Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പതാം വയസിൽ യേശുദാസിനൊപ്പം ലൈവ് റിക്കോർഡിങ്; ഷാജി കൈലാസിന്റെ ആദ്യ സിനിമയിൽ പിന്നണി ഗായികയായി അരങ്ങേറ്റം; ആലപിക്കാൻ ഭാഗ്യം കിട്ടിയത് ദേവരാജൻ മാസ്റ്ററും അർജ്ജുനൻ മാസ്റ്ററും അടക്കമുള്ള സംഗീത സംവിധായകരുടെ ഗാനങ്ങൾ; പിന്നണി ഗാന രംഗത്ത് കഴിവുണ്ടായിട്ടും അവസരങ്ങൾ നിഷേധിക്കപ്പെട്ടു; തൊണ്ണൂറുകളിൽ ഇളയരാജ ഗാനങ്ങൾ വേദികളിൽ പാടിത്തിമർത്ത പിന്നണി ഗായിക ലക്ഷ്മി രംഗൻ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു; മറുനാടനോട് മനസു തുറന്ന് ലക്ഷ്മി

ഒമ്പതാം വയസിൽ യേശുദാസിനൊപ്പം ലൈവ് റിക്കോർഡിങ്; ഷാജി കൈലാസിന്റെ ആദ്യ സിനിമയിൽ പിന്നണി ഗായികയായി അരങ്ങേറ്റം; ആലപിക്കാൻ ഭാഗ്യം കിട്ടിയത് ദേവരാജൻ മാസ്റ്ററും അർജ്ജുനൻ മാസ്റ്ററും അടക്കമുള്ള സംഗീത സംവിധായകരുടെ ഗാനങ്ങൾ; പിന്നണി ഗാന രംഗത്ത് കഴിവുണ്ടായിട്ടും അവസരങ്ങൾ നിഷേധിക്കപ്പെട്ടു; തൊണ്ണൂറുകളിൽ ഇളയരാജ ഗാനങ്ങൾ വേദികളിൽ പാടിത്തിമർത്ത പിന്നണി ഗായിക ലക്ഷ്മി രംഗൻ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു; മറുനാടനോട് മനസു തുറന്ന് ലക്ഷ്മി

എം മനോജ് കുമാർ

തിരുവനന്തപുരം: പിന്നണി ഗാനരംഗത്ത് സുപരിചിതമായ പേരാണ് ലക്ഷ്മി രംഗന്റെത്. തിരുവനന്തപുരത്തെ പ്രശസ്തമായ സംഗീത കുടുംബത്തിലാണ് ലക്ഷ്മി രംഗന്റെ ജനനം. ഗായകൻ കെ.പി.ബ്രഹ്മാനന്ദനും സംഗീത സംവിധായകൻ തങ്കരാജുമൊക്കെ ലക്ഷ്മി രംഗന്റെ അടുത്ത ബന്ധുക്കൾ. ഗായകൻ സി.എഎസ്. പരമാനന്ദൻ, തബലിസ്റ്റ് ഹരിശങ്കർ, ജയരാജ് ഒക്കെ ഉൾക്കൊള്ളുന്ന വിശാലമായ സംഗീത കുടുംബം. ഒൻപതാം വയസിൽ യേശുദാസിന്റെ കൂടെ ലൈവ് റെക്കോർഡിങ്; ഷാജി കൈലാസിന്റെ ആദ്യ സിനിമയിൽ പിന്നണി ഗായികയായി അരങ്ങേറ്റം. കെ.എസ്.ചിത്ര അടക്കമുള്ള ഒട്ടനവധി ഗായികമാർക്ക് വേണ്ടി ട്രാക്ക് പാടി. ചിത്രയ്ക്ക് അടക്കമുള്ള ഗായികമാർക്ക് വേണ്ടി ട്രാക്ക് പാടിയപ്പോൾ ഇതേ ട്രാക്ക് ഫൈനൽ ആക്കിയ അനുഭവങ്ങളും. കഴിവുണ്ടായിട്ടും സംഗീത രംഗത്ത് ബന്ധുബലം ഉണ്ടായിട്ടും അവസരങ്ങൾ കുറഞ്ഞ വിചിത്രമായ കഥയാണ് ലക്ഷ്മി രംഗന്റേത്. ഇപ്പോൾ ദീർഘമായ ഇടവേളയ്ക്ക് ശേഷം ലക്ഷ്മി രംഗൻ പിന്നണി ഗാനരംഗത്ത് സജീവമാകുകയാണ്. ലക്ഷ്മി രംഗൻ മറുനാടന് അനുവദിച്ച അഭിമുഖത്തിലേക്ക്....

  • ലക്ഷ്മി രംഗൻ.. സിനിമാ പിന്നണി ഗാനരംഗത്ത് സുപരിചിത നാമം. എന്നിട്ടും എന്തുകൊണ്ട് അവസരങ്ങൾ കുറഞ്ഞു?

പിന്നണി ഗാനരംഗത്ത് അവസരങ്ങൾ കുറഞ്ഞു എന്ന് പറയാൻ കഴിയില്ല. എനിക്കറിയാം. എന്റെ ഭാഗത്ത് നിന്നുള്ള അധ്വാനം, പരിശ്രമം ആ സമയത്ത് എന്റെ ഭാഗത്ത് നിന്നും വന്നില്ല. ഫീൽഡിൽ നിൽക്കണമെന്ന് എന്റെ ആവശ്യമായിരുന്നു. എന്നെ സംബന്ധിച്ച് ഒമ്പത് വയസു മുതൽ ഞാൻ പിന്നണിഗാന രംഗത്തുണ്ട്. ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്ത് എനിക്ക് എൻട്രി ലഭിക്കുന്നത്. ജെറി അമൽദേവ് ആയിരുന്നു അതിന്റെ സംഗീതം. വലിയൊരു ബാനറിലാണ് എന്റെ എൻട്രി. സംവിധായകൻ എന്ന നിലയിൽ ഷാജി കൈലാസിന്റെ ആദ്യ സിനിമ. ബിച്ചു തിരുമലയുടെ വരികൾ. ആ പാട്ടുകൾ ആ കാലത്ത് വളരെയധികം ഹിറ്റായിരുന്നു. കുട്ടിക്കാലത്ത് തന്നെ വളരെയധികം അവസരങ്ങൾ അങ്ങിനെ ലഭിച്ചു. പിന്നീട് എന്റെയൊരു കോളേജ് തലവും കഴിഞ്ഞു. എം.എ.മ്യൂസിക് കഴിഞ്ഞു. ടീച്ചിങ് എന്റെ പാഷൻ ആയിരുന്നു. ടീച്ചിങ് പ്രൊഫഷനിലേക്ക് തിരിഞ്ഞത് അവസരങ്ങൾ കുറയാൻ കാരണമായി. പ്ലേ ബാക്ക് സിംഗിങ് അവസരങ്ങൾ കുറയാൻ ഇത് കാരണമാകുകയായിരുന്നു. കൂടുതൽ ശ്രദ്ധ ടീച്ചിംഗിലെക്ക് പോയി. അതാണ് ഒരു പ്രധാന കാരണമായി എനിക്ക് പറയാനുള്ളത്.

  • പിന്നണി പാടിയ ഗാനങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും പറയാമോ?

നേരത്തെ പറഞ്ഞപോലെ ആദ്യ സിനിമ ഒരു കുടയും കുഞ്ഞു പെങ്ങളും. കുരുവി കുരുവി വാ വാ എന്ന ഗാനമായിരുന്നു അത്. ബേബി ശാലിനിയെ കാസ്റ്റ് ചെയ്തുള്ള സോംഗ് ആയിരുന്നു. പിന്നെ ദാസ് സാറിനൊപ്പം (യേശുദാസ്) ആയിരുന്നു. ഒമ്പത്-പത്ത് വയസ് കാലത്ത് തന്നെയാണ് ഈ ഗാനം ആലപിച്ചത്. ഒരു യുഗ്മഗാനമായിരുന്നു പാടാൻ അവസരം കൊടുത്തത്. ലക്കി നമ്പർ ടു എന്ന സിനിമയായിരുന്നു അത്. ശർമ്മ. അദ്ദേഹമായിരുന്നു സംഗീത സംവിധായകൻ. ഒരു മോഹമുന്തിരി പൂത്തല്ലോ പൂന്തേൻ മിഴിയാലേ...എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. അതിനെ തുടർന്ന് എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി സിനിമയിൽ പാടി. ഇങ്ങിനെ എട്ടുപത്ത് സിനിമകളിൽ ഞാൻ ചെറു പ്രായത്തിലാണ് പാടിയത്. മോക്ഷം എന്ന് പറഞ്ഞു അവാർഡ് ലഭിച്ച കുട്ടികളുടെ സിനിമയിൽ ടൈറ്റിൽ സോങ്ങ്. അങ്ങിനെ ധാരാളം അവസരം ആ സമയങ്ങളിൽ ലഭിച്ചു.

പിന്നെ എന്റെ ശബ്ദത്തിൽ മാറ്റം വന്നു. അതിനു ശേഷം ഞാൻ പാടുന്നത് തില്ലാന തില്ലാന എന്ന സിനിമയായിരുന്നു.ഒരു സോളോ സോങ്ങ് ആയിരുന്നു. എന്റെ ശ്രദ്ധിക്കപ്പെട്ട ഗാനം അതായിരുന്നു. എന്റെ ഇളയ അമ്മാവൻ തങ്കരാജ്. അദ്ദേഹമായിരുന്നു അതിന്റെ സംഗീത സംവിധാനം. കണ്ടാൽ മിണ്ടാ വായാടി കൂടെ....എന്ന ഗാനം. അത് ഞാൻ വിശ്വസിക്കുന്നത്, നമ്മെ വിട്ടു പിരിഞ്ഞുപോയ ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു ഗാനം പാടാനുള്ള ഒരു ഭാഗ്യമാണ് അന്ന് ലഭിച്ചത്. പുത്തഞ്ചേരിയായിരുന്നു ആ ഗാനത്തിന്റെ വരികൾ രചിച്ചത്.

പിന്നീട് ഡിയർ ഫ്രന്റ്‌സ് എന്ന പാട്ടാണ് പാടിയത്. എന്റെ ഭർത്താവ് എൻ.ജെ.ബെൻസൺ അദ്ദേഹം സംഗീത സംവിധായകനാണ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന മൂന്നു സിനിമകളിൽ ഞാൻ പാടിയിട്ടുണ്ട്. ഡിയർ ഫ്രന്റ്‌സിൽ വിധു പ്രതാപുമായിട്ടുള്ള ഒരു ഡ്യുയറ്റ് ആണ് പാടിയത്. മഞ്ഞിന്നീറൻ തൂവൽ പെയ്യും... എന്ന ഗാനം.. ഈ സോങ്ങ് ഓഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. മരണം ദുർബലം... ഈ സിനിമയുടെ ലോഞ്ചിങ് കഴിഞ്ഞിട്ടേയുളൂ.. തിരമാലകളെ.. തിരമാലകളെ.... തലതല്ലി കരയുവതെന്തേ.... എന്ന സോങ്ങ്...ആണ്.
തമിഴിൽ ഒരു വലിയ എൻട്രി കിട്ടിയിട്ടുണ്ട്. പുതുമുഖങ്ങൾ ആണ് അതിലുള്ളത്. പ്രതീക്ഷയുള്ള ഒരു ഗാനം ആണിത്.

  • ലതാമങ്കേഷ്‌ക്കറിനെ ഓർമ്മിപ്പിക്കുന്നു, അലയടിച്ചുയരുന്ന ഭാവങ്ങൾ എന്നൊക്കെ ആസ്വാദകർ പറയുന്നു... ഒരു ഗോഡ് ഫാദറിന്റെ അഭാവമാണോ ഗാനങ്ങൾ കുറഞ്ഞതിനു പിന്നിൽ?

സംഗീതം പാരമ്പര്യമായി കൈകാര്യം ചെയ്യുന്ന വലിയ കുടുംബത്തിലെ അംഗമാണ് ഞാൻ. തലമുറകളായി സംഗീതം ഉപാസിച്ച് ജീവിക്കുന്നതാണ് ഞങ്ങളുടെ കുടുംബം. എന്റെ ഗുരു എസ്. രത്‌നാകരൻ ഭാഗവതരാണ്. പ്രശസ്ത ഗായകനായ കെ.പി.ബ്രഹ്മാനന്ദൻ ഞങ്ങളുടെ കുടുംബത്തിലുള്ളതാണ്. ശ്രീകാന്ത് ഞങ്ങളുടെ കുടുംബത്തിൽ ഉള്ളതാണ്. അതുകൊണ്ട് തന്നെ ഗോഡ്ഫാദർ ഇല്ലാ എന്ന് എനിക്ക് വാദിക്കാൻ കഴിയില്ല. എന്റെ അമ്മാവൻ തങ്കരാജ്, ഗായകൻ സി.എഎസ്. പരമാനന്ദൻ, തബലിസ്റ്റ് ഹരിശങ്കർ, ജയരാജ് അദ്ദേഹം സംഗീതജ്ഞനാണ്. ഇവരൊക്കെ ഉൾച്ചേർന്നു ഞങ്ങൾക്ക് തബല എന്ന ഒരു ഓർക്കസ്ട്രയുണ്ടായിരുന്നു. നാല് വയസ് മുതൽ ഓർക്കസ്ട്രയിലെ സിംഗർ ആയി രംഗത്ത് വന്നു. അമ്മാവന്മാരുടെ സപ്പോർട്ട് തന്നെയാണ് കലാരംഗത്ത് ഞാൻ വരാൻ ഇടയായത്. പിന്നെ കാലത്തിനൊപ്പം പോകാൻ കഴിഞ്ഞോ എന്ന് ചോദിച്ചാൽ എനിക്കും അങ്ങിനെ ഒരുത്തരം എനിക്കും തരാൻ കഴിയുന്നില്ല. പ്രൊഫഷണലി എംഎ കംപ്ലീറ്റ് ചെയ്തപ്പോൾ ഞാൻ ടീച്ചിംഗിലെക്ക് തിരിഞ്ഞതോടെ എനിക്ക് പ്ലേ ബാക്ക് സിംങ്ങിഗിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അത് വലിയൊരു കാരണമാണ്.

  • യേശുദാസിനെപോലുള്ള പ്രമുഖർക്കൊപ്പം ചെറുപ്രായത്തിൽ തന്നെ ഒരുമിച്ച് പാടാൻ കഴിഞ്ഞു?

ഈശ്വര തുല്യനായി എല്ലാ സംഗീതജ്ഞരും കാണുന്ന ഗായകനാണ് ദാസ് സാർ. എന്റെ ഒമ്പതാമത്തെ വയസിലാണ് അദ്ദേഹത്തിനൊപ്പം ഒരു കുടയും കുഞ്ഞു പെങ്ങളും സിനിമയിൽ പാടുന്നത്. തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. 87-90 കാലത്തിലായിരുന്നു ആ റെക്കോർഡിങ്. ആ സമയത്ത് ലൈവ് റെക്കോർഡിങ് ആയിരുന്നു. ഇന്നു കംപ്യൂട്ടറൈസ്ഡ് യുഗമാണ്. അന്ന് അങ്ങിനെയല്ല. ലൈവ് ആണ്. എല്ലാ ഗുരുതുല്യരായ ആർട്ടിസ്റ്റുകൾക്കൊപ്പമായിരുന്നു ആ പ്രാക്ടീസിങ്. ഒരുമിച്ച് പ്രാക്ടീസ് ചെയ്ത് ഒരൊറ്റ ടേക്കിൽ ആയിരുന്നു റെക്കോർഡിങ്.

തരംഗിണി സ്റ്റുഡിയോയിൽ പാടാൻ ചെന്നപ്പോഴാണ് ദാസ് സാറിനെയും ചിത്ര ചേച്ചിയെയും ഞാൻ പരിചയപ്പെടുന്നത്. ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ഇവിടെ വെച്ചു തന്നെ. എന്റെ പാട്ട് ദാസ് സാർ തരംഗിണി സ്റ്റുഡിയോയിൽ വെച്ച് കേട്ടു. അന്ന് തരംഗിണിയുടെ അയ്യപ്പ കാസറ്റുകൾ ഇറങ്ങുന്ന സമയമാണ്. അയ്യപ്പ ഗാനത്തിൽ അദ്ദേഹത്തിനൊപ്പം ഒരു യുഗ്മഗാനം പാടാൻ കഴിഞ്ഞു.കൈതപ്രം ആയിരുന്നു അതിന്റെ രചന. അതിന്റെ തമിഴും, മലയാളവുമുണ്ട്. അതിൽ രണ്ടിലും എന്നെക്കൊണ്ട് തന്നെയാണ് ദാസ് സാർ പാടിച്ചത്.അദ്ദേഹം തന്നെ നേരിട്ട് പഠിപ്പിച്ചാണ് പാടിച്ചത്. അതുകൊണ്ട് തന്നെ അത് മനസ്സിൽ കിടക്കുന്നുണ്ട്. പാട്ട് ദാസ് സാറിന് ഇഷ്ടമായി. അതുകൊണ്ട് തന്നെയാണ് അദ്ദേഹം എന്നെ വിളിച്ചത്. ആ വിശ്വാസമാണ് എനിക്കുള്ളത്. പിന്നീട് അദ്ദേഹം വീണ്ടും സ്റ്റുഡിയോയിൽ എന്നെ വിളിപ്പിച്ചു. തമിഴ് വേർഷൻ പാടാൻ വേണ്ടി. പിന്നീട് അദ്ദേഹത്തിനൊപ്പം യുഗ്മഗാനം പാടി. ലക്കി നമ്പർ ടുവിൽ.

  • ശ്രമിച്ചിരുന്നെങ്കിൽ ഒരു പിന്നണി ഗായികയായി ഉയരാൻ കഴിയുമായിരുന്നോ?

തീർച്ചയായും. എനിക്ക് സാധിക്കുമായിരുന്നു. ദൈവാധീനത്തിന്റെ പ്രശ്‌നമല്ല. എന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ്. എന്റെ ഭാഗത്ത് നിന്നും വന്ന പരിശ്രമക്കുറവ് എന്ന് മാത്രമേ അതിനു പറയാൻ കഴിയൂ.

  • ഒട്ടുവളരെ സിനിമകളിൽ ട്രാക്ക് പാടി; ആ ട്രാക്ക് പാടൽ പിന്നെ ഫൈനലൈസ് ചെയ്തിരുന്നോ?

അങ്ങിനെ ട്രാക്ക് പാടിയ പാട്ട് ഫൈനൽ ആക്കിയിട്ടുണ്ട്. ചിത്ര ചേച്ചിക്ക് വേണ്ടി ട്രാക്ക് പാടിയ സോംഗ് വരെയുണ്ട്. തില്ലാന തില്ലാനയിലെ സോംഗ് അങ്ങിനെ പാടിയതാണ്. ഇത് തന്നെ മതി ഫൈനൽ എന്ന് സംവിധായകനും നിർമ്മാതാവും പറഞ്ഞ ഗാനമാണത്. കാക്കി നക്ഷത്രം എന്ന സിനിമ, അതിലൊരു ഡ്യുയറ്റ് അങ്ങിനെ ഫൈനലൈസ് ചെയ്തതാണ്. പിന്നെ കുരുമൊഴിയെ...... എന്ന് തുടങ്ങുന്ന ഗാനം. ഇങ്ങിനെയുള്ള പാട്ടുകൾ ട്രാക്ക് കേട്ട് ഫൈനൽ ആയതാണ്.

  • സംഗീത സംവിധായകരുമായുള്ള അടുപ്പം കാരണമാണോ ഗായകർക്ക് കൂടുതൽ അവസരം ലഭ്യമാകുന്നത്?

പിന്നണി ഗാനരംഗത്ത് അവസരം കുറഞ്ഞെങ്കിലും പിന്നണി ഗായികയ്ക്ക് ലഭിക്കേണ്ടതിലും ഉപരിയായിട്ടുള്ള വലിയ വലിയ ഭാഗ്യങ്ങൾ എനിക്ക് ലഭിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. ദേവരാജൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, പെരുമ്പാവൂർ രവീന്ദ്രനാഥൻ സാർ, രവീന്ദ്രൻ മാഷ്, ജോൺസൺ മാസ്റ്റർ, എം.ജി.രാധാകൃഷ്ണൻ, ജെറി അമൽദേവ്, അർജുനൻ മാസ്റ്റർ, സിതാര, ശരത്, എം.ജയചന്ദ്രൻ എല്ലാവരുമായും സഹകരിക്കാൻ കഴിഞ്ഞു. ഇവരുടെയൊക്കെ സംഗീത സംവിധാനത്തിൽ പാട്ടുകൾ പാടാൻ കഴിഞ്ഞു എന്നുള്ളത് എന്റെ കലാജീവിതത്തിലെ മഹാഭാഗ്യമാണ്. എല്ലാവർക്കും എന്നെ അറിയാം, എല്ലാവരെയും എനിക്കുമറിയാം എന്നായിരുന്നു. പക്ഷെ അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. അത് ഒരു സത്യമാണ്.

  • ട്രാക്ക് പാടിയാൽ അവസരം കുറയുമോ? ട്രാക്ക് പാടുന്നതിനെ എങ്ങിനെ കാണുന്നു?

ട്രാക്ക് പാടുന്നവർക്ക് ട്രാക്ക് തന്നെ പാടേണ്ടിവരും എന്നതിനോട് യോജിക്കുന്നില്ല. ട്രാക്ക് സിംഗർ, സ്‌ട്രെയിറ്റ് സിംഗർ അങ്ങിനെ ഒരു സപ്രേഷൻ ഉള്ളതായി തോന്നുന്നില്ല. വെൽ ടാലന്റഡ് ആയിട്ടുളവരാണ് ട്രാക്ക് പാടുന്നതും സ്‌ട്രൈറ്റ് പാടുന്നതും. നമ്മുടെ വോയിസ് ഒരു പ്രധാന ഘടകമാണ്. താരം, സ്റ്റാർ വാല്യു കഥാപാത്രം എല്ലാം ചേർന്ന് വരണം. ഒത്തിരി കാര്യങ്ങളുണ്ട്. ട്രാക്ക് സിംഗർ എന്നൊരു കാറ്റഗറി ഇല്ലാ എന്ന് തന്നെയാണ് എന്റെ വിശ്വാസം.

  • ഒട്ടനവധി ജനപ്രിയ പരസ്യ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. ഏതൊക്കെയാണവ?

കുടയുടെ പരസ്യങ്ങളിൽ പോപ്പി ഉൾപ്പെടെ പാടിയിട്ടുണ്ട്.കുഞ്ഞിലേ വന്നതുകൊണ്ട് ജിംഗിൾസ് ഒക്കെ പാട്ടിയിട്ടുണ്ട്. കുട്ടി വോയിസിൽ ഒത്തിരി പാടിയിട്ടുണ്ട്.

  • ഒരു ഗായികയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയുന്ന സാഹചര്യം പിന്നണി ഗാനരംഗത്ത് നിലനിൽക്കുന്നുണ്ടോ?

ട്രെൻഡ് പൂർണമായും മാറി. 87 ലാണ് എന്റെ ഫസ്റ്റ് എൻട്രി. വർഷങ്ങൾ ഇത്രയും കടന്നുപോയി. എല്ലാ രീതിയിലും വളർന്ന ടെക്‌നോളജിയാണ് മുന്നിൽ.കാലത്തിനൊപ്പം നമ്മൾ അപ്‌ഡേറ്റ് ആകേണ്ട പ്രശ്‌നമുണ്ട്. സംഗീതത്തെക്കുറിച്ച് ടെക്‌നോളജിയെക്കുറിച്ച് നല്ല വിവരം നമുക്ക് വേണം. ബേസിക് നോളെജ് നിർബന്ധം. കർണാടിക്, ഹിന്ദുസ്ഥാനി ഈ രീതിയിൽ ഔട്ട്പുട്ട് കൊടുക്കാൻ ഉള്ളൊരു സിംഗർ ആണ് നമ്മൾ എങ്കിൽ സ്റ്റെഡിയായി നിൽക്കുന്ന കാര്യത്തിൽ നമുക്ക് തീർച്ചയായിട്ടും നമുക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല.

  • സൺ ടിവി റിയാലിറ്റി ഷോ സൺ സിംഗറിൽ മകൾ ആൻ ബെൻസൺ ഒന്നാമതെത്തി. അതിനു ശേഷം ഇളയരാജ മകളെ ചെന്നൈയിലേക്ക് ക്ഷണിച്ചു. ഇളയരാജയുടെ ഹിറ്റ് സോങ്ങുകൾ പാടിത്തിമർത്ത ഗായിക എന്ന നിലയിൽ ഇളയരാജയുമായുള്ള കൂടിക്കാഴ്ച എങ്ങിനെയുള്ള അനുഭവമായി?

മകളുടെ പേര് ആൻ ബെൻസൺ. ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്നു.മകൾ സൺ ടിവിയുടെ വളരെ പോപ്പുലർ ആയ റിയാലിറ്റി ഷോ സൺ സിങ്കറിൽ പങ്കെടുത്തു. മോൾക്ക് വിൻ ചെയ്യാൻ സാധിച്ചു. അതിൽ ഓർക്കസ്‌ട്രെ കൺടക്റ്റ് ചെയ്തിരുന്നത് തമിഴിലെ പ്രശസ്ത ഫ്‌ളുട്ടിസ്റ്റ് ശശികുമാർ സാർ ആയിരുന്നു. സാർ മകളുടെ പാട്ട് ശ്രദ്ധിക്കുമായിരുന്നു. രാജാ സാറിന്റെ ഒരു പാട് ഗാനങ്ങൾക്ക് അകമ്പനി ചെയ്ത ആർട്ടിസ്റ്റാണ് അദ്ദേഹം. ശശികുമാർ സാറാണ് മകളെക്കുറിച്ച് രാജാ സാറിനോട് പറഞ്ഞത്. രാജാ സാറിൽ നിന്നും പെട്ടെന്ന് ഒരു അപ്പോയിന്റ്‌മെന്റ് കിട്ടുകയാണ് ചെയ്തത്. ഒരു ദിവസം രാത്രി വിളിച്ച് പിറ്റേന്ന് ചെന്നൈയിൽ എത്താനാണ് ആവശ്യപ്പെട്ടത്. രാജാ സർ വെയിറ്റ് ചെയ്യും. രാവിലെ എത്തണം എന്നാണ് പറഞ്ഞത്. പെട്ടെന്ന് ഞങ്ങൾക്കത് ഉൾക്കൊള്ളാൻ കൂടി കഴിഞ്ഞില്ല. മകളുടെ ഈ എയ്ജിലൊക്കെ ഞാൻ ഗാനമേള വേദികളിലൊക്കെയാണ്. അത്രത്തോളം ഗാനങ്ങൾ, രാജാ സാറിന്റെ ഒരു കളക്ഷൻ തന്നെ എന്റെ കയ്യിലുണ്ട്. ഞാൻ പാടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ആരാധന എന്നല്ല. നമുക്ക് പറയുമ്പോൾ തന്നെ വാക്കുകളില്ല. അത്രത്തോളം ആരാധനയാണ്. ഒരു പക്ഷെ നേരത്തെ പറഞ്ഞപോലെ എനിക്ക് സാധിക്കാത്ത ഒരു ഭാഗ്യം മകൾക്ക് ലഭിച്ചു എന്നുള്ള സന്തോഷത്തിലാണ് ഞാൻ. രാത്രി തന്നെ ഫ്‌ളൈറ്റ് പിടിച്ചു ഞങ്ങൾ ചെന്നൈയിലേക്ക് പോയി.

രാവിലെ പറഞ്ഞ പോലെ ഒമ്പത് മണിക്ക് ഞങ്ങൾ രാജാ സാറിന്റെ ഓഫീസിൽ ഹാജരുണ്ട്. അദ്ദേഹം പ്രൈവറ്റ് റൂമിലേക്ക് ഞങ്ങളെ വിളിച്ചു. ദൈവികമായ ഒരു കോൺസെപ്റ്റ് ആണ് അദ്ദേഹം. പറയാൻ വാക്കുകളില്ല. ഹൃദയമിടിപ്പോടെ തന്നെയാണ് കയറിയത്. രാജാ സാറിന്റെ മുന്നിലേക്ക് ആദ്യമായി പോകുന്നു എന്ന ഫീലിലാണ് ഞാൻ മുറിയിലേക്ക് കാൽകുത്തുന്നത്. അദ്ദേഹം ഒരു വലിയ കസേരയിൽ ഇരിക്കുന്നു. മോൾ കൂളായി കയറിപ്പോയി. രാജാ സാറിന്റെ മുന്നിലേക്ക് ഞാൻ എൻട്രി ചെയ്തപ്പോൾ ഞാൻ പോലും അറിയാതെ ഞാൻ കരഞ്ഞു. എനിക്കറിയില്ല എങ്ങിനെ എങ്ങിനെ കണ്ണുനീർ നിറഞ്ഞുവെന്ന്. രാജാ സാറിന്റെ മുന്നിൽ എത്തിയപ്പോൾ കണ്ണുനീർകൊണ്ട് എനിക്ക് കണ്ണ് കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആ രീതിയിൽ കണ്ണുനീർ കൊണ്ട് നിറഞ്ഞിട്ട്. അദ്ദേഹം എന്നെ തന്നെ നോക്കി. അദ്ദേഹത്തിന്റെ മാനേജരും ഉണ്ടായിരുന്നു. രണ്ടു പേരും എന്നെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു. എന്റെ അവസ്ഥ കണ്ടപ്പോൾ സാറിനു എന്നെ മനസിലായി എന്ന് ഞാൻ വിശ്വസിക്കുന്നു. കണ്ണ് തുടച്ച് ഞാനും മകളും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. കാലിൽ തൊട്ടു വന്ദിച്ചു. അദ്ദേഹം ഒന്നും മിണ്ടിയില്ല. മോളോട് ഒരു പാട്ട് പാടാൻ പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ ഒരു കോമ്പോസിഷൻ മകൾ പാടി. അവളെ പാടിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പോയത്. ഞാൻ പാടുമെന്നു എന്നെ ഇൻട്രോഡ്യൂസ് ചെയ്തയാൾ പറഞ്ഞിട്ടില്ലാ എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

അദ്ദേഹം എന്നോടു ഒരു പാട്ടുപാടാൻ പറഞ്ഞു. ഒരു പാട്ട് പാടുന്നോ എന്നാണ് ചോദിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഷോക്ക് ആയി പോയി എനിക്ക്. ഞാൻ ഒട്ടും പ്രിപ്പേർഡ് ആയിരുന്നുമില്ല. അദ്ദേഹം പാടുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ലാ എന്ന് എനിക്ക് ഒരിക്കലും പറയാൻ കഴിഞ്ഞില്ല. ഉൾപാർവെ എന്ന ഗാനം ഞാൻ പാടി. നല്ലാരുക്ക് എന്ന് മാത്രം അദ്ദേഹം പറഞ്ഞു.

  • താരത്തിളക്കത്തോടെ നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു എൺപതുകളിലെ ഗാനമേളകളിൽ. അതൊന്നു ഓർക്കാമോ?

ആ കാലത്ത് വളരെയധികം തിരക്കുള്ള ഒരു ഗായികയായിരുന്നു ഞാൻ. നാല് വയസ് മുതൽ അജന്ത ഓർക്കസ്ട്ര. ഞാൻ പറഞ്ഞുവല്ലോ.. കേരളത്തിൽ ഒട്ടുവളരെ വേദികളിൽ പാടി. ദിനേനെ അന്ന് പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. എന്റെ സ്വന്തം ബാനറിലാണ് പ്രോഗ്രാംസ് ഒക്കെ ഉണ്ടായിരുന്നത്. 5000-ൽ അധികം വേദികളിൽ ഞാൻ പാടിക്കഴിഞ്ഞിട്ടുണ്ട്. എന്റെ അമ്മ അന്ന് നല്ലൊരു കാര്യം ചെയ്തിരുന്നു. ഒരു ഡയറിയിൽ പ്രോഗ്രാമുകൾ കുറിച്ചിടുമായിരുന്നു.ഞാൻ പാടിയ ഓരോ വേദിയുടെയും വിശദാംശങ്ങൾ അമ്മയുടെ ഡയറിലുണ്ടായിരുന്നു.

  • സംഗീത വിദ്യാർത്ഥികൾക്കായി കലാംഗൻ തുടങ്ങി?

2013-ൽ കവഡിയാർ ഗോൾഫ് ലിങ്ക്‌സിന് അടുത്തായി തുടക്കമിട്ടതാണ് കലാംഗൻ. ഇവിടെ സംഗീതവും നൃത്തവും സമ്മേളിക്കുന്നു. പ്രശസ്ത നർത്തകി ശാരദാ തമ്പിയും ഞാനും കൂടിയാണ് കലാംഗന് തുടക്കമിട്ടത്. ഒട്ടനവധി വിദ്യാർത്ഥികൾ ഇവിടെ പഠനം തുടരുന്നുണ്ട്. സംഗീതത്തിനു വേണ്ടി, നൃത്തത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഇരുവരും കൈകോർത്ത് കലാംഗന് തുടക്കമിട്ടത്. അത് നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുമുണ്ട്.

  • എന്താണ് ഭാവി പരിപാടികൾ?

പിന്നണി ഗാന രംഗത്ത് ചുവടുറപ്പിക്കാൻ തന്നെയാണ് എന്റെ തീരുമാനം. മുൻപ് ഞാൻ ടീച്ചിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതുകൊണ്ട് തന്നെ അവസരങ്ങൾ നഷ്ടമായി. ഇപ്പോൾ പിന്നണി ഗാന രംഗത്ത് കൂടുതൽ ശ്രദ്ധ നൽകാനാണ് എന്റെ തീരുമാനം. പിന്നണി പാടാനുള്ള കൂടുതൽ അവസരങ്ങൾ എന്നെ തേടി വരുന്നു. ബന്ധങ്ങളുമുണ്ട്. അവസരങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ പിന്നണിഗാനരംഗത്ത് ആത്മവിശ്വാസത്തോടെ തന്നെ മുന്നേറാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP