Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ.. അള്ളാ.. എന്നുവിളിച്ച് കരയുമ്പോൾ കാരായി രാജൻ ആശുപത്രിയിലേക്ക് വിളിച്ചു കൊണ്ടിരുന്നു; കാരായിമാരുടെ ഫോൺ കോളുകളും കൊടിസുനിയുടെ മൊഴിയും മാത്രം മതി ഫസൽക്കേസിലെ ബന്ധം തെളിയാൻ; തന്നെ കൊലപ്പെടുത്താൻ കണ്ണൂർ ലോബി ആളെ നിയോഗിച്ചു കഴിഞ്ഞു; അന്വേഷണ വഴികൾ മറുനാടനോട് വിശദീകരിച്ച് മുൻ ഡിവൈഎസ്‌പി രാധാകൃഷ്ണൻ

വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ.. അള്ളാ.. എന്നുവിളിച്ച് കരയുമ്പോൾ കാരായി രാജൻ ആശുപത്രിയിലേക്ക് വിളിച്ചു കൊണ്ടിരുന്നു; കാരായിമാരുടെ ഫോൺ കോളുകളും കൊടിസുനിയുടെ മൊഴിയും മാത്രം മതി ഫസൽക്കേസിലെ ബന്ധം തെളിയാൻ; തന്നെ കൊലപ്പെടുത്താൻ കണ്ണൂർ ലോബി ആളെ നിയോഗിച്ചു കഴിഞ്ഞു; അന്വേഷണ വഴികൾ മറുനാടനോട് വിശദീകരിച്ച് മുൻ ഡിവൈഎസ്‌പി രാധാകൃഷ്ണൻ

യദു നാരായണൻ

തിരുവനന്തപുരം: കാരായി രാജനും ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ പങ്കുണ്ടെന്നതിന്റെ തെളിവുകൾ നിരത്തി കേസന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്‌പി കെ രാധാകൃഷ്ണൻ. ഫസൽ കൊല്ലപ്പെട്ട ദിവസത്തെ കാരായിമാരുടെ ഫോൺകോൾ വിശദാംശങ്ങളും കൊടി സുനിയുടെ മൊഴിയും പരിശോധിച്ചാൽ കാരായിമാരുടെ പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കേസന്വേഷണത്തിന്റെ ഓരോ ഘട്ടം കഴിയുന്തോറും കൊലപാതകത്തിൽ സിപിഐഎമ്മിനുള്ള പങ്ക് കൃത്യമായി മനസിലാക്കാൻ സാധിച്ചിരുന്നെന്നും രാധാകൃഷ്ണൻ പറഞ്ഞു.

ഫസൽ വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയശേഷം രാധാകൃഷ്ണന് നേരിടേണ്ടിവന്നത് കടുത്ത മാനസികസമ്മർദമാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. ഫോൺ താഴെവയ്ക്കാൻ നേരം കിട്ടിയിട്ടില്ല. ഇതിനിടെ തന്നെ കൊലപ്പെടുത്താൻ ഒരു സംഘം ക്വട്ടേഷൻ ഏറ്റെടുത്തതായുള്ള വിവരവും രാധാകൃഷ്ണനെത്തേടിയെത്തി. തിരുവനന്തപുരത്തെ ഒരു വീട്ടിൽ ആരോടും മിണ്ടാതെ കഴിയുന്ന രാധാകൃഷ്ണനെ ഞങ്ങൾ അവിടെയെത്തിയാണ് കണ്ടത്. മാധ്യമങ്ങളോട് പറഞ്ഞതിനുമപ്പുറം ഫസൽ കേസിൽ സിപിഐഎം നേതാക്കൾക്ക് പങ്കുള്ളതിന്റെ തെളിവുകൾ സംബന്ധിച്ചടക്കം നിരവധി കാര്യങ്ങൾ അദ്ദേഹത്തിന് ഞങ്ങളോട് പറയാനുണ്ടായിരുന്നു. കണ്ണൂരിൽ സിപിഐഎമ്മിനെതിരേ ശബ്ദമുയർത്തിയാൽ ഒരാളെ കൊല്ലാതെ കൊല്ലുകയെന്ന പരമ്പരാഗത രീതിയുടെ ഇരയാണ് താനെന്ന് രാധാകൃഷ്ണൻ പറയുന്നു. അന്നത്തെ തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ കൃത്യമായ തെളിവുകൾ എന്തൊക്കെയെന്ന് അദ്ദേഹം വിശദീകരിക്കുകയാണ്.

2006 ൽ ഡിസിആർബി ഡിവൈഎസ്‌പിയായിരിക്കെയാണ് ഫസലിനെ കൊലപ്പെടുത്തുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ബംഗലുരുവിൽ പോയി മടങ്ങിയെത്തിയ രാധാകൃഷ്ണൻ കിടന്നുറങ്ങുമ്പോൾ പുലർച്ചെയാണ് ഡിഐജി, ദൂതൻ വഴി തലശേരിയിലെത്താൻ പറയുന്നത്. അവിടെ എത്തിയയുടൻ ഡിഐജി അന്വേഷണച്ചുമതല ഏൽപ്പിച്ചു. സ്ഥലം ഡിവൈഎസ്‌പിയാണ് കേസന്വേഷിക്കേണ്ടതെന്ന നിയമാനുസൃത നടപടി അവഗണിച്ചായിരുന്നു ഇത്. ഡിഐജിക്കുണ്ടായിരുന്ന ഈ വിശ്വാസം തന്നെയാണ് പിന്നീട് രാധാകൃഷ്ണന് പാരയായി മാറിയതും.

കാരായിമാർ നിരപരാധികളാണെന്നും കൊലപാതകത്തിനു പിന്നിൽ ബിജെപിയാണെന്നുമുള്ള സിപിഐഎം വാദത്തെ പൊളിച്ചടുക്കുന്ന തെളിവുകളാണ് രാധാകൃഷ്ണൻ മുന്നോട്ടുവെച്ചിരിക്കുന്നത്. പിന്നീട് അന്വേഷണമേറ്റെടുത്ത സിബിഐ ഇക്കാരണം കൊണ്ടുതന്നെയാണ് കാരായിമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും രാധാകൃഷ്ണൻ പറയുന്നു. സിപിഐഎം അധികാരത്തിലേറിയ ശേഷം ആർഎസ്എസ് പ്രവർത്തൻ സുബീഷാണ് ഫസൽ വധത്തിന് പിന്നിലെന്ന മൊഴി പുറത്തുവന്നിരുന്നു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു വെളിപ്പെടുത്തലെന്നുമായിരുന്നു വാദം. എന്നാൽ ഇത് പൊലീസ് ഇടിച്ചുസമ്മതിപ്പിച്ചതാണെന്ന് സുബീഷ് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെ ശരിവെക്കും വിധമാണ് രാധാകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തൽ.

രാധാകൃഷ്ണൻ മറുനാടനോട് നടത്തിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ:

ഫസൽ വധക്കേസിൽ വരാനുണ്ടായ സാഹചര്യം. 2006 ൽ ഡിസിആർബി ഡിവൈഎസ്‌പിയായിരുന്നു. ഡിഐജി നേരിട്ടാണ് ഫസൽ വധക്കേസ് ഏൽപ്പിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനായതുകൊണ്ടാണത്. ഞാനല്ല ശരിക്കും അത് അന്വേഷിക്കേണ്ടത്. അദ്ദേഹത്തിന്റെ വിശ്വാസമാണ് എനിക്ക് പാരയായത്. ആരാണ് ഫസലിനെ കൊന്നതെന്ന് പ്രഥമദൃഷ്ട്യാ ആർക്കും മനസിലാകാത്ത സാഹചര്യമായിരുന്നു ആദ്യം. തലശേരി സിഐയാണ് നിയമാനുസൃതമായി ആ കേസ് അന്വേഷിക്കേണ്ടിയിരുന്നത്. ഗുരുതരമാണെങ്കിൽ അവിടുത്തെ ഡിവൈഎസ്‌പിയാണ് അന്വേഷിക്കേണ്ടത്.

പക്ഷെ അവർക്കു രണ്ടുപേർക്കും ചുമതല കൊടുക്കാതെ എന്നെ കേസന്വേഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. തലേന്ന് ബംഗലുരുവിൽ കേസന്വേഷണത്തിന് പോയിവന്ന് കിടന്നുറങ്ങുകയായിരുന്ന തന്നെ പുലർച്ചെ ആളെവിട്ട് വിളിപ്പിച്ച് തലശേരിയിലേക്ക് എത്താൻ പറയുകയായിരുന്നു. മരണത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. ഡിഐജി അവിടെയെത്തിയപ്പോഴാണ് അന്വേഷണം ഏൽപ്പിച്ചത്. സീനിയറായ ഡിവൈഎസ്‌പി ഉള്ളപ്പോൾ ജൂനിയറായ താൻ അന്വേഷിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചിരുന്നു. വിശ്വാസമുള്ളതുകൊണ്ടാണ് ഏൽപ്പിക്കുന്നത് എന്നായിരുന്നു മറുപടി. ഡിജിപി നിങ്ങളുടെ പേരാണ് പറഞ്ഞതെന്നും ഡിഐജി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമനനുസരിച്ചാണ് കേസ് ഏറ്റെടുക്കുന്നത്.

പുലർച്ചെയാണ് ഫസലിനെ വെട്ടിപ്പരുക്കേൽപ്പിക്കുന്നത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു. ആദ്യം പ്രഥമദൃഷ്ട്യാ ഒരു തെളിവുകളുമില്ലായിരുന്നു. ഇരുട്ടിൽത്തപ്പുകയായിരുന്നു എന്നു തന്നെ പറയാം. അന്ന് തലശേരിയിൽ പത്തുമണിക്കുശേഷം സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അനുശോചന യോഗത്തിന് ആഹ്വാനം ചെയ്തു. ഉച്ചയ്ക്കുശേഷം അത് പ്രതിഷേധമായി. വൈകിട്ടത്തെ പ്രതിഷേധയോഗത്തിൽ ഏരിയാ സെക്രട്ടറി കാരായി രാജൻ നാല് ആർഎസ്എസുകാരുടെ പേരെടുത്ത് പ്രഖ്യാപിച്ചു. അവരാണ് കൊലയാളികൾ എന്നു പറഞ്ഞു. അന്ന് രാത്രിതന്നെ നാലുപേരെയും വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോംപ്ലിസിറ്റി വെരിഫിക്കേഷൻ നടത്തി. സംഭവത്തിന് 24 മണിക്കൂർ പിന്നിലും സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും നടന്ന ചെറിയ കാര്യങ്ങൾ വരെ സ്റ്റേറ്റ്മെന്റായി റെക്കോർഡ് ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവർ പറഞ്ഞത് ശരിയാണെന്നും അവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും വ്യക്തമായി. രണ്ടുദിവസമെടുത്തു വെരിഫിക്കേഷന്. അവരെ വെറുതെവിട്ടു. ഇതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറുന്നത്.

തലശേരി മേഖലയിലെ 12 മൊബൈൽ ടവറുകൾ പരിശോധിച്ചു. അതിൽ നിന്ന് ഡീറ്റൈൽസ് എടുത്ത് എലിമിനേഷൻ നടത്തി. 360 പേരെ ചോദ്യം ചെയ്തു. കാരായി രാജന്റെ മൊബൈലിൽനിന്നും കാരായി ചന്ദ്രശേഖരന്റെ മൊബൈലിലേക്ക് ഫസലിന് വധിക്കുന്നതിന് മുമ്പ് ഒരു ഫോൺ പോയി. മരിക്കുന്നതിന് മുമ്പ് ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കും കോൾ പോയി. ഫസലിന് വെട്ടേറ്റ ശേഷം വീണ്ടും ആശുപത്രിയിലേക്ക് നാലഞ്ചുതവണ വിളി പോയി. കാരായി രാജൻ എന്താവശ്യത്തിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് വിളിച്ചതെന്നായിരുന്നു സ്വാഭാവികമായുണ്ടായ സംശയം. രാവിലെ ചന്ദ്രശേഖരനെ വിളിച്ചതെന്തിനായിരുന്നു എന്നും സംശയമുണർന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ അള്ളാ എന്നുവിളിച്ച് കരയുന്നുണ്ട്. ഈ സമയത്തൊക്കെയും കാരായി രാജൻ ആശുപത്രിയിലേക്ക് ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതെന്തിനാണെന്ന് ഏഴാമത്തെ ദിവസത്തെ കേസ് ഡയറിയിൽ എഴുതിയിട്ടുമുണ്ട്.

അവിടം മുതലാണ് സിപിഐഎം നേതാക്കളിലേക്ക് അന്വേഷണം തിരിയുന്നത്. ഇതിന് നാലോ അഞ്ചോ ദിവസം മുമ്പ് സിപിഐഎമ്മിന് വേണ്ടി ബോംബ് നിർമ്മാണത്തിനും മറ്റും പോയിരുന്ന പഞ്ചാര ഷിനിൽ എന്നയാൾ കാരായി രാജനറിയാതെ ഒരു കൊലപാതകവും നടക്കില്ലെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാൽ അയാൾ പാർട്ടിയിൽ നിന്ന് വ്യതിചലിച്ച് നിന്നിരുന്നയാളായിരുന്നതിനാൽ അന്നത് കാര്യമാക്കിയില്ല. അതുപോലെ വത്സരാജക്കുറുപ്പ് എന്ന ആർഎസ്എസ് പ്രവർത്തകനായ അഭിഭാഷകനും അയാളുടെ സുഹൃത്തായ ഡിവൈഎഫ്ഐ പ്രവർത്തകനായ മറ്റൊരു അഭിഭാഷകനും കാരായിയെക്കുറിച്ച് പറഞ്ഞിരുന്നു. കാരായി രാജനാണ് ഇവിടുത്തെ പ്രധാനപ്പെട്ട മാനിപ്പുലേറ്ററെന്നും അയാളെ ഫോക്കസ് ചെയ്യണമെന്നും അവർ നിർദ്ദേശിച്ചു. പക്ഷെ, രാഷ്ട്രീയ വിദ്വേഷമോ വ്യക്തിവിരോധമോ ആണെന്നാണ് അന്ന് വിചാരിച്ചത്. എന്നാൽ ഫോൺ റെക്കോർഡ് കിട്ടിയതോടെ അവരിലേക്ക് അന്വേഷണം നീങ്ങാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് കേസന്വേഷണം തന്നിൽ നിന്ന് മാറ്റിയത്. കാരായിമാർക്കെതിരേ വിവരം നൽകിയിരുന്ന പഞ്ചാരഷിനിലും വത്സരാജക്കുറുപ്പും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്തു.

ഒമ്പതാം ദിവസം വൈകിട്ട് മൂന്നുമണിക്കുശേഷമാണ് കൊടിസുനിയെ അനൗദ്യോഗികമായി കസ്റ്റഡിയിലെടുത്തത്. അയാൾ കാരായി ചന്ദ്രശേഖരനെതിരേ മൊഴിനൽകി. ഇത് എസ്‌പിയെയും ഡിഐജിയെയും അറിയിച്ചു. അവർ അറസ്റ്റു ചെയ്യാൻ പറഞ്ഞു. പക്ഷെ അത് വേണ്ട തെളിവുകൾ ശേഖരിക്കുന്നതുവരെ കാത്തിരിക്കാമെന്ന് അന്ന് അർധരാത്രിയോടെ തീരുമാനമെടുക്കുന്നു. എന്നാൽ രാവിലെ പത്തുമണിയോടെ തലശേരിയിൽ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ഗസ്റ്റ് ഹൗസിലെത്തി കാണാൻ ആവശ്യപ്പെട്ടു. മുകളിലെ നിലയിലെ വിഐപി റൂമിലായിരുന്നു കൂടിക്കാഴ്ച. എന്തായി അന്വേഷണമെന്ന് കോടിയേരി ചോദിച്ചു, ചില തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞതോടെ അൽപ്പസമയത്തെ ആലോചനക്കുശേഷം അന്വേഷണം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം വരുമെന്നു പറഞ്ഞതോടെ അവിടെ നിന്നിറങ്ങി.

പുറത്തിറങ്ങുമ്പോൾ വാതിൽക്കൽ, കാരായി രാജൻ എല്ലാം കണ്ടുനിൽക്കുന്നുണ്ടായിരുന്നു. കൊടിസുനി കസ്റ്റഡിയിലുണ്ടല്ലേ എന്ന ഒറ്റച്ചോദ്യമേ കാരായി ചോദിച്ചുള്ളു, ഉണ്ടെന്ന മറുപടിയും നൽകി.

പന്ത്രണ്ടുമണിയായപ്പോഴേക്കും അന്വേഷണത്തിൽ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. അതുകഴിഞ്ഞാണ് ഡിസംബർ 14 ന് തളിപ്പറമ്പിൽ വെച്ച് അക്രമമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP