Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ അറിയാതെ എന്റെ രൂപം സൃഷ്ടിച്ച കുഴപ്പങ്ങളാണ് 'രേഖാചിത്രം'; ജിഷാക്കേസിൽ രൂപ സാമ്യം വില്ലനാക്കിയ ജീവിതം അഭ്രപാളിയിലേക്ക്; കേരള പൊലീസിന്റെ 'കൈപ്പിഴ' സിനിമയാകുന്നു: തസ്ലീക് മനസ്സു തുറക്കുമ്പോൾ

ഞാൻ അറിയാതെ എന്റെ രൂപം സൃഷ്ടിച്ച കുഴപ്പങ്ങളാണ് 'രേഖാചിത്രം'; ജിഷാക്കേസിൽ രൂപ സാമ്യം വില്ലനാക്കിയ ജീവിതം അഭ്രപാളിയിലേക്ക്; കേരള പൊലീസിന്റെ 'കൈപ്പിഴ' സിനിമയാകുന്നു: തസ്ലീക് മനസ്സു തുറക്കുമ്പോൾ

കൊച്ചി: മലയാളികളെ വേട്ടയാടുന്ന രണ്ടു പെൺകുട്ടികളുടെ പേരുണ്ട്, ഷൊർണൂരിലെ സൗമ്യയും പെരുമ്പാവൂരിലെ ജിഷയും. ഗോവിന്ദച്ചാമിയെന്ന നരാധമനെ മറക്കാൻ ശ്രമിക്കുമ്പോഴാണ് കേരളീയരുടെ മനസിലേക്ക് ആ 'രേഖാചിത്രം'എത്തുന്നത്. കേരള പൊലീസിന്റെ കൈപ്പിഴയായിരുന്നെങ്കിലും അത് ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ ഒരുപാട് വേട്ടയാടി. ഇന്ത്യക്കകത്തും പുറത്തുമുള്ള വലിയൊരുവിഭാഗം മലയാളികളും അത് പ്രചരിപ്പിച്ചു. സൈബർ ലോകത്തെ മലയാളികളുടെ സാമൂഹ്യസ്‌നേഹവും സഹോദരീസ്‌നേഹവും ലോകം ശരിക്കും മനസിലാക്കി. പക്ഷേ, അത് തകർത്തെറിഞ്ഞത് സിനിമാഭിനയ മോഹവുംകൊണ്ടുനടന്ന ഒരു സാധാരണക്കാരന്റെ ജീവിതമാണെന്ന് ആരും അറിഞ്ഞില്ല.

2016ൽ കേരളം ആഘോഷിച്ച പെരുമ്പാവൂർ ജിഷ വധക്കേസിൽ പൊലീസ് തയാറാക്കിയ രൂപരേഖ തകർത്തത് ആലുവക്കാരൻ കെ വൈ തസ്ലീക്കിന്റെ ജീവിതമാണ്. സിനിമാ മോഹവുമായി ജീവിക്കുന്ന തസ്ലീക്കിന്റെ രൂപത്തോട്, ജിഷയുടെ കൊലപാതകിയുടേതെന്നു പറഞ്ഞ് പൊലീസ് വരച്ച രൂപരേഖയക്ക് സാമ്യമുണ്ടായത് തികച്ചും യാദൃച്ഛികം. പക്ഷേ, മലയാളികൾ അത് ആഘോഷിച്ചു, തസ്ലീക് ആണ് പ്രതിയെന്ന രീതിയിൽ വാട്‌സ്ആപ്, ഫേസ്‌ബുക്ക് മെസേജുകൾ പ്രചരിച്ചു. അതിനു മറുപടിയുമായി തസ്ലീക് തന്നെ രംഗത്തുവന്നു. സിനിമാഭിനയം കൊതിച്ചു ജീവിക്കുന്ന തന്നെ തകർക്കരുതെന്ന് തസ്ലീക് സമൂഹത്തോട് അഭ്യർത്ഥിച്ചു.

ആ കാലഘട്ടത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് തസ്ലീക് മുന്നേറുകയാണ്. തന്റെ ജീവിതം തകർത്ത രേഖാചിത്രംതന്നെ, തന്റെ അഭിനയ ജീവിതത്തിന്റെ വഴിത്തിരിവ് ആക്കാനുള്ള ഒരുക്കത്തിലാണ് ഈ ചെറുപ്പക്കാരൻ. 'രേഖാചിത്രം' എന്ന പേരിൽ തന്റെ ജീവിതകഥതന്നെ ഹ്രസ്വസിനിമയാക്കുമ്പോൾ അതിലെ നായകനും തസ്ലീക് തന്നെയാണ്. സിനിമയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും തസ്ലീക് മറുനാടൻ മലയാളിയോട് മനസുതുറക്കുന്നു.

 'രേഖാചിത്രം' എന്നത് സിനിമയാണോ, ഹ്രസ്വസിനിമയാണോ..?
ഉത്തരം: 'രേഖാചിത്രം' ഒരു ഹ്രസ്വസിനിമയാണ്. ഞാൻ അറിയാതെ എന്റെ രൂപം സൃഷ്ടിച്ച കുഴപ്പങ്ങളാണ് സിനിമയുടെ കഥ.

നിങ്ങളുടെ കഥയാണോ പറയുന്നത്?
ഉത്തരം: ഈ സിനിമ എന്റെ കഥ മാത്രമല്ല പറയുന്നത്. എന്തുകൊണ്ട് സൗമ്യയും ജിഷയും ഉണ്ടാകുന്നുവെന്നാണ് സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്.

 എന്തുകൊണ്ട് ഈ കേസിലെ പ്രതിയുടെ രേഖാചിത്രം തസ്ലീക്കിന്റേതായി എന്ന് ചിന്തിച്ചിട്ടുണ്ടോ...?
ഉത്തരം: എന്തുകൊണ്ട് ഞാൻ ഇതിൽ പ്രതിയായി മുദ്ര കുത്തപ്പെട്ടു എന്നറിയില്ല. രൂപരേഖയ്ക്ക് എന്നോട് സാമ്യമുള്ളതിനാൽ എല്ലാവരും എന്നെ സംശയിച്ചു. എനിക്ക് ഉണ്ടായ ചില ബുദ്ധിമുട്ടുകളാണ് സിനിമയിലൂടെ ഒരു സന്ദേശമായി നൽകാൻ ശ്രമിക്കുന്നത്.

ജിഷയുടെ കൊലപാതകിയുടേതെന്ന രീതിയിൽ പൊലീസ് തയാറാക്കിയ രൂപരേഖ തസ്ലീക്കിനോട് സാമ്യമുള്ളതായപ്പോൾ എങ്ങനെയാണ് ജനം പ്രതികരിച്ചത് ?
ഉത്തരം: ഞാൻ വളരെയേറെ സങ്കടപ്പെട്ടു. എന്റെ സിനിമാമോഹംതന്നെ ഒരു നിമിഷത്തിൽ ഇല്ലാതാകുമെന്ന് തോന്നി. എന്റെ കുടുംബവും ഏറെ വിഷമിച്ചു. ഒന്നും സമൂഹത്തെ ബോധ്യപ്പെടുത്താൻ മാത്രം ഞാൻ അറിയപ്പെടുന്ന ആളല്ലായിരുന്നല്ലോ. എന്നിട്ടും മാദ്ധ്യമങ്ങൾ എന്നെത്തേടിയെത്തി. മറുനാടൻ മലയാളി ഉൾപ്പെടെയുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ എന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വാർത്തയാക്കിയപ്പോൾ മലയാളികൾ എന്നെ തിരിച്ചറിഞ്ഞു. അതിനുശേഷം എനിക്ക് ആയിരക്കണക്കിന് ഫോൺവിളികളും സന്ദേശങ്ങളും പിന്തുണയുമെല്ലാം ലഭിച്ചു. ഇപ്പോൾ എന്നെ മലയാളികൾക്ക് അറിയാം. ആ കഥയാണ് രേഖാചിത്രം എന്ന ഹ്രസ്വസിനിമ പറയുന്നത്.

എന്തായിരുന്നു കുടുംബത്തിന്റെ പ്രതികരണം?
ഉത്തരം: അച്ഛൻ, അമ്മ, ചേച്ചി, ഭാര്യ, രണ്ടു കുട്ടികൾ എന്നിവർ അടങ്ങുന്നതാണ് എന്റെ കുടുംബം. ജിഷ വധക്കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ രൂപരേഖയ്ക്ക് എന്റെരൂപവുമായി സാദൃശ്യമുണ്ടെന്ന സാമൂഹ്യമാദ്ധ്യമങ്ങളിലെ സന്ദേശങ്ങൾ അറിഞ്ഞ് കുടുംബം ഒരുപാട് സങ്കടപ്പെട്ടു. പക്ഷേ, എന്നെ അറിയാവുന്ന അവർ ശക്തമായി എന്നെ പിന്തുണച്ചു. അവർ നൽകിയ ബലമാണ് എനിക്ക് പിടിച്ചുനിൽക്കാൻ സഹായകമായത്.

 എന്താണ് ജീവിത ലക്ഷ്യം ?
ഉത്തരം : അഭിനയം മാത്രമാണ് എന്റെ സ്വപ്നം. നല്ല നല്ല കാരക്ടർ റോളുകൾ ചെയ്യണം. അതിലൂടെ മലയാള സിനിമയിൽ സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിക്കണം എന്നാണ് ആഗ്രഹം.
ചോദ്യം: രൂപരേഖ എന്ന ചിത്രത്തിന്റെ അണിയറയിൽ ആരൊക്കെയാണ്.

ഉത്തരം: സുബിൻ ആനന്ദ് മുതുകുളം ആണ് നിർമ്മാതാവ്. ആന്റോ ജോസ് ആണ് സംവിധായകൻ. ടൈറ്റിൽ റോളിൽ ഞാൻതന്നെയാണ് അഭിനയിക്കുന്നത്. എന്റെ അഭിനയ ജീവിതത്തിൽ ഈ ചിത്രം ഒരു മുതൽക്കൂട്ട് ആകുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP