Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശീന്ദ്രൻ സത്യസന്ധൻ; എന്നെ സഹായിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല; മൊഴികളിലും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടുമില്ല; അതുകൊണ്ട് തന്നെ അയാളോട് മനോവിഷമവുമില്ല; എളമരത്തിന് കാശ് കൊടുക്കാൻ എനിക്ക് ദൂതന്റെ ആവശ്യവുമില്ല; മലബാർ സിമന്റ്‌സിലെ ക്രമക്കേടിനും അഴിമതിക്കും ഉത്തരവാദി സുന്ദരമൂർത്തി; വിവാദവ്യവസായി വി. എം. രാധാകൃഷ്ണൻ മറുനാടനോട്

ശശീന്ദ്രൻ സത്യസന്ധൻ; എന്നെ സഹായിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല; മൊഴികളിലും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടുമില്ല; അതുകൊണ്ട് തന്നെ അയാളോട് മനോവിഷമവുമില്ല; എളമരത്തിന് കാശ് കൊടുക്കാൻ എനിക്ക് ദൂതന്റെ ആവശ്യവുമില്ല; മലബാർ സിമന്റ്‌സിലെ ക്രമക്കേടിനും അഴിമതിക്കും ഉത്തരവാദി സുന്ദരമൂർത്തി; വിവാദവ്യവസായി വി. എം. രാധാകൃഷ്ണൻ മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഉന്നതരാഷ്ട്രീയ ബന്ധമുള്ള വ്യവസായിയാണ് വി എം. രാധാകൃഷ്ണൻ. മലബാർ സിമന്റുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ചാക്ക് രാധാകൃഷ്ണനെന്ന വിളിപ്പേരുള്ള ഇദ്ദേഹത്തിന്റെ പേര് ഉയർന്നു കേൾക്കുന്നു. മലബാർ സിമന്റ്‌സിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം വി എം രാധാകൃഷ്ണനെന്ന തരത്തിലാണ് മാദ്ധ്യമങ്ങൾ പലപ്പോഴും ചർച്ച ചെയ്യുന്നത്. പക്ഷേ തനിക്ക് മലബാർ സിമന്റ്‌സിലെ വിവാദങ്ങളിൽ ഒരു പങ്കുമില്ലെന്ന് രാധാകൃഷ്ണൻ പറയുന്നു. മലബാർ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ വ്യവസായ മന്ത്രിയും സിപിഐ(എം). കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീമിന് വ്യവസായി വി എം. രാധാകൃഷ്ണൻ പണം കൈമാറിയെന്ന് വെളിപ്പെടുത്തുന്ന മുൻ എം.ഡി. എം. സുന്ദരമൂർത്തിയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറുനാടൻ മലയാളിയോട് രാധാകൃഷ്ണൻ കാര്യങ്ങൾ വിശദീകരിക്കുന്നത്.

വ്യവസായ മന്ത്രിയായിരിക്കെ 2010ൽ എളമരം കരീം സെയിൽസ് ഓഫീസ് ഉദ്ഘാടനത്തിന് മലബാർ സിമന്റ്‌സ് സന്ദർശിച്ചപ്പോഴാണ് പണമടങ്ങിയ കവർ കൈമാറിയത്. വി എം. രാധാകൃഷ്ണൻ നൽകിയ കവർ ആനന്ദൻ എന്നയാളാണ് ഏല്പിച്ചത്. ഇത് എളമരം കരീമിന് നൽകാനായി രാധാകൃഷ്ണൻ ഫോണിലൂടെ ആവശ്യപ്പെട്ടതായും എം. സുന്ദരമൂർത്തിയുടെ കുറിപ്പിൽ പറയുന്നു. വാളയാർ ഗസ്റ്റ് ഹൗസിൽ വച്ചാണ് പണം കൈമാറിയത്. രാധാകൃഷ്ണന്റെ അനുവാദത്തോടെയാണ് നിയമനങ്ങളും സ്ഥലംമാറ്റവുമെല്ലാം നടന്നിരുന്നതെന്നും സുന്ദരമൂർത്തി മൊഴിയിൽ പറയുന്നു. കുറ്റസമ്മത കുറിപ്പ് എം.ഡി. പത്മകുമാർ സിബിഐ.ക്ക് കൈമാറിയതിനെത്തുടർന്ന്, പിന്നീട് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേട്ട് 2013 ഏപ്രിലിൽ സുന്ദരമൂർത്തിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഈ മൊഴി പുറത്തു വന്നതോടെ ചാക്ക് രാധാകൃഷ്ൺ വീണ്ടും ചർച്ചകളിലെത്തി.

തനിക്ക് ചാക്കെന്ന പേര് വീണതിനെ കുറിച്ചും മറ്റ് സമകാലീക വിവാദങ്ങളോടും വി എം രാധാകൃഷ്ണൻ പ്രതികരിക്കുകയാണ്. ഒരുകാലത്തും ചാക്ക് പെറുക്കി വിറ്റിട്ടില്ലെന്ന് വ്യവസായി വി എം. രാധാകൃഷ്ണൻ. സൈക്കിളിൽ ചാക്ക് കൊണ്ടുനടന്ന് വിൽപ്പന നടത്തേണ്ടിയും വന്നിട്ടില്ല...മലബാർ സിമന്റ്‌സിൽ ചാക്കു വിറ്റുനടന്നു കച്ചവടം തുടങ്ങിയതുകൊണ്ടാണു ചാക്കു രാധാകൃഷ്ണനെന്ന പേരു വീണതെന്ന വാർത്തകളോടുള്ള രാധാകൃഷ്ണൻ പ്രതികരണമിങ്ങനെയാണ്. താൻ ജീവിതം ആരംഭിച്ചത് അദ്ധ്യാപകനായിട്ടാണ്. അച്ഛൻ കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്നു. കുറച്ചുകാലം വിദേശത്ത് ജോലി ചെയ്തു. മടങ്ങിയെത്തിയശേഷം സുഹൃത്തുക്കൾക്കുവേണ്ടി ഒരു വ്യവസായശാല തുടങ്ങി. അതിന്റെ സമ്പൂർണ നിയന്ത്രണവും മേൽനോട്ടവും സ്വയം നിർവഹിച്ചു.

പിന്നീട് വ്യാപാരരംഗത്തേക്ക് കടന്നു. ഞാൻ കൈവയ്ക്കാത്ത മേഖലകളില്ല. വാഹന കച്ചവടത്തിലും ഭൂമി കച്ചവടത്തിലും ഇടനിലക്കാരനായി. ലാമിനേഷൻ ബിസിനസ് ചെയ്തു. മരുന്ന് മൊത്തവ്യാപാരവും നടത്തി. പത്രങ്ങൾക്ക് പരസ്യം പിടിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകളുടെ കമ്മീഷൻ ഏജന്റായും പ്രവർത്തിച്ചു. പിന്നീട് സിമന്റ് ബാഗ് ഫാക്ടറിയിൽ പങ്കാളിയായി. ഇപ്പോൾ ബിൽഡർ, പ്രമോട്ടർ, ലാൻഡ് ഡെവലപ്പർ, പി.ഡബ്ലിയു.ഡി കരാറുകാരൻ, ഇലക്ട്രിസിറ്റി ബോർഡ് കരാറുകാരൻ, റെസ്റ്റോറന്റുകൾ തുടങ്ങി വ്യവസായ ശൃംഖലകളുടെ തലപ്പത്തിരിക്കുമ്പോഴും വിവാദങ്ങൾ വിട്ടൊഴിയാത്ത വി എം. രാധാകൃഷ്ണൻ മറുനാടൻ മലയാളിയോട് മനസുതുറന്നു. അഭിമുഖത്തിലേക്ക്...

? മലബാർ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും രണ്ടുകുട്ടികളുടെയും ദുരൂഹമരണത്തെ തുടർന്നാണ് താങ്കൾക്കെതിരെയുള്ള ആരോപണങ്ങൾ രൂക്ഷമായത്. അതേപ്പറ്റി എന്തുപറയുന്നു.

= ശശീന്ദ്രൻ കമ്പനിയിലെ സത്യസന്ധനായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട് ഞാൻ പ്രതിയായ മൂന്ന് വിജിലൻസ് കേസുകളിൽ മൊഴി നൽകിയിട്ടുള്ള ആളാണ് അദ്ദേഹം. ഈ കേസുകളിൽ 25 മുതൽ 33 വരെ സാക്ഷികളുണ്ട്. ഇതിൽ ഒരാൾ മാത്രമാണ് ശശീന്ദ്രൻ. കമ്പനിയിൽ ജോലിയിലിരിക്കെയും രാജിവച്ചശേഷവും അദ്ദേഹം വിജിലൻസ് ഉദ്യോഗസ്ഥർ മുമ്പാകെ ഈ കേസുകളിൽ മൊഴി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിന് രണ്ടുമാസം മുമ്പാണ് ഏറ്റവും ഒടുവിൽ മൊഴി നൽകിയത്. ആകെ 34 ഓളം സ്റ്റേറ്റ്‌മെന്റുകൾ അദ്ദേഹം വിജിലൻസിന് നൽകി. ഇതെല്ലാം കോടതിയിൽ സമർപ്പിക്കപ്പെട്ടു. ഇങ്ങനെ കോടതി മുമ്പാകെ എത്തപ്പെട്ട ശശീന്ദ്രന്റെ മൊഴികളിലൊന്നും എന്നെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്ന ഒരുപരാമർശം പോലുമില്ല. അതുകൊണ്ട് ഇദ്ദേഹത്തോട് മനോവിഷമം തോന്നേണ്ട ഒരു കാരണവും ഉണ്ടായിട്ടില്ല.

ജോലിയിൽ നിന്നും രാജിവച്ച ഇദ്ദേഹം ജോലി തിരിച്ചുകിട്ടാൻ ആഗ്രഹം പ്രകടിപ്പിച്ച് അപേക്ഷ നൽകിയിരുന്നു എന്ന് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച രേഖകളിൽ കാണുന്നു. രോഗം മൂലവും വ്യാകുലമായ മനസിനാലുമാണ് പെട്ടെന്ന് രാജിക്കത്ത് നൽകിയതെന്നാണ് ഇതിൽ കാണുന്നത്. അതേസമയം സുന്ദരമൂർത്തിയുടെ ഭരണകാലത്ത് നടന്നതും ഇപ്പോൾ വിജിലൻസ് കേസ് ചാർജ് ചെയ്തിട്ടുള്ളതുമായ കോടികളുടെ ഇടപാടിന്റെ ചില മീറ്റിംഗുകളിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിനിർത്തിയതായി വിജിലൻസ് കണ്ടെത്തിയതായി മനസിലാക്കുന്നു. എന്റെ ബിസിനസ് ഇടപാടുകളിലൊന്നും അന്യായമായോ ക്രമവിരുദ്ധമായോ സഹായിക്കുകയോ ദ്രോഹിക്കുകയോ ശശീന്ദ്രൻ ചെയ്തിട്ടില്ല. ശശീന്ദ്രന്റേതുകൊലപാതകമാണെന്നാണ് സഹോദരൻ സനൽകുമാർ പറയുന്നത്. അതേസമയം ശശീന്ദ്രന്റെ ഭാര്യ സിബിഐ അന്വേഷണത്തിൽ തൃപ്തയാണെന്നാണ് ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇതിൽ ഏത് അഭിപ്രായമാണ് സ്വീകാര്യമെന്നത് തീരുമാനിക്കേണ്ടത് കോടതിയും സിബിഐയുമാണ്.

? എളമരം കരീമിന് താങ്കൾ പണം നൽകിയതായുള്ള സുന്ദരമൂർത്തിയുടെ മൊഴിയെക്കുറിച്ച്.

= എളമരം കരീമിന് മലബാർ സിമൻസിലെ ഒരു പ്യൂൺ വഴി ഞാൻ ഒരു കവർ നൽകുകയും ആ കവർ പ്യൂൺ എം.ഡിയെ ഏൽപ്പിക്കുകയും അത് സുന്ദരമൂർത്തി കൊണ്ടുപോയി കൊടുത്തപ്പോൾ മന്ത്രി ഒന്നും മിണ്ടാതെ വാങ്ങിവയ്ക്കുകയും ചെയ്തതായാണ് മൊഴി. ഒപ്പംതന്നെ കവറിലുള്ളത് പണമാണെന്ന് ഞാൻ മനസിലാക്കുന്നു എന്ന വാചകവും ഉണ്ട്. ഈ പ്രസ്താവം ശരിയായി വായിച്ചാൽ ഈ മൊഴിയിലെ കാപട്യവും സത്യസന്ധതയില്ലായ്മയും വ്യക്തമാകാൻ ഒട്ടും പ്രയാസമില്ല. എം.ഡിയെ നിയമിക്കാൻ, കമ്പനി ഭരണകാര്യങ്ങളിൽ ഇടപെടാൻ സ്വാതന്ത്ര്യമുള്ള മന്ത്രിയോട് അത്രമാത്രം അടുപ്പമുണ്ടെന്ന് മൊഴിയിൽ ആരോപിക്കുന്ന എനിക്ക് രണ്ടുമൂന്ന് ദൂതന്മാർ വഴി മന്ത്രിക്ക് ഒരു കവർ എത്തിക്കേണ്ട കാര്യമുണ്ടോ?

? അന്നത്തെ ഡയറക്ടറായിരുന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി. ഉണ്ണിക്കെതിരെയും ആരോപണമുണ്ട്.

= ഉണ്ണിക്കെതിരെ മൊഴിയിൽ ആരോപിക്കുന്നത് മന്ത്രിയെ സന്ദർശിച്ചപ്പോൾ പ്രാദേശികമായ കാര്യങ്ങളിൽ കമ്പനി ഡയറക്ടർ കൂടിയായ ജില്ലാ സെക്രട്ടറി പി. ഉണ്ണിയെ ബന്ധപ്പെടുവാൻ മന്ത്രി നിർദേശിച്ചതായാണ്. കമ്പനിയിലെ തൊഴിൽപരമായ പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ ട്രേഡ് യൂണിയൻ നേതാവും കമ്പനി ഡയറക്ടറും ഭരിക്കുന്ന കക്ഷിയുടെ ജില്ലാ സെക്രട്ടറിയുമായ ഉണ്ണിയുടെ കൂടി ഉപദേശംതേടാൻ മന്ത്രി നിർദേശിച്ചതിൽ എന്ത് അപാകതയാണ് ദർശിക്കാനുള്ളത്. ഒരു കാര്യസാധ്യത്തിനും വിശിഷ്യാ മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ടും ഞാനിതുവരെയും ഉണ്ണിയെ സമീപിച്ചിട്ടില്ല.

? അപ്പോൾ പിന്നെ ഈ സുന്ദരമൂർത്തി എന്താണ് ഇങ്ങനെയൊക്കെ മൊഴി നൽകിയിരിക്കുന്നത്.

= ലക്ഷത്തിനു മുകളിൽ ശമ്പളംവാങ്ങി തമിഴ്‌നാട്ടിലെ ചെട്ടിനാട് സിമന്റ്‌സിൽ ഉയർന്നപദവിയിൽ ഇരുന്നയാളാണ് സുന്ദരമൂർത്തി. അതിന്റെ പകുതി ശമ്പളത്തിനാണ് മലബാർ സിമന്റ്‌സിലേക്ക് വന്നത്. ഭാര്യ ഡോക്ടറാണ്. ഭാര്യാ സഹോദരൻ തമിഴ്‌നാട്ടിൽ എംപിയാണ്. സ്വന്തമായി സ്വകാര്യ ആശുപത്രിയുണ്ട്. ഇയാൾ ഇവിടേക്ക് ജോലിക്കുവന്നപ്പോൾ ചെട്ടിനാട് സിമന്റ്‌സിലെ കരാറുകാരയും കൊണ്ടുവന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി. ബാലകൃഷ്ണൻ ചെയർമാനും ഇപ്പോഴത്തെ മലബാർ സിമന്റ്‌സ് എം.ഡി കെ. പത്മകുമാർ സെക്രട്ടറിയുമായ സെലക്ഷൻ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. അയോഗ്യനെ തെരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്വം ഇവർക്കാണ്. ഇവരെ ചോദ്യംചെയ്യണം.

രണ്ടുവർഷത്തോളം നീണ്ട ഭരണകാലയളവിൽ നടത്തിയ ഇടപാടുകളുടെ പേരിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കോടികളുടെ അഴിമതിക്കേസിലെ ഒന്നാംപ്രതിയാണ് സുന്ദരമൂർത്തി. എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച അൽകേഷ് കുമാർ ശർമയുടെ അന്വേഷണ റിപ്പോർട്ടിലും കമ്പനിയിലെ ഗുരുതരമായ ക്രമക്കേടുകൾക്കും അഴിമതിക്കും ഉത്തരവാദി സുന്ദരമൂർത്തിയാണെന്ന് വ്യക്തമാക്കുന്നു. ഈ അന്വേഷണ കമ്മീഷനെതിരെ സുന്ദരമൂർത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല. തനിക്കെതിരെ ലോക്കൽ പൊലീസ് ചാർജുചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സുന്ദരമൂർത്തി ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കരുതി അതും തള്ളി. ശശീന്ദ്രൻ തന്നെ മലബാർ സിമന്റ്‌സിലെ ഒരു ഉദ്യോഗസ്ഥൻ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് സുന്ദരമൂർത്തിക്ക് പരാതി നൽകി. ആ പരാതി പൊലീസിനു കൈമാറാതെ കമ്പനിക്കകത്ത് ഒതുക്കിത്തീർത്തു.

സുന്ദരമൂർത്തിയുടെ 164 സ്റ്റേറ്റ്‌മെന്റിൽ എവിടെയും എന്റെ ടെലിഫോൺ നമ്പർ പറയുന്നില്ല. ലോക്കൽ പൊലീസ് ശേഖരിച്ച കോൾ ലിസ്റ്റ് സിബിഐ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുമില്ല. വാളയാറിൽ കമ്പനിവക ഗസ്റ്റ്ഹൗസും ബംഗ്ലാവും ഉണ്ടായിട്ടും താമസിച്ചത് കോയമ്പത്തൂരിലെ വാടകവീട്ടിലാണ്. ഇത്തരം കാര്യങ്ങളെപറ്റിയെല്ലാം അന്വേഷിക്കണമെന്ന ശശീന്ദ്രന്റെ സഹോദരന്റെ ആവശ്യത്തോട് യോജിപ്പാണുള്ളത്.

? മലബാർ സിമന്റ്‌സിനെ നഷ്ടത്തിലേക്ക് നയിക്കുന്നതിനു പിന്നിൽ ആരാണ്

= വിപണിയിലെ വൻവില കാരണം മലബാർ സിമന്റ്‌സ് ലാഭത്തിലാണ്. നഷ്ടത്തിലല്ല. പക്ഷേ കമ്പനിക്ക് കിട്ടേണ്ട ലാഭം കിട്ടാതെ പോയിട്ടുണ്ടെങ്കിൽ അതിന് കാരണം നിക്ഷിപ്ത താൽപര്യത്തോടെയുള്ള മാനേജ്‌മെന്റുകളുടെ തീരുമാനങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP