Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിലവിളക്കു വിവാദത്തിലൂടെ സമസ്ത ലക്ഷ്യമിട്ടതു കുഞ്ഞാലിക്കുട്ടിയെ; നേരിട്ടെതിർക്കാൻ ധൈര്യമില്ലാത്തതിനാൽ മറ്റുള്ളവരെ എതിർത്തു; പോസ്റ്റിട്ടതിന്റെ പേരിൽ ഫേസ്‌ബുക്ക് അധികൃതരെ സസ്‌പെന്റ് ചെയ്യാത്തതിന് നന്ദി! നിലവിളക്കു കൊളുത്തലിനെ അനുകൂലിച്ചു നടപടി നേരിട്ട മുസ്തഫൽ ഫൈസി മറുനാടനോട്

നിലവിളക്കു വിവാദത്തിലൂടെ സമസ്ത ലക്ഷ്യമിട്ടതു കുഞ്ഞാലിക്കുട്ടിയെ; നേരിട്ടെതിർക്കാൻ ധൈര്യമില്ലാത്തതിനാൽ മറ്റുള്ളവരെ എതിർത്തു; പോസ്റ്റിട്ടതിന്റെ പേരിൽ ഫേസ്‌ബുക്ക് അധികൃതരെ സസ്‌പെന്റ് ചെയ്യാത്തതിന് നന്ദി! നിലവിളക്കു കൊളുത്തലിനെ അനുകൂലിച്ചു നടപടി നേരിട്ട മുസ്തഫൽ ഫൈസി മറുനാടനോട്

എം പി റാഫി

മസ്ത കേരള സുന്നിയുവജന സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച മുസ്തഫൽ ഫൈസി എക്കാലത്തും സുന്നി സംഘടനകളിൽ ചർച്ചാ വിഷയമായിരുന്നു. കുവൈത്ത് കരാറുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കാന്തപുരം വിഭാഗവുമായി ഇടഞ്ഞ ഫൈസി ഇ.കെ സുന്നിയിലെത്തി. സമസ്തയുടെ പിളർപ്പിനു മുമ്പും ഫൈസിയുടെ ശബ്ദം വേറിട്ടു തന്നെ നിന്നു. 1987 ൽ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ മുസ്തഫൽ ഫൈസിക്കെതിരെ സംഘടനാ നടപടിയെടുത്തപ്പോൾ തന്റെ വാദം തെളിയിക്കും വരെ കോടതി കയറിയിറങ്ങി. ഇരു വിഭാഗം സുന്നികൾക്കിടയിൽ പിളർപ്പിനു മുമ്പും ശേഷവും പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ പ്രമാണ പിൻബലത്തോടെയുള്ള തന്റെ നിലപാടിൽ അദ്ദേഹം എന്നും ഉറച്ചു നിന്നു. ബാങ്ക് പലിശ ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ തെറ്റല്ലെന്ന് വ്യാഖ്യാനിച്ച് മുസ്തഫൽ ഫൈസി എഴുതിയ പുസ്തകം വിവാദമായപ്പോൾ മുമ്പും സുന്നി യുവജന സംഘടനയിൽ നിന്നും പുറത്താക്കൽ നടപടിക്ക് വിധേയമായി.

മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ്, അറബികോളേജിന്റെ ശില്പികൂടിയായ ഫൈസി നിലവിൽ വളാഞ്ചേരി മർക്കസ്, ബാഫഖി യതീം ഖാന തുടങ്ങിയ നിരവധി സ്ഥാപനങ്ങുളെടെ ഉന്നതാതികാര സമിതികളിലും നടത്തിപ്പ് കമ്മിറ്റികളിലും അംഗമാണ്. തിരൂർ പയ്യനങ്ങാടി സ്വദേശിയായ മുസ്തഫൽ ഫൈസി സമസ്തയുടെ തിരൂർ താലൂക്ക് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി സമസ്തയുടെ സമ്മേളനങ്ങളിൽ പ്രമേയം കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയിരുന്നതും ഫൈസിയെയാണ്. അൽമൂബാറക്ക് മാസികയുടെ പത്രാതിപരായിരുന്ന ഫൈസി സമസ്ത സമ്മേളനങ്ങളിൽ പുറത്തിറക്കിയിരുന്ന സുവനീറുകളുടെ സ്ഥിരം എഡിറ്റർ കൂടിയായിരുന്നു.

നിലവിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ചതിന്റെ പേരിൽ ഇപ്പോൾ സമസ്തയുടെ യുവജന സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട എം പി മുസ്തഫൽ ഫൈസിയുമായി വിവാദത്തിന്റെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി ലേഖകൻ എം പി റാഫി നടത്തിയ സംഭാഷണം:

  • സുന്നി യുവജന സംഘത്തിന്റെ നടപടിക്ക് ഇടയാക്കിയ താങ്കളുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ ഉടമ യഥാർത്ഥത്തിൽ താങ്കൾ തന്നെയാണോ?

ത്, എന്റേത് തന്നെയാണ് ഞാൻകൊടുത്തത് തന്നെയാണ് ആ ഫേസ്‌ബുക്ക് പോസ്റ്റ്. എംപി മുസ്തഫൽ ഫൈസി എന്ന പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടിൽ എഴുതിയിട്ടുള്ളതെല്ലാം എന്റെ വാക്കുകൾ തന്നെയാണ്.

  • ഈ പോസ്റ്റിന്റെ പേരിൽ സംഘടനാ നടപടി എടുത്തെന്ന വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു ഇത് ശരിയാണോ?

ക്കാര്യത്തിൽ എനിക്ക് വിവരമൊന്നും കിട്ടിയിട്ടില്ല. ആ നിലക്ക് എന്നെ ആരും വിളിച്ചിട്ടുമില്ല. ആരുടെ അധ്യക്ഷതയിൽ ആരൊക്കെ പങ്കെടുത്തായിരുന്നു എനിക്കെതിരെ നടപടിയെടുത്തതെന്ന് വ്യക്തമല്ല. നടപടിയെടുത്തെന്ന് ഓഫീസിൽ നിന്നും അറിയിച്ചു എന്ന് പറഞ്ഞാണ് പത്ര വാർത്ത കണ്ടത്. എന്നുവച്ചാൽ എന്നെ പുറത്താക്കിയെന്ന് ഔദ്യോഗികമായി പറയുന്നതിൽ അവർക്ക് ചില ബേജാറുകളുണ്ട്. മുമ്പ് എനിക്കെതിരെ സമസ്ത നടപടിയെടുത്തപ്പോൾ ഞാൻ കോടതിയിൽ പോയി. പിന്നീട് കേസ് വിജയിച്ചപ്പോൾ അവർ ക്ഷമാപണം നടത്തി. അന്ന് ശംസുൽ ഉലമയെ ഉപയോഗിച്ച് ചിലർ ചെയ്ത പണിയായിരുന്നു ഇത്. അന്ന് കോടതിയിൽ വച്ച് യോജിപ്പിലെത്തിയപ്പോൾ നിങ്ങൾക്കെതിരെയുള്ള നടപടി പിൻവലിച്ചതായ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ എഴുതി തന്ന കത്ത് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഇത് മുന്നിൽ കണ്ട് നിയമ നടപടി സ്വീകരിക്കുമെന്നതിനാലാണ് അവർ ഔദ്യോഗികമായി യോഗം ചേർന്ന് എനിക്കെതിരെ നടപടിയെടുക്കാത്തത്.

  • നിലവിളക്ക് വിഷയത്തിലേക്കു തന്നെ പോകുമ്പോൾ, കേരളത്തിലെ പ്രശസ്തമായ പല പുരാതന പള്ളികളിലും, ജാറങ്ങളിലും നിലവിളക്ക് ഉപയോഗിച്ചു വരുന്നുണ്ടല്ലോ.. ഇതിന് മതപരമായ വല്ല പിൻബലവും ഉണ്ടോ?

ചാരപരമായി നിലവിളക്ക് എന്നത് വളരെ വളരെ മുമ്പ് തന്നെ നിലനിൽക്കുന്ന ഒന്നാണ്. അതോടൊപ്പം ഈ വിളക്ക്, നിലവിളക്ക് എന്നൊക്കെ പറയുന്നത് എങ്ങനെ വിലയിരുത്തിയാലും അത് ദൈവിക ദർശനത്തിന്റെ പ്രതീകമാണ്. വിളക്ക്, വെളിച്ചം എന്നൊക്കെ പറയുന്നത്. അള്ളാഹു നൂറു സ്സമാവാതി എന്നാണ് ഖുർആനിൽ പറഞ്ഞിരിക്കുന്നത്. ഇതിനർത്ഥം അള്ളാഹു ആകാശ ഭൂമിയിലുള്ള പ്രാകാശമാണെന്നാണ്. അതുകൊണ്ട് അള്ളാഹുവിന്റെ പ്രകാശത്തിന്റെ പ്രതീകമാണ് നമ്മുടെ മുന്നിലൊക്കെ കാണുന്ന വിളക്കുകൾ. ആ വിളക്കുകളെ സംബന്ധിച്ച് ഖുർആനിൽ പറഞ്ഞിട്ടുള്ളത് അള്ളാഹു ഉയർത്താൻ ഇഷ്ടപ്പെട്ട താൽപര്യപ്പെട്ട വീടുകളിൽ അത് കത്തിക്കുമെന്നാണ്. ഇത് സൂറത്തുന്നൂറിലെ സൂക്തമാണ്. ആ വീടുകളെന്നാൽ പള്ളികളിൽ മാത്രമല്ല അതായത് പള്ളിയുമായി ബന്ധപ്പെട്ട മഹാത്മാക്കളുണ്ടല്ലോ (ഇവിടെ ശ്രദ്ധിക്കേണ്ടത് ഖുർആനിൽ ബുയൂതിൻ അതായത് വീടുകൾ എന്നാണ് പ്രത്യേകം പറഞ്ഞിട്ടുള്ളത്) അവരുടെ വീടുകളിൽ പ്രത്യേക മര്യാദകളോടു കൂടി കത്തിച്ച് ദൈവീകമായ പ്രതീകമെന്ന നിലക്കുള്ള പ്രവൃത്തിയാണിത്. ഇവിടെങ്ങളിലെല്ലാം പകലും വിളക്ക് കത്തുന്നതു കാണാം. അതായത് നമ്മുടെ വീടുകളിൽ വൈദ്യുതി ഉണ്ടെന്നുള്ളതിന് തെളിവാണല്ലോ പകൽ സമയത്തും ക്തതുന്ന സിഗ്നൽ ലൈറ്റുകൾ. അതുപോലെ ഇവിടെ ഒരു ആത്മീയ വൈദ്യുതിയുണ്ട്, ദൈവീക ദർശനത്തിന്റെ പ്രതീകം ഇവിടെയുണ്ട് എന്ന് വരുത്താനാണ് ഇത്തരത്തിൽ വിളക്കും നിലവിളക്കും ക്തതിച്ചു പോന്നത്. മഹാന്മാരുടെ ജാറങ്ങളിൽ പല നിലകളിലുള്ള നിലവിളക്കുകൾ കത്തിക്കുന്നത് ഇവർ ദൈവത്തിങ്കൽ പലനിലകളുള്ളവരാണ് ഇത് ഇതിന്റേയു കൂടെ ഒരു സൂചനയാണ്. ഇത് ഈ അർത്ഥത്തിൽ എല്ലാ ദേവാലയങ്ങളിലും കാണും അതിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യാസമുണ്ടാകും. ആദ്യം കണ്ടു പിടിക്കപ്പെട്ട ലോഹമായ ഇരുമ്പിൽ നിന്നാണ് ഇതെല്ലാം ഉണ്ടായത്. പിന്നീട് പല മോഡലിലുള്ള വിളക്കുകൾ വന്നു.

  • നിലവിളക്ക് കത്തിക്കൽ ഹിന്ദുമതസ്ഥരുടെ വിശ്വാസ പ്രകാരമുള്ള കാര്യമാണന്നല്ലേ ഇതിനെ എതിർക്കുന്നവർ പറയുന്നത്?

വർ അതിൽ പല ദൈവങ്ങളുള്ളതായോ ദൈവീക ശക്തി കുടികൊള്ളുന്നതായോ വിശ്വസിക്കുന്നുണ്ടാകാം. അതായത് നമ്മൾ കോഴിയെ വളർത്തിയാൽ കോഴി കൂവുമ്പോൾ അവിടെ മലക്കുകളുടെ സാന്നിധ്യം അറിയിക്കുമെന്നാണ്. കഴുത ശബ്ദിച്ചാൽ പിശാചിന്റെ സാന്നിധ്യം അറിയിക്കുമെന്നാണ്. ഇതുപോലെ മുസ്ലിംങ്ങൾക്കുള്ള വേദങ്ങൾ തന്നെയാണ് മുമ്പും അവതരിച്ചിരുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ വരവോടെ മറ്റു ഗ്രന്ഥങ്ങളെല്ലാം ദുർബലപ്പെട്ടു പോയെന്നേ ഉള്ളൂ. അതുകൊണ്ട് ഇത്തരത്തിലുള്ള ദർശനങ്ങൾ എല്ലാ മതത്തിലും കാണും. മുസ്ലിംങ്ങൾ വിശ്വസിക്കുന്നത് മഴ വർഷിക്കുന്നത് മീക്കായീലിന്റെ സാന്നിദ്ധ്യമാണെന്നാണ്. അവിടെ അവർ വിശ്വസിക്കുന്നത് കാലദേവൻ പ്രകൃതി ദേവൻ എന്നൊക്കെയാണ്. അതുകൊണ്ട് മഴകൊള്ളാൻ പാടില്ലെന്ന് പറയാൻ പറ്റില്ലല്ലോ..

  • മുസ്ലിങ്ങൾക്ക് നിലവിളക്ക് കത്തിക്കാമെന്നതിൽ ചരിത്രപരമായ വല്ല ആധികാരികതയും ഉണ്ടോ?

കേരളത്തിലെക്ക് ഇസ്ലാം എത്തുന്നത് ഏകദേശം പ്രവാചകന്റെ കാലത്തു തന്നെയാണ്. ഇതിന്റെ ഭാഗമായി മാലീക് ദീനാറും നിരവധി പ്രവാചക അനുചരന്മാരും ഇവിടേക്ക് എത്തിയിരുന്നു. എന്നാൽ മതത്തിന്റെ പേരിൽ എന്തൊക്കെ അനുവദനീയമാണോ അതെല്ലാം അവർ നിലനിർത്തി എന്നതു തന്നെയാണ് അതിന്റെ ചരിത്ര പിൻബലം. അവർ കേരളത്തിലെത്തിയപ്പോൾ ഇവിടെ നിലനിന്നിരുന്ന വസ്ത്ര ധാരണയല്ല മുസ്ലിങ്ങൾ സ്വീകരിച്ചിരുന്നത്. പ്രവാചകൻ ഒന്നോ രണ്ടോ തവണയാണ് തല മുണ്ഡനം ചെയ്തിരുന്നത്. എന്നാൽ ഇവിടത്തെ മുസ്ലിം പണ്ഡിതർ അതികവും തല മുണ്ഡനം ചെയ്യുന്നവരാണ്. കേരളത്തിന്റെ ചരിത്രമെടുത്താൽ ഇവിടെ കൂടുതലും ബ്രാഹ്മണന്മാരാണ് തല മുണ്ഡനം ചെയ്തിരുന്നത്. ഇസ്ലാമിക വിധിയിൽ തല മുണ്ഡനം ചെയ്യുന്നത് വിരോധിച്ചിട്ടില്ല. അതുകൊണ്ട് പലരും ചെയ്യുകയും ചെയ്യാതിരിക്കുകയും എന്നതാണ് രീതി. നിലവിളക്കിന്റെ കാര്യമെടുത്താൽ കൂടുതൽ നിലകളുള്ളതും നിലത്തു വെയ്ക്കുന്നതുമാണ് നിലവിളക്ക്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റാവുന്നതും തിരുകൾ കൂട്ടുന്നതിനനുസരിച്ച് വെളിച്ചം കൂട്ടാനും പറ്റുന്നതാണ് നിലവിളക്ക്. ഖബറിനടുത്ത് വിളക്ക് കത്തിക്കാൻ ഒരാൾ വസിയ്യത്ത് ചെയ്താൻ ആ നിർദ്ദേശം നടപ്പിലാക്കാമെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും. ഷാഫി മദ്ഹബ് പ്രകാരം ഖുർആനിൽ വിരോധിക്കപ്പെടാത്തതെല്ലാം അനുവദനീയമാണെന്നാണ്. ഇതൊരു പൊതു തത്വം കൂടിയാണ്. ഇതനുസരിച്ച് മുൻഗാമികൾ നമുക്ക് കാണിച്ചു തന്നതു തന്നെയാണ് ഇതിലെ ചരിത്രപരമായ അടിസ്ഥാനം.

  • നാടമുറിക്കുന്നതിനും ബട്ടണമർത്തുന്നതിനും പകരം ഇതേ ലക്ഷ്യത്തിൽ നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ലെന്നാണല്ലോ ഉസ്താദിന്റെ പോസ്റ്റിൽ എഴുതിയിരുന്നത്?

തീർച്ചയായും, അതേ ലക്ഷ്യത്തിൽ നിലവിളക്ക് കൊളുത്തുന്നതിന് യാതൊരു പ്രശ്‌നവുമില്ല. അതേസമയം ഇതേ നിലവിളക്ക് പലരും പല ലക്ഷ്യത്തിലും ഉപയോഗിക്കുന്നുണ്ട്. ഞാൻ പറഞ്ഞത് ഇതേ ലക്ഷ്യത്തോടെയെന്നാണ്. ഇതിന്റെ കൂടെ ബിസ്മി കൂടെ ചൊല്ലിയാൽ ഈ വ്യക്തിക്ക് ദൈവത്തിൽ നിന്നുള്ള പ്രതിഫലം കൂടി ലഭിക്കുന്നു. ഈ കാര്യങ്ങളെല്ലാം പണ്ഡിതന്മാർ മതഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയതാണ്. അസ്ഹാബുൽ ഖുബ്‌റാ വാള്യം നാല്, പേജ് 238-239ൽ വ്യക്തമാക്കിയിരിക്കുന്നത് ഓണാഘോഷം പോലുള്ള ആഘോഷത്തെ കുറിച്ചായിരുന്നു. ഇപ്പോഴത്തെ ഓണാഘോഷം കേരളീയരുടെ മൊത്തം ആഘേഷമാണോ അല്ലയോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. എന്തായാലും അമുസ്ലിങ്ങളുടെ ആഘോഷത്തിൽ (പുതുവസ്ത്രം ധരിക്കൽ, ഭക്ഷണം ഉണ്ടാക്കി കഴിക്കൽ, തുടങ്ങിയവ) പങ്കു ചേരാമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രസ്തുത ഗ്രന്ഥത്തിൽ വ്യക്തമാക്കിയിരുന്നത്. അത് ഇങ്ങനെയാണ്, മറ്റു മതസ്തർ അംഗീകരിക്കുന്ന മത ചിഹ്നങ്ങളോ പൂജാ തൊപ്പികളോ തലയിൽ വച്ചാൽ ഈ ചെയ്തവൻ മതത്തിൽ നിന്നോ മതാചാരത്തിൽ നിന്നോ പുറത്തു പോകുകയില്ല. എന്നാൽ ഇതു ചെയ്യുന്നത് അവരുടെ മതത്തെ പ്രചരിപ്പിക്കാനോ കുഫ്‌റിനെ ഇഷ്ടപ്പെടുന്നതിന്റെ ഭാഗമായോ ആണ് ചെയ്യുന്നതെങ്കിൽ അവർ മതത്തിൽ നിന്നും പുറത്തു പോകില്ല അതേസമയം ഈ പ്രവർത്തി നിഷിദ്ധ(ഹറാം)മാണെന്നാണ് പണ്ഡിതർ വിശദീകരിക്കുന്നത്. ഇവിടെയാണ് ഞാൻ എഴുതിയത് പ്രസക്തമാകുന്നത്. പ്രവാചകൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത് ഒരോരുത്തർക്കും അവർ കരുതിയതാണുള്ളത് എന്നാണ്. പശുവിനെ ദൈവമായി വളർത്തുന്നവരാണ് ഹിന്ദുക്കൾ, അതേ സമയം മുസ്ലിംങ്ങൾ വളർത്തുന്നതോ?..

നിലവിളക്കിൽ നില തെറ്റരുത്‌- എംപി മുസ്‌തഫൽ ഫൈസികാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. സർവ്വ സ്‌തു...

Posted by M.P Musthafal FAIZY on Monday, 3 August 2015 
  • സമസ്തയോടൊപ്പം നിന്ന്, സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന ഭാരവാഹിത്വത്തിലിരുന്ന് സമസ്തയുടെ നിലപാടിനെ മറികടന്ന് മറ്റൊരു നിലപാടുമായി രംഗത്ത് വരിക എന്നത് ഒരു സംഘടനാ ചട്ടക്കൂടിന് ചേർന്നതാണോ?

ഥാർത്ഥത്തിൽ ഈ വിഷയത്തിൽ സമസ്ത തീരുമാനം എടുത്തിട്ടില്ല. സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദീൻ മുസ്ലിയാരുടെ അഭിപ്രായമാണെന്ന് പറഞ്ഞായിരുന്നു ലേഖനം വന്നത്. ഇന്ന് എന്നെ പുറത്താക്കിയതായി അഭിപ്രായം വന്നില്ലേ ഇതു പോലെ അത് സമസ്തയുടെ അഭിപ്രായമല്ല. വ്യക്തികളുടെ അഭിപ്രായങ്ങളാണ്. ഇനി സമസ്തയുടെ അഭിപ്രായമാണെന്ന് തന്നെ കരുതുക, എന്നാൽ തന്നെ വ്യക്തിപരമായ അഭിപ്രയങ്ങൾ പണ്ഡിതന്മാർക്ക് ഉണ്ടാകുന്നതിൽ സമസ്തക്ക് തടസമില്ല. ഇതാണ് സമസ്തയുടെ നിലപാടും നിയമവും. ഇത് പണ്ട് മുതൽക്കേയുള്ളതാണ്. നിലവിളക്ക് വിഷയത്തിൽ സമസ്തയുടെ പണ്ഡിതന്മാർക്ക് രണ്ട് അഭിപ്രായമുണ്ട് എന്നുള്ളതും നിലവിളക്കിനെതിരെ രംഗത്ത് വന്നവർക്ക് അറിയാം. അതറിഞ്ഞു കൊണ്ടാണ് ഏകപക്ഷീയമായ ലേഖനങ്ങളും അഭിപ്രായങ്ങളും വന്നത്.

  • എന്തായിരിക്കും ഇവരുടെ ലക്ഷ്യമെന്നാണ് താങ്കൾ കരുതുന്നത്?

വരുടെ ലക്ഷ്യം വളരെ വ്യക്തമാണ്. ലീഗിനെ പെട്ടെന്നൊരു എതിർക്കലാണ് അവരുടെ ലക്ഷ്യം. ലീഗിന്റെ പ്രവർത്തക സമിതിയിൽ ഇവർക്കെതിരായ തീരുമാനം വരണം എന്നതായിരുന്നു ഉദ്ദേശ്യം. യഥാർത്ഥത്തിൽ ഈ സമസ്തക്കാരുടെ ലക്ഷ്യം കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് മുമ്പൊരു പരിപാടിയിൽ വിളക്ക് കൊളുത്തിയല്ലോ അതാണ് പ്രശ്‌നം. എന്നാൽ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പേരു പറയാൻ ഇവർക്ക് പറ്റില്ല. അതുകൊണ്ട് ഇവർ മറ്റു പലർക്കെതിരെയും രംഗത്ത് വന്നത്. കെ.എൻ.എ ഖാദർ ഒന്നുമല്ല ഇവരുടെ പ്രശ്‌നം, ലീഗിനെയും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടി സാഹിബിനെയും ലക്ഷ്യം വച്ചുള്ള പരിപാടിയായിരുന്നു ഇത്. അതിനാണ് സമസ്തക്കാർ പെട്ടെന്ന് ചാടിവീണത്. അല്ലെങ്കിൽ ഈ വിഷയം അടുത്ത മുശാവറാ യോഗത്തിൽ ചർച്ച ചെയ്താൽ പോരായിരുന്നോ . ലീഗുകാരുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുകണ്ടാൽ അത് പറയേണ്ട രൂപത്തിൽ പറഞ്ഞാൻ ഏതു ലീഗുകാരനും അംഗീകരിക്കും. പക്ഷേ ദുർബുദ്ധി ഇതിൽ പ്രവർത്തിക്കാൻ പാടില്ല. പ്രത്യേകിച്ച് തങ്ങളെ പോലുള്ളവരൊക്കെ ലീഗിലുണ്ടാകുമ്പോൾ ദീനിന്റെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ വളരെ എളുപ്പമാണ്. എന്നാൽ വ്യക്തിവിരോധം തീർക്കാനാകുമ്പോൾ അത് അനാവശ്യ വിവാദങ്ങൾക്കേ വഴിവെക്കൂ.

  • നിലവിൽ നിലവിളക്ക് വിഷയത്തിൽ സമസ്ത ആധികാരികമായി ഫത്‌വ ഇറക്കിയിട്ടുണ്ടോ?

ല്ല, അങ്ങിനെ കൂടിയാലോചിച്ചോ അല്ലാതെയോ ഒരു ഫത്‌വ ഈ വിഷയത്തിൽ ഇതുവരെയും സമസ്ത ഇറക്കിയിട്ടില്ല. മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഒരു ഫത്‌വയുണ്ടോ അതും ഇല്ല. ഇതാണ് സമസ്തയുടെ അവസ്ത. എ.പി വിഭാഗവും ഈ വിഷയത്തിൽ ഫത്‌വയോ നിലപാടോ ഇറക്കിയിട്ടില്ല. അവർ തെരഞ്ഞെടുപ്പിന്റെ ചർച്ചയിലും ചൂടിലുമാണിപ്പോൾ.

  • നടപടി ക്രമങ്ങളോന്നുമില്ലാതെയുള്ള പുറത്താക്കൽ നടപടി പത്രവാർത്തയിലൂടെ മാത്രമാണല്ലോ അറിയുന്നത്, ഈ സാഹചര്യത്തിൻ തുടർ നടപടി എന്തായിരിക്കും?

വരുടെ നടപടി ഞാൻ സ്വാഗതം ചെയ്യുന്നു. അതിന്റെ കൂടെ ഫേസ്‌ബുക്കിന്റെ അധികൃതരെ അവർ സസ്‌പെൻഡ് ചെയ്തില്ലല്ലോ അതിൽ എനിക്ക് അവരോട് നന്ദിയുമുണ്ട്. അല്ലാതെ, ഇപ്പോൾ യാതൊരു നടപടിയെ കുറിച്ചും ആലോചിച്ചിട്ടില്ല. മറ്റു നടപടികളിലൂടെ നമ്മുടെ സമയം പാഴാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP