Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അതാണീ ഉറുമീസ്... ഡയലോഗുകൾ കൊണ്ട് മലയാളികളെ ചിരിപ്പിച്ച പ്രേംകുമാർ ഇപ്പോൾ എവിടെയാണ്? സിനിമാ ലോകത്തെ കൈവിട്ടത് എന്തുകൊണ്ട്?

അതാണീ ഉറുമീസ്... ഡയലോഗുകൾ കൊണ്ട് മലയാളികളെ ചിരിപ്പിച്ച പ്രേംകുമാർ ഇപ്പോൾ എവിടെയാണ്? സിനിമാ ലോകത്തെ കൈവിട്ടത് എന്തുകൊണ്ട്?

രാജസേനൻ-ജയറാം കൂട്ടുകെട്ട് മലയാളസിനിമയിൽ ഒരുകാലത്തെ തരംഗം തന്നെയായിരുന്നു. ഇവരുടെ ചിത്രം പുറത്തിറങ്ങുംമുമ്പ് തന്നെ ഹിറ്റാകുമെന്ന വിലയിരുത്തൽ പ്രേക്ഷകരും നടത്തിയിരുന്നു. ഈ ചിത്രങ്ങളിലെല്ലാം നിറസാന്നിധ്യമായി, മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരു നടനുണ്ട്. തിരുവനന്തപുരം സ്വദേശിയായ പ്രേം കുമാർ.

അനിയൻ ബാവ ചേട്ടൻബാവ, ആദ്യത്തെ കണ്മണി തുടങ്ങി നിരവധി രാജസേനൻ ചിത്രങ്ങളിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കാൻ പ്രേംകുമാറിന് കഴിഞ്ഞു. റാഫി മെക്കാർട്ടിന്റെ 'പുതുക്കോട്ടയിലെ പുതുമണവാളനി'ലെ ഗാനഭൂഷണം സതീഷ് കൊച്ചിനെ ആർക്കാണ് മറക്കാനാകുക. മലപ്പുറം ഹാജി മഹാനായ ജോജിയിലെ പട്ടാളക്കാരൻ സുകുമാരനും കാണികളെ ഏറെ രസിപ്പിച്ചു.

സിനിമയിൽ തമാശയാണ് പ്രേകുമാർ അധികവും ചെയ്തത്. എന്നാൽ ജീവിതത്തിൽ ഗൗരവക്കാരനായ ഈ നടൻ ഇപ്പോൾ എവിടെയാണ്. സിനിമയിൽ നിന്ന് വിട്ടുനിന്നത് എന്തിനാണ്. ഒരു സിനിമാവാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രേംകുമാർ മനസുതുറന്നത്.

''ഞാൻ സിനിമയിൽ നിന്ന് വിട്ടുനിന്നതിനെച്ചൊല്ലി തെറ്റിദ്ധാരണകൾ ഏറെ പടർന്നു. എന്നാൽ സത്യം ആരും തിരക്കിയില്ല. ഞാൻ സിനിമ ഉപേക്ഷിച്ചിട്ടില്ല, ചെറിയ ഒരു ഇടവേള. അത് എനിക്ക് ആവശ്യമായിരുന്നു, ഇപ്പോഴും ചെറിയ വേഷങ്ങളിൽ ഞാൻ സ്‌ക്രീനിൽ തെളിയുന്നുമുണ്ട്, പക്ഷേ ആത് ആരും കാണുന്നില്ല.''-പ്രേംകുമാർ പറയുന്നു.

'എല്ലാവർക്കും വിട, ഈ പൊലീസ് സ്റ്റേഷനും വിട'- ദൂരദർശനിൽ പണ്ടുവന്ന 'ലംബോ' എന്ന സീരിയൽ ഓർമയില്ലേ. കവിയാകാനിഷ്ടമുള്ള ഒരു പൊലീസുകാരന്റെ റോൾ പ്രേംകുമാർ അവിസ്മരണീയമാക്കി. കരിയറിൽ വഴിത്തിരിവായ ഈ കഥാപാത്രത്തെക്കുറിച്ച് പ്രേം കുമാറർ പറയുന്നതിങ്ങനെ:

''സ്‌കൂൾ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് ഞാൻ ആദ്യം അഭിനയിക്കുന്ന ടെലിഫിലിമായിരുന്നു രണ്ട് പതിറ്റാണ്ട് മുമ്പ് ദൂരദർശൻ സംപ്രേഷണം ചെയ്ത ലംബോ. അതാകട്ടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ഏറെ പ്രേഷകശ്രദ്ധ നേടിയ വേഷമായിരുന്നു ലംബോയിലേത്. എനിക്ക് ഇന്ന് സിനിമാ ജീവിതത്തിൽ നിന്ന് കിട്ടിയിട്ടുള്ള എല്ലാ സൗഭാഗ്യവും ലംബോ നല്കിയതാണ്.''

എന്നാൽ പ്രേംകുമാറിന്റെ ജീവിതം ആകെ മാറ്റി മറിച്ചേക്കാമായിരുന്ന ഒരു സംരംഭമുണ്ട്. എന്തുകൊണ്ടോ അത് പൂർത്തിയാക്കാനായില്ല. അതുകൊണ്ട് മാത്രം ഇന്നും ഹാസ്യനടൻ എന്ന ലേബലിൽ പ്രേംകുമാർ ഒതുങ്ങുന്നു. സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതം ആസ്പദമാക്കി ഒരുക്കാനിരുന്ന സിനിമയിൽ സഖാവിന്റെ കഥാപാത്രമാകാൻ പ്രേംകുമാറിനെ തെരഞ്ഞെടുത്തത് പി എ ബക്കറാണ്.

''പ്രമുഖ സംവിധായകൻ പി എ ബക്കർ പി കൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി സഖാവ് എന്ന സിനിമ ഒരുക്കിയപ്പോൾ അതിൽ കൃഷ്ണപിള്ളയുടെ വേഷം ചെയ്യാൻ എന്നെയാണ് തെരഞ്ഞെടുത്തത്. ആ അനുഭവം വളരെ വലുതായിരുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചിത്രീകരണത്തിന്റെ ഉദ്ഘാടനവും നടന്നു. ഇ എം എസിന്റെ കാൽതൊട്ടാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്.''

നായകവേഷങ്ങളിൽ തിളങ്ങി നിന്ന സമയത്താണ് മലയാള സിനിമയിൽ നിന്ന് നടൻ പ്രേംകുമാർ അപ്രത്യക്ഷനായത്. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കോടെ അഭിനയം പഠിച്ച പ്രേംകുമാർ എന്തിനാണ് സിനിമ ഉപേക്ഷിച്ചത്?

''സിനിമാ ജീവിതത്തിൽ ഒരുപാട് വിധിയെഴുത്തുകൾ ഉണ്ടായിട്ടുണ്ട്. നല്ല വേഷങ്ങൾ ഒരുപാട് കിട്ടി. പക്ഷെ എന്തുകൊണ്ടോ ചില വേഷങ്ങൾ തട്ടിത്തെറിച്ചുപോയി.''

മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ പ്രേംകുമാർ പങ്കുവയ്ക്കുന്നതിങ്ങനെ:
''ദൈവത്തിൽ ഞാൻ അമിതമായി വിശ്വസിക്കുന്നു. എല്ലാം ദൈവത്തിന്റെ കരങ്ങളിൽ അർപ്പിച്ച് തന്നെയാണ് ജീവിക്കുന്നത്, പക്ഷേ ഞാനൊരു മതവിശ്വാസിയല്ല. ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു. എന്നു കരുതി ക്രിസ്തുവിന്റെ പിൻഗാമികളെന്ന് പറയുന്നവരുടെ പിന്നാലെ പോകാൻ എന്നെ കിട്ടില്ല. എന്റെ അനുഭവമാണ് എനിക്ക് ശക്തി. ഏതെങ്കിലും മതത്തെക്കുറിച്ച് നല്ലതുപറയാനോ ചീത്ത പറയാനോ എന്നെ കിട്ടില്ല. അത്തരം കാര്യങ്ങളോട് എനിക്ക് താത്പര്യമില്ല.''

സിനിമയിലെ അറിയാക്കഥകളെക്കുറിച്ചും പ്രേംകുമാറിന് ഏറെ പറയാനുണ്ട്. സ്വന്തം കിടപ്പാടവും, സ്വർണം വിറ്റപണവുമടക്കം സിനിമ പിടിച്ച് ജീവിതം നഷ്ടപ്പെട്ടുപോയ ധാരാളം നിർമ്മാതാക്കൾ കേരളത്തിലുണ്ട്. ഫാൻസ് അസോസിയേഷൻ കൊണ്ട് ഒരു ഗുണവുമില്ലെന്നും പ്രേംകുമാർ പറയുന്നു.

വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന നില്പ് സമരത്തിൽ സിനിമാക്കാരിൽ നിന്ന് ആദ്യമായി പങ്കെടുത്തത് പ്രേംകുമാറാണെന്ന സത്യവും പലർക്കും അറിയില്ല. മെഗാ സ്റ്റാർ മമ്മൂട്ടി തന്നോട് ജേഷ്ഠസഹോദരന്റെ സ്‌നേഹവാത്സല്യമാണ് കാണിക്കുന്നതെന്നും പ്രേംകുമാർ പറഞ്ഞു.

ന്യൂജനറേഷൻ സിനിമകളുടെ ഭാഗമാകാനും ഈ അനുഗൃഹീത നടന് കഴിഞ്ഞിട്ടുണ്ട്. പന്ത്രണ്ടോളം ന്യൂജനറേഷൻ സിനിമകളിൽ ഈ നടൻ അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP