Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; ഈ രാഷ്ട്രീയ തന്ത്രത്തെ പെട്ടെന്ന് സ്വാഗതം ചെയ്യാൻ മറ്റ് കക്ഷികൾ കാണിച്ച വ്യഗ്രതയെ സംവരണ വിഭാഗങ്ങൾ ജാഗ്രതയോടെ കാണണം; അട്ടിമറിക്കുന്നത് പിന്നോക്ക ജനവിഭാഗങ്ങളുടെ അവസര സമത്വവും രാഷ്ട്രീയ തുല്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനത്തെ; മുന്നോക്കക്കാർക്കായുള്ള പിന്നോക്ക സംവരണത്തിനെതിരെ മതിൽ തീർക്കാൻ പുന്നല ശ്രീകുമാർ; തൽകാലം സിപിഎമ്മിനെ തള്ളി പറയില്ല

ഇത് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; ഈ രാഷ്ട്രീയ തന്ത്രത്തെ പെട്ടെന്ന് സ്വാഗതം ചെയ്യാൻ മറ്റ് കക്ഷികൾ കാണിച്ച വ്യഗ്രതയെ സംവരണ വിഭാഗങ്ങൾ ജാഗ്രതയോടെ കാണണം; അട്ടിമറിക്കുന്നത് പിന്നോക്ക ജനവിഭാഗങ്ങളുടെ അവസര സമത്വവും രാഷ്ട്രീയ തുല്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനത്തെ; മുന്നോക്കക്കാർക്കായുള്ള പിന്നോക്ക സംവരണത്തിനെതിരെ മതിൽ തീർക്കാൻ പുന്നല ശ്രീകുമാർ; തൽകാലം സിപിഎമ്മിനെ തള്ളി പറയില്ല

ആർ പീയൂഷ്

തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിന് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കാനൊരുങ്ങുകയാണ് കെപിഎംഎസ്. സംസ്ഥാന സർക്കാരിന് വേണ്ടി നവോത്ഥാനത്തിന്റെ വനിതാ മതിൽ സൃഷ്ടിക്കാൻ മുന്നിൽ നിന്ന പുന്നല ശ്രീകുമാറെന്ന കെ പി എം എസ് നേതാവിന് സംവരണ വിഷയത്തിൽ വ്യക്തമായ കാഴ്ചപാടുണ്ട്. കേന്ദ്ര സർക്കാരിന്റെ ചതിയിൽ പ്രതിപക്ഷവും വീണതിനെ ഗൗരവത്തോടെ പുന്നല കാണുന്നത്. നവോത്ഥാനത്തിന് വേണ്ടി നിലയുറപ്പിക്കുന്ന സിപിഎമ്മും വനിതാ മതിലിന് കരുത്ത് പകർന്ന പിന്നോക്കക്കാരുടെ പ്രശ്‌നങ്ങൾ കാണുന്നില്ല. സാമ്പത്തിക സംവരണമെന്ന ആർഎസ്എസ് അജണ്ടയുമായി മുന്നോട്ട് പോകുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ചതി അവരും തിരിച്ചറിഞ്ഞില്ല. എങ്കിലും സിപിഎമ്മിനെ ബോധപൂർവ്വം കടന്നാക്രമിക്കുന്നത് ഒഴിവാക്കുകായണ് പുന്നല. വനിതാ മതിലിലെ നവോത്ഥാന കരുത്തിന് വിള്ളലുണ്ടാകാതിരിക്കാനാണ് ഇത്.

പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു മുന്നോക്കക്കാർക്കായുള്ള സാമ്പത്തിക സംവരണം. ഈ രാഷ്ട്രീയ തന്ത്രത്തെ പെട്ടെന്ന് സ്വാഗതം ചെയ്യാൻ മറ്റ് കക്ഷികൾ കാണിച്ച വ്യഗ്രതയെ സംവരണ വിഭാഗങ്ങൾ ജാഗ്രതയോടെ കാണണമെന്ന അഭിപ്രായമാണ് പുന്നലയ്ക്കുള്ളത്. ഇവിടെ അട്ടിമറിക്കുന്നത് പിന്നോക്ക ജനവിഭാഗങ്ങളുടെ അവസര സമത്വവും രാഷ്ട്രീയ തുല്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനത്തെയാണെന്ന് മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പുന്നല പറയുന്നു. മുന്നോക്കക്കാരിലെ പിന്നോക്ക സംവരണത്തിനെതിരെ മതിൽ തീർക്കാൻ പുന്നല ശ്രീകുമാർ മുന്നിലുണ്ടാകും. അപ്പോഴും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താതെ പുരോഗമന പ്രസ്ഥാനങ്ങളെ അടുപ്പിച്ച് നിർത്താനാണ് പുന്നലയുടെ ശ്രമം,

സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പുന്നല ആവർത്തിക്കുന്നു. മാത്രമല്ല കേരളത്തിന്റെ സാമൂഹ്യഘടന പരിഗണിച്ച് വലിയ ഒരു വിഭാഗം അനുഭവിച്ച അയിത്തത്തിന്റേയും അനാചാരത്തിന്റേയും ഫലമായി സമൂഹത്തിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്. അധികാരത്തിൽ നിന്നും പൊതുധാരയിൽ നിന്നും അകന്ന് കഴിയേണ്ടി വന്ന ജനവിഭാഗങ്ങൾ അതിന്റെയൊരു പരിഹാരം എന്നവണ്ണം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള മാർഗവും പ്രതിവിധിയുമാണ് സംവരണം. സംവരണത്തിന്റെ മാനദണ്ഡം സാമൂഹികമായ പിന്നോക്കാവസ്ഥയാണ്. സാമ്പത്തിക പിന്നോക്കാവസ്ഥ ഒരിക്കലും സംവരണത്തിന്റെ മാനദണ്ഡമാകരുത് എന്ന് സുപ്രീംകോടതി മണ്ഡൽമകമ്മീഷന്റെ പ്രശ്നം വന്നപ്പോഴും ഇന്ദ്രാസാഹ്നിക്കേസിലും സുപ്രീംകോടതി അസന്നിഗ്ധമായി ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

കാരണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമൂഹിക പിന്നോക്കാവസ്ഥയോ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയോ ഉണ്്ടാകണമെന്നില്ല. സാമ്പത്തിക പിന്നോക്കാവസ്ഥ സ്ഥായിയായ അവസ്ഥയല്ല. സവർണവിഭാഗങ്ങൾക്ക് സമൂഹത്തിൽ ഒരു പദവി ഉണ്്ടാകും. അതുകൊണ്ടാണ് സവർണവിഭാഗങ്ങൾ സാമൂഹിക പിന്നോക്കാവസ്ഥയിൽ ഉൾപ്പെടാത്തത്. വിദ്യാഭ്യാസപരമായും സവർണവിഭാഗങ്ങൾക്ക് പിന്നോക്കാവസ്ഥ ഉണ്ടാവില്ല. പക്ഷേ നൂറ്റാണ്ടുകളായി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സംബന്ധിച്ച് അവർ സാമ്പത്തികമായി ഉയർന്നാലും ഈരണ്ട് കാര്യങ്ങളും അവർക്ക് കരഗതമായിരുന്നില്ല. വിദ്യാഭ്യാസ അവസരങ്ങൾ അവർക്ക് കുറവായിരുന്നു. ഇത്തരമൊരു അവസ്ഥയിൽ പിന്നോക്ക ജനവിഭാഗങ്ങളുടെ അവസര സമത്വവും രാഷ്ട്രീയ തുല്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ഒരു സിദ്ധാന്തമെന്ന നിലക്കാണ് ഭരണഘടന സംവരണം എന്ന സംവിധാനത്തെ വിഭാവനം ചെയ്തിട്ടുള്ളത്.

പക്ഷേ ഇപ്പോൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥ ഇല്ലാത്തവർക്ക് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സംവരണത്തിന്റെ പരിരക്ഷ ലഭ്യമാകുന്ന അവസരം വരുമ്പോൾ സമൂഹത്തിൽ വീണ്ടും വലിയ അന്തരമുണ്ടാകും. അത്തരമൊരു അവസ്ഥ ഭരണഘടനയുടെ അന്തസത്തയെ തന്നെ ഇല്ലാതാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ശേഷിക്കേ തങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഇല്ലാതിരുന്ന , അജണ്ടയിൽ ഇല്ലാതിരുന്ന മൂൻകൂട്ടി പ്രഖ്യാപിച്ചിട്ടില്ലാത്ത നയങ്ങളുടെ ഭാഗമായല്ലാത്ത സാമ്പത്തിക സംവരണം എന്ന നയം രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. പക്ഷേ ഇന്ന് രാജ്യത്ത് പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികൾ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നയുടൻ തന്നെ സ്വാഗതം ചെയ്യുന്ന വ്യഗ്രതയിലേക്ക് മാറി.

ഇത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. യഥാർത്ഥ്യത്തിൽ സാമ്പത്തിക സംവരണം എങ്ങനെയാണ് നടപ്പിലാക്കുന്നത് അതിന്റെ ലക്ഷ്യമെന്ത് നടപ്പിലാക്കുന്ന രീതി ഏത് വിധമാണ് രാജ്യത്തിന്റെ സാമൂഹികാവസ്ഥയിൽ അത് ഏത് തരത്തിൽ പ്രതിഫലിക്കും ഇത്തരം ചോദ്യങ്ങളൊക്കെ നിയമനിർമ്മാണ സഭയുടെ അകത്തും പുറത്തും ചർച്ച ചെയ്യേണ്ടതാണ്. എന്നാൽ ഇത്തരം യാഥാർത്ഥ്യങ്ങളെ യൊക്കെ അവഗണിച്ച് കേന്ദ്രസർക്കാർ പൊടുന്നെ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ മറ്റ് പാർട്ടികൾഅതിനെ സ്വാഗതം ചെയ്യാൻ കാണിക്കുന്ന വ്യഗ്രതയെ രാജ്യത്തെ സംവരണസമുദായങ്ങൾ ജാഗ്രതയോടെ കാണണം.

സിപിഎമ്മിനെ സംബന്ധിച്ച് മുന്നോക്ക വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്ന നിലപാടുള്ളവരാണ്. ദേവസ്വം ബോർഡിൽ അടക്കം അവർ ഈ നിലപാട് സ്വീകരിച്ചുണ്ട്. പക്ഷേ അവരുടെ നിലപാടിന് അന്ന് ഭരണഘടനാ ഭേദഗതിയായിരുന്നു തടസമായി നിന്നത് . അവർ അതിനായി ദേശീയ ഗവണ്മെന്റിനെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. കേന്ദ്രഗവണ്മെന്റിന്റെ ഉദ്ദേശശുദ്ധിയാണ് കണക്കിലെടുക്കേണ്ടത്. ലോക്സഭാ സമ്മേളനം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കേ കാര്യപരിപാടിയിൽ ഉൾപ്പെടാതിരുന്ന ഒരു കാര്യം അവതരിപ്പിക്കുക വഴി ബിജെപി അവരുടെ ചില പരാജയങ്ങൾ മൂടിവെക്കുകയായിരുന്നു. അലോക് വർമ്മ വിഷയവും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയും കേന്ദ്രസർക്കാരിന് തിരിച്ചടിയായിരുന്നു. ഈ തിരിച്ചടി മറക്കാനാണ് പെട്ടെന്ന് സാമ്പത്തിക സംവരണവിഷയവുമായി കേന്ദ്രസർക്കാർ രംഗത്ത് വന്നത്.

മുന്നോക്ക വിഭാഗങ്ങളുടെ വോട്ട് നേടാനുള്ള തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ് ബിജെപി സർക്കാരിന്റേത്. ലോക്സഭയിൽ പാസായ സംവരണബിൽ രാജ്യസഭയിൽ പാസാക്കാനായി രാജ്യസഭയുടെ സമയം പോലും ദീർഘിപ്പിച്ചു. പക്ഷേ ബിൽ പാസാവാൻ ഇടയില്ല. ഇനിയൊരു ബജറ്റ് സമ്മേളനത്തിന് ഈ സർക്കാരിന് കഴിയില്ല. പക്ഷേ അവരുടെ താൽക്കാലികമായ ചെലവുകൾക്ക് അംഗീകാരം നൽകാൻ വേണ്ടി , വോട്ട് ഓൺ അക്കൗണ്ട് പാസാക്കാൻ വേണ്ടി മാത്രമേ സഭ സമ്മേളിക്കാൻ കഴിയൂ. ആ സമ്മേളനത്തിൽ ഇത്തരമൊരു ചർച്ച നടത്താനും കഴിയില്ല. അപ്പോൾ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത് തങ്ങൾ സാമ്പത്തിക സംവരണത്തിന് ശ്രമിച്ചെന്നും പ്രതിപക്ഷം ആ നീക്കത്തെ പരാജയപ്പെടുത്തിയെന്നും പ്രചരിപ്പിക്കുക എന്നതാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഒരു രാഷ്ട്രീയ നീക്കം മാത്രമാണിത്.

പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. പക്ഷേ ബിജെപി മുന്നോട്ട് വെച്ച ഈ രാഷ്ട്രീയ തന്ത്രത്തെ പെട്ടെന്ന് സ്വാഗതം ചെയ്യാൻ മറ്റ് കക്ഷികൾ കാണിച്ച വ്യഗ്രതയെ സംവരണ വിഭാഗങ്ങൾ ജാഗ്രതയോടെ കാണണം. കേരളം ഒരു ചെറിയ സംസ്ഥാന മാണ്. ഇവിടെ നിന്നുള്ള ജനപ്രതിനിധികളും കുറവാണ്. അതുകൊണ്ട് തന്നെ സംവരണവിഭാഗങ്ങളുടെ ചെറുത്ത് നിൽപാണ് പരിഹാരമാർഗം. തദ്ദേശീയരായ സംവരണവിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണം. പ്രതിരോധവും ശക്തമാക്കണം. മാത്രമല്ല നിയമപരമായ വഴികൾ തേടാനും സംവരണവിഭാഗങ്ങൾ ഒന്നടങ്കം മുന്നോട്ട് വരണം.എങ്കിൽ മാത്രമേ അശാസ്ത്രീയും ഭരണഘടനാ വിരുദ്ധവുമായി സാമ്പത്തിക സംവരണത്തെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുകയുള്ളൂ-പുന്നല മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP