Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിന്നിൽ ചതി ഉണ്ടെന്നു വ്യക്തം; പിജെ ജോസഫിനെ ആരോ കരുവാക്കുന്നു; ഇപ്പോഴത്തെ പ്രശ്‌നങ്ങൾ സീറ്റ് കിട്ടാത്ത പലർക്കും ഉണ്ടായ നിരാശയിൽ നിന്നും; പാലായിലെ വിജയം ഒരു കടമ്പയെ അല്ല; പാർട്ടി അണികൾ ആഗ്രഹിക്കുന്നത് എല്ലാവരും ഒരുമിച്ച് പോണമെന്ന്; ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് പറഞ്ഞ ഉണ്ണ്യാടൻ മറുകണ്ടം ചാടിയത് ഞെട്ടിച്ചു; കേരള കോൺഗ്രസിലെ പ്രതിസന്ധികളിൽ മറുനാടനോട് പ്രതികരിച്ച് മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്

പിന്നിൽ ചതി ഉണ്ടെന്നു വ്യക്തം; പിജെ ജോസഫിനെ ആരോ കരുവാക്കുന്നു; ഇപ്പോഴത്തെ പ്രശ്‌നങ്ങൾ സീറ്റ് കിട്ടാത്ത പലർക്കും ഉണ്ടായ നിരാശയിൽ നിന്നും; പാലായിലെ വിജയം ഒരു കടമ്പയെ അല്ല; പാർട്ടി അണികൾ ആഗ്രഹിക്കുന്നത് എല്ലാവരും ഒരുമിച്ച് പോണമെന്ന്; ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് പറഞ്ഞ ഉണ്ണ്യാടൻ മറുകണ്ടം ചാടിയത് ഞെട്ടിച്ചു; കേരള കോൺഗ്രസിലെ പ്രതിസന്ധികളിൽ മറുനാടനോട് പ്രതികരിച്ച് മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരള രാഷ്ട്രീയത്തിൽ പൊടിയും പുകയും ഉയർത്തുന്ന വിധം കേരള കോൺഗ്രസ്സ് അധികാര പോരാട്ടം കോടതി തർക്കത്തിൽ വരെ എത്തിയ വേളയിൽ പാർട്ടി കൗൺസിലർക്കു വധ ഭീഷണി വരെ എത്തിയത് യുകെയിൽ നിന്നുമാണ്. അതിനർത്ഥം കേരളത്തിൽ പോലും ഇല്ലാത്ത വിധം തീവ്രമായ വിധത്തിൽ പാർട്ടിയോട് അടുപ്പവും അൽമാർത്ഥതയും കാണിക്കുന്നവർ യുകെയിൽ ഉണ്ടെന്നു തന്നെയാണ് . പിളർപ്പിന്റെ ആദ്യ ഘട്ട രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞ പാർട്ടിക്ക് ഇപ്പോൾ യുഡിഎഫിന്റെ കർശന താക്കീത് എന്ന കീമോ തെറാപ്പി ചികിത്സ നടക്കുകയാണ്. ഈ ചികിത്സ കൊണ്ട് ഫലമുണ്ടാകുമോ എന്ന് യുഡിഎഫിലെ വൈദ്യന്മാർക്കു പോലും പിടിയില്ലാത്ത സാഹചര്യത്തിലാണ് കയ്യാങ്കളി രാഷ്ട്രീയത്തിലേക്ക് വഴിമാറാൻ വരെ അവസരം ഒരുങ്ങിയിരിക്കുന്നത്.

എങ്കിലും പാർട്ടി നേതാക്കൾ ഇപ്പോഴും ആത്മവിശ്വാസം കൈവിടുന്നില്ല, എല്ലാം കലങ്ങി തെളിയും എന്ന പ്രതീക്ഷയാണ് മുതിർന്ന നേതാക്കളിൽ പലരും പ്രകടിപ്പിക്കുന്നത്. ജോസ് കെ മാണി വിഭാഗം വ്യക്താവും കടുത്തുരുത്തി എംഎൽഎയുമായ സ്റ്റീഫൻ ജോർജ് ഇപ്പോൾ ക്നാനായ കൺവഷനുമായി ബന്ധപ്പെട്ടു യുകെ സന്ദർശനത്തിലാണ്. ക്നാനായ കൺവൻഷൻ കഴിഞ്ഞു യുകെയിലെ കേരള കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയിൽ കൂടി പങ്കെടുത്ത ശേഷമേ ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ കൂടിയായ അദ്ദേഹം മടങ്ങൂ. ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാടുകൾ വ്യക്തമാക്കിയും യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് എന്ന് വെളിപ്പെടുത്തുകയാണ് മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് ബ്രിട്ടീഷ് മലയാളി റെസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോനുമായി നടത്തിയ സംഭാഷണത്തിലൂടെ:

തർക്കം സകല സീമകളും കടന്നതായി വ്യക്തം. അവശേഷിക്കുന്ന ചോദ്യം ഒന്ന് മാത്രം. ഇനി എന്ത്?

ഇപ്പോഴും ഒന്നിച്ചു പോകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രശ്നം ഇത്രയും വഷളായത് എങ്ങനെ എന്ന് മനസിലാകുന്നില്ല. പിജെയെ കുറ്റപ്പെടുത്തുന്നില്ല, മറ്റാരൊക്കെയോ കാര്യങ്ങൾ ഇങ്ങനെ ആയി തീരണം എന്നാഗ്രഹിക്കുന്നത് പോലെയാണ് തോന്നുന്നത്. ഒരു കാര്യം ഇപ്പോൾ പറയാതിരുന്നാൽ ശരിയാകില്ല. പാർട്ടി വിട്ടു പോയവർ മടങ്ങി വന്നപ്പോൾ വ്യക്തമായ ഫോർമുല ഉപയോഗിച്ചാണ് അവരെ സ്വീകരിച്ചത്. 3:1 എന്നതായിരുന്നു ഫോർമുല.

അതായതു മൂന്നു ജനറൽ സെക്രട്ടറിമാർ മാണി പക്ഷത്തിനു ലഭിക്കുമ്പോൾ ഒന്ന് ജോസഫിന്. അതിന്റെ ആനുപാതിക സംഖ്യയാണ് ഇപ്പോൾ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലും കണ്ടത്. ജോസ് കെ മാണിയെ അനുകൂലിക്കാൻ 340 ലേറെ പേർ ഉണ്ടായപ്പോൾ ജോസഫിന് വേണ്ടിയുള്ളതു നൂറോളം പേര് മാത്രമാണ്. ജോസഫ് വിഭാഗം ലയനത്തിന് വന്നപ്പോൾ ഉള്ള ശക്തി പോലും ഇപ്പോൾ ഇല്ല. ഫ്രാൻസിസ് ജോർജ്, കെ സി ജോസഫ് ഒക്കെ അതിനു ശേഷം അവരെ വിട്ടു പോയതാണ്.

ഒരു കീഴടങ്ങൽ പോലെ ഇനി ജോസഫിന് താഴേക്കിറങ്ങാൻ പറ്റുമോ. സാദ്ധ്യതകൾ മങ്ങുകയല്ലേ?

കീഴടങ്ങാൻ ഇവിടെ ചെറുതാകുകയല്ലല്ലോ. ഒരു രാഷ്ട്രീയപാർട്ടിയെ സംബന്ധിച്ചിടത്തോളം പാർലിമെന്ററി പാർട്ടി തലവൻ തന്നെയാണ് ഒന്നാമൻ. ഇവിടെ അത് ജോസഫിന് ഞങ്ങൾ എല്ലാവരും കൂടി നൽകുന്ന പദവിയാണ്. അപ്പോൾ അദ്ദേഹം തന്നെ ഒന്നാമൻ. പാർട്ടി ചെയർമാൻ സ്ഥാനം രണ്ടാമതെ വരുന്നുള്ളൂ. ഇക്കാര്യം വളരെ മുൻപേ അദ്ദേഹത്തെ ധരിപ്പിച്ചതാണ്. മാണിസാറിന്റെ 41-ാം ചരമ ദിനം സംബന്ധിച്ച ചടങ്ങുകൾക്ക് ക്ഷണിക്കാൻ പോയപ്പോഴും ഇക്കാര്യം സൂചിപ്പിച്ചതാണ്.

എന്തായിരുന്നു അപ്പോൾ മറുപടി?

ഒരു പ്രൊപോസൽ എന്ന നിലയ്ക്കാണ് ധരിപ്പിച്ചത്. പക്ഷെ അദ്ദേഹം അനുകൂലിച്ചോ പ്രതികൂലിച്ചോ അന്ന് ഒന്നും പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന് പ്രൊപോസൽ സമ്മതം അല്ലായിരുന്നു എന്നതാണ് ഇപ്പോൾ തെളിയുന്നത്. ഇതിനു പലരും അദ്ദേഹത്തെ കരുവാക്കുന്നുണ്ടാകാം. പാർലിമെന്ററി പാർട്ടി നേതൃ സ്ഥാനം വഹിക്കും, കൂടെ അദ്ദേഹം പറയുന്ന ആളെ ചെയർമാൻ ആക്കണം. ഇതാണ് ഒടുവിൽ അദ്ദേഹം പറയുന്നത്.

മകന്റെ പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ കീഴിൽ ഇരിക്കാൻ ഉള്ള ഈഗോ ആണോ പ്രശ്നം?

അങ്ങനെ തോന്നുന്നില്ല. കാരണം 1978 ളിൽ പാർട്ടി പ്രസിഡന്റ് ആയ ആളാണ് ജോസഫ്. അന്ന് അദ്ദേഹത്തിന് പ്രായം 36. ഇപ്പോൾ ജോസ് കെ മാണിക്ക് 50 വയസ്സുണ്ട്. ആണ് ആഭ്യന്തരമന്ത്രി ആയിരുന്ന മാണിസാറിന് രാജിവയ്‌ക്കേണ്ടി വന്നു. പകരം വി ടി സെബാസ്റ്റ്യൻ പാർട്ടി ചെയർമാൻ അദ്ദേഹത്തിനായി ഒഴിഞ്ഞു കൊടുത്തു. പിന്നെ കേസ് മാണിസാറിന് അനുകൂലമായി വിധിയായി.

പകരം മന്ത്രിയായ ജോസഫിന് രാജി വയ്‌ക്കേണ്ടി വന്നപ്പോൾ 36 വയസിൽ പാർട്ടി ചെയർമാൻ സ്ഥാനം ആഗ്രഹിച്ച വ്യക്തിയാണ്. തുടർന്ന് പാർട്ടി പദവിക്കു വേണ്ടി വോട്ടെടുപ്പ് നടന്നു. ഇന്നത്തെ പോലെയല്ല. രഹസ്യ ബാലറ്റാണ്. അന്ന് 56 വോട്ടിനു ജോസഫ് തോറ്റു. തുടർന്ന് എട്ടു എം എൽ എ മാരെ ഒപ്പിച്ചു പുറത്തു പോയി, തുടർന്ന് 36 വയസിൽ സ്വന്തം പാർട്ടി പ്രസിഡന്റുമായി. അങ്ങനെ ഒരാൾക്ക് 50 വയസിലെത്തിയ ജോസ് കെ മാണിയുടെ പ്രായത്തെ ഒരു പ്രശ്നമാകില്ല.

മാണിസാർ ഉണ്ടായിരുന്നപ്പോൾ കൂടെ നിന്നവരൊക്കെയാണ് ഇപ്പോൾ പാളയം മാറുന്നത്. ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ, വിക്ടർ ജോസഫ്, അങ്ങനെ നീണ്ട നിരയുണ്ട്. എന്താണ് ഇങ്ങനെ പറ്റുന്നത്?

കൂടെ നിന്ന് ചതിക്കുന്നവർ ഉണ്ടെന്നു വ്യക്തമാണ്. മാണി സാറിന്റെ മരണം നടന്നു അധികം വൈകാതെ യൂത്ത് ഫ്രണ്ട് പാലായിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് ജോയ് എബ്രഹാം, പാർട്ടി നേതാവില്ലാത്ത പ്രതിസന്ധി നേരിടുന്നില്ല, വർക്കിങ് പ്രസിണ്ടന്റ് സ്വാഭാവികമായും ചെയർമാൻ ആകും എന്ന് പറഞ്ഞത്. അത് പറയേണ്ട സാഹചര്യം അല്ലായിരുന്നു. പറഞ്ഞു ഉറപ്പിച്ചത് പോലെയാണ് അദ്ദേഹം സംസാരിച്ചത്. എം എൽഎയും എം പിയുമൊക്കെ ആക്കിയത് മാണി സാർ ആണെങ്കിലും ഒടുവിൽ രാജ്യസഭാ തനിക്കാണെന്നു അദ്ദേഹം മോഹിച്ചു. അത് കിട്ടിയില്ല. തുടർന്ന് കോട്ടയം ലോക്സഭാ സീറ്റും ആഗ്രഹിച്ചു. പ്രത്യേക സാഹചര്യത്തിൽ അതും കിട്ടിയില്ല. അതിന്റെ വൈരാഗ്യം ഉണ്ടെന്നാണ് ഇപ്പോൾ തോന്നുന്നത്.

ഉണ്ണിയാടന്റെ കാര്യം അതിലും രസകരമാണ്. പാലായിൽ മാണി സാറിന്റെ വീട്ടിൽ ഇരുന്നു രാത്രിയിൽ ജോസ് കെ മാണിയെ ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം നിർദ്ദേശിക്കുന്നതും ഉപദേശങ്ങൾ നൽകുന്നതും ഉണ്ണിയാടനാണ്. ഞാൻ അതിനു സാക്ഷി കൂടിയാണ്. ഇപ്പോൾ അദ്ദേഹത്തെ മറുഭാഗത്തും കാണുമ്പോൾ ഇതെല്ലം ഒരു തിരക്കഥയുടെ ഭാഗം ആണോ എന്നും സംശയിക്കണ്ടി വരികയാണ്. അത്ഭുതം തോന്നുകയാണ് ഇവരെ ഇങ്ങനെ ഒക്കെ കാണേണ്ടി വരുമ്പോൾ.

ജോസഫിനെ ആരെങ്കിലും വച്ച് കളിക്കുന്നതാണോ?

എന്നൊന്നും പറയാൻ പറ്റില്ല. പക്ഷെ പാർട്ടി പിടിച്ചെടുത്തേ അടങ്ങൂ എന്നൊരു ദുര്വാശിയുണ്ട്. അദ്ദേഹത്തിന്റെ അടുത്ത ആൾ എന്ന് വിശേഷിപ്പിക്കുന്ന ജോസഫ് ജോണ് ഒരു ചാനൽ ചർച്ചയിൽ വന്നിരുന്നു ഇങ്ങനെ പറഞ്ഞിരുന്നു. ഒരു ജനാധിപധ്യ ബോധവും ഇല്ലാതെയാണ് അദ്ദേഹം പെരുമാറുന്നത്. ഒരു കമ്മിറ്റി പോലും വിളിക്കാതെ സ്വയം പദവി ഏറ്റെടുത്തു ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. നിയമ സ്പീക്കർക്കും കത്തുകൊടുത്തു. ഇതൊന്നും ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. പക്ഷെ കാട്ടിയതു മര്യാദ കേടാണ്.

നിങ്ങളുടെ പോക്ക് ഇടത്തേക്കാണ് എന്നൊരു സംസാരമുണ്ടല്ലോ, അതും പാലാ ഉപ തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടാകുമോ?

ഒരിക്കലും ആലോചിക്കാതെ വിഷയമാണിത്. കേരള കോൺഗ്രസിനെ ഇരു മുന്നണികൾക്കും താൽപ്പര്യം ആണെന്നത് സത്യമാണ്. ചുരുങ്ങിയത് 20% സീറ്റുകളിൽ വിജയ പരാജയം നിർണയിക്കാൻ ഉള്ള കരുത്തുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്സ്. എന്തായാലും ഇപ്പോൾ അങ്ങനെ ഒരു ചർച്ച ഇല്ല. ഞങ്ങളെ ഈ വിഷയത്തിൽ യുഡിഎഫിലെ ഒരു നേതാവ് പോലും കുറ്റപ്പെടുത്തിയിട്ടില്ല. മാത്രമല്ല, മാണിസാറിനോടുള്ള സ്‌നേഹവും ആദരവും ജോസ് കെ മാണിക്കും യുഡിഎഫ് ലീഡര്ഷിപ് നൽകുന്നുണ്ട്. അപ്പോൾ പിന്നെ ഞങ്ങൾ മറ്റൊരു സ്ഥലം നോക്കേണ്ട കാര്യം ഇല്ലല്ലോ.

ഉപതിരഞ്ഞെടുപ്പിൽ പാലാ അത്ര നിസാരമായി കടക്കാൻ പറ്റുമോ. ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമമാത്രമായി വോട്ടു വർധന ഉണ്ടായ സാഹചര്യത്തിൽ?

54 വർഷം മാണി സാർ വിജയിച്ച മണ്ഡലമാണ്. അവിടെ മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥി എം എൽ എ യാകില്ല. ഭൂരിപക്ഷത്തിൽ ഒന്നും കാര്യം ഇല്ല. മാണിസാർ പോലും അയ്യായിരം വോട്ടിനു ചിലപ്പോൾ ജയിച്ചിട്ടുണ്ട്. ഇപ്പോൾ 34000 ആണ് ഭൂരിപക്ഷം. അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറിയും മറിഞ്ഞും ഇരിക്കും.

ഒരിക്കൽ ഉപേക്ഷിച്ചു പോയ പാർട്ടി വീണ്ടും വന്നത് നഷ്ടമായി എന്ന് തോന്നുണ്ടോ?

കേരള കോൺഗ്രസിന്റെ മടങ്ങി വരവ് വ്യക്തിപരമായി എനിക്ക് നഷ്ടം തന്നെയാണ്. പക്ഷെ പാർട്ടി എന്ന നിലയിൽ എത്രയോ വളരാൻ ഞങ്ങൾക്കായി. ഞാൻ ഏറെക്കാലം കഷ്ടപ്പെട്ട മണ്ഡലമാണ് കടുത്തുരുത്തി.. ഒരിക്കൽ ജയിച്ചു, രണ്ടു വട്ടം തോറ്റു. ലയനത്തോടെ ആ മണ്ഡലം ഒരിക്കലും തിരികെ കിട്ടാത്ത രാഷ്ട്രീയ സാഹചര്യമായി. പക്ഷെ വ്യക്തിപരമായ നഷ്ടങ്ങൾക്കും നേട്ടങ്ങൾക്കും പാർട്ടിയുടെ മുന്നിൽ സ്ഥാനമില്ല.

നിങ്ങളുടെയൊക്കെ രാഷ്ട്രീയ തമ്മിലടികൾ പൊതുസമൂഹം അറപ്പോടും വെറുപ്പോടെയും നോക്കുന്നത് തിരിച്ചറിയുന്നില്ലേ, എന്നാണ് ഇതൊക്കെ മാറുക?

പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഇതൊക്കെ പറയുന്നത് ശരിയാണ്. എന്നാൽ പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വിയർപ്പും അധ്വാനവുമാണ് ഓരോ പാർട്ടിയും. അതിനെ ഒരു ദിവസം കൊണ്ട് നഷ്ടപ്പെടുത്തിക്കളയാനാകില്ല. അനേകായിരങ്ങളുടെ പ്രതീക്ഷയും ആശ്രയവുമാണ് ഒരു പാർട്ടി. സർവൈവൽ ചെയ്യുക എന്നത് ചെറിയ കാര്യമല്ല. അതിനു എല്ലാം സഹിച്ചു നിൽക്കണം എന്ന് പറയുന്നതിലും കാര്യമില്ല. യാഥാർഥ്യവും വസ്തുതകളും തിരിച്ചറിയാൻ പൊതു സമൂഹത്തിനു എപ്പോഴുംകഴിഞ്ഞെന്നു വരില്ല. അതിനാൽ ഇത്തരം കാര്യങ്ങളിൽ പൊതുസമൂഹത്തിനു എളുപ്പത്തിൽ പ്രതികരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP