Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ ഉപാസന സംഗീതമായിരുന്നു, മദ്യമായിരുന്നില്ല; മൂന്ന് തവണ ചെമ്പൈ സംഗീതോൽസവത്തിൽ പാടി, വീഗാലാന്റിൽ എല്ലാം പൊലിഞ്ഞു.. ചിറ്റിലപ്പള്ളിക്ക് മറുപടിയുമായി വിജേഷ് തുടരുന്നു

എന്റെ ഉപാസന സംഗീതമായിരുന്നു, മദ്യമായിരുന്നില്ല; മൂന്ന് തവണ ചെമ്പൈ സംഗീതോൽസവത്തിൽ പാടി, വീഗാലാന്റിൽ എല്ലാം പൊലിഞ്ഞു.. ചിറ്റിലപ്പള്ളിക്ക് മറുപടിയുമായി വിജേഷ് തുടരുന്നു

കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്റിൽ (വണ്ടർല)യിൽ വച്ച് അപകടത്തില്പെട്ട് കഴുത്തിന് കീഴ്‌പ്പോട്ട് തളർന്നെങ്കിലും ജീവിതത്തോടുള്ള പ്രതീക്ഷ കൈവിടാൻ തൃശ്ശൂർ സ്വദേശി വിജേഷ് ഒരുക്കമല്ല. എങ്കിലും അപകടം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പലതിനെയും ഇല്ലാതാക്കി. സംഗീതത്തോട് ഏറെ തല്പരനായിരുന്നു ഈ യുവാവ്. താൻ മദ്യപിച്ച് അപകടം വരുത്തുവച്ചതാണെന്ന് ചിറ്റിലപ്പള്ളി ആക്ഷേപിച്ചതിന് മറുപടിയായി തന്റെ ഉപാസന സംഗീതമായിരുന്നു എന്ന് തുറന്നു പറയുകയാണ് വിജേഷ് മറുനാടൻ മലയാളിയോട്. വിജേഷുമായുള്ള അഭിമുഖത്തിന്റെ രണ്ടാംഭാഗം തുടരുന്നു..
ഇനി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ആരോപണത്തിലേക്ക് കടക്കാം? അദ്ദേഹം പറഞ്ഞത് വിജേഷ് മദ്യപിച്ചിരുന്നു എന്നും അശ്രദ്ധകൊണ്ട് തെന്നി വീണതാണെന്നുമാണ്. ഇതിൽ വല്ല സത്യവുമുണ്ടോ?
(ചിരിയോടെ) എനിക്കന്നു 17 വയസായിരുന്നു പ്രായം. തന്നെ ചികിത്സിച്ച ഡോക്ടറുടെ രേഖയിൽ എവിടെയെങ്കിലും ഞാൻ മദ്യപിച്ചിരുന്നുവെന്ന് പറയുന്നുണ്ടോ? ഞാൻ മദ്യപിച്ചിരുന്നുവെന്ന് പച്ചക്കള്ളം ഇനിയും ഇങ്ങനെ പ്രചരിപ്പിച്ച് അത് സത്യമാക്കാൻ ശ്രമിക്കരുത്. വീഗാലാന്റിൽ പോകുന്നതിന് 5 ദിവസം മുൻപ് നടന്ന ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുത്തിരുന്നു. ഞാൻ സംഗീതത്തെയാണ് ഉപാസിക്കുന്നത് മദ്യത്തെയല്ല.

ചിറ്റിലപ്പള്ളീ.. എന്തിനാണ് താങ്കൾ കള്ളം പറയുന്നത്? ഫസ്റ്റ്എയ്ഡ് നൽകാൻ ഒരു നഴ്‌സുപോലും വീഗാലാന്റിൽ ഉണ്ടായിരുന്നില്ല: അപകടത്തിൽ് ശരീരം തളർന്ന വിജേഷ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

  • അതൊരു പുതിയ അറിവാണ്. എത്ര വർഷം സംഗീതം പഠിച്ചു? ആരാണ് ഗുരു?

ഏഴ് വർഷത്തോളം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. മാങ്ങാട് നടേശൻ മാസ്റ്ററായിരുന്നു ഗുരു. സ്ഥിരമായി കച്ചേരിയിൽ പങ്കെടുക്കാറുണ്ട് ചെമ്പൈ സംഗീതോത്സവത്തിൽ മൂന്ന് തവണ പാടിയിട്ടുണ്ട്. സ്‌കൂൾ പഠനകാലത്തിലും, ശാസ്ത്രീയ സംഗീതത്തിലും, ലളിതഗാനമത്സരത്തിലും നിരവധി തവണ സമ്മാനങ്ങൾ നേടിയിട്ടിണ്ട്. സ്‌കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ യുവജനോത്സവത്തിലും പങ്കെടുത്ത് സമ്മാനം നേടി. വലിയ ആഗ്രഹങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ, എന്ത് ചെയ്യാൻ എല്ലാം വിധി. അല്ലാതെന്ത് പറയാൻ.

  • ചിറ്റിലപ്പള്ളി മറ്റൊന്ന് കൂടി പറഞ്ഞിരുന്നല്ലോ? ബക്കറ്റ് ഷവർ എന്ന് റെയ്ഡ് ഫാമിലിക്ക് മാത്രമുള്ളതാണെന്നൊ മറ്റൊ? അവിടെ നിരോധിത മേഖലയായിരുന്നോ?

അങ്ങനെ നിരോധിത മേഖലയാണെങ്കിൽ ഞാൻ എങ്ങനെ അവിടെ എത്തി എന്നതിന് മറുപടി പറയേണ്ടത് വീഗാലാന്റ് അധികൃതരാണ്. അവിടെ അങ്ങനെയൊരു നിരോധനം ഉള്ളതായി എനിക്കിപ്പോഴും അറിയില്ല. എനിക്ക് അപകടം പറ്റിയത് അവിടെ വച്ചാണെന്ന് ചിറ്റിലപ്പള്ളി അംഗീകരിച്ചല്ലോ...അതു തന്നെ ഭാഗ്യം. എല്ലാനിയമങ്ങളും പാലിക്കുന്ന ആളാണെങ്കിൽ പാർക്കിൽ എന്തുകൊണ്ട് ഡോക്ടറോ, അടിയന്തര ചികിത്സാ സംവിധാനങ്ങളോ ഇല്ല എന്നതിന് മറുപടി പറയേണ്ടതും ബഹുമാനപ്പെട്ട ചിറ്റിലപ്പള്ളിയാണ്.
എൽഡിഎഫ് ഉപരോധ സമരത്തിനെ പ്രതികരിച്ച സന്ധ്യക്ക് അഞ്ച് ലക്ഷം രൂപ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചതോടെയാണ്

  • വിജേഷിന്റെ ദുരവസ്ഥ പുറം ലോകം അറിയുന്നത്. ചിറ്റിലപ്പള്ളിയുടേത് ഒരു പബ്ലിസിറ്റി സ്റ്റാന്റാണോ? അങ്ങിനെ ഒരു അഭിപ്രായം വിജേഷിനുണ്ടോ?

ഞാൻ ആദ്യമേ പറയട്ടെ ചിറ്റിലപ്പള്ളിയെ ക്രൂശിക്കാനും എതിർക്കാനും, ഞാനൊരു ആന്റി ചിറ്റിപ്പള്ളിയല്ല. അദ്ദേഹത്തിന്റെ പണം ആർക്കോ കൊടുത്തോട്ടെ. അതിലും എനിക്ക് എതിർപ്പില്ല. പിന്നെ ഞാനിപ്പോൾ പ്രതികരിച്ചത് അവയവദാനത്തിന്റെ പ്രസക്തിയെപ്പറ്റി വാചാലാനാകുന്ന ചിറ്റിലപ്പള്ളി കഴുത്തിന് താഴെ ചലനമില്ലാതെ കിടക്കുന്ന എന്നെയൊന്ന് ശ്രദ്ധിക്കാൻ വേണ്ടിയാണ്. പതിനൊന്ന് വർഷമായി ഞാനിങ്ങനെ ഇവിടെ ജീവിച്ചിരുപ്പുണ്ടെന്നത് പുറംലോകം അറിയാനെങ്കിലും ഇത് കാരണമായി. ആ അർത്ഥത്തിൽ എനിക്ക് സന്തോഷമുണ്ട്.

  • ചിറ്റിലപ്പള്ളി ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ ഓഫർചെയ്തിരുന്നു എന്ന് പറഞ്ഞല്ലോ, അത് സ്വീകരിച്ചിരുന്നോ?

എന്റെ അവസ്ഥയെക്കുറിച്ച് സുഹൃത്തുക്കൾ ചെന്ന് കണ്ട് കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം ഫോട്ടോസ്റ്റാറ്റ് മെഷീന്റെ ഓഫർ വച്ചത്. ഒരു ഫോട്ടോസ്റ്റാറ്റ് കടയുമിട്ട് ഏവരുടേയും സഹതാപവും പറ്റി ജീവിക്കുന്ന ഒരു വികലാംഗനാകാൻ ഞാൻ ഒരുക്കമല്ല. വീഗാലാന്റിൽ വച്ചുണ്ടായ അപകടത്തിൽ നിന്ന് കരകയറുകയാണാവശ്യം. അതിന് മെച്ചപ്പെട്ട ചികിത്സവേണം. എന്റെ ഒരുപാട് സ്വപ്നങ്ങളാണ് വീഗാലാന്റ് കവർന്നെടുത്തത്.

  • കേസുമായി മുന്നോട്ട് പോയിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ? അതിന്റ വിശദാംശങ്ങൾ എന്താണ്?

ഹൈക്കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. വലിയ കാലതാമസമാണെടുക്കുന്നത്. അതിനും പണം ആവശ്യമാണല്ലോ; കേസ് എനിക്കനുകൂലമായി വിധിച്ചു എന്നാലും സുപ്രീം കോടതി വരെ പോയി കേസ് നീട്ടിവയ്ക്കാൻ ചിറ്റിലപ്പള്ളിക്ക് കഴിയും. മാന്യമായ ഒരു നഷ്ടപരിഹാരവും, ഒത്തു തീർപ്പും, ആണിപ്പോഴും ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷെ അതൊരിക്കലും ഫോട്ടോസ്റ്റാറ്റ് മിഷ്യൻ ആകരുത്(രോഷത്തോടെ)
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വിജേഷിന്റെ മുറിയിലെ കംമ്പ്യൂട്ടറിൽ വന്ന മെസേജുകൾ ഓരോന്നായി വിവരിച്ചു കൊടുക്കുകയായിരുന്നു കൂട്ടുകാരൻ ടോണി.
ടോണി എന്നോടായി പറഞ്ഞു. കമ്പ്യൂട്ടർ ഞങ്ങൾ സുഹൃത്തുക്കൾ പിരിവെടുത്ത് വാങ്ങിച്ച് കൊടുത്തതാണ്. ഒന്നെഴുന്നേൽക്കാൻ പോലും ഒറ്റക്ക് സാധിക്കാത്ത വിജേഷിന് ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ മനുഷ്യനാണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ...ഇതിനിടയിൽ അമ്മ സരസ്വതി മുറിയിൽ വന്ന് വിജേഷിന് കുടിക്കാൻ വെള്ളം നൽകി. ഞങ്ങൾ തുടർന്നു.

  • ഭക്ഷണം ഒക്കെ എങ്ങനെയാണ്? കഴിക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ?

കഴിക്കാൻ പണ്ടത്തെപ്പോലെ സാധിക്കുന്നില്ല എന്നത് സത്യമാണ്. ഞാനിപ്പോൾ കൂടുതൽ ഭക്ഷണം കഴിക്കാറില്ല. ശരീരത്തിന് ഭാരം കൂടിയാൽ അമ്മയെ കണ്ടല്ലോ അവർക്ക് ബുദ്ധിമുട്ടാണ്. എടുത്തു പൊക്കാനും മറ്റും പ്രയാസമാകും.
സർക്കാരിന്റെ ഭാഗത്തു നിന്നും വല്ല സഹായവും ലഭിച്ചിരുന്നോ?
മുഖ്യമന്ത്രി ജനസമ്പർക്ക പരിപാടിയുമായി തൃശൂർ വന്നപ്പോൾ പോയി കണ്ടിരുന്നു. സഹായം ലഭിക്കുമോ എന്നറിയില്ല. കിട്ടുമെന്ന് പ്രതീക്ഷിക്കാം.

  • കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയോട് എന്തെങ്കിലും പറയാറുണ്ടോ?

ഇതൊരാപേക്ഷയാണ് സാർ പറയുന്ന എവിടെ വേണമെങ്കിലും പോകാം. ഏത് സമരത്തിന്റെ മുൻപിലും ചെന്ന് ആരെയും ചീത്ത വിളിക്കാം. എനിക്ക് നഷ്ടപരിഹാരം തന്നാൽ മതി. ആരോടും ദേഷ്യമില്ല. ഏതൊരു യുവാവിനേയും പോലെ നന്നായി ജീവിക്കാൻ ആഗ്രഹം എനിക്കുമുണ്ട് അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.

വിജേഷിന്റെ വീട്ടിലെ ഫോൺ ബെല്ലടിച്ചുകൊണ്ടേയിരുന്നു. മാദ്ധ്യമ പ്രവർത്തകരാണ്. തളർന്ന ശരീരത്തിൽ തളരാത്ത ശബ്ദവുമായി വിജേഷ് അവരോട് സംസാരിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോൾ വിജേഷ് എന്നോട് ഒരുപാട് നന്ദി പറഞ്ഞു, അമ്മയോട് വിജേഷിന്റെ അച്ഛനെവിടെയെന്നേന്വേഷിച്ചു. പക്ഷാഘാതം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് അദ്ദേഹം മോചിതനാകുന്നതേയുണ്ടായിരുന്നുള്ളൂ. തിരിച്ച് റയിൽവേ സ്റ്റേഷനിലെത്തി ട്രയിൻ കയറുമ്പോൾ മനസിൽ വിജേഷിന്റെ മുഖം തെളിഞ്ഞു വന്നു. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
(അവസാനിച്ചു).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP