Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഒരു സംസ്ഥാനത്തു നിന്നും മറ്റൊരിടത്തേക്ക് പോയാൽ അത് മനുഷ്യക്കടത്താകുമോ? കാശ്മീരി വിദ്യാർത്ഥികൾക്ക് മർക്കസ് സ്വർഗം; മോദി സർക്കാറിൽ പ്രതീക്ഷ: യത്തീംഖാന വിവാദത്തിൽ കാന്തപുരം മറുനാടൻ മലയാളിയോട്

ഒരു സംസ്ഥാനത്തു നിന്നും മറ്റൊരിടത്തേക്ക് പോയാൽ അത് മനുഷ്യക്കടത്താകുമോ? കാശ്മീരി വിദ്യാർത്ഥികൾക്ക് മർക്കസ് സ്വർഗം; മോദി സർക്കാറിൽ പ്രതീക്ഷ: യത്തീംഖാന വിവാദത്തിൽ കാന്തപുരം മറുനാടൻ മലയാളിയോട്

എം പി റാഫി

സംസ്ഥാനത്ത് തന്നെ ആയിരക്കണക്കിന് അനാഥാലയങ്ങൾ ഉൾപ്പെടെ നിരവധി മത ഭൗതിക സ്ഥാപനങ്ങൾ പതിറ്റാണ്ടുകളായി നടത്തി മുസ്ലിം ജനതയുടെ വിദ്യാഭ്യാസ വളർച്ചയിൽ വലിയൊരു പങ്കു വഹിച്ച മതനേതാവാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. അബുൽ ഐതാം ഫിൽ ഹിന്ദ് (ഇന്ത്യയിലെ യത്തീം കുട്ടികളുടെ പിതാവ്) എന്ന് വിദേശികൾ വിശേഷിപ്പിക്കുന്ന, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൂടിയായ കാന്തപുരം യത്തീംഖാനകളുടെ പേരിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ ആശങ്കാകുലനാണ്. മാദ്ധ്യമങ്ങൾ പെരുപ്പിച്ചതു കൊണ്ടാണ് മനുഷ്യക്കടത്തെന്ന പേര് ഈ സംഭവത്തിൽ വന്നുചേർന്നതെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം.

കേരളത്തിനു പുറമെ തമിഴ്‌നാട്, കർണ്ണാടക, ഗുജറാത്ത്, ഹരിയാന, പശ്ചിമ ബംഗാൾ, ബീഹാർ, യു പി, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും മർക്കസിന് കീഴിലുള്ള ഒട്ടേറെ സ്ഥാപനങ്ങൾ നടത്തിവരുന്നുണ്ട്, കാന്തപുരം. അതുകൊണ്ട് തന്നെ മറ്റാരേക്കാളും ഈ വിഷയത്തിൽ ഉത്കണഠ അദ്ദേഹത്തിനുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിവാദങ്ങളെ കുറിച്ചും അവ പങ്കുവയ്ക്കുന്ന ആശങ്കകളെ കുറിച്ചും കോഴിക്കോട് മർക്കസുസ്സഖാഫത്തി സുന്നിയ്യയിൽ വച്ച് കാന്തപുരം അബൂബക്കർ മുസ്ല്യാർ മറുനാടൻ മലയാളിയോട് സംസാരിച്ചു. മറുനാടൻ ലേഖകൻ എം.പി റാഫിയുമായി നടത്തിയ നടത്തിയ അഭിമുഖത്തിൽ നിന്ന്..

  • മുക്കം യത്തീംഖാന വിഷയവുമായി ബന്ധപ്പെട്ട് സമുദായത്തെ മൊത്തത്തിൽ കടന്നാക്രമിക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ..?

ഇപ്പോൾ നടക്കുന്നത് മതധർമ്മ സ്ഥാപനങ്ങളുടെ മേലുള്ള കയ്യേറ്റം തന്നെയാണ്. കേരളത്തെ പോലെ മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സംയോജിപ്പിച്ച് സമന്വയ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യാരാജ്യത്ത് വേറെയില്ല. ധർമ്മ സ്ഥാപനങ്ങൾ സ്ഥാപിച്ച് അഗതികൾക്ക് സൗജന്യസഹായം നൽകുന്ന സ്ഥാപനങ്ങൾ കേരളത്തിൽ തന്നെ ധാരളമുണ്ട്. അവരെല്ലാം വിദ്യാഭ്യാസം ലോകത്ത് ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. പിന്നെ ആരെങ്കിലും കൃത്രിമം ചെയ്യുന്നുവെങ്കിൽ അതിനെ ശരിപ്പെടുത്തുക എന്നല്ലാതെ അതിന്റെ പേരിൽ ഇത്തരം സ്ഥാപനങ്ങൾക്ക് മൊത്തത്തിൽ ദോഷം വരുത്തുന്ന ചർച്ചകളും അടച്ച് ആക്ഷേപിക്കലും ശരിയല്ല.

മുക്കം യത്തീംഖാനയെ പോലെ പേരും പ്രശസ്തിയുമുള്ള ഒരു യത്തീംഖാനയെയോ മറ്റേതു മതസ്ഥാപനത്തേയോ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രസ്താവനകളും ആരോപണങ്ങളും ഉത്തരവാദപ്പെട്ടവരും അല്ലാത്തവരും നടത്തുന്നതിനു പകരം ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ വേണ്ടി നിർദ്ദേശിക്കുകയായിരുന്നു അഭികാമ്യം. കുട്ടികളെ എത്തിക്കുമ്പോൾ രേഖകൾ ഇല്ലെങ്കിൽ സർക്കാർ അതിനുള്ള നിർദ്ദേശമാണ് നൽകേണ്ടിയിരുന്നത്. അതിനു പകരം യത്തീംഖാന സംവിധാനത്തെ തന്നെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.

  • മനുഷ്യക്കടത്ത്, മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങളിൽ എന്തെങ്കിലും വാസ്തവമുണ്ടോ?

ഇതിനു മറുപടി പറയുന്നതിനു മുമ്പ് നമ്മുടെ ഗവൺമെന്റടക്കം എല്ലാവരും മറുപടിപറയേണ്ട കാര്യമാണ്. കേരളത്തിൽ നിന്നും പതിനായിരക്കണക്കിനാളുകൾ ഇതര സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്നുണ്ടല്ലോ... അതിന് ഈ നിയമങ്ങളൊന്നും ബാധകമല്ലേ? കേരളത്തിൽ ആവശ്യമായ സ്ഥാപനങ്ങൾ സർക്കാർ ഇവിടെ നിർമിക്കാത്തത് കൊണ്ടാണ് ഇതെല്ലാം ചെയ്യേണ്ടി വരുന്നത്. കേരളത്തിനാവശ്യമായ കുട്ടികൾ, അതായത് എസ്.എസ്.എൽസി ഉന്നത മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പിന്നീട് പഠിക്കേണ്ടുന്ന പ്രൊഫഷണൽ സ്ഥാപനങ്ങൾ കേരളാ ഗവൺമെന്റ് ഇതുവരെയും വേണ്ടത്ര ഉണ്ടാക്കിയിട്ടില്ല. ഹയർ സെക്കണ്ടറികൾ സ്ഥാപിക്കാൻ വരെ അപേക്ഷ കൊടുത്തിട്ട് രണ്ടോ മൂന്നോ വർഷം കാത്തിരിക്കേണ്ടിവരികയാണ്. അത് കൊടുക്കാൻ വരെ കേരള ഗവൺമെന്റിന് കഴിയുന്നില്ല. അതു കൊണ്ട് ഈ കുട്ടികൾ മുഴുവനും ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ച് പോയിക്കൊണ്ടിരിക്കുകയാണ്.

അതുപോലെ തന്നെ വളരെ പാവപ്പെട്ട കുട്ടികൾ, പള്ളിയോ മദ്രസയോ സ്‌കൂളോ ഒന്നും ഇല്ലാത്ത ചെറിയ കുട്ടികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. പശ്ചിമ ബംഗാളിലെ ജോലിയില്ലാത്ത പതിനായിരക്കണക്കിന് ആളുകൾ ഇന്ന് കേരളത്തിൽ വന്ന് ജോലി ചെയ്യുന്നു. കേരളക്കാർ ഗൾഫിൽ പോകുന്ന പോലെയാണ് ഇന്ന് പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലേക്ക് ജോലിക്ക് വരുന്നത്. അതുപോലെ തന്നെ തമിഴ്‌നാട്ടുകാരും കേരളത്തിൽ ജോലിക്ക് വരുന്നത് നോക്കിയാൽ എണ്ണമില്ല. അപ്പോ എത്ര പേർ കേരളത്തിന് പുറത്തു പോയി എന്നോ കേരളത്തിനു പുറത്ത് നിന്ന് ഇവിടെ എത്ര പേർ വന്നിട്ടുണ്ടെന്നോ ഒരു കണക്കും ഇക്കാലം വരെയും ഇന്ത്യാ ഗവൺമെന്റിന്റെ അടുത്തുമില്ല, കേരള ഗവൺമെന്റിന്റെ അടുത്തുമില്ല.

അതിന് വിസ ആവശ്യമില്ല. ഇന്ത്യാരാജ്യത്തിന്റെ ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോകാൻ വിസ എന്തിനാണ്? പിന്നീട് ഈ അനാഥാലയങ്ങളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും പിഞ്ചുകുഞ്ഞുങ്ങളെ കൊണ്ടു വരുമ്പോൾ തീർച്ചയായും അവരുടെ രക്ഷിതാവിന്റെ അംഗീകാരത്തോട് കൂടിയാണ് വരുന്നത് എന്ന ഉറപ്പും രേഖയും ആവശ്യമാണ്. അങ്ങിനെയാണ് ഇവിടേക്കെല്ലാം കുട്ടികളെ കൊണ്ടുവരുന്നത്. കേരളത്തിൽ മർക്കസിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും കുട്ടികളെ കൊണ്ടു വരുന്നത് അവരുടെ മാതാപിതാക്കളുടെ ഒപ്പും സീലും ഗവൺമെന്റിന്റെ ഉത്തരവാദപ്പെട്ടെ രേഖകളും എല്ലാം ശേഖരിച്ചു കൊണ്ടു തന്നെയാണ്.

  • മർക്കസിലേക്ക് കാശ്മീരിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന സമയത്തും ഇതുപോലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നല്ലോ... പിന്നീട് ആ കുട്ടികൾ തന്നെ പറയുകയുണ്ടായി, കേരളം അവർക്ക് സ്വർഗ്ഗമാണെന്ന്... എങ്ങനെയായിരുന്നു ഇവർ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്? എന്തെല്ലാം സൗകര്യങ്ങളാണ് അവർക്കായി ഒരുക്കിയത്?

ഞങ്ങൾ കാശ്മീരിൽ നിന്നും കുട്ടികളെ മർക്കസിലേക്ക് കൊണ്ടു വരുന്നത് അവിടത്തെ മുഖ്യമന്ത്രിയുടെ കത്ത് പ്രകാരമാണ്. മുഖ്യമന്ത്രി തന്നെ ഒരു പ്രതിനിധിയെ ഏൽപ്പിച്ചു കൊണ്ടാണ് ഇവിടേക്ക് കുട്ടികളെ കൊണ്ടു വരുന്നത്. ഇപ്പോൾ വർഷംതോറും കാശ്മീരിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാനായി എത്തുന്നുണ്ട്. ഇവരെല്ലാം തന്നെ കലുഷിതമായ അന്തരീക്ഷത്തിൽ നിന്നും മാതാവും പിതാവും നഷ്ടപ്പെട്ട് ആരോരുമില്ലാത്തവരുമാണ്. ഇവിടെ നല്ല ഭക്ഷണവും വസ്ത്രവും നല്ല പഠനസൗകര്യവും നൽകി വരുന്നുണ്ട്. ഇവർ ഹയർ സെക്കണ്ടറി എത്തുമ്പോഴേക്കും നല്ല മാർക്കോടു കൂടി പാസാകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇതൊന്നും ചെയ്തു കൊടുക്കാൻ അവർക്ക് നാട്ടിൽ ആളില്ലാത്ത അവസ്ഥയാണുള്ളത്. പഠനത്തോടൊപ്പം തന്നെ ഈ കുട്ടികൾ സംസ്ഥാന സ്‌കൂൾ കലോൽസവങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയതുമെല്ലാം ഇവിടത്തെ എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്.



അന്ന് ഞങ്ങൾ കാശ്മീരിൽ നിന്നും അവിടത്തെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇവിടേക്ക് കുട്ടികളെ കൊണ്ടു വന്നപ്പോഴും ആരോപണവുമായി പലരും വന്നിരുന്നു. അന്ന് ഞങ്ങൾക്കെതിരെ ഒച്ചപ്പാടും കോലാഹലങ്ങളും ഉണ്ടാക്കിയവർക്ക് എതിരായാണ് ഇപ്പോൾ പലരും ആരോപണം നടത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ അന്നും ഇന്നും ആർക്കും എതിരല്ല.

  • ഈ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനയെ താങ്കൾ എങ്ങനെയാണ് കാണുന്നത്?

ആഭ്യന്തര മന്ത്രി മനുഷ്യക്കടത്താണെന്ന് പറഞ്ഞത് ശരിയല്ല. ആഭ്യന്തരമന്ത്രി അതാത് സംസ്ഥാനങ്ങളിൽ പോയി സ്ഥാപനങ്ങൾ നടത്തിക്കോട്ടെ എന്നും പറഞ്ഞിട്ടുണ്ട്. അതും ശരിയല്ല. അതേസമയം ഒരു പ്രശ്‌നം മുമ്പിൽ വന്നാൽ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അന്വേഷണം നടത്തേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. അതുകൊണ്ട് അനധികൃതമായി വന്നുകൂടിയ സ്ഥാപനങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കും എന്ന് പറയുന്നത് നമുക്ക് ഒരിക്കലും എതിർക്കാൻ പറ്റില്ല. അത് നമ്മൾ അംഗീകരിക്കണം.

മറ്റു ലക്ഷ്യത്തോടു കൂടിയാണ് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടു വരുന്നത് എന്നുള്ള ആരോപണവും മനുഷ്യക്കടത്ത് എന്ന പ്രയോഗവും തികച്ചും തെറ്റാണ്. പൊതുവെ ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിൽ ലോക്കൽ കമ്പാർട്ട്‌മെന്റിൽ ഇതുപോലെ കുത്തി നിറച്ചാണ് വരുന്നത്. റെയിൽവെ മന്ത്രിയുടെയും ഗവൺമെന്റിന്റെയും അനാസ്ഥ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവിടങ്ങളില്ലെല്ലാം തന്നെ ടിക്കറ്റെടുക്കാനുള്ള സൗകര്യങ്ങൾ പോലുമില്ല. ഈ വിമർശിക്കുന്നവരെല്ലാം ഇതിനെ കുറിച്ച് ആദ്യം ഒന്ന് പഠിക്കാൻ തയ്യാറാവുക. ഇവിടെ സംഭവിച്ചത് മുക്കം യത്തീംഖാനയിൽ കഴിഞ്ഞവർഷം പഠിച്ചിരുന്ന വിദ്യാർത്ഥികളോടൊപ്പം പുതിയ കുട്ടികളെയും കൊണ്ട് ഏതാനും രക്ഷിതാക്കൾ തന്നെ ഉത്തരവാദിത്ത്വം ഏറ്റ് കൊണ്ടുവന്നതാണ്. അവർ അവിടത്തെ രീതിയനുസരിച്ച് ടിക്കറ്റെടുക്കാതെ വന്നു എന്നതാണ് ഇപ്പോൾ പ്രശ്‌നം.

ഇതുകൊണ്ട് യത്തീംഖാന സംവിധാനത്തെ മൊത്തത്തിൽ എതിർക്കുന്നതിൽ ഒരു അർത്ഥവുമില്ല. അത് ശരിയായ പ്രവണതയല്ല. പക്ഷെ ഇങ്ങനെ കൃത്രിമമായി ആരെങ്കിലും കൊണ്ടു വരുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ വേണ്ടി രേഖകൾ വേണം. ഈ രേഖകളെല്ലാം യത്തീംഖാനകൾ സമ്പാദിക്കുന്നുണ്ട്, സമ്പാദിക്കേണ്ടതുമാണ്. അല്ലാതെ യത്തീംഖാന സംവിധാനത്തെ തന്നെ വിമർശിക്കുന്ന ആരോപണം തെറ്റായ കാര്യമാണ്.

  • മുസ്ലിംങ്ങൾ ന്യൂനപക്ഷത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്ന നജ്മ ഹെപ്തുല്ലയുടെ പ്രസ്താവനയെ എങ്ങനെയാണ് കാണുന്നത്?

കേന്ദ്രമന്ത്രിയുടെ ആ പ്രസ്താവനയെ കുറിച്ച് ഞാൻ പഠിക്കാത്തത് കൊണ്ടു തന്നെ ഒന്നും പറയാൻ പറ്റില്ല. ഇങ്ങനെ ഒരു പ്രസ്താവന വന്നിട്ടുണ്ടെങ്കിലും അതിനെ കുറിച്ച് വിശദമായി പഠിച്ചിട്ടേ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ. കാരണം അവരെന്താണ് ഉദ്ദേശിച്ചതെന്നോ ആ സാഹചര്യമെന്താണെന്നോ പഠിക്കേണ്ടതാണ്. ഉദാഹരണത്തിന് ഇവിടെ പഠിക്കുന്ന പിതാവ് മരിച്ച ആയിരക്കണക്കിന് അനാഥ കുട്ടികൾ അനാഥരല്ല എന്നാണ് ഞങ്ങൾ പറയാറ്. ഞങ്ങൾ അവരെ വളർത്തുന്ന രീതിയും വസ്ത്ര ധാരണയും നൽകുന്ന ഭക്ഷണവും നടത്തവും കെടത്തവുമെല്ലാം കണ്ടാൽ ആ അർത്ഥത്തിൽ ആരും പറയും, അവർ അനാഥരല്ലെന്ന്. ഇത് ഏതുസാഹചര്യത്തിൽ, എങ്ങനെ പറഞ്ഞതാണെന്ന് അറിയില്ല. പഠിച്ചിട്ട് പറയാം. പലരും ഇതിനെതിരെ പ്രതികരിച്ചിരിക്കാം. പക്ഷെ നമുക്ക് എല്ലാത്തിനും പ്രതികരിക്കണമെന്നില്ലല്ലോ.. ആവശ്യമുള്ളതിന് മാത്രം പ്രതികരിച്ചാൽ മതിയല്ലോ...

  • മോദി സർക്കാറിനെ കുറിച്ച് ഉസ്താദിന്റെ വിലയിരുത്തൽ എങ്ങനെയാണ്?

കേന്ദ്ര സർക്കാറിനെ ഇപ്പോൾ വിലയിരുത്താനായിട്ടില്ല. മോദി സർക്കാറിൽ നിന്ന് നമ്മൾ നീതി ലഭിക്കുമെന്ന് തന്നെ ഇപ്പോൾ പ്രതീക്ഷിക്കുന്നു. അവർ അധികാരത്തിലേറിയിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ? വിലയിരുത്തണമെങ്കിൽ കുറച്ചു കൂടി മുന്നോട്ടു പോയാലല്ലേ പറ്റൂ? അദ്ദേഹം ഇന്ത്യയിലുള്ള മുഴുവൻ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP