Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതാപ് പോത്തനുയർത്തിയ ആരോപണങ്ങൾക്ക് മറുപടി നിശബ്ദത; ചെന്നൈയിൽ വളർന്നിട്ടും കാളിദാസനും മാളവികയും മലയാളം പഠിച്ചതെങ്ങനെ? മറുനാടനോട് മലയാളിയുടെ പ്രിയനടൻ ജയറാം മനസ്സ് തുറക്കുന്നു

കെ ആർ ഷൈജുമോൻ

സിനിമയിൽ വ്യത്യസ്ഥ നോക്കുന്നവരാണ് അധികവും. അതിന് കാരണവും ഉണ്ട്. ഒരേ തരം കഥാപാത്രങ്ങളെ കണ്ടു പ്രേക്ഷകർ ബോർ അടിച്ചാൽ എത്ര വലിയ താരം ആയാലും അവർ കൈവിടും. മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് വരെ ജനം ഇത്തരം ശിക്ഷ നൽകിയതിന്റെ ഫലമായി പൊളിഞ്ഞു പാളിസായ ചിത്രങ്ങളും നിർമ്മാതകളും എത്രയോ ഏറെയാണ്. എന്നാൽ രണ്ടു പതിറ്റാണ്ടിലേറെ ആയി മലയാളികൾക്കിടയിൽ ഇതിനൊരു അപവാദം ഉണ്ട്, പത്മശ്രീ ജയറാം സുബ്രമണ്യം.

അപരനിലൂടെ പത്മരാജൻ മലയാള സിനിമക്ക് സമ്മാനിച്ച താരം. മിമിക്രി വേദികളാണ് ജയറാമിെ മലയാളിക്ക് പരിചിതനാക്കിയത്. വെള്ളിത്തിരയിലേക്കുള്ള ചവടുമാറ്റം പിഴച്ചില്ല. ഇന്ന് മലയാളത്തിലെ ജനപ്രീയ നായകനാണ്. മമൂട്ടിയേയും മോഹൻലാലിനെ പോലെയും ഒക്കെ താര പരിവേഷവും സുരേഷ് ഗോപിയെ പോലെ ആക്ഷൻ ഹീറോയും ഒന്നും അല്ലെങ്കിലും മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിന്ന നടനാണ് ജയറാം. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സർ സിപി അദ്ദേഹത്തിന്റെ ഇരുന്നൂറാമത്ത് ചിത്രമാണ്. ഇതിനിടയിൽ മലയാളിയുടെ പ്രിയനടൻ ജയറാമിന്റെ പുതിയ ചിത്രം തിങ്കൾ മുതൽ വെള്ളി വരെ റിലീസിനൊരുങ്ങുകയാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രത്തിൽ റിമി ടോമിയാണ് നായിക.

തൊണ്ണൂറുകളിൽ സംവിധായകൻ രാജസേനനും ആയി തുടങ്ങിയ കൂട്ട് കെട്ടിൽ കുടുംബ കഥകൾ പറഞ്ഞു തുടങ്ങിയ ജയറാമിനെ ഇന്നും ജനം കൈവിട്ടിട്ടില്ല. എത്ര കേട്ടാലും പോരാ എന്ന തോന്നലിൽ പ്രേകഷകർ വീണ്ടും വീണ്ടും തീയേറ്ററുകളിൽ എത്തുന്നു. ഒരു മിനിമം ഗ്യാരന്റി ഉറപ്പു നൽകാൻ ജയറാം ചിത്രങ്ങൾക്ക് കഴിയുന്നതോടെ ഈ സ്വഭാവ നടനെ കൈവിടാൻ സംവിധായകരും തയ്യാറാകുന്നില്ല. വീണ്ടും അത്തരം ഒരു കഥയുമായി പ്രേക്ഷകരെ സമീപിക്കാൻ ഒരുങ്ങുകയാണ് ജയറാം. അൽപ്പ നാളത്തെ കാത്തിരിപ്പിന് ശേഷം സ്‌കൂൾ തുറക്കുന്നതിന്റെയും കാലവർഷം കലിതുള്ളി എത്തും എന്ന മുന്നറിയിപ്പിലും ഒക്കെ മലയാളികൾ കൈവിടില്ല എന്ന പ്രതീക്ഷയോടെ ഈ വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിൽ റിമി ടോമി ആദ്യമായി നായികയായി എത്തുന്ന തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലും അദ്ദേഹം കുടുംബ ബന്ധങ്ങളുടെ കഥ തന്നെയാണ് പറയുന്നത്.

മറ്റാർക്കും ലഭ്യമല്ലാത്ത ഈ ഭാഗ്യം എന്തുകൊണ്ട് ജയറാമിനെ തേടിയെത്തുന്നു? മനസ്സിലെ നന്മ എന്ന് വിമർശകർ പോലും പറയാൻ ആഗ്രഹിക്കുമ്പോൾ അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു, ഈശ്വര കടാക്ഷം. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഹിന്ദു ഐക്യ വേദിയുടെ ആദ്യ ഹിന്ദു മത പരിഷത്തിൽ വിശിഷ്ട അതിഥി ആയി എത്തിയ ജയറാം ഇന്നലെ രാവിലെ മുതൽ തിരക്കായിരുന്നു. ഒരു ദിവസത്തേക്ക് മാത്രമായി എത്തിയതിനാൽ പ്രത്യേക മൊബൈൽ കണക്ഷൻ എടുക്കാതിരുന്നതും അദ്ദേഹത്തെ പിന്തുടരാൻ പ്രയാസം സൃഷ്ടിച്ചു. രാവിലെ ലണ്ടൻ കറങ്ങാൻ ഇറങ്ങിയ ജയറാമും പാർവതിയും ഉച്ചയോടെ ഒന്ന് രണ്ടു സുഹൃത്തുക്കളെ സന്ദർശിച്ച ശേഷം വീണ്ടും ഷോപ്പിങ് തിരക്കിലേക്ക്. വൈകുന്നേരം ദുബൈ രാജ കുടുംബത്തിലെ മുതിർന്ന അംഗത്തോടൊപ്പം രണ്ട് ദിവസത്തേക്ക് യുകെയിൽ എത്തിയ പ്രവാസി വ്യവസായി എം എ യൂസഫലിയോടൊപ്പം അത്താഴം കഴിക്കാൻ ലഭിച്ച ക്ഷണം സ്വീകരിച്ച ജയറാം ഹോട്ടലിൽ എത്തിയ ഉടൻ ഏതാനും നിമിഷങ്ങൾ ടെലിഫോണിൽ മറുനാടൻ മലയാളി വായനക്കാർക്കായി കെ ആർ ഷൈജുമോനുമയി സംസാരിക്കാൻ തയ്യാറായി. അഭിമുഖം എന്ന നിലയിൽ മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യം ആയതിനാൽ സംഭാഷണത്തിന് ജയറാം തന്നെ തുടക്കമിടുക ആയിരുന്നു.

എന്റെ ഈ വരവിൽ ഏറെ പ്രത്യേകതകളുണ്ട്. മുൻപ് പലപ്പോഴും ബ്രിട്ടണിൽ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ വരവിൽ ഈശ്വര കടാക്ഷം ഏറെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ പല കാര്യങ്ങൾക്കും ഗുരുവായൂരപ്പൻ സാക്ഷിയാണ്. ഞാൻ പാർവതിയെ താലി കെട്ടിയതും ആ തിരു നടയിലാണ്. ഞങ്ങളുടെ ഓരോ വർഷവും ആരംഭിക്കുന്നത് ഗുരുവായൂർ സന്ദർശനത്തോടെയാണ്. എത്ര പ്രയാസം ഉണ്ടായാലും ക്ഷേത്ര സന്ദർശനം നടത്തുമ്പോൾ ഒരു പ്രത്യേക ആനന്ദം ലഭിക്കുന്നുണ്ട്. ഇപ്പോൾ ലണ്ടനിൽ എത്താനും അങ്ങനെ ഒരു നിമിത്തം ഉണ്ടായി എന്ന് പറയുന്നതാകും കൂടുതൽ ശരി. ഏറെക്കാലമായി അടുത്ത സുഹൃത്തായ ഹരിയേട്ടൻ ഇങ്ങനെ ഒരു കാര്യം അറിയിച്ചപ്പോൾ മറുത്തൊന്നും ചിന്തിച്ചില്ല. വിസ വൈകലും ഒക്കെയായി അൽപ്പം പ്രയസം നേരിട്ടെങ്കിലും ഗുരുവായൂരപ്പന്റെ പേരിൽ ഇവിടെ ഒരു നന്മ സംഭവിക്കുമ്പോൾ അതിൽ ഒരു കണ്ണിയായി മാറാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ട്. പരിപാടിയെക്കുറിച്ച് മറുനാടൻ മലയാളി വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഹരിയേട്ടൻ പറഞ്ഞു അറിയാൻ കഴിഞ്ഞു. നിങ്ങൾ ഒക്കെ നൽകുന്ന സ്‌നേഹത്തിനും ഏറെ നന്ദി.

മുഖവുര കഴിഞ്ഞതോടെ ഇത്രയും പോരെ എന്ന് ചോദിച്ച ജയറാമിനോട് കഴിഞ്ഞ ദിവസം അദ്ദേഹത്തെ പറ്റി സോഷ്യൽ മീഡിയ വഴി മലയാളത്തിലെ മറ്റൊരു നടനായ പ്രതാപ് പോത്തൻ നടത്തിയ വിമർശനത്തെ കുറിച്ച് അഭിപ്രായം തേടിയപ്പോൾ നമുക്ക് അതേ പറ്റി സംസാരിക്കണ്ട എന്ന സൗമ്യമായ മറുപടിയാണ് ജയറാം നൽകിയത്. എങ്കിൽ മലയാളി ഉപയോഗിക്കുന്ന ഭാഷയെ കുറിച്ചും സോഷ്യൽ മീഡിയ പോലെ ഉള്ള വേദികൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചും അഭിപ്രായം പറയാമല്ലോ എന്ന് ചോദിച്ചാൽ എന്ത് പറഞ്ഞാലും കറങ്ങി തിരിഞ്ഞു വിവാദത്തിലേക്ക് വഴി മരുന്ന് ഇട്ടേക്കും എന്ന് മനസ്സിലാക്കി നമുക്ക് മറ്റെന്തെങ്കിലും പറയാം എന്നായി ജയറാം. എങ്കിൽ പുതിയ സിനിമ തന്നെ ആകട്ടെ എന്ന് പറഞ്ഞപ്പോൾ ജയറാമിനും സന്തോഷം.

വീണ്ടും കുടുംബ ബന്ധങ്ങളുടെ കഥയും ആയാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. മലയാളിക്ക് എത്ര കേട്ടാലും കുടുംബ കഥകൾ മതിയാകില്ല. അച്ഛനും മകനും അമ്മയും മകളും എന്ന് മാത്രമല്ല കുടുംബവും ആയി ബന്ധപ്പെട്ട എന്ത് പറഞ്ഞാലും മലയാളിക്ക് ഇഷ്ടമാണ്, സന്തോഷമാണ്. ഇന്നും മലയാളിയുടെ മനസ്സിൽ നന്മയുണ്ട്. പാടവും തൊടിയും പറമ്പും തോടും ഒക്കെ മനസ്സിൽ താലോലിക്കാൻ ഓരോരുത്തരും ഇഷ്ടപ്പെടുന്നു. നിത്യ ജീവിതത്തിൽ ഈ കാഴ്ചകൾ അതിവേഗം മറയുകയാണ്. അപ്പോൾ സിനിമയിൽ ഇത്തരം കാഴ്ചകൾ കാണാൻ അവർ ആഗ്രഹിക്കുന്നു എന്നതാകം ഇത്തരം സിനിമകൾ വിജയിക്കാൻ കാരണം. വെള്ളിയാഴ്ച പുറത്തു വരുന്ന തിങ്കൾ മുതൽ വെള്ളി വരെ ഇത്തരം ഒരു രസകരമായ കഥയാണ്. ബ്രിട്ടണിൽ പടം എത്തിയാൽ എല്ലാവരും കാണണം എന്നാണ് എനിക്ക് അപേക്ഷിക്കാൻ ഉള്ളത്.

ഒരു തരത്തിൽ ഞാനും മറുനാടൻ മലയാളിയാണ്. ഏറെക്കാലമായി ചെന്നയിൽ ജീവിക്കുന്നു. പക്ഷെ എന്റെ മക്കൾ കാളിദാസും മാളവികയും തികച്ചും മലയാളി സംസ്‌ക്കാരം ഉൾക്കൊണ്ടാണ് വളർന്നിരിക്കുന്നത്. അതൊരു ഭാഗ്യം ആകാം. ഭാഷ മാത്രമല്ല വേഷവും ആഹാരവും ഒക്കെ ഇതിൽ ഉൾപ്പെടും. അവർക്ക് മലയാളവും ആയി ബന്ധപ്പെട്ട ഒന്നും മിസ് ആകാതിരിക്കാൻ ഞാനും പാർവതിയും ശ്രദ്ധിക്കുന്നു. നിങ്ങൾക്കും ഇതൊക്കെ പറ്റും. നല്ല അച്ഛനും അമ്മയും ആയി മക്കളെ വളർത്താൻ നമുക്ക് കഴിയണം. അപ്പോൾ അവർ നമ്മളിൽ നിന്നും നമ്മുടെ സംസ്‌കാരത്തിൽ നിന്നും ഏറെ അകലെയാകില്ല എന്നാണ് എന്റെ ചിന്ത. കേരളത്തിൽ പോലും കുട്ടികൾ വിദേശികൾ എന്നോ ഉപേക്ഷിച്ച സാംസ്‌കാരിക ചിഹ്നങ്ങളായ വേഷവും ആഹാരവും ഒക്കെ ആർത്തിയോടെ വാരി പുണരുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുക.''

''നാം എല്ലാവരും ചേർന്ന് ശ്രമിക്കുക. നമ്മുടെ സംസ്‌കാരം എത്ര ഉന്നതവും പരിശുദ്ധവും ആണെന്ന് മറ്റൊരു സംസ്‌ക്കാരത്തിന്റെ ഗുണവും ദോഷവും നേരിട്ട് അറിഞ്ഞു ജീവിക്കുന്ന നിങ്ങൾക്ക് നന്നായി അറിയാം. അപ്പോൾ നമ്മുടെ സംസ്‌ക്കാരത്തെ പറ്റി കുട്ടികൾക്ക് അറിവുണ്ടാകണം. അതിനായി നമ്മൾ തന്നെ ശ്രമിക്കണം. നമ്മൾ പറഞ്ഞു കൊടുക്കാതെ അവരെങ്ങനെ അതെ കുറിച്ച് അറിയും. മറ്റു സംസ്‌ക്കാരങ്ങളെ കുറിച്ച് അവർ അറിയാൻ ഇടയായി, നമ്മുടെതിനെ കുറിച്ചും ഒന്നും അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒരു ദുരന്തം തന്നെയാണ്. ഇതിനെ നമ്മൾ തിരിച്ചറിയണം, മറി കടക്കണം. എന്റെ മക്കൾ സിറ്റി ലൈഫ് അറിഞ്ഞു വളർന്നെങ്കിലും അവരുടെ ഉള്ളിൽ ഗ്രാമീണതയെ സ്‌നേഹിക്കാൻ ഞാൻ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.''

മലയാളി അടിമുടി മാറി കഴിഞ്ഞു. അതും വളരെ വേഗത്തിൽ. ആ മാറ്റത്തിൽ എല്ലാം ഉൾപ്പെട്ടു. സൗഹൃദങ്ങൾ പോലുള്ള ബന്ധങ്ങൾ തുടങ്ങി ടെക്‌നോളജി വരെ ആ മാറ്റം എത്തിയിരിക്കുന്നു. ഇന്ന് കേരളത്തിൽ ലഭ്യമല്ലാത്തതായി ഒന്നും ഇല്ല. ഇവിടെയാണ് നമ്മുടെ കുടുംബ ബന്ധങ്ങൾ പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാകുന്നത്. കുടുംബം ആണ് നമ്മുടെ അടിത്തറ എന്ന് നാം മനസ്സിലാകണം. അത് തകർന്നാൽ എല്ലാം തകർന്നു. സമൂഹത്തിലെ മാറ്റം കുടുംബങ്ങളിലും ഉണ്ടായി കഴിഞ്ഞു. എന്നാൽ ഒരു തകർച്ചയുടെ വക്കിൽ അല്ല നമ്മൾ. അതിനാൽ തിരിച്ചു പിടിക്കാനും എളുപ്പമാണ്. പക്ഷെ അതിനായി നാം ശ്രമികണം. അതുകൊണ്ടാണ് കുടുംബ ബന്ധങ്ങളുടെ കഥകൾ ഞാൻ ഇഷ്ടപ്പെടുന്നതും വീണ്ടും വീണ്ടും ചെയ്യുന്നതും. ഇക്കാരണം കൊണ്ട് തന്നെ ആകണം മലയാളികൾ ഇത്തരം കഥകൾ കൈ നീട്ടി സ്വീകരിക്കുന്നതും.-ജയറാം പറയുന്നു.

സിനിമയിൽ ടൈപ്പ ്‌ചെയ്യപ്പെടുന്നതിൽ ജയറാമിന് വിഷമമില്ല. ആ ഫ്രെയിം വർക്കിൽ തന്നെ താൻ വത്യസ്തത കണ്ടെത്തുന്നുണ്ടെന്നാണ് ജയറാമിന്റെ മറുപടി. ഒരു സ്‌പേസ് സൃഷ്ടിച്ചാൽ നമുക്ക് അതിൽ പിടിച്ചു എത്ര വേണമെങ്കിലും മുന്നോട്ടു പോകാം. ഈ സ്‌പേസിൽ ഒരിക്കലും കുറവ് ഉണ്ടാകുന്നില്ല. അച്ഛൻ, അമ്മ,മകൻ, മകൾ, കാമുകി, കാമുകൻ, അങ്ങനെ അങ്ങനെ ജീവിത കാഴ്ചകളുമായി ഈ സ്‌പേസ് വളരുകയാണ്, കാലങ്ങളോളം. അവിടെ വേഷങ്ങൾക്കും കഥകൾക്കും പഞ്ഞെമേയില്ല. അപ്പോൾ വിഷമിക്കാനും കാരണം ഇല്ല എന്ന് പറയേണ്ടി വരുമെന്നും ജയറാം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP