Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടിൽ ജീവനെടുക്കിയ കർഷകരുടെ വേദനയുമായി പ്രകാശ് കോളേരി; നല്ല സിനിമകൾക്കു നിർമ്മാതാക്കളെ കിട്ടാനില്ലെന്ന് പാട്ടുപുസ്തകത്തിന്റെ സംവിധായകൻ മറുനാടൻ മലയാളിയോട്‌

വയനാട്ടിൽ ജീവനെടുക്കിയ കർഷകരുടെ വേദനയുമായി പ്രകാശ് കോളേരി; നല്ല സിനിമകൾക്കു നിർമ്മാതാക്കളെ കിട്ടാനില്ലെന്ന് പാട്ടുപുസ്തകത്തിന്റെ സംവിധായകൻ മറുനാടൻ മലയാളിയോട്‌

സുനിത ദേവദാസ്

ലയാള ചലച്ചിത്ര മേഖലയിൽ വളരെക്കുറച്ച് ചിത്രങ്ങൾ മാത്രം ചെയ്തുകൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രകാശ് കോളേരി. ചലച്ചിത്ര പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ ആറാമത്തെ ചലച്ചിത്രം പാട്ട് പുസത്കം ഇന്നലെ റിലീസായി. വയനാട്ടുകാരനായ പ്രകാശ് കോളേരി ഇത്തവണ കർഷക ആത്മഹത്യയാണ് ചലച്ചിത്രത്തിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. തന്റെ ചുറ്റും പിടഞ്ഞ് വീണ നിസ്സഹായരായ കർഷകർക്ക് പ്രകാശ് ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്. വയനാട്ടിലെ കർഷക ആത്മഹത്യയുടെ വേദനകളും വേവലാതികളും പങ്കുവയ്ക്കുന്ന, അതിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ 25 കൊല്ലമായി സിനിമകൾക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ് പ്രകാശ്. 1987ൽ സംവിധാനം ചെയ്ത മിഴിയിതളിൽ കണ്ണീരുമായി ആണ് ആദ്യ ചിത്രം. തുടർന്ന് ദീർഘസുമംഗലീ ഭവ, അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, വലതുകാൽവച്ച് എന്നിവയാണ് മറ്റ് ചിത്രങ്ങൾ. തന്റെ പുതിയ ചലച്ചിത്രത്തെക്കുറിച്ചും സിനികൾ എടുക്കുമ്പോൾ താൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പ്രകാശ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

  • പാട്ട് പുസ്തകം തിയേറ്ററിൽ എത്തിയല്ലോ? എന്താണ് പാട്ട് പുസ്തകത്തിന്റെ പ്രമേയം?

എന്റെ ഏറ്റവും പുതിയ ചിത്രം പാട്ടുപുസ്തകം ഇന്നലെ റിലീസ് ആയി. വയനാട്ടിലെ സുൽത്താൻ ബത്തേരി അതുല്യയിലാണ് ആദ്യ പ്രദർശനം. വയനാട്ടിൽ നടക്കുന്ന കർഷക ആത്മഹത്യകൾ എന്നെ വല്ലാതെ വേട്ടയാടാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള പല കർഷകരുടേയും ആത്മഹത്യ എന്നെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. കർഷകരുടെ നിസ്സഹായതയുടെ ദയനീയ ചിത്രമാണ് ഈ ആത്മഹത്യകൾ അനാവരണം ചെയ്യുന്നത്. ജീവിതത്തെക്കുറിച്ച് ഒരു പ്രത്യാശയുമില്ലാത്ത ഒരു കൂട്ടം മനുഷ്യരാണ് വയനാട്ടിലെ സാധാരണ കർഷകർ.

എന്നെ വല്ലാതെ സ്വാധീനിക്കുന്ന വിഷയങ്ങളാണ് ഞാൻ സിനിമയാക്കുന്നത്. ഒരു വയനാട്ടുകാരൻ എന്ന നിലയിൽ, വയനാട്ടിൽ സ്ഥിരതാമസമാക്കിയ ഒരാൾ എന്ന നിലയിൽ, എന്റെ കാൽച്ചുവട്ടിലാണ് ഓരോ കർഷകരും മരിച്ച് വീണത്. സാമൂഹിക ജീവി എന്ന നിലയിൽ ഇത്തരം സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. ഒരു കലാകാരൻ ആയതുകൊണ്ട് എനിക്ക് സിനിമയിലൂടെയാണ് പ്രതികരിക്കാൻ കഴിയുക. സിനിമയാണ് എന്റെ മാദ്ധ്യമം. അറിഞ്ഞുകൊണ്ടല്ലാതെ തന്നെ കർഷക ആത്മഹത്യകൾ എന്റെ സിനിമയുടെ പ്രമേയമായി മാറിയത് അങ്ങനെയാണ്. ഇതൊരു നായികാപ്രാധാന്യമുള്ള ചലച്ചിത്രമാണ്. ഒരു പെൺകുട്ടിയാണ് ഇതിന്റെ കേന്ദ്രകഥാപാത്രം.

  • പ്രകാശിന്റെ സിനിമാസങ്കല്പം എന്താണ്?

എന്നെ വല്ലാതെ പിടിച്ചുലയ്ക്കുന്ന, വേട്ടയാടുന്ന വിഷയങ്ങൾ മാത്രമാണ് ഞാൻ സിനിമകളാക്കുന്നത്. ഒരു സിനിമ എടുക്കാൻ വേണ്ടി ഞാൻ സിനിമ നിർമ്മിക്കാറില്ല. താരമൂല്യമുള്ള നായികാനായകന്മാർക്കുവേണ്ടി തിരക്കഥയെഴുതാറില്ല. ആ കഥ മാത്രമാണ് എന്റെ മനസ്സിൽ ഉണ്ടാകുക. ആ വിഷയത്തോട് നൂറ് ശതമാനം സത്യസന്ധത പുലർത്താനാണ് ഞാൻ ശ്രമിക്കുക. എന്റെ നൊമ്പരം പ്രേക്ഷകരിലേക്ക്, അതേ ആഴത്തിൽ കൃത്യമായി സംവേദിപ്പിക്കാൻ ശ്രമിക്കും. എന്റെ മുന്നിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും കുറുക്കുവഴികളുമില്ല. നല്ല സിനിമകൾ മാത്രമേയുള്ളൂ.

  • സിനിമകളെല്ലാം സാമ്പത്തികമായി പരാജയപ്പെടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വീണ്ടും വീണ്ടും സിനിമയെടുക്കാൻ പ്രകാശിനെ പ്രേരിപ്പിക്കുന്നതെന്താണ്?

കഴിഞ്ഞ 25 വർഷമായിട്ട് എന്റെ മനസ്സിൽ സിനിമകൾ മാത്രമേയുള്ളൂ. നല്ല സിനിമകളെ യാണ് സ്വപ്നം കാണുന്നതും മോഹിക്കുന്നതും കൊതിക്കുന്നതും. എന്നെ ഉറക്കത്തിൽ പോലും വേട്ടയാടുന്ന ദൃശ്യങ്ങളാണ് എന്റെ സിനിമകളായി മാറുന്നത്. പണമുണ്ടാക്കാനുള്ള ഒരു മാദ്ധ്യമമല്ല എനിക്ക് സിനിമകൾ. എന്നാൽ നല്ല സിനിമയെടുക്കാൻ നല്ല പണം ആവശ്യമാണ്. പണമില്ലാത്തതുകൊണ്ടുമാത്രം ഞാനാഗ്രഹിക്കുന്ന പല സിനിമകളും എനിക്ക് എടുക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ ആദ്യ സിനിമ മിഴിയിതളിൽ കണ്ണീരുമായി ഇറങ്ങിയപ്പോഴേ വീടും സ്ഥലവും വിൽക്കേണ്ടി വന്നു. പിന്നീട് ഓരോ സിനിമ എടുക്കുമ്പോഴും ഞാൻ പണത്തിന്റെ വില തിരിച്ചറിയുന്നു. എന്റെ സിനിമകൾ പ്രേക്ഷകനിലേക്ക് എത്തിയാൽ വിജയിക്കും. എന്നാൽ എത്തിക്കാൻ എനിക്ക് പലപ്പോഴും കഴിയുന്നില്ല.

  • എവിടെയാണ് പ്രശ്‌നം? സിനിമകൾ എടുക്കുന്നത് ആത്മസംതൃപ്തിക്കു വേണ്ടി മാത്രമല്ലല്ലോ? അതിലൂടെ സമൂഹത്തിന് വേണ്ടി ഒരു സന്ദേശം നൽകുന്നില്ലേ ആ സാഹചര്യത്തിൽ അത് ജനങ്ങളിലേക്ക് എത്തേണ്ടേ?

വേണം. തീർച്ചയായും വേണം. പ്രേക്ഷകർ സിനിമയുടെ പ്രധാന ഘടകമാണ്. എന്നാൽ സിനിമ എടുക്കുമ്പോഴും ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഡിസ്ട്രിബ്യൂഷൻ ആണ്. മാർക്കറ്റിങ്ങ് തന്ത്രങ്ങൾ എനിക്കറിയില്ല. അല്ലെങ്കിൽ വിതരണത്തിന് ആളെക്കിട്ടാൻ വേണ്ടി കഥ മാറ്റിയെഴുതാനോ താരമൂല്യമുള്ളവരെ വച്ച് പടം എടുക്കാനോ ഞാൻ തയ്യാറല്ല. എന്റെ കഥകൾക്ക് യോജിക്കുന്ന കഥാപാത്രങ്ങളെ.യാണ് എനിക്ക് വേണ്ടത്. എനിക്ക് പറയാനുള്ള കാര്യങ്ങൾ തന്ത്രങ്ങൾ ഉപയോഗിക്കാതെ ഉപാധികളില്ലാതെ ലളിതമായി പറയാൻ ഞാൻ ശ്രമിക്കുന്നു. വിതരണക്കാരൻ ഒരു സിനിമ വിതരണത്തിന് എടുക്കണമെങ്കിൽ അതിൽ താരമൂല്യമുള്ള അഭിനേതാക്കൾ വേണം. നായികാ പ്രാധാന്യമുള്ള സിനിമകൾ പോലും അവർ എടുക്കില്ല. പോസ്റ്റർ അടക്കമുള്ള കാര്യങ്ങൾ അവരാണ് തീരുമാനിക്കുന്നത്.

ചിലരെന്നോട് പറയാറുണ്ട്. നിങ്ങൾക്ക് തകര പോലെ ഒരു സിനിമ എടുത്തുകൂടെയെന്ന്. ഞാൻ എന്തിന് തകര പോലെ ഒരു സിനിമ എടുക്കണം. അതൊരു ഉദാത്ത സിനിമയാണ്. പിന്നെ്തിന് അതുപോലെയൊന്ന് വേറെ. കെജി ജോർജ്ജ് പോലും ഇപ്പോൾ സിനിമയെടുക്കുന്നില്ല. ഇത്തരം വഴങ്ങിക്കൊടുക്കലുകൾക്ക് വയ്യാഞ്ഞിട്ടാകും.

  • പാട്ട് പുസ്തകത്തിന്റെ ചിത്രീകരണവും റിലീസിങ്ങുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രയാസങ്ങൾ അനുഭവിച്ചു?

എന്റെ മനസ്സിലെ സിനികൾ താരാധിപത്യ സിനിമകൾക്ക് യോജിക്കുന്നതല്ല. നിലവിലുള്ള ഒരു താരങ്ങളെ വച്ചും സിനിമയെടുക്കാൻ എനിക്ക് ആഗ്രഹമില്ല. പാട്ട് പുസ്തകം കാണിക്കുമ്പോൾ പത്ത് മിനിട്ട് കഴിയുമ്പോൾ വിതരണക്കാർ പറയും ഇത് ടൗൺഷിപ്പിലേ ഓടൂ എന്ന്. പണത്തിന്റെ കുറവ് കൊണ്ടും ചിത്രീകരണത്തിന് കുറേ പ്രയാസപ്പെട്ടു. ഒരു കൃഷിക്കാരനോ കൃഷിമന്ത്രി പോലുമോ തങ്ങളുടെ മക്കൾ കൃഷിക്കാരനാകാൻ ആഗ്രഹിക്കുന്നില്ല. കൃഷിക്കാരന്റെ ദുരിത ജീവിതം കണ്ട് മടുത്തിട്ടാകാം അത്. വിതരണത്തിന് ആളെ കിട്ടാത്തതാണ് പ്രധാന പ്രശ്‌നം. റിലീസിങ്ങിന് പ്രയാസപ്പെട്ട് യഥാർത്ഥ പ്രേക്ഷകനിലേക്ക് സിനിമ എത്തിക്കാൻ കഴിയുന്നില്ല. പണമില്ലാതെ സിനിമ എടുക്കാൻ കഴിയില്ല. സാമ്പത്തിക ഞെരുക്കം സിനിമയിലും പ്രതിഫലിക്കും. നല്ല സിനിമകളെ സഹായിക്കാൻ ആരുമില്ല എന്നതാണ് പ്രശ്‌നം.

  • മികച്ച കലാസൃഷ്ടി എന്ന് പ്രകാശ് കോളേരി കരുതുന്നത് ഏത് തരം സിനിമകളെയാണ്?

സത്യജിത്ത് റായിയുടെ മിക്ക ചിത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിലെല്ലാം പച്ചയായ ജീവിതമുണ്ട്. വ്യത്യസ്തമായ ദൃശ്യാനുഭവങ്ങളുണ്ട്. ഒരുസന്ദേശം പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ എന്തെങ്കിലും ഒരു അറിവ് പ്രേക്ഷകന് ലഭിക്കണം എന്ന് ഞാൻ കരുതുന്നു. കുടുംബത്തോടൊപ്പം കാണാൻ കഴിയുന്നവയായിരിക്കണം അവ. നമ്മുടെ ചുറ്റും കാണുന്ന നമ്മെ നൊമ്പരപ്പെടുത്തുന്ന ഒരു ദൃശ്യം അതിൽ ഉണ്ടായിരിക്കണം. കേരള സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന തനത് സിനിമകൾ ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. പൂർത്തിയാക്കിയ 12 സ്‌ക്രിപ്റ്റുകൾ എന്റെ കയ്യിലുണ്ട്. പണമില്ലാത്തതുകൊണ്ട് ഒന്നും സിനിമയാക്കാൻ കഴിയുന്നില്ല. ഏതെങ്കിലും പ്രൊഡ്യൂസർ മുന്നോട്ട് വരികയാണെങ്കിൽ മികച്ച സിനിമകൾ ചെയ്യാൻ കഴിയും. യാതൊരു വിധ ദുരൂഹതകളുമില്ലാത്ത കൃത്യമായി സംവധിക്കുന്ന സിനിമകൾ ചെയ്യാനാണ് ആഗ്രഹം. പണം ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതല്ല, ചെലവഴിക്കാനും കൂടി ഉള്ളതാണ് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ. വേറിട്ടു നിൽക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP