Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയ്ഹിന്ദ് ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ മോർഫ് ചെയ്തതാകാം; അനാശാസ്യമെന്ന വാർത്ത പച്ചക്കള്ളം; യുവമോർച്ച പ്രവർത്തകർ തല്ലിത്തകർത്തപ്പോൾ കച്ചവടം ഇരട്ടിയായി: വിവാദ വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഡൗൺടൗൺ റസ്‌റ്റോറന്റ് ഉടമ മറുനാടനോട്

ജയ്ഹിന്ദ് ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ മോർഫ് ചെയ്തതാകാം; അനാശാസ്യമെന്ന വാർത്ത പച്ചക്കള്ളം; യുവമോർച്ച പ്രവർത്തകർ തല്ലിത്തകർത്തപ്പോൾ കച്ചവടം ഇരട്ടിയായി: വിവാദ വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഡൗൺടൗൺ റസ്‌റ്റോറന്റ് ഉടമ മറുനാടനോട്

എം പി റാഫി

കോഴിക്കോട്: പഠനകാലം തൊട്ടേ തുടങ്ങിയതാണ് ബാസിൽ മൂസക്ക് സ്വന്തമായൊരു ബിസിനസ് സംരംഭം എന്ന മോഹം. ബിബിഎ കോഴ്‌സ് പൂർത്തീകരിച്ച ബാസിൽ പിതാവിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടു കൂടി അടുത്ത കൂട്ടുകാരെയും കുടുംബ സുഹൃത്തുക്കളെയും ബിസിനസ് പങ്കാളികളാക്കി ഇരുപത്തി നാലാം വയസ്സിലാണ് ഡൗൺ ടൗൺ റെസ്‌റ്റോറന്റ് തുടങ്ങിയത്. കൺസൾട്ടിംങ് കമ്പനികളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ സഹായം തേടാതെ ബാസിലും കൂട്ടാളികളും സ്വന്തമായി ഡിസൈൻ ചെയ്താണ് ലോഗോയും പേരും മുതൽ മെനു വരെയുള്ള കാര്യങ്ങൾ റസ്റ്റോറന്റിനായി ഒരുക്കിയത്. സ്റ്റാഫ് ആയി നാട്ടിലും വിദേശത്തും ജോലി ചെയ്തിരുന്ന ബാസിലിന് റസ്റ്റോറന്റിന്റെ പ്രവർത്തന രീതികളെ കുറിച്ചും ഉപഭോക്താക്കളുടെ മനഃശാസ്ത്രവും അറിഞ്ഞുകൊണ്ടുള്ളതായിരുന്നു പ്രവർത്തന രീതികൾ. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ട് കോഴിക്കോട്ടുകാരുടെ മനസു കീഴടക്കാൻ ഈ റെസ്‌റ്റോറന്റിനായി.

അതിനിടെയാണ് യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ചാനൽ തന്നെ കേട്ടപാതി കേൾക്കാത്ത പാതി വാർത്ത ഈ യുവസംരംഭകർക്കെതിരെ വാർത്തയുമായി രംഗത്തെത്തിയത്. വാർത്ത പൂർണ്ണമായും കാണുന്നതിന് മുമ്പ് ചാടിപ്പുറപ്പെട്ട് സദാചാര പൊലീസ് ചമഞ്ഞ യുവമോർച്ച പ്രവർത്തകർ റെസ്റ്റോറന്റ് തല്ലിത്തകർക്കുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് നേരിടേണ്ടി വന്ന മാനനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും ചാനലിനെതിരെയും യുവമോർച്ച പ്രവർത്തകർക്കെതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ബാസിലിന്റെയും കൂട്ടരുടെയും തീരുമാനം.

സ്ഥാപനത്തിന്റെ വളർച്ചക്ക് തടയിടാൻ വേണ്ടി ബോധപൂർവ്വം ആരുടെയൊക്കെയോ ശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് സ്ഥാപന ഉടമകൾ ഇപ്പോഴും വിശ്വസിക്കുന്നത്. യുവമോർച്ച പ്രവർത്തകർ റസ്റ്റോറന്റ് അടിച്ചു തകർത്തതിനു ശേഷം കച്ചവടം ഇരട്ടിയായതായാണ് ഉടമസ്ഥർ പറയുന്നത്. ഡൗൺ ടൗൺ റസ്റ്റോറന്റ് ഉടമയും കോഴിക്കോട് പയ്യോളി സ്വദേശി മണിയോത്ത് വീട്ടിൽ ബാസിൽ മൂസ സംഭവത്തെ കുറിച്ച് മറുനാടൻ മലയാളിയുമായി പങ്കുവച്ചതിങ്ങനെ:

ങ്ങളുടെ സ്ഥാപനം അടിച്ചു തകർത്തദിവസം തന്നെ ഞങ്ങൾ തുറന്ന് പ്രവർത്തിക്കുകയുണ്ടായി. ഇതറിഞ്ഞ് നമ്മുടെ സ്ഥിരം കസ്റ്റമേഴ്‌സായ നിരവധി പേർ ഫാമിലിയുമായി ഇവിടെ വന്നിരുന്നു. സോഷ്യൽ മീഡിയയിലും ഞങ്ങളെ സ്‌നേഹിക്കുന്ന അനേകം ആളുകളുടെ പിന്തുണ ഉണ്ടായിരുന്നു. അന്ന് തുറന്നത് മുതൽ ഈ സമയം വരെ നല്ല കച്ചവടം ഉണ്ടായിട്ടുണ്ട്. ഇന്നലെയും ഷോപ്പ് അടയ്ക്കുന്നത് വരെ ആളൊഴിഞ്ഞ ഒരു സമയം ഉണ്ടായിട്ടില്ല. പല ഭാഗത്തു നിന്നും ആളുകൾ എത്തി പിന്തുണ നൽകിയിട്ടുണ്ട്. ഇതോടെ ബിസിനസ് ഇരട്ടിയാവുകയേ ചെയ്തിട്ടുള്ളൂ.. ഇപ്പോൾ ആരോപിക്കുന്ന തരത്തിൽ ഞങ്ങൾ വരുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കുകയില്ലെന്ന് സ്ഥിരം വരുന്നവർക്ക് അറിയാം. ഇത് ഒരു മറവ് ചെയ്തുകൊണ്ടുള്ള സ്ഥലമല്ല. എല്ലാഭാഗത്തു നിന്നും നോക്കിയാൽ കാണുന്ന സ്ഥലമാണ്. ജയ്ഹിന്ദ് ചാനലുകാർ പറയുന്നത് ഞങ്ങൾ അവിടെ ഇങ്ങനെയുള്ള സൗകര്യം ചെയ്തുകൊടുത്തു എന്നാണ്, എങ്കിൽ ഇവർക്ക് ഒളിക്യാമറ കൊണ്ട് അത് ഷൂട്ട് ചെയ്യാൻ പറ്റില്ലല്ലോ...

ഒരു കാര്യം ഉറപ്പാണ് സ്ഥലം റെക്കോർഡ് ചെയ്ത് മോർഫ് ചെയ്ത് അതിലേക്ക് കൊണ്ടുവന്ന വീഡിയോ, അതല്ലെങ്കിൽ ഞങ്ങളുടെ ഷോപ്പ് തുറന്ന് പ്രവർത്തിക്കാത്ത സമയത്ത് ആളെ വച്ച് ചെയ്യിപ്പിച്ച വീഡിയോ ആണിത്. ഞങ്ങളുടെ ബിസിനസ് സമയത്ത് അങ്ങിനെയൊരു കാര്യം നടന്നിട്ടില്ലെന്ന് ഉറപ്പാണ്. കാരണം റോഡരികിൽ എല്ലാവർക്കും കാണുന്ന ഭാഗത്താണ് റെസ്റ്റോറന്റ് ഉള്ളത്, ഉള്ളിലാണെങ്കിൽ ക്യാമറയുണ്ട് സ്റ്റാഫാണെങ്കിൽ എപ്പോഴും ഉണ്ടാകുന്നതുമാണ്. ഈ വീഡിയോ സത്യമാണെങ്കിൽ അതിലുള്ളവരെ കുറിച്ച് അന്വേഷിക്കണം അവരിത് മനഃപൂർവ്വം ചെയ്തതാണോ ആരെങ്കിലും ചെയ്യിപ്പിച്ചതാണോ, എന്തിനിവിടെ ആ സമയത്ത് വന്നു, ഞങ്ങൾ സൗകര്യം ചെയ്തു കൊടുത്തതാണോ, ഞങ്ങളുടെ അറിവോടെയാണോ എന്നെല്ലാം അന്വേഷിച്ച് കണ്ടത്തേണ്ടതുണ്ട്. അതിനുള്ള നിയമ നടപടിയുമായി വക്കീലുമായി ആലോചിച്ച് മുന്നോട്ടു പോകാനാണ് ഞങ്ങളുടെ തീരുമാനം. ഇങ്ങനെയൊരു സംഗതി ഞങ്ങളുടെ അറിവോടെ നടന്നതാണെന്ന് തെളിയുകയാണെങ്കിൽ കച്ചവടം പൂട്ടി പോവാൻ ഞങ്ങൾ തയ്യാറാണ്.

ഞങ്ങൾക്കു സംഭവിച്ച മാനനഷ്ടത്തിനെതിരിൽ ചാനലിനെതിരെ നഷ്ട പരിഹാരത്തിനു കേസ് കൊടുക്കും. ചാനൽ വാർത്ത കണ്ടാണ് യുവമോർച്ച ഇവിടെ വന്ന് ഇതെല്ലാം തകർത്തത്. യുവമോർച്ച എന്നല്ല മറ്റ് എല്ലാ പാർട്ടികളും സംഘടനകളുമായി ഞങ്ങൾക്കു നല്ല ബന്ധമാണുള്ളത്. എല്ലാ പ്രമുഖരും ഉദ്യോഗസ്ഥരും നേതാക്കളുമെല്ലാം ഇവിടെ വരാറുള്ളതുമാണ്. ഇതുവരെ ആരുമായും ഒരു പ്രശ്‌നം ഇവിടെ ഉണ്ടായിട്ടില്ല. വാർത്ത വന്ന് പ്രകോപിതരായി അവരെത്തി ഇത്തരത്തിലെല്ലാം ചെയ്തു ഇവിടെ ഇനി അവരുടെ നില നിൽപ്പിന്റെ പ്രശ്‌നമാണല്ലോ... ഞങ്ങൾക്ക് അവർ അടിച്ചു തകർത്ത ഗ്ലാസും ഫർണിച്ചറും മാത്രമല്ല നഷ്ടമായത് വലിയ തരത്തിലുള്ള മാനനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ കസ്റ്റമേഴ്‌സിന്റെയും കോഴിക്കോട്ടെ ജനങ്ങളുടെയും പിന്തുണ കൊണ്ടാണ് ഇത്രയും എത്താൻ സാധിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങൾ സ്ഥാപനം തുടങ്ങുന്നത്. ഇത്രയും മാസങ്ങൾ കൊണ്ട് ഇവിടത്തെ ജനങ്ങൾക്ക് ഇഷ്ടപ്പെടാൻ കാരണം ഇവിടത്തെ ഗുണമേന്മയും ഭക്ഷണത്തിന്റെയും ജ്യൂസിന്റെയും പ്രത്യേകതയും തന്നെയാണ്. ഇവിടത്തെ മാത്രം ഏറ്റവും പ്രത്യേകത എന്നത് രുചികരമായ വ്യത്യങ്ങളായ ജ്യൂസുകളാണ്. ഇവിടെ കൂടുതലും വരാറുള്ളത് ഫാമിലിയാണ്. ഇത്തരത്തിലുള്ള ഒരു സ്ഥലമാണെങ്കിൽ അവിടെ ഫാമിലിയുമായി ആരെങ്കിലും വരാൻ തയ്യാറാകുമോ? കോഴിക്കോട്ടുള്ള എല്ലാ പ്രമുഖരും ഉദ്യോഗസ്ഥരും പ്രൊഫഷണൽസും ഇവിടെ വന്നിട്ടുള്ളവരാണ് ആ ജനങ്ങളോട് തന്നെ ചോദിച്ചാൽ നിങ്ങൾക്ക് കാര്യം മനസിലാകും.

വലിയ മൾട്ടി നാഷണൽ കമ്പനികൾ ഈ മേഖലയിലേക്ക് ബാംഗ്ലൂരിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമെല്ലാം ഇവിടേക്ക് വരുന്നുണ്ട് ഇത് എന്റെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഇത്തരത്തിൽ നമുക്കും ഇവിടെ തുടങ്ങിക്കൂടെ എന്ന ആശയം വരുന്നത്. ചെറുപ്പം തൊട്ടേ ബിസിനസിനോടായിരുന്നു താൽപര്യം. അങ്ങിനെയാണ് ഈ മേഖലയിൽ പരിചയ സമ്പത്തുള്ള അഞ്ചു പേരും കൂടെ കൂട്ടി ഈ സ്ഥാപനം തുടങ്ങിയത്. ഒരു വർഷം തികയും മുമ്പ് തന്നെ സ്ഥാപനത്തിന് വലിയ വളർച്ചയായിരുന്നു. ഇത് അംഗീകരിക്കാനാവാത്തവരായിരിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ വളർച്ച ആരെയൊക്കെയോ ആസൂയപ്പെടുത്തിയിട്ടുണ്ടെന്നത് നൂറ് ശതമാനം ഉറപ്പാണ്.

ജ്യൂസിലേക്കും മറ്റു ഫുഡിലേക്കും ആവശ്യമായ ചേരുവകൾ എത്തുന്നത് എറണാകുളം ലുലു മാളിൽ നിന്നും ദുബായിൽ നിന്നുമാണ്. ദുബായിൽ ഫാമിലി ബിസിനസ് തന്നെയുണ്ട്. അവിടെ നിന്നുമാണ് കൊണ്ടു വരുന്നത്. ഇപ്പോൾ വലിയ ലാഭം ലക്ഷ്യം വച്ചല്ല സ്ഥാപനം പ്രവർത്തിക്കുന്നത്. ഗുണ നിലവാരം മാത്രമാണ് പ്രധാനം. 15 ശതമാനം ലാഭം മാത്രമാണ് ഇപ്പോൾ ഇതിൽ നിന്ന് കിട്ടുന്നത്. ഇവിടത്തെ ഫുഡിന് അത്രയും അഭിപ്രായങ്ങളാണ് ജനങ്ങളുടെ ഭാഗത്തു നിന്നുള്ളത്. എല്ലാ ഇനങ്ങളും ഫസ്റ്റ് ക്വാളിറ്റിയിലാണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇപ്പോഴുണ്ടായ ആരോപണത്തിൽ ഏറ്റവും സങ്കടം എന്ന് പറയുന്നത് സ്വന്തം നാട്ടിലാണെങ്കിൽ പോലും കുറച്ച് പേരെങ്കിലും ഞങ്ങളെ സംശയത്തോടെ നോക്കാൻ ഇടവരുത്തിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയുന്നത് വരെ ഇപ്പോൾ എല്ലാവരുടെ മുന്നിലും ഞങ്ങൾ മോശക്കാരായിട്ടാണുള്ളത്. സ്ഥാപനം അക്രമിച്ചതിനെതിരിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. വീഡിയോ പുറത്ത് വിട്ട് തെറ്റിദ്ധരിപ്പിച്ച ചാനലിനെതിരെ ഞങ്ങൾ വക്കീലുമായി ആലോചിച്ച് നിയമ നടപടിയുമായി മുന്നോട്ടു പോകും. ഇതിനായി എന്റെ പിതാവ് ഇന്ന് വിദേശത്ത് നിന്നും നാട്ടിൽ എത്തിയിട്ടുണ്ട്.

ഏറ്റവും സങ്കടമായത് ജയ്ഹിന്ദ് ചാനൽ പച്ചക്കള്ളം പറഞ്ഞായിരുന്നു ഇത് പുറത്ത് വിട്ടത്. അവർപറഞ്ഞത് പലതവണ ഞങ്ങളോട് ഈ വിവരം പറഞ്ഞിരുന്നെന്നാണ്. മാത്രമല്ല ഇവിടെ ഗർഭനിരോധന ഉറകൾ വിൽക്കുന്നുണ്ടെന്നും പെൺവാണിഭ കേന്ദ്രം എന്നുമൊക്കെയായിരുന്നു ഒരു ഭക്ഷണ സ്ഥാപനത്തെ പറ്റി പറഞ്ഞുണ്ടാക്കിയത്. ഒരിക്കലും ഇത്തരത്തിലുള്ള സ്ഥലത്തേക്ക് ഫാമിലികൾ വരില്ലല്ലോ, മാത്രമല്ല ഇവിടെ വന്നവരാണ് കൂടുതലും വരുന്നത്. ഇന്നലെ വാർത്ത കണ്ട് ഒരു പാട് പുതിയ ആളുകൾ വന്നിരുന്നു പിന്തുണയുമായി.- ബാസിൽ വ്യക്തമാക്കുന്നു.

ജയ്ഹിന്ദ് ചാനൽ പുറത്തുവിട്ട വിവാദ വാർത്ത ഇങ്ങനെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP