Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി ടി തോമസിന് സീറ്റ് നഷ്ടമായത് ജനങ്ങളുടെ എതിർപ്പിനെ തുടർന്ന്; ഇപ്പോഴത്തെ ആരോപണങ്ങൾ എന്റെ സൽപ്പേരുകളയാൻ; സിപിഐ(എം) ബന്ധത്തിന്റെ പേരിൽ ഹൈറേഞ്ച് സമിതിയിൽ ഭിന്നതയില്ലെന്നും ഫാ. കൊച്ചുപുരയ്ക്കൽ

പി ടി തോമസിന് സീറ്റ് നഷ്ടമായത് ജനങ്ങളുടെ എതിർപ്പിനെ തുടർന്ന്; ഇപ്പോഴത്തെ ആരോപണങ്ങൾ എന്റെ സൽപ്പേരുകളയാൻ; സിപിഐ(എം) ബന്ധത്തിന്റെ പേരിൽ ഹൈറേഞ്ച് സമിതിയിൽ ഭിന്നതയില്ലെന്നും ഫാ. കൊച്ചുപുരയ്ക്കൽ

തിരുവനന്തപുരം: അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യനടത്തി സൽപ്പേരുകളയാനും ലക്ഷ്യമിട്ടാണ് പി ടി തോമസ് എംപി തനിക്കെതിരെ ആരോപണവുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്ന് ഹൈറേഞ്ച് വികസന സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ പ്രക്ഷോഭം നയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ കൂടിയായ ഫാ. കൊച്ചുപുരയ്ക്കൽ അമേരിക്കൻ ഏജൻസിയിൽ നിന്ന് കൈപ്പറ്റിയ 4.75 കോടിയുടെ ഫണ്ട് ഉപയോഗിച്ച് തന്നെ ഇടുക്കിയിൽ നിന്ന് തുരത്തിയെന്ന പി ടി തോമസിന്റെ പ്രസ്താവത്തിനെതിരെ മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പി ടി തോമസിന്റെ ആരോപണം അടിസ്ഥാനരഹിതവും ആസൂത്രിതവും പ്രതികാര മനോഭാവത്തോടെ ഉള്ളതുമാണ്. അദ്ദേഹത്തോട് വ്യക്തിപരമായി ഒരെതിർപ്പുമില്ല. അതേസമയം പട്ടയം, കസ്തൂരിരംഗൻ, ഗാഡ്ഗിൽ വിഷയങ്ങളിൽ ആശയപരമായി ശക്തമായ എതിർപ്പുമുണ്ട്. ജനങ്ങൾക്കുള്ള എതിർപ്പാണ് പി ടി തോമസിന് സീറ്റ് നഷ്ടപ്പെടാൻ കാരണം. ഹൈറേഞ്ച് വികസന സൊസൈറ്റിയുടെ ഫണ്ട് ശേഖരണം തികച്ചും സുതാര്യമാണ്. എന്നിട്ടും രണ്ടുമൂന്നു കൊല്ലമായി ഇത്തരത്തിൽ ആരോപണം ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. ഇത് ആസൂത്രിതമാണ്.

കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസാണ് ഭരിക്കുന്നത്. രണ്ടിടത്തും ആഭ്യന്തര വകുപ്പും അവരുടെ കയ്യിലാണ്. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകൾ അവർക്ക് ഏത് ഏജൻസിയെക്കൊണ്ടും അനേ്വഷിക്കാം. സൊസൈറ്റി ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമാണ്. രജിസ്റ്റർചെയ്ത ഗവൺമെന്റിതര സംഘടനയായ ഇതിന് വ്യക്തമായ നിയമാവലിയുണ്ട്. എന്നിട്ടും സൊസൈറ്റി എന്റെ സ്വന്തം സ്ഥാപനം എന്ന നിലയിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഞാൻ നിയമിതനായ ഡയറക്ടർ മാത്രമാണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കിൽ എന്നെ മാറ്റുമായിരുന്നല്ലോ. പ്രവർത്തനങ്ങളെല്ലാം നല്ലരീതിയിൽ ചെയ്യുന്നതുകൊണ്ടാണ് ഞാൻ ഇപ്പോഴും ഡയറക്ടറായി തുടരുന്നത്.

കണക്കുകളെല്ലാം കൃത്യമായി ഓഡിറ്റുചെയ്യാറുണ്ട്. മറ്റെല്ലാ എൻജിഒകളേയും പോലെ കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ടുകൾ സൊസൈറ്റിക്ക് ലഭിക്കുന്നുണ്ട്. അതോടൊപ്പം വിദേശഫണ്ടുകളും ലഭിക്കുന്നുണ്ട്. കൃസ്ത്യൻ ഫണ്ടിങ് ഏജൻസികളിൽ നിന്ന് ഇത്തരത്തിൽ ഫണ്ട് ലഭിച്ചിട്ടുണ്ട്. അതെല്ലാം സൊസൈറ്റി ചെലവാക്കുന്നത് ജനങ്ങളുടെ വരുമാനവർദ്ധനയ്ക്കും ജീവകാരുണ്യ, കുടുംബക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ്. അല്ലാതെ പി ടി തോമസിനെ തോൽപ്പിക്കാനോ ഇടുക്കിയിൽ നിന്ന് തുരത്താനോ അല്ല. - ഫാ. കൊച്ചുപുരയ്ക്കൽ പറയുന്നു.

സൊസൈറ്റിയുടെ ഡയറക്ടർ എന്നതിനു പുറമെ ഞാൻ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജനറൽ കൺവീനറുമാണ്. അതുകൊണ്ട് സൊസൈറ്റി ഫണ്ട് ഉപയോഗിച്ച് പി ടി തോമസിന്റെ ഇടുക്കി സീറ്റ് തെറിപ്പിച്ചു എന്ന് എങ്ങനെ പറയാനാകും. സൊസൈറ്റിയും ഹൈറേഞ്ച് സമിതിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്തതിനാൽ ഈ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. പി ടി തോമസിനോട് ശത്രുതയോ വിരോധമോ ഒന്നുമില്ല. ആശയപരമായ ഏറ്റുമുട്ടൽ മാത്രമേയുള്ളൂ. ജനങ്ങൾക്കിത് അതിജീവനപ്പോരാട്ടമാണ്. അതുമായി ബന്ധപ്പെട്ടാണ് പ്രതികരണങ്ങൾ ഉണ്ടായത്.

സിപിഎമ്മിനോട് മറ്റ് ഏതുപാർട്ടിയോടും ഉള്ളതുപോലെത്തന്നെയാണ് സഭയുടെ സമീപനം. പ്രത്യേക മൈത്രിയോ അല്ലെങ്കിൽ ശത്രുതയോ ഇല്ല. ഇപ്പോഴത്തെ ബന്ധം സഭ തുടരുമോ എന്ന കാര്യത്തിൽ സഭയുടെ അഭിപ്രായം പറയാൻ ഞാൻ ആളല്ല. എന്നാൽ ഹൈറേഞ്ച് സംരക്ഷണ സമിതിയും സിപിഎമ്മും സഹകരിച്ച് തിരഞ്ഞെടുപ്പിൽ ജോർജ് ജോയിസിനെ സ്ഥാനാർത്ഥിയാക്കിയത് ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ്. കസ്തൂരിരംഗൻ, പട്ടയം വിഷയങ്ങളിൽ കോൺഗ്രസ്സിന്റെ നിലപാടുകൾ കർഷകരുൾപ്പെടെയുള്ള ജനങ്ങൾക്ക് എതിരായതുകൊണ്ടാണ് ഇടുക്കിയിൽ ഇത്തരമൊരു സാഹചര്യമുണ്ടായത്.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗൽ അഡൈ്വസർ എന്ന നിലയിലാണ് ജോയ്‌സ് ജോർജ് സമിതിയുടെ സ്ഥാനാർത്ഥിയായത്. ഇടതുപിന്തുണയോടെ മത്സരിക്കാൻ തീരുമാനിച്ചതും അങ്ങിനെയാണ്. ഇടതു ബന്ധത്തിന്റെ പേരിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ ഭിന്നതയുണ്ടായെന്ന ആരോപണം ശരിയല്ല. എല്ലാ വിഷയങ്ങളിലും ഒറ്റക്കെട്ടായിത്തന്നെയാണ് സമിതിയുടെ നേതൃത്വം മുന്നോട്ടുപോകുന്നത്. പിന്നെ, എല്ലായിടത്തുമുള്ളതുപോലെ വ്യത്യസ്ത അഭിപ്രായമുള്ളവർ കാണും. അത് ചർച്ചചെയ്യപ്പെടുന്നു എന്നുമാത്രം. പൗവ്വത്തിൽ പിതാവ് സിപിഐ(എം) ബന്ധത്തെ എതിർക്കുന്നു എന്നതു ശരിയല്ല. പ്രത്യയശാസ്ത്രപരമായ സിപിഎമ്മിന്റെ സമീപനങ്ങൾക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. ആത്മീയ, ആരാധനാ വിഷയങ്ങളിലെ അവരുടെ സമീപനങ്ങളിൽ ജാഗ്രതവേണമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ കർഷകരുടെ വിഷയത്തിൽ പിതാവ് ഒന്നും പറഞ്ഞിട്ടില്ല. - ഫാ. കൊച്ചുപുരയ്ക്കൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP