Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്നും ഇന്നും ഇഷ്ട നായിക ലിസി തന്നെ; കുടുംബം തകർന്നത് എന്നേയും ബാധിച്ചു; സിനിമയില്ലെങ്കിൽ ഞാനില്ല; പ്രിയനെന്ന സംവിധായകന്റെ വളർച്ചയ്ക്ക് കാരണം ലാൽ എന്ന നടൻ; 'ഒപ്പം' കരിയറിലെ ആദ്യ ഫാമിലി ക്രൈംത്രില്ലർ; ഓണച്ചിത്രങ്ങളിലെ സൂപ്പറൊരുക്കിയ പ്രിയദർശൻ മറുനാടനോട് മനസ് തുറക്കുമ്പോൾ...

അന്നും ഇന്നും ഇഷ്ട നായിക ലിസി തന്നെ; കുടുംബം തകർന്നത് എന്നേയും ബാധിച്ചു; സിനിമയില്ലെങ്കിൽ ഞാനില്ല; പ്രിയനെന്ന സംവിധായകന്റെ വളർച്ചയ്ക്ക് കാരണം ലാൽ എന്ന നടൻ;  'ഒപ്പം' കരിയറിലെ ആദ്യ ഫാമിലി ക്രൈംത്രില്ലർ; ഓണച്ചിത്രങ്ങളിലെ സൂപ്പറൊരുക്കിയ പ്രിയദർശൻ മറുനാടനോട് മനസ് തുറക്കുമ്പോൾ...

ദേവിക

പ്രിയം പ്രിയതരം പ്രിയദർശൻ... പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി 'ഒപ്പം' തിയേറ്ററിൽ... തന്റെ പ്രിയനായിക 'ലിസി'യെന്നും പ്രിയദർശൻ...ഹിറ്റുകളുടെ രാജാവ്, വൈവിദ്ധ്യതയുടെ അമരക്കാരൻ... എന്തു പറഞ്ഞാണ് ഈ സംവിധായകനെ വിവരിക്കേണ്ടതെന്ന് അറിയില്ല. മലയാളി പ്രേക്ഷകർക്ക് ഒരു പുത്തൻ ദൃശ്യാനുഭവം തന്നെ ഈ സംവിധായകൻ പകർന്നു നൽകി. മലയാളിക്ക് എന്നും എവർഗ്രീൻ ഹിറ്റായ കുറേ ചിത്രങ്ങൾ, കുറച്ചധികം മുഹൂർത്തങ്ങൾ... കിലുക്കം, ചിത്രം, തേന്മാവിൻ കൊമ്പത്ത്, വന്ദനം തുടങ്ങി ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ഈ സംവിധായകന്റെ പേരിൽ. താരം മറ്റാരുമല്ല, നമ്മുടെ സ്വന്തം പ്രിയദർശൻ. മലയാളിക്ക് പ്രിയപ്പെട്ടവനാണ് എന്നും പ്രിയദർശൻ. കാരണം മലയാളിക്ക് പ്രിയപ്പെട്ടതെല്ലാം തന്നിട്ടുണ്ട് ഈ സംവിധായകൻ.

മലയാളത്തിന്റെ പേര് ബോളിവുഡിലെത്തിച്ച ആദ്യ സംവിധായകനെന്ന ്യാതി പ്രിയദർശന് മാത്രം സ്വന്തം. മലയാളിക്ക് പ്രിയപ്പെട്ട ഒട്ടേറെ നായികമാരെ വെള്ളിത്തിരയിലേക്ക് എത്തിച്ചതും പ്രിയദർശൻ തന്നെ. ജ്യോതിക, തൃഷ അങ്ങനെ പേരുകൾ അനവധി. കളർഫുള്ളും ഭംഗിയുള്ളതുമായ ഫ്രെയിമുകൾ പ്രിയദർശൻ ചിത്രങ്ങളുടെ മാത്രം സവിശേഷതയാണ്. പുതിയ ചിത്രമായ 'ഒപ്പ'ത്തിന്റെ വിജയവും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മറുനാടൻ മലയാളിയുടെ വായനക്കാർക്കായി പ്രിയദർശൻ പങ്കുവെയ്ക്കുന്നു.

'ഒപ്പം' തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. എന്ത് തോന്നുന്നു?

(തന്റെ കറുത്ത കണ്ണട ഊരി തുടച്ചുകൊണ്ട്, നിറഞ്ഞ ചിരിയോടുകൂടി) സന്തോഷം. നിറഞ്ഞ സന്തോഷം. നമ്മൾ ചെയ്ത പടം പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുമ്പോൾ, ഐ ആം ആൽസോ ഹാപ്പി

താങ്കളുടെ ഓരോ സിനിമയിലും ഓരോ പ്രത്യേകത ഉണ്ടാവും. എന്താണ് 'ഒപ്പം' എന്ന ചിത്രത്തിന്റെ ഒരു പ്രത്യേകതയായി താങ്കൾ കാണുന്നത്?

എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ഞാൻ ഒട്ടനവധി തരത്തിലെ ചെയ്തിട്ടുണ്ട്. പിരീഡ്, റൊമാന്റിക്, സറ്റയർ അങ്ങനെ പലവിധം. എന്നാൽ 'ഒപ്പം' തീർത്തും ഒരു ത്രില്ലറാണ്. ഒരു ക്രൈം ത്രില്ലർ, എന്നാൽ ഒരു ഫാമിലി ക്രൈം ത്രില്ലർ. ഇങ്ങനെയൊരു ചിത്രം എന്റെ ഫിലിം കരിയറിൽ ആദ്യമായിട്ടാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതിന്റെ നല്ല ടെൻഷനും എനിക്ക് എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ചിത്രം ജനം സ്വീകരിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

എന്തുകൊണ്ടാണ് വീണ്ടും മോഹൻലാൽ?

(വീണ്ടും ചിരിക്കുന്നു) അത് അങ്ങനെ മനഃപൂർവ്വം സംഭവിക്കുന്നതല്ലല്ലോ. 'ഒപ്പ'ത്തിന്റെ സ്‌ക്രിപ്റ്റ് അതിനനുകൂലമായി വന്നു, അങ്ങനെ സംഭവിച്ചു. മാത്രവുമല്ല, മോഹൻലാലും ഞാനും തമ്മിലുള്ള ഒരു പരസ്പര വിശ്വാസം എന്നൊന്നുണ്ട്. അത് ഒരു പരിധി വരെ ഞങ്ങളുടെ സിനിമയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. ഞാൻ സ്‌ക്രിപ്റ്റ് പോലും മുഴുവൻ എഴുതാത്ത എത്രയോ പടങ്ങളിൽ ലാൽ അഭിനയിച്ചിരിക്കുന്നു. പക്ഷേ ആ വിശ്വാസം എന്നെ കൂടുതൽ ജോലി ചെയ്യിക്കും. അതായത് ഈ സിനിമ നന്നാക്കണം, നമ്മളെ വിശ്വസിച്ച് ഡേറ്റ് തന്നവരോടുള്ള കടപ്പാട് നിറവേറ്റണം എന്ന ബോധം ശക്തമാക്കുകയേ ഉള്ളൂ. ഒരുപക്ഷേ എനിക്ക് തോന്നുന്നു, മോഹൻലാൽ എന്ന നടന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രിയദർശന് വലിയ പങ്കൊന്നുമില്ല. പക്ഷേ, പ്രിയദർശൻ എന്ന സംവിധായകന്റെ വളർച്ചക്ക് പിന്നിൽ ലാൽ എന്ന നടന് നല്ലൊരു പങ്കുണ്ട്.

'ഒപ്പ'ത്തിലെ പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ആരാണ് ഇതിനു പിന്നിൽ?

4 മ്യൂസിക് എന്ന ബാൻഡാണ് സംഗീതം നൽകിയിരിക്കുന്നത്. വളരെ ടാലന്റഡ് ആയ ചെറുപ്പക്കാരാണ്. എം.ജി.ശ്രീകുമാർ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം പുതുമുങ്ങൾ തന്നെയാണ്. എന്തായാലും പ്രേക്ഷകർ പാട്ടുകൾ സ്വീകരിച്ചതിൽ എല്ലാവരും സന്തോഷത്തിലാണ്.

ഒരു ആകാംക്ഷ കൊണ്ട് ചോദിക്കുവാണ്, പ്രിയദർശൻ ചിത്രങ്ങളിൽ മിക്കവയിലും പണ്ടുമുതലേ എം.ജി.ശ്രീകുമാറിന്റെ ശബ്ദമാണ് കേൾക്കുന്നത്. എന്തുകൊണ്ടാണ് യേശുദാസിന്റെ ശബ്ദം താങ്കളുടെ ചിത്രങ്ങളിൽ നിന്നും മാറി നിൽക്കുന്നത്?

(എന്തോ ഒന്ന് ഓർത്ത മട്ടിൽ ചിരിച്ചുകൊണ്ട്) അത് ശെരിക്കും പഴയ കഥയാണ്, വളരെ പഴയ കഥ. അത് ഇനി പറയേണ്ട കാര്യമില്ല. അത് ഒരുവിധം എല്ലാവർക്കും അറിയാമെന്ന് തോന്നുന്നു. അത് വിട്ടേക്കൂ. (കള്ളച്ചിരിയോടെ പ്രിയൻ പറഞ്ഞൊതുക്കി) പക്ഷേ, എനിക്ക് ഇപ്പോഴും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരൻ ദാസേട്ടൻ തന്നെയാണ്. അദ്ദേഹത്തെക്കഴിഞ്ഞേ ഉള്ളൂ മറ്റേതൊരു ഗായകനും എന്നു തന്നെയാണ് എന്റെ അഭിപ്രായം.

ദാസേട്ടന്റെ പാട്ട് കേൾക്കാനിഷ്ടമാണ്, പക്ഷേ പാടിക്കാനിഷ്ടം എം.ജി.ശ്രീകുമാറിനെയാണ്. അല്ലേ?

(തന്റെ കൂളിങ് ഗ്ലാസ് പൊക്കി കണ്ണിറുക്കി അടച്ച് ഒരു തലയാട്ടൽ മാത്രമായിരുന്നു അതിനു മറുപടി

'മിന്നാരം' ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നെന്ന് കേട്ടല്ലോ...

അതൊക്കെ വെറും വാർത്തകൾ മാത്രം. ഹിന്ദി പടം ചെയ്യുന്നുണ്ട്, അടുത്ത് തന്നെ. അക്ഷയ് കുമാറിനെ വച്ചിട്ട് തന്നെ. അതിന് പക്ഷേ മിന്നാരവുമായി യാതൊരു ബന്ധവുമില്ല.

ഇഷ്ട നായിക?

(ദീർഘനിശ്വാസത്തോടെ) ഇഷ്ടനായിക അന്നും ഇന്നും എന്നും ലിസി ആയിരുന്നു. പക്ഷേ, അവർ എന്നെ വേണ്ടെന്ന് വച്ച് പോയി. . ഇപ്പോൾ അങ്ങനെ ആരും ഇഷ്ടനായികയായി ഇല്ല. പിന്നെ ടാലന്റ് വച്ച് നോക്കിയാൽ ദീപികാ പദുക്കോൺ, മഞ്ചു വാര്യർ ഇവരെയെല്ലാം ഇഷ്ടമാണ്.

സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ താങ്കളുടെ കരിയറിനെ ബാധിച്ചിരുന്നോ?

തീർച്ചയായും ബാധിച്ചിരുന്നു. അതുകൊണ്ടാണല്ലോ ഞാൻ രണ്ടര വർഷം സിനിമയിൽ നിന്ന് മാറി നിന്നത്. ഏതൊരു കലാകാരന്റെയും ശക്തി അവന്റെ കുടുംബമാണ്. അത് തകർന്നാൽ അവനും തകരും. അത് എന്നെയും ബാധിച്ചു. പിന്നെ, ജീവിതമാണ്. നമ്മൾ എല്ലാം നേരിട്ടേ പറ്റൂ... അല്ലേ? ശരിയല്ലേ?

താങ്കൾ പറഞ്ഞു കേട്ടിട്ടുണ്ട്, ചില കഥാപാത്രങ്ങളെ എഴുതുമ്പോൾ തന്നെ അത് ഇന്ന നടൻ അഭിനയിച്ചാലേ ശരിയാകൂ എന്ന് തോന്നാറുണ്ട് എന്ന്. അങ്ങനെ ഏതെങ്കിലും കഥാപാത്രങ്ങൾ 'ഒപ്പ'ത്തിൽ ഉണ്ടായിട്ടുണ്ടോ?

ഇല്ല, അങ്ങനെ ഉണ്ടായിട്ടില്ല. എന്റെ ഈ സിനിമയിൽ ഒരുപാട് പുതുമുങ്ങൾ അഭിനയിച്ചിട്ടുണ്ട്. പുതുമുങ്ങൾ എന്നു വച്ചാൽ എന്റെ സിനിമയിൽ പുതു മുങ്ങളായവർ. ചെമ്പൻ വിനോദ്, അജു വർഗീസ്, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ അങ്ങനെ മൊത്തത്തിൽ കാസ്റ്റിംഗിന്റെ കാര്യത്തിലും, പഴയ പ്രിയദർശൻ ചിത്രത്തിൽ നിന്നും തികച്ചും വിഭിന്നമാണ് 'ഒപ്പം'.

സിനിമ പ്രേക്ഷകരുടെ ഇടയിൽ നല്ല അഭിപ്രായമാണ് ഉണ്ടാക്കിയത്. മക്കൾ എന്തു പറയുന്നു?

(വീണ്ടും ചിരിക്കുന്നു) ഓ... അവർക്കൊന്നും നമ്മുടെ പടങ്ങളൊന്നും ഇഷ്ടമല്ലെന്നേ. അല്ലാതെന്താ... (ചുണ്ടിൽ വന്ന ചിരി അടക്കാതെ പ്രിയദർശൻ പറഞ്ഞു)

കുറച്ചധികം നാളുകളായി താങ്കൾ ഈ ഇൻഡസ്ട്രിയിൽ തന്നെയുണ്ട്. അതുകൊണ്ട് ചോദിക്കുവാ. പ്രിയദർശന്റെ ആത്മാവ് ഇപ്പോഴും സിനിമയാണോ?

എന്താ സംശയം? 100% ആണ്. സിനിമയില്ലെങ്കിൽ പ്രിയൻ ഇല്ല. അതിപ്പോ എപ്പോഴും സിനിമ സംവിധാനം ചെയ്യണമെന്നൊന്നും ഇല്ല. സിനിമ കണ്ടാലും മതി. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് സിനിമ. അത്രയ്ക്ക് അടുപ്പമാണ് ഞാനും സിനിമയുമായി.

ലാൽ, ശ്രീനിവാസൻ, മുകേഷ് കൂട്ടുകെട്ടിൽ ഒരു പ്രിയദർശൻ സിനിമ ഇനിയുണ്ടാകുമോ?

ഒരിക്കലുമില്ല, കാലം മാറി. അതുപോലെ തന്നെ ആളുകളും. അതുകൊണ്ട് അത് ഒരിക്കലും സാദ്ധ്യമല്ല. പിന്നെ, അന്ന് സിനിമ കാണുന്ന പ്രേക്ഷകരല്ല ഇന്ന് സിനിമ കാണുന്നത്. അതുകൊണ്ട് കാലത്തിനൊത്ത മാറ്റവും വേണമല്ലോ... എന്താ വേണ്ടേ?

പ്രിയദർശന് മറ്റുള്ളവർ നൽകിയിരിക്കുന്നത് ഒരു കൊമേഴ്‌സ്യൽ ഡയറക്ടറുടെ ടാഗ്‌ലൈൻ ആണ്. എങ്ങനെയാണ് താങ്കളിലെ സംവിധായകനെ കാണുന്നത്?

തീർച്ചയായും കൊമേഴ്‌സ്യൽ പടം ചെയ്യാനിഷ്ടപ്പെടുന്ന ഒരു ഡയറക്ടർ തന്നെയാണ് ഞാൻ. പ്രേക്ഷകരെ രസിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. അതാണ് ഉദ്ദേശവും. എന്നാൽ 'കാഞ്ചീവരം' പോലുള്ള സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്, എങ്കിലും, എന്തൊക്കെയായാലും പ്രിയദർശൻ ഒരു മാസ് ഓഡിയൻസിന്റെ ഡയറക്ടർ ആണ് എന്ന് കേൾക്കാനാണ് എനിക്കിഷ്ടം.

ഒരൊറ്റ ചോദ്യം കൂടി, എപ്പോഴും ഈ കറുത്ത കണ്ണട വച്ചാണല്ലോ താങ്കളെ കാണുന്നത്, അത്രയ്ക്കിഷ്ടമാണോ കൂളിങ് ഗ്ലാസുകൾ?

(ഉറക്കെ ചിരിച്ചുകൊണ്ട്) അത് കുട്ടിക്കാലത്ത് ക്രിക്കറ്റ് ബാൾ അടിച്ച് കണ്ണിൽ വീഴ്‌ത്തിയതാണ്. അപ്പോ ട്രീറ്റ്‌മെന്റിന്റെ ഭാഗമായി കണ്ണിൽ ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാനായി ഗ്ലാസ് വച്ച് തുടങ്ങിയതാണ്. പിന്നീട് അത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.

ശരിയാണ്. കൂളിങ് ഗ്ലാസ് വച്ച പ്രിയദർശന്റെ മുമാണ് ഏതൊരു മലയാളിക്കും ആ പേര് കേട്ടാൽ ആദ്യം ഓർമ്മ വരിക. ഇപ്പോൾ തിയേറ്ററുകളിൽ ഹൗസ്ഫുൾ ആയി ഓടുന്ന 'ഒപ്പ'ത്തിനൊപ്പമാണ് പ്രിയദർശനും കേരളീയരും. മറ്റാരും കാണാത്ത കുറ്റവാളിയിലേക്കുള്ള യാത്രയാണ് 'ഒപ്പം'. പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിന്റെ ഈ ഫാമിലി ക്രൈം ത്രില്ലർ ഏതൊരു ആസ്വാദകനെയും പിടിച്ചിരുത്തുന്നതാണെന്ന് സംശയലേശമന്യേ പറയാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP