Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകളെ കുറിച്ച് വ്യക്തത വരുത്താൻ സർക്കാറിനായില്ല; ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോഴും ഓൺലൈൻ ക്ലാസിന് പുറത്ത്; ധൃതിപിടിച്ച് അദ്ധ്യയനം ആരംഭിച്ച സർക്കാർ നടപടിയുടെ തിക്താനുഭവമാണ് വളാഞ്ചേരിയിലെ വിദ്യാർത്ഥിയുടെ മരണം; ദേവികയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പിണറായി സർക്കാരെന്ന് കെ എസ് യു പ്രസിഡണ്ട് കെഎം അഭിജിത് മറുനാടനോട്

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകളെ കുറിച്ച് വ്യക്തത വരുത്താൻ സർക്കാറിനായില്ല; ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോഴും ഓൺലൈൻ ക്ലാസിന് പുറത്ത്; ധൃതിപിടിച്ച് അദ്ധ്യയനം ആരംഭിച്ച സർക്കാർ നടപടിയുടെ തിക്താനുഭവമാണ് വളാഞ്ചേരിയിലെ വിദ്യാർത്ഥിയുടെ മരണം; ദേവികയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പിണറായി സർക്കാരെന്ന് കെ എസ് യു പ്രസിഡണ്ട് കെഎം അഭിജിത് മറുനാടനോട്

ജാസിം മൊയ്ദീൻ

കോഴിക്കോട്: ധൃതിപിടിച്ച് അധ്യയനം ആരംഭിക്കാനുള്ള സർക്കാർ നടപടിയുടെ തിക്താനുഭവമാണ് വളാഞ്ചേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥിയുടെ മരണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത് മറുനാടൻ മലയാളിയോട് പറഞ്ഞു. ലക്ഷണക്കിന് വിദ്യാർത്ഥികൾ ഇപ്പോഴും ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണ്. സർക്കാർ ഏജൻസികളുടെ കണക്കുകളിൽ തന്നെ രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിലോ വിക്ടേർസ് ചാനലിലെ ക്ലാസുകൾ കേൾക്കാനോ ഉള്ള സാഹചര്യങ്ങളില്ലെന്നാണ് പറയുന്നത്. യഥാർത്ഥ കണക്കുകൾ ഇതിനേക്കാളധികം വരും.

ഇത്രയും വിദ്യാർത്ഥികളെ പുറത്തിരിത്തിക്കൊണ്ട് എന്ത് വിദ്യാഭ്യാസ വിപ്ലവമാണ് നടത്താനാകുക. ഈ വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിച്ചും അവർക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ആയിരുന്നു സർക്കാർ ക്ലാസുകൾ ആരംഭിക്കേണ്ടിയിരുന്നത്. കെഎസ്‌യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ഈ ആവശ്യം നേരത്തെ തന്നെ മുന്നോട്ടുവെച്ചിരുന്നു. അത് ചർച്ച ചെയ്യാനോ പരിഹരിക്കാനോ സർക്കാർ തയ്യാറായില്ല. ഇക്കാര്യങ്ങളൊന്നും മുഖവിലക്കെടുക്കാതെ ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറന്നെന്ന് മേനി നടിക്കാൻ വേണ്ടി ധൃതി പിടിച്ചെടുത്ത തീരുമാനമാണ് ഇപ്പോൾ വളാഞ്ചേരിയിൽ ഒരു പത്താംക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ കലാശിച്ചിരിക്കുന്നത്. സർക്കാറാണ് ഈ മരണത്തിന്റെ പൂർണ്ണ ഉത്തരവാദി.

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തൊരു സർക്കാറാണ് കേരളത്തിലുള്ളത്. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ ഏതെങ്കിലും തരത്തിലുള്ളൊരു മാറ്റം വരുത്തുമ്പോൾ അത് ചർച്ച ചെയ്യാനുള്ള മര്യാദ പോലും ഈ സർക്കാർ കാണിക്കുന്നില്ല. മാറ്റങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളുമൊക്കെയായി ഈ വിഷയം ചർച്ച ചെയ്ത് അവരുടെ ആശങ്കകൾ പരിഹരിച്ചിരുന്നു എങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു.

ഓൺലൈൻ സൗകര്യങ്ങളോ ടിവിയോ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം മാത്രമേ ക്ലാസുകൾ തുടങ്ങുകയുള്ളൂ എന്ന് സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ ഒരു വിദ്യാർത്ഥിയുടെ വിലപ്പെട്ട ജീവൻ രക്ഷിക്കാമായിരുന്നു. ഈ പദ്ധതി വളരെ മനോഹരവുമാകുമായിരുന്നു. എന്നാൽ അതൊന്നും ചെയ്യാതെ എല്ലാം അടിച്ചേൽപ്പിക്കുന്ന സമീപനമാണ് സർക്കാറിൽ നിന്നുണ്ടായിരിക്കുന്നത്. ഇത്തരം അടിച്ചേൽപ്പിക്കലുകളുടെ കൂടി ഫലമാണ് ഈ വിദ്യാർത്ഥിയുടെ മരണം. വിദ്യാർത്ഥിയുടെ മരണത്തിൽ കെഎസ്‌യുവിന് അതിയായ ദുഃഖമുണ്ട്. കുടുംബത്തിന്റെ വേദനയിൽ കെഎസ്‌യു പങ്ക് ചേരുന്നു.

സഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഈ സാഹചര്യം സർക്കാർ സൃഷ്ടിച്ചതാണ്. വളാഞ്ചേരിയിൽ ഇന്നലെ മരണപ്പെട്ട ദേവികയെന്ന പത്താംക്ലാസ് വിദ്യാർത്ഥി അവൾക്ക് ക്ലാസുകൾ നഷ്ടമാകുമെന്ന പേടിയാലാണ് ആത്മഹത്യ ചെയ്തത്. ഇതേ മനാസികാവസ്ഥയിൽ കേരളത്തിൽ ഇപ്പോഴും നിരവധി വിദ്യാർത്ഥികളുണ്ട്. അവരുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണം. അത് കണ്ടില്ലെന്ന് നടിക്കാൻ കെഎസ്‌യുവിനാകില്ല. ഇതേ നിലപാടുമായി മുന്നോട്ട് പോകാനാണ് സർക്കാർ ഭാവമെങ്കിൽ വലിയ പ്രക്ഷോഭങ്ങളുമായി കെഎസ്‌യു മുന്നോട്ട് വരുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വിദ്യാർത്ഥി തീക്കൊളുത്തി ആത്മഹത്യ ചെയ്തത്. ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് മകൾ ദേവിക ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാതിരുന്നതിന്റെ വിഷമം ദേവിക പങ്കുവെച്ചിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ മതിയായ സൗകര്യങ്ങളില്ലാതിരുന്നതിനാൽ വിദ്യാർത്ഥിയായ ദേവികയ്ക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ദേവിക നന്നായി പഠിക്കുമായിരുന്നെന്നും വീട്ടിലെ കേടായ ടിവി നന്നാക്കാൻ സാധിക്കാതിരുന്നതും സ്മാർട്ട് ഫോണില്ലാതിരുന്നതും വിദ്യാർത്ഥിയെ മാനസികമായി തളർത്തിയിരുന്നതായി മുത്തശ്ശി കാളിയമ്മയും പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടർന്ന് ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല. വളാഞ്ചേരി ഇരിമ്പിയം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ദേവിക. തിങ്കളാഴ്ച വൈകുന്നേരത്തോടെ ദേവികയെ കാണാനില്ലായിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിനിടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP