Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തോപ്പുംപടി പാലത്തിനടുത്ത് ആൾക്കൂട്ടം കണ്ടാണ് അവിടെ എത്തിയത്; ആരോ വെള്ളത്തിലേക്ക് ചാടിയെന്ന പറഞ്ഞപ്പോൾ രക്ഷിക്കാനായി ചാടുകയായിരുന്നു; പെൺകുട്ടിയെ രക്ഷിച്ച വിവരം സോഷ്യൽ മീഡിയയിൽ വൈറലായി; രക്ഷകന് നാട്ടിൽ സ്വീകരണ പരിപാടികളായതോടെ ശമ്പളത്തോടെ ലീവ് നൽകി ചിക്കിങ്ങും; പെട്രോളടിക്കാൻ സുഹൃത്തിനൊപ്പം പോയ ജീവൻ സൂപ്പർ സ്റ്റാറായ സംഭവം ഇങ്ങനെ

തോപ്പുംപടി പാലത്തിനടുത്ത് ആൾക്കൂട്ടം കണ്ടാണ് അവിടെ എത്തിയത്; ആരോ വെള്ളത്തിലേക്ക് ചാടിയെന്ന പറഞ്ഞപ്പോൾ രക്ഷിക്കാനായി ചാടുകയായിരുന്നു; പെൺകുട്ടിയെ രക്ഷിച്ച വിവരം സോഷ്യൽ മീഡിയയിൽ വൈറലായി; രക്ഷകന് നാട്ടിൽ സ്വീകരണ പരിപാടികളായതോടെ ശമ്പളത്തോടെ ലീവ് നൽകി ചിക്കിങ്ങും; പെട്രോളടിക്കാൻ സുഹൃത്തിനൊപ്പം പോയ ജീവൻ സൂപ്പർ സ്റ്റാറായ സംഭവം ഇങ്ങനെ

ആർ.പീയൂഷ്

കൊച്ചി: കൺമുന്നിൽ ഒരു അപകടം നടന്നാൽ അത് മൊബൈൽ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ലൈക്കുകളും കമന്റ്സും വാങ്ങിക്കൂട്ടാൻ എല്ലാവർക്കും തിടുക്കമാണ്. എന്നാൽ ആ ജീവൻ രക്ഷിക്കാൻ ആരു തയ്യാറാവുന്നില്ല എന്ന കാര്യം ഏറെ വേദനാജനകമാണ്. ഏതാനം ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണയാളെ രക്ഷിക്കാൻ നോക്കാതെ കൂട്ടം കൂടി നിക്കുകയും ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം അത് വഴി വന്ന വനിതാ അഡ്വ: ഹോസ്പിറ്റലിലെത്തിച്ച വാർത്ത ആരും മറന്നിട്ടില്ല. എന്നാൽ മനുഷ്യ മനസ്സിന്റെ നന്മ ഒട്ടും വറ്റാത്ത കുറച്ചാളുകളെങ്കിലും ഇപ്പോഴും ഉണ്ട് എന്ന് തെളിയിക്കുന്ന ഒരു വാർത്തയാണ് എറണാകുളം തോപ്പും പടിയിൽ നിന്നും പുറത്ത് വന്നത്.

പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്യാനായി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ പള്ളുരുത്തി സ്വദേശിനിയായ യുവതിയെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ കൂടെ ചാടി രക്ഷിച്ച് ഒരു യുവാവ്. കുമ്പളങ്ങി വേലശ്ശേരി ഉണ്ണി(ആന്റണി)യുടെയും ഡെയ്സിയുടെയും മകൻ ജീവൻ ആന്റണിയാണ് ആ യുവാവ്. സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരമാണ് ജീവൻ. കഴിഞ്ഞ ദിവസം തോപ്പും പടി പാലത്തിൽ നിന്നും ചാടിയ ഇരുപതുകാരിയെയാണ് ജീവൻ രക്ഷിച്ചത്. നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താണ യുവതിയെ രക്ഷിക്കാൻ ആരും ശ്രമിക്കാതെ കാഴ്ചക്കാരായി നാട്ടുകാർ നിന്നപ്പോഴാണ് പത്തൊൻപതുകാരനായ ഈ ചെറുപ്പക്കാരൻ ധീരമായി മുന്നിട്ടിറങ്ങി യുവതിയെ രക്ഷിച്ചത്. പൊലീസും നാട്ടുകാരും ഒരു പോലെ അഭിനന്ദനെ കൊണ്ട് വീർപ്പു മുട്ടിക്കുകയാണ് ജീവനെ ഇപ്പോൾ. അന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി മറുനാടൻ മലയാളിയോട് ജീവൻ മനസ്സ് തുറക്കുന്നു.

എങ്ങനെയാണ് പെൺകുട്ടി കായലിൽ ചാടി എന്നറിയുന്നത്?

ചിക്കിങ്ങിന്റെ തോപ്പും പടി ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് റൂമിലെത്തിയതിന് ശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ പെട്രോളടിക്കാൻ അടിക്കാനായി ഇറങ്ങിയതായിരുന്നു. ഏകദേശം രാത്രി 12.30 ആയിട്ടുണ്ടായിരുന്നു. പഴയ പാലമായ ഹാർബർ പാലം വഴിയാണ് പോയത്. അവിടെ കുറച്ചാളുകൾ കൂടി നിക്കുന്നത് ശ്രദ്ധയിൽപെട്ടു. വിവരം തിരക്കിയപ്പോൾ ഒരാൾ ചാടി എന്നറിഞ്ഞു. ആണാണോ പെണ്ണാണോ എന്ന് അറിയില്ല എന്നവർ പറഞ്ഞു.

രക്ഷിക്കാൻ കായലിലേക്ക് ചാടാൻ പ്രചോദനമായതതെന്താണ്?

പാലത്തിൽ നിന്നും കായലിലേക്ക് നോക്കിയപ്പോൾ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ കണ്ടു. എല്ലാവരും ഇത് കാണുന്നുണ്ടെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല. ഈ സമയം കൊണ്ട് ചാടിയ ആൾ ഒഴുക്കിൽപെട്ട് പുതിയ പാലത്തിനടുത്ത് എത്താറായി. ഇനിയും മുന്നോട്ട് പോയാൽ പിന്നെ രക്ഷയില്ലാത്ത സ്ഥലമാണ്. കാരണം അവിടെ കപ്പൽ ചാലാണ്. നമ്മുടെ ആർക്കെങ്കിലുമാണ് സംഭവിച്ചത് എങ്കിലോ എന്ന ചിന്ത വന്നതോടെ പിന്നെ ഒന്നും ആലോചിച്ചില്ല പാലത്തിന് താഴേക്ക് ബൈക്കുമായെത്തി് കായലിലേക്ക് ചാടുകയായിരുന്നു.

അപകടത്തിൽ പെട്ടയാളുടെ അടുത്തെത്തിയപ്പോൾ?

ചാടിയ ആളിന്റെ അടുത്തെത്തിയപ്പോഴാണ് പെൺ കുട്ടിയാണെന്ന് അറിഞ്ഞത്. ആദ്യം എങ്ങനെ രക്ഷിക്കണം എന്ന് ഒരു പിടിയുമില്ലായിരുന്നു. പിന്നീട് പെൺകുട്ടിയുടെ പിറകിലൂടെ കൈ രണ്ടും ലോക്ക് ചെയ്തു. എന്നെ രക്ഷിക്കണ്ട എനിക്ക മരിക്കണം എന്ന് പറഞ്ഞ് പെൺകുട്ടി ഒച്ചയെടുത്തു. പതുക്കെ കാര്യങ്ങൾ സംസാരിച്ച കരയിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.

പൊലീസോ ഫയർ ഫോഴ്സോ ആ സമയം എത്തിയിരുന്നോ?

പെൺകുട്ടിയുടെ അടുത്തെത്തിയപ്പോഴേക്കും പൊലീസ് എത്തിയിരുന്നു. അവരാണ് ലൈറ്റ് തെളിയിച്ച് നൽകിയത്. പിന്നീട് ഫയർ ഫോഴ്സും എത്തിയിരുന്നു. കരയിലെത്തിച്ചപ്പോൾ പൊലീസ് ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിന്നീട് പൊലീസും ഫയർ ഫോഴ്സും ഞാൻ ചെയ്തത് വലിയ കാര്യമാണെന്നും പറഞ്ഞ് അഭിനന്ദിച്ചു.

എങ്ങനെയാണ് ജീവൻ പെൺകുട്ടിയെ രക്ഷിച്ച വിവരം സോഷ്യൽ മീഡിയയിൽ എത്തിയത്?

ആ സമയം അവിടെയുണ്ടായിരുന്ന രാജ്കുമാർ എന്ന പൊലീസുദ്യോഗസ്ഥനാണ് എന്റെ ഫോട്ടോ എടുക്കുകയും വിവരം ഫെയ്സ് ബുക്കിൽ ഷെയർ ചെയ്യുകയും ചെയതത്. രാവിലെ മുതൽ എനിക്ക് സുഹൃത്തുക്കളുടെ ഫോൺകോളുകൾ വരുന്നുണ്ടായിരുന്നു. പിന്നീട് ഷോപ്പിലെത്തിയപ്പോൾ മാനജർ എന്റെ ഫോട്ടോ എടുക്കുകയും ഫോൺ നമ്പർ സഹിതം വിവരം ഫെയ്സ് ബുക്കിൽ കുറിക്കുകയും ചെയ്തു. അതോടെ ഫോണിന് വിശ്രമമില്ലാതെയായി. ഒരു വർഷത്തേക്ക് എനിക്ക് വരുന്ന കോളുകളെല്ലാം ഒറ്റ ദിവസം ഒരുമിച്ച് വന്നപോലെയായിരുന്നു.

നാടൊട്ടുക്കും ആദരവ് നടത്തുന്നു എന്നാണല്ലോ അറിയുന്നത്?

ശരിയാണ്, എല്ലാവരും വിളിച്ച് അങിനന്ദനം മാത്രമല്ല ആദരിക്കുകയും ചെയ്യുന്നുണ്ട്. ആദ്യം ഐലന്റ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് ആദരം ഏറ്റുവാങ്ങിയത്. ഇതുവരെ പത്തോളം സ്ഥലങ്ങളിൽ പോയി. ഇപ്പോൾ പാലാരിവട്ടം ചിക്കിങ്ങിൽ എന്റെ സഹപ്രവർത്തകരും മാനേജർമാരും ആദരം നൽകി. ദൈവം എനിക്ക് ഒരു നല്ല കാര്യം ചെയ്യാൻ അവസരം നൽകി. അത് ഞാൻ ചെയ്തു. എനിക്കിന്ന നൽകുന്ന ആദരം ദൈവം തന്ന അനുഗ്രഹമാണ്. അഭിനന്ദിച്ചവർക്ക് ഒരായിരം നന്ദി.

ജീവൻ ഇത് പറഞ്ഞു നിർത്തുമ്പോൾ മുഖത്ത് നിഷ്‌ക്കളങ്കമായ ഒരു ചിരിയുണ്ടായിരുന്നു. മകൻ ചെയ്ത പ്രവർത്തി ഏറെ അഭിമാനകരമാണെന്നും ഏറെ സന്തോഷമുണ്ടെന്നും പിതാവ് ആന്റണി പറയുന്നു. ആദ്യം പേടിച്ചു പോയെങ്കിലും മകന്റെ ധീരകൃത്യത്തിൽ അമ്മ ഡെയ്സിയും അഭിമാനിക്കുന്നു. മൊബൈൽ ടെക്നീഷ്യൻ കോഴ്സ് ചെയ്ത ജീവൻ ഒരപകടത്തെ തുടർന്ന കുറച്ചുനാൾ വിശ്രമം എടുക്കേണ്ടി വന്നു. അതിന് ശേഷം ജോലി തേടിയെങ്കിലും ഒന്നും ലഭിച്ചില്ല. പിന്നീട് ചിക്കിങ്ങിൽ വരികയും ജോലി ലഭിക്കുകയുമായിരുന്നു. മൂന്നാഴ്ച മുൻപ് ജോലിക്കെത്തിയ ജീവൻ ഇപ്പോൾ ചിക്കിങ്ങിലെ താരമാണ്. ഒരു ആദിവാസി യുവാവിനെ മനസാക്ഷി ഇല്ലാതെ തല്ലി കൊന്ന സംഭവത്തിനിടയിൽ ആരും ചെയ്യാൻ മടിക്കുന്ന പ്രവർത്തി ചെയ്ത ജീവനെ പറ്റി ഏറെ അഭിമാനിക്കുന്നു എന്നാണ് ചിക്കിങ്ങ് ഉടമ മൻസൂർ പറഞ്ഞത്. കൂടാതെ എല്ലാ സ്ഥലങ്ങളിലും അനുമോദന പരിപാടികളിൽ ജീവന് പങ്കെടുക്കാനായി ശമ്പളത്തോട് കൂടി ലീവും അനുവദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP