുള്ള പഠനത്തിന് ശേഷം വീട്ടിലെ ദാരിദ്രം കൊണ്ട് പ്രിമെട്രിക്ക് ഹോസ്റ്റലിൽ നിന്നായിരുന്നു തുടർ സ്‌കൂൾ പഠനം. മൂത്തലപറമ്പ് എസ്.എൻ.എം ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കിയതിന് ശേഷം ആലുവയിലെ യു.സി കോളേജിൽ നിന്ന് പ്രി ഡിഗ്രി പൂർത്തിയാക്കി. മല്ല്യറങ്കര എസ്.എൻ.എ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്ദരബിരുദവും നേടി. തുടർന്ന് പൂത്തോട്ട കോളേജിൽ നിന്ന് സോഷ്യൽ സയൻസിൽ ബി.എഡ്. ഡിഗ്രി പൂർത്തിയാക്കിയ കാലത്താണ്, മുന്നോട്ടുള്ള പഠനത്തിനായി ജോലി അന്വേഷിച്ച് തുടങ്ങിയത്. വീട്ടിലെ സാമ്പത്തിക പരാധീനകളായിരുന്നു ഇതിന് മുഖ്യകാരണം. 1996 ൽ ഇതേ തൂടർന്ന് ചിറ്റാട്ടുകരയിലെ വിക്ടറി പാരലൽ കോളേജ് ഏറ്റെടുത്ത് നടത്താൻ ആരംഭിച്ചു. ഒപ്പം തന്നെ പി.എസ്.സി അടക്കമുള്ള എല്ലാ പരീക്ഷകളും എഴുതി. ഒപ്പം ബിരുദാനന്ദ ബിരുദ പഠനവും. അങ്ങനെയാണ് 2003 ൽ എസ്.ഐ സെലക്ഷൻ ലഭിക്കുന്നത്.

കോഴിക്കോട് നിന്ന് തൃശ്ശൂരും ഇടുക്കിയും താണ്ടി കൊച്ചിയിലേക്ക്

2003 ൽ എസ്.ഐ സെലക്ഷൻ കിട്ടിയെങ്കിലും, തിരുവനന്തപുരത്തെ പരിശീലനത്തിനും പ്രബേഷനും ശേഷം 2005 ലാണ് എസ്.ഐയായി സ്വതന്ത്ര ചുമതല ലഭിക്കുന്നത്. അതും കോഴിക്കോട് കസബ സ്‌റ്റേഷനിൽ. ആദ്യ പോസ്റ്റിങ് തന്നെ പ്രധാനപ്പെട്ട നഗരത്തിലായത് എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഭവം ആയിരുന്നു. ജീവിതത്തിൽ അനുഭവിച്ച കഷ്ടപാടുകൾക്ക് ഫലം കണ്ടു തുടങ്ങിയെന്ന ഒരു ആത്മവിശ്വാസം അക്കാലത്താണ് ആദ്യമായി ഉണ്ടായത്. വൈപ്പിൻ സ്റ്റേഷനിൽ ഉള്ള കാലത്താണ് കുടിവെള്ളത്തിനായി ആ പ്രദേശത്ത് വലിയ സമരം നടന്നത്. പൊലീസിന് സാധാരണക്കാർക്ക് വേണ്ടി എന്ത് ചെയ്യാമെന്ന ആലോചനയാണ് അന്ന് എന്നിലുണ്ടായത്. ഒട്ടും താമസിച്ചില്ല്, പൊലീസിന്റെ കുടിവെള്ള ടാങ്കറുകളിൽ വെള്ളവുമായി സാധാരണക്കാരുടെ വീടുകൾക്ക് മുന്നിലേക്ക് പോയി. അവർക്ക് വേണ്ടത്ര കുടിവെള്ളം വിതരണം ചെയ്യാൻ അന്ന് കഴിഞ്ഞു. അങ്ങനെ പൊലീസിനെ ആ നാട്ടിലെ ജനങ്ങൾക്ക് മുന്നിൽ ജനകീയമാക്കാൻ കഴിഞ്ഞു. ഈ പ്രവർത്തനത്തിനാണ് ആദ്യാമായി സേനയിൽ നിന്ന് അംഗീകാരം ലഭിക്കുന്നത്. പിന്നെ ആരുടേയും വാഗ്ധാനങ്ങളുടെ മുന്നിൽ ഇന്നുവരെ തല കുനിച്ച് കൊടുത്തിട്ടില്ല. ശരിയെന്ന് മനസ് പറയുന്നത് മാത്രമേ ഇന്നുവരെ ചെയ്തിട്ടുള്ളു. അതുകൊണ്ട് സ്ഥലം മാറ്റങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. 12 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു ഡസനോളം സ്ഥലം മാറ്റങ്ങളാണ് തേടിയെത്തിയത്. രാജേഷ് രാമൻ പറയുന്നു.

2008 ലാണ് സിഐ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത്. 2015 ൽ തൃശ്ശൂർ വെസ്റ്റ് സ്‌റ്റേഷനിൽ ഉള്ളപ്പോൾ കണിമംഗലത്ത് വയോധികനെ കെട്ടിയിട്ട് മോഷണം നടത്തിയ ഒരു സംഘത്തെ വളരെപെട്ടന്ന് പിടിക്കാൻ സാധിച്ചു. മോഷണശ്രമത്തിനിടെ വയോധികൻ മരിച്ചു. അത് വലിയ അംഗീകാരങ്ങൾ നേടിത്തന്ന ഒരു അന്വേഷണം ആയിരുന്നു. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞതാണ് മറ്റൊരു വലിയ ഭാഗ്യം. ജില്ലാ സംസ്ഥാന ക്യാമ്പുകളുടെ മുഖ്യസംഘാടകൻ ആകാൻ കഴിഞ്ഞു. കുട്ടികളിലെ കലാപരമായി കഴിവുകളെ കുറച്ചെങ്കിലും പരിപോഷിപ്പിക്കാൻ അതൊരു വലിയ അവസരമായിരുന്നു. ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് 2016 ലെ സ്വാതന്ത്ര ദിനത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടാനായത്.

ഹൃസ്വചിത്രങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നു എന്നാണ് എന്റെ കാഴ്ചപ്പാട്. അതിനാൽ, കുട്ടികളേയും യുവാക്കളേയും ബോധവൽക്കരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ഹൃസ്വചിത്രങ്ങൾ ചെയ്ത് പ്രചരിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ ആലോചന. പ്രത്യേകിച്ച് മയക്കുമരുന്നടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാർത്ഥികളിലടക്കം കൂടി വരുന്ന സാഹചര്യത്തിൽ. പൊലീസ് സേന നിർമ്മിച്ച വിവിധ ബോധവൽക്കരണ ഹൃസ്വചിത്രങ്ങളിൽ പൊലീസ് വേഷം തന്നെ ചെയ്താണ് സിനിമയിലും ഒരു കൈ നോക്കിയത്. ഉണർവ്, ഡാൻസിങ് ഡത്ത്, ഇരകൾ, കമ്പാർട്ട്‌മെന്റ് തുടങ്ങിയ ഹൃസ്വചിത്രങ്ങളിൽ ഇക്കാലത്ത് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

മക്കളേയും കലാകാരന്മാരാക്കണം

അന്നത്തെ ഓലപ്പുരയിൽ നിന്ന വീട് ചെറുതായി ഒന്നു മാറ്റം വരുത്തി. രണ്ട് മുറിയുള്ള ചെറിയ വീട് തന്നെയാണ് ഇപ്പോളും. ഒരു സുഹൃത്ത് ഒരിക്കൽ വീട്ടിൽ വന്ന് പോയതിന് ശേഷം പറഞ്ഞ വാക്കുകൾ ഇപ്പോഴാ ഓർമ്മ വന്നത്. മുഖ്യമന്ത്രിയുടെ മെഡലൊക്കെ കിട്ടിയ ആളല്ലേ, വലിയൊരു വീടൊക്കെ വച്ചൂടെ, ലോൺ കിട്ടുമല്ലോ..? എന്ന്. മക്കൾ ഇപ്പോൾ പഠിക്കുകയാണ്. ബോധിരാജും ഋഷിരാജും അവർ വലുതാകട്ടെ എന്നിട്ടാവാം എന്ന് കരുതി. ചെറിയ വീടാണെങ്കിലും സ്വസ്ഥതയും സമാധാനവും ഉണ്ട്. അതാണല്ലോ കുടുംബ ജീവിതത്തിൽ വേണ്ടതും. രാജേഷ് രാമൻ പറയുന്നു. സൂര്യയാണ് ഭാര്യ, ചെറിയൊരു നർത്തകിയാണ്. സഹോദരി അഭിപാഷകയാണ്. അഡ്വ. റീന ടി ആർ. മക്കൾ കീ ബോർഡും ഡ്രംസും പഠിക്കുന്നുണ്ട്. അവരെ മികച്ച കലാകാരന്മാരാക്കണം അതാണ് ഇനിയുള്ള ലക്ഷ്യം. ചിൽഡ്രൻസ് പാർക്കിന് മുന്നിലെ റവന്യൂ ടവറിലെ പന്ത്രണ്ടാം നിലയിൽ, ജനലിലൂടെ മുറിക്കുള്ളിലേക്ക് നിറയുന്ന കായൽ കാറ്റിന്റെ കുളിർമയിൽ രാജേഷ് പറഞ്ഞു നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP