Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണി മുഖ്യമന്ത്രി ആകുന്നത് തലേദിവസം അട്ടിമറിച്ചത് ജോസ് കെ മാണിയുടെ ഭാര്യ; രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരിയായ നിഷ ഭർത്താവിനെ കേന്ദ്രമന്ത്രിയാക്കാനായി അവസാന നിമിഷം അമ്മായിയപ്പനെ പിന്തിരിപ്പിച്ചു; മാണിയെ വിശ്വസിച്ച് നീക്കങ്ങൾ നടത്തിയ ഞാൻ ഇടതിനും വലതിനും വേണ്ടാത്തവനായി: പി സി ജോർജ്ജ് മറുനാടൻ മലയാളിയുമായുള്ള വീഡിയോ അഭിമുഖത്തിൽ മനസു തുറക്കുമ്പോൾ

മാണി മുഖ്യമന്ത്രി ആകുന്നത് തലേദിവസം അട്ടിമറിച്ചത് ജോസ് കെ മാണിയുടെ ഭാര്യ; രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരിയായ നിഷ ഭർത്താവിനെ കേന്ദ്രമന്ത്രിയാക്കാനായി അവസാന നിമിഷം അമ്മായിയപ്പനെ പിന്തിരിപ്പിച്ചു; മാണിയെ വിശ്വസിച്ച് നീക്കങ്ങൾ നടത്തിയ ഞാൻ ഇടതിനും വലതിനും വേണ്ടാത്തവനായി: പി സി ജോർജ്ജ് മറുനാടൻ മലയാളിയുമായുള്ള വീഡിയോ അഭിമുഖത്തിൽ മനസു തുറക്കുമ്പോൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പി സി ജോർജ്ജിന് എന്ത് വിശേഷണമാണ് നൽകുക? പൂഞ്ഞാർ ഒരു നാട്ടുരാജ്യമാണെങ്കിൽ അവിടുത്തെ നാട്ടുരാജാവാണ് ജോർജ്ജ്.. കേരള രാഷ്ട്രീയത്തിൽ ഏതൊരു വമ്പനെയും വെല്ലുവിളിക്കാൻ കെൽപ്പുള്ള അതികായനാണ് അദ്ദേഹം.. ഇടതു മുന്നണിയിലും വലതു മുന്നണിയിലും പയറ്റിത്തെളിഞ്ഞതാണ് ജോർജ്ജിന്റെ രാഷ്ട്രീയ പാടവം. സംസ്ഥാന രാഷ്ട്രീയത്തിലെ പല ഉള്ളുകളികളും നീക്കുപോക്കുകൾക്കും ഇടയിലെ സൂത്രധാരനായി പ്രവർത്തിച്ച പി സി ജോർജ്ജ് ഇന്ന് ഒറ്റയ്ക്കാണ്. മുന്നണി രാഷ്ട്രീയം ശക്തമായ കേരത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും വെല്ലുവിളിച്ച് പൂഞ്ഞാറിൽ നിന്നും വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച പി സി ജോർജ്ജ് രാഷ്ട്രീയത്തിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. ഇങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിലെ സകലകലാ വല്ലഭനായ പി സി ജോർജ്ജ് മറ്റൊരു സ്‌ഫോടനാത്മക വെളിപ്പെടുത്തൽ കൂടി നടത്തുകയാണ്.

മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക വീഡിയോ അഭിമുഖത്തിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്തു നടന്ന നിർണ്ണായകമായ രാഷ്ട്രീയ കരുനീക്കത്തെ കുറിച്ചാണ് വെളിപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയിലെ പിന്നാമ്പുറ കഥകളെ കുറിച്ചാണ് അദ്ദേഹം മറുനാടനോട് തുറന്നു പറഞ്ഞത്. ഉമ്മൻ ചാണ്ടിയെ താഴെയിറക്കി കെ എം മാണി മുഖ്യമന്ത്രി ആകാൻ നടത്തിയ നീക്കമാണിത്. ഇതിന് കൂട്ടുനിന്നത് സിപിഎമ്മും ഇടതുമുന്നണിയും. ഈ നിർണ്ണായക നീക്കത്തിന്റെ ഇടനിലക്കാരനായി നിന്നത് താനാണെന്ന് ജോർജ്ജ് വെളിപ്പെടുത്തുന്നു.

കെ എം മാണി പി സി ജോർജിനെ വിളിച്ചുപറഞ്ഞു എനിക്ക് മുഖ്യമന്ത്രി ആകണം. തന്ത്രങ്ങൾ മെനയൂ. പി സി ജോർജ് ഇടതുമുന്നണി നേതാക്കളുമായി ബന്ധപ്പെടുന്നു. പലവട്ടം ചർച്ചകൾ. ഒടുവിൽ അവസാന വട്ട ചർച്ച. അതിനു തൊട്ടുമുൻപ് പി സി ജോർജിന് മാണിയുടെ ഫോൺ. ചർച്ച ഒഴിവാക്കണം. ആ ചർച്ച ഒഴിവാക്കാൻ ഇടപെട്ടത് മാണിയുടെ മകൻ ജോസ് കെ മാണിയുടെ ഭാര്യ. ഇങ്ങനെ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടന്ന രാഷ്ട്രീയ അന്തർനാടകങ്ങളെ കുറിച്ച് ജോർജ്ജ് തുറന്നു പറഞ്ഞു. കെ എം മാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കാൻ വേണ്ടി ജോർജ്ജിനെ കൂട്ടുപിടിച്ച് നടത്തിയ നീക്കങ്ങൾ അവസാന നിമിഷം പൊളിഞ്ഞത് ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ഇടപെടൽ കൊണ്ടാണെന്നാണ് ജോർജ്ജ് വ്യക്തമാക്കിയത്. ഇതേക്കുറിച്ച് ജോർജ്ജ് മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞത് ഇങ്ങനെ:

  • ഉമ്മൻ ചാണ്ടിയുടെ ശക്തനായ വക്താവായിരുന്നു താങ്കൾ. എന്തായിരുന്നു നിങ്ങൾ തമ്മിലുള്ള അകൽച്ചയ്ക്കു കാരണം?

ഞാൻ ഒളിച്ചു വെക്കുന്നില്ല. ഞാൻ ഇച്ചിരി ഉത്തരവാദിയാ. കെ എം മാണി എന്നെ വിളിച്ച് മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ജോർജ് നോക്കിയാൽ മതി ജോർജ് ജോലി ചെയ്യണം എന്നു പറഞ്ഞു. ഞാൻ ഓട്ടം തുടങ്ങി. ആദ്യം ഞാൻ മടിച്ച് നിന്നു. കെ എം മാണി വിളിച്ച് എനിക്ക് ഇനി ജീവിതത്തിൽ തന്റെ ആവശ്യം ഉണ്ടാവുകേലാ ജോർജ് ഒന്നു ഇടപെടണം എന്നു പറഞ്ഞു. എല്ലാവരുമായുമായും ബന്ധമുണ്ടല്ലോ ഒന്ന് ഇടപെടണം എന്ന് ആവർത്തിച്ചു. ഞാൻ അങ്ങനെ ഇടതു പക്ഷ നേതാക്കളുമായി ചർച്ച തുടങ്ങി.

അങ്ങനെ പ്രമുഖരായ നേതാക്കളെ കെ എം മാണിയുടെ വീട്ടിൽ കൊണ്ടുപോയി സംസാരിച്ചു. നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ വലിയ ഒരു നേതാവിന്റെ വീട്ടിൽ വച്ച് ആരും അറിയാതെ സംസാരിക്കാം എന്നു ധാരണയായി. അവിടെ വച്ച് കെ എം മാണിയും സി പി എം നേതാക്കളും ഞാനും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചതാ. ആ ചർച്ച അങ്ങനെ ശക്തമായി മുന്നോട്ട് പോകുകയാ. അതിന്റെ അർത്ഥം ...രാവിലെ 9 മണിക്കാ ചർച്ച ...ചർച്ച ചെയ്താൽ പിന്നെ പിറ്റേദിവസം അവിശ്വാസം കൊടുക്കുന്ന നടപടിയാ ....മാണി മുഖ്യമന്ത്രിയാ ...ഒരു സംശയവുമില്ല.

പിറ്റേദിവസം രാവിലെ 6 മണിക്ക് മാണി സാർ എന്നെ വിളിച്ചു. ജോർജ് ..നമുക്ക് ചർച്ചയ്ക്ക് എവെരിതിങ് ഈസ് ഒ കെ ...ബട്ട് ...ബട്ട് ..ഞാൻ ചോദിച്ചു എന്താ ഈ ബട്ട് ..മാണി സാർ പറഞ്ഞു ചെറിയ ഒരു ഫിനിഷിങ് കൂടെ ഉണ്ട് ...ഞാൻ പറഞ്ഞു വട്ട് ഉണ്ടോ വർത്തമാനം പറയാൻ ...അപ്പൊ മാണി സാർ പറഞ്ഞു എങ്ങനെയെങ്കിലും ചർച്ച മാറ്റിവെക്കണം. ഞാൻ ഒടുവിൽ വിളിച്ചുപറഞ്ഞു ചർച്ച മാറ്റിവെക്കണം. ഞാൻ നേരെ വണ്ടി വിട്ട് മാണിയുടെ വീട്ടിൽ ചെന്നു. മാണിയുടെ സ്റ്റാഫിനെ വിളിച്ചു . സ്റ്റാഫിന്റെ പേര് പറയാത്തത് മാണി അയാളെ ഉപദ്രവിക്കും അതുകൊണ്ടാ. ഞാൻ അയാളോട് ചോദിച്ചു ..ഞങ്ങൾ സംസാരിച്ചു പോയതിനു ശേഷം ആരാ മാണിയുടെ മനസ്സിൽ കയറിയത് . രാത്രി 11.30 നാ ഞങ്ങളുടെ ചർച്ച. അതിനു ശേഷം ആരാ. അപ്പോഴാ മനസ്സിലായത് മാണിയുടെ മകനും ഭാര്യയുമാ.

പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാ.പാർലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോൾ ലോകത്ത് ബോധമുള്ളവർക്ക് അറിയാം കോൺഗ്രസ്സ് വരികേലെന്ന്. അവർ മാണിയോട്... മകനും ഭാര്യയും...പറഞ്ഞു ..അച്ചാച്ചാ ഇതിന്റെ ആവശ്യമില്ല ...രാഹുൽ ഗാന്ധി ഞങ്ങൾക്ക് വാക്ക് തന്നു ...കോൺഗ്രസ്സ് അധികാരത്തിൽ വരുമ്പോൾ ജോസ് മോനെ (മാണിയുടെ മകനെ ) സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ആക്കാമെന്ന്. മാണിയുടെ ഭാര്യ പറഞ്ഞു രാഹുൽ ഗാന്ധി എനിക്ക് വാക്കു തന്നതാ. ആ കുട്ടി പറഞ്ഞാ മാണിയെ വിശ്വസിപ്പിച്ചത്. അടുത്ത സെന്റെൻസാ...6 മാസം അച്ചാച്ചൻ മുഖ്യമന്ത്രിയാകും എന്നും എനിക്ക് രാഹുൽ ഗാന്ധി വാക്ക് തന്നു. രാഹുൽഗാന്ധി മാണിയുടെ മകന്റെ ഭാര്യയോട് പറഞ്ഞു .ജോസ് കെ മാണി പറഞ്ഞാൽ മാണി പിന്നെയും അവിശ്വസിക്കും. ജോസ് കെ മാണിയുടെ ഭാര്യയാ പറയുന്നത്. രാഹുൽജി എനിക്ക് വാക്ക് തന്നിട്ടുണ്ടെന്ന്. രാഹുൽജിയുമായി വളരെ അടുപ്പമാ ജോസ് കെ മാണിയുടെ ഭാര്യയ്ക്ക്. അത് മാണിക്കും അറിയാം. അടുത്ത സുഹൃത്തുക്കളാ അവര്.ആ നിലയ്ക്ക് ശരിയാ എന്ന് മാണി കരുതി. മാറാതെ തന്നെ യു ഡി എഫിന്റെ മുഖ്യമന്ത്രി ആകാം എന്ന് മാണി കരുതി. ഞാൻ കയറിപ്പറഞ്ഞു ഇത് അനുഭവിച്ചോണം എന്നെ കുറ്റപ്പെടുത്തരുത് എന്നു പറഞ്ഞു.

ഉമ്മൻ ചാണ്ടി പൊട്ടനാണോ. എന്നെ ഏറ്റവും സ്‌നേഹിച്ചത് ഉമ്മൻ ചാണ്ടിയാ. യാതൊരു തെറ്റുമില്ലാതെ എന്നെ ആത്മാർഥമായി സ്‌നേഹിച്ചത് ഉമ്മൻ ചാണ്ടിയാ. പക്ഷെ ഞാൻ അദ്ദേഹത്തെ ചാടിച്ച് മാണിയെ മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചത് എന്റെ ജീവിതത്തിലെ അബദ്ധങ്ങളിൽ ഒന്നാണ്. ഞാൻ ചെയ്തത് തെറ്റായിപ്പോയി. ആ തെറ്റാണ് ഉമ്മൻ ചാണ്ടിക്ക് എന്നോട് വൈരാഗ്യമുണ്ടാക്കിയത്. ഉമ്മൻ ചാണ്ടിയെപ്പോലെ പഠിച്ച കള്ളൻ ലോകത്ത് വേറെയില്ല. ഉമ്മൻ ചാണ്ടി ആരെക്കൊണ്ടാ എന്നെ കൊല്ലിച്ചത് . മാണിയെക്കൊണ്ടുതന്നെ എന്നെ കൊല്ലിച്ചു. മാണിയെക്കൊണ്ട് പുറത്താക്കിച്ചു. എം എൽ എ സ്ഥാനം കളയിച്ചു.

  • ഈ സിപി എമ്മുമായി നടത്തിയ ചർച്ച.... മാണിയെ മുഖ്യമന്ത്രിയാക്കാൻ. അതു നൂറു ശതമാനം സക്സസ് ആവും എന്ന് താങ്കൾക്ക് ഉറപ്പായിരുന്നോ?

നൂറ് ശതമാനം. നൂറ് അല്ല നൂറ്റൊന്ന് ശതമാനം സത്യസന്ധമാണ്. സിപിഐമ്മിന്റെ ഏറ്റവും ഉന്നതരായ നേതാക്കന്മാർ പറഞ്ഞ വാക്കാണ്. സിപിഐഎമ്മിന്റെ ഏറ്റവും ഉന്നതനായ നേതാവാണ് സംസാരിക്കാൻ തയ്യാറായത്. വാക്ക് വ്യത്യാസം ചെയ്യുന്ന ആളല്ല അങ്ങേര്. കയ്യിലിരിപ്പ് എന്തായാലും. ദൈവം സാക്ഷി. അതു നടന്നേനെ. മാണിയുടെ കയ്യിലിരുപ്പാ. ഞാൻ ദൈവവിശ്വാസിയാ. ഞാൻ പിന്നീട് ചിന്തിച്ചു. ദൈവനിശ്ചയമാണ്. ഈ മാണിയെപ്പോലെ കർഷക ദ്രോഹിയായ ഒരാളെ ..മാണിയെപ്പോലെ ബജറ്റ് വിറ്റ ഒരാളെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കാൻ പാടില്ല എന്നത് ദൈവനിശ്ചയമായിരുന്നു. അതുകൊണ്ടാണ് മാണിയുടെ മകനും മകന്റെ ഭാര്യയും കൂടി മാണിയെ വെള്ളത്തിലാക്കിയത്. ഇല്ലെങ്കിൽ എന്നിലൂടെ ഞാൻ പാപിയായി മാറുമായിരുന്നു. ധനകാര്യ മന്ത്രിയായപ്പോൾ ഇതുപോലെ കട്ടവൻ മുഖ്യമന്ത്രി ആയാൽ എന്തായിരിക്കും.അതുകൊണ്ട് ദൈവനിശ്ചയാമെന്നാ ഞാൻ കരുതുന്നത്.

  • ഉമ്മൻ ചാണ്ടി ഏതു ഘട്ടത്തിലാണ് മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം അറിഞ്ഞത്?

ലാസ്റ്റ് ആണ്. നീക്കമൊക്കെ നടന്ന് നടക്കുകേല എന്ന ഘട്ടം എത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടി അറിയുന്നത്. ഫോൺ അല്ലേ അറിയാൻ പാടില്ലേ. പോട്ടെ ഞാൻ പേര് പറയുന്നില്ല.

  • കേരള രാഷ്ട്രീയത്തിലെ വളരെ നിർണായകമായ വെളിപ്പെടുത്തലാണ് അങ്ങു ഇപ്പോൾ നടത്തിയത്. ഒരുകാലത്ത് കെ എം മാണിയുടെ ഏറ്റവും വലിയ വിമർശകനായിരുന്നു താങ്കൾ. അങ്ങനെയുള്ള താങ്കൾക്ക് എങ്ങനെ കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ തോന്നി?

മാണിയുടെ റിക്വസ്റ്റ് ...അതുമാത്രമല്ല കാര്യം ...ഞാൻ കേരള കോൺ ഗ്രസ്സുകാരനാണ്. 65 ൽ 25 എം എൽ എ മാരുമായി വന്നതാ. പിന്നെ 9 എം എൽ എ മാരായി വന്നു. അതിനുശേഷം 77 ൽ 21 എം എൽ എ മാരായി മാറി. ഒരിക്കലും കേരള കോൺ ഗ്രസിന് മുഖ്യമന്ത്രിപദം കിട്ടിയിട്ടില്ല. അപ്പൊ കേരള കോൺഗ്രസിന്റെ ചർച്ചയിൽ എപ്പോഴും മുഖ്യമന്ത്രിപദം എന്ന കാര്യം ഉയർന്നുവന്നു. കേരള കോൺഗ്രസ്സിന് മുഖ്യമന്ത്രിപദം എന്ന ആവശ്യം മനസ്സിൽ ഒരു വിങ്ങലായി മാറി. അപ്പൊ ഞാൻ ചിന്തിച്ചപ്പോൾ കെ എം മാണി എന്തു കള്ളനാണെന്ന് പറഞ്ഞാലും അയാൾക്കിനി അവസാന കാലത്ത് ഒരു മുഖ്യമന്ത്രി ആവണം എന്ന് ചിന്തിച്ചാൽ ഒരു തെറ്റുമില്ല. ഇനി വേറെ ഒരു ചാൻസ് കെ എം മാണിക്കില്ല. അതു തന്നെയല്ല ഒരു കേരള കോൺഗ്രസുകാരൻ മുഖ്യമന്ത്രിയാകാൻ ഒരു സ്‌കോപ്പും ഞാൻ കാണുന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനെ മുഖ്യമന്ത്രിയാകാൻ ഒരാറുമാസം കിട്ടുകയാണെങ്കിൽ കൊള്ളാം എന്നു കരുതി.

പിന്നെ വലിയ ഓഫർ ആയിരുന്നു. അത് ഇനി ഞാൻ ചർച്ച ചെയ്യുന്നില്ല. ഇടതു പക്ഷത്ത് നിന്ന് വന്നത് വലിയ ഓഫർ ആണ്. ആ നിലയ്ക്ക് മാണി അത് വേണ്ടെന്ന് വച്ചത് ദൈവനിശ്ചയമാണ്. എനിക്ക് തോന്നി കേരള കോൺഗ്രസുകാരൻ വരട്ടെ . കേരള കോൺഗ്രസുകാരൻ മുഖ്യമന്ത്രി ആയി എന്നു പറയാമല്ലോ . അതായിരുന്നു എന്റെ മനസ്സിൽ. അതു തെറ്റായിപ്പോയി. കേരള കോൺഗ്രസ്സ് പിരിച്ചുവിടണം എന്നാണ് എന്റെ അഭിപ്രായം. തുറന്നുപറയാം. കേരള കോൺഗ്രസ്സ് പോലെ കർഷക വഞ്ചകനായ ഒരു പാർട്ടി കൊണ്ടുനടന്നിട്ട് കാര്യമില്ല. മാണിയും ജോസഫും തമ്മിലുള്ള കൂട്ടുകച്ചവടം. അതിനപ്പുറത്ത് ജനപ്രതിനിധികൾക്ക് ആ പാർട്ടിയിൽ വല്ല വിലയുമുണ്ടോ?

  • ഞാൻ വീണ്ടും സിപി എമ്മുമായുള്ള ചർച്ചയിലേക്ക് വരികയാണ്. കെ എം മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപെട്ടപ്പോൾ എന്തായിരുന്നു സിപി ഐ എമ്മിന്റെ പ്രതികരണം?

ഭയങ്കര ആത്മാർഥത ആയിരുന്നു. ഭയങ്കരചാട്ടം. വളരെ സന്തോഷത്തിലായിരുന്നു. അന്ന് അവരെ തകർക്കുന്ന നിലയിലേക്ക് യു ഡി എഫ് പോയി. ഒരുപാട് വികസന പ്രവർത്തനങ്ങൾ. ഇതൊക്കെ വന്നപ്പോൾ വീണ്ടും യു ഡി എഫ് ഗവൺമെന്റ് വന്നേക്കാം എന്ന നില വന്നു. പിന്നെ പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ. ഇതെല്ലാം കണ്ടപ്പോൾ ഗവൺമെന്റിനെ ഒന്നു മറിച്ചിടാം എന്ന് അവർ തീരുമാനിച്ചു.

  • താങ്കൾ എത്ര തവണ എൽ ഡി എഫുമായി ഇക്കാര്യം ചർച്ച ചെയ്തു?

കറക്ട് ആയി ഡയറി നോക്കണം. ഞാൻ പല പ്രാവശ്യം ചർച്ച നടത്തി. എന്റെ വീട്ടിൽ അവർ പല തവണ വന്നു.

  • ഈ ചർച്ചകൾ എത്ര നാൾ നീണ്ടു നിന്നു?

മാക്‌സിമം ഒന്നര മാസം

  • ഒന്നരമാസം കൊണ്ട് റിസൾട്ടിലേക്ക് വന്നോ?

ആ. റിസൾട്ടിലേക്ക് വന്നു. കേരള കോൺഗ്രസ്സ് പാർട്ടി കമ്മിറ്റിയിൽ തന്നെ കെ എം മാണി മുഖ്യമന്ത്രി ആയാൽ എന്താ തെറ്റ് എന്ന തരത്തിൽ ചർച്ചകൾ വന്നിരുന്നു.

അഭിമുഖത്തിനിടെ പി സി ജോർജ്ജ് മറുനാടൻ മലയാളിക്കെതിരെയും ശക്തമായ വിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് അടക്കം പി സി ജോർജ്ജുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജോർജ്ജിന്റെ വിമർശനം. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയെ ഉന്നമിട്ടായിരുന്നു ജോർജ്ജ് സംസാരിച്ചത്. ജോർജ്ജ് മറുനാടനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

"മറുനാടൻ മലയാളിയെന്ന് പത്രം, നിങ്ങടെയാ മാനേജിങ് എഡിറ്റർ എന്നു പറയുന്ന ആൾ ഉണ്ടല്ല. എന്നതാ, ഷാജൻ സ്‌കറിയ മുക്കൂട്ടുതറ. അവനൊരു കണ്ടാംകറസ് ഫെലോയാ.. എന്നോട് ക്ഷമിക്കണം കേട്ടോ.. നിങ്ങള് കൊടുക്കാൻ സൗകര്യമുണ്ടേൽ കൊടുക്ക്. കൊടുത്തില്ലേൽ നിങ്ങളോട് എനിക്ക് ജീവിതത്തിൽ ബന്ധമുണ്ടാകേലാ.. എവനേപ്പോലൊരു വൃത്തികെട്ടവൻ ഉണ്ടാകേലാ.. എവൻ എന്റെ നിയോജക മണ്ഡലത്തിൽ പെട്ടവനാണ്.. ഇത്രയും വൃത്തികെട്ട, സത്യവുമായി പുലബന്ധമില്ലാത്ത വൃത്തികെട്ട വാർത്തകളാ എനിക്കെതിരെ കൊടുക്കുന്നത്. വെറും ഒരു, പറയാൻ പാടില്ല, എന്നാലുമൊരു റാസ്‌ക്കലാ.. അയാൾ മാനേജിങ് എഡിറ്റായുള്ള സ്ഥാപനത്തിന് അഭിമുഖം നൽകുന്നത് സനൽകുമാറിനോടുള്ള സ്‌നേഹം കൊണ്ടാ.. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എന്നെവിളിച്ച് ഈ റാസ്‌ക്കളിനെ കുറിച്ച് പറയാറുണ്ട്.. കച്ചവടക്കാരൻ.. ഇയ്യാടെ ഭാര്യ പോലും ഇയ്യാടെ കൂടെ നിൽക്കത്തില്ല..മനസ്സിലായില്ലേ.. ഭാര്യ പോലും ഇയ്യാടെ നയം തെറ്റാന്നാ പറഞ്ഞേ.. ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച എന്നെപ്പറ്റി ഇതേക്കൂട്ട് വൃത്തികെട്ട ഫാതർലസ് കാര്യം എഴുതുവെക്കുന്നത് മര്യാദയാണോ? മനസിലായില്ലേ.. ഒന്നു പറഞ്ഞേരേ..''- (തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP