Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി ആവശ്യം നട്ടെല്ലുള്ള ആമ്പിള്ളേരെ.. വിവിധ പോസുകളിൾ ഭിത്തിയിൽ നിറഞ്ഞിരിക്കുന്ന മോഡലുകളെയല്ല; മോദി സർക്കാർ ചെലവഴിച്ചിരിക്കുന്ന പണത്തിൽ 70 ശതമാനത്തോളവും പാവപ്പെട്ടവർക്ക് വേണ്ടി; കൊച്ചിയെ ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഇച്ഛാശക്തിയുള്ള ഗവൺമെന്റ് വേണം; ഇന്ത്യയുടെ സുരക്ഷിതത്വമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം: അൽഫോൻസ് കണ്ണന്താനം മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

കൊച്ചി ആവശ്യം നട്ടെല്ലുള്ള ആമ്പിള്ളേരെ.. വിവിധ പോസുകളിൾ ഭിത്തിയിൽ നിറഞ്ഞിരിക്കുന്ന മോഡലുകളെയല്ല; മോദി സർക്കാർ ചെലവഴിച്ചിരിക്കുന്ന പണത്തിൽ 70 ശതമാനത്തോളവും പാവപ്പെട്ടവർക്ക് വേണ്ടി; കൊച്ചിയെ ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഇച്ഛാശക്തിയുള്ള ഗവൺമെന്റ് വേണം; ഇന്ത്യയുടെ സുരക്ഷിതത്വമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം: അൽഫോൻസ് കണ്ണന്താനം മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

ആർ പീയൂഷ്

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പിൽ കൊച്ചിക്കാർ തിരഞ്ഞെടുക്കുക നട്ടെല്ലുള്ള ആമ്പിള്ളേരെ ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കൊച്ചിക്ക് ആവശ്യവും അത്തരക്കാരാണെന്നും കണ്ണന്താനം മറുനാടനോട് പറഞ്ഞു. മാസങ്ങൾക്കു മുൻപ് തന്നെ എതിർ സ്ഥാനാർത്ഥികൾ പ്രചരണം ആരംഭിച്ചതിനാൽ തന്റെ പോസ്റ്ററൊട്ടിക്കാൻ ചുവരൊന്നുമില്ലെന്ന പരിഭവവും അദ്ദേഹം വ്യക്തമാക്കി. പല പോസുകളിലായിട്ട് അവരുടെ പടങ്ങൾ മാത്രമേ ഭിത്തികളിലൊക്കെ കാണുന്നുള്ളൂ. ഇവരൊക്കെ സത്യം പറഞ്ഞാൽ മോഡലുകളാകേണ്ടവരാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ വെറും സാധാരണ മനുഷ്യനാണ്. ഒരു റബ്ബർ ചെരുപ്പുമിട്ട് മുണ്ടും ഷർട്ടുമിട്ട് നടക്കും. നമ്മുടെ കൈയിൽ ഇതൊക്കെയേ ഉള്ളൂ- കണ്ണന്താനം മറുനാടന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

  • കൊച്ചി നഗരം ഉൾപ്പെടുന്ന എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ്. അതിനെ എന്താണ് പറയാനുള്ളത്?

കൊച്ചി ലോകത്തിലെ ഏറ്റവും മനോഹരമായ സിറ്റിയാണ്. ലോകത്ത് എവിടെ പോയാലും ഞാൻ എല്ലാവരോടും കൊച്ചി ഒന്ന് സന്ദർശ്ശിക്കാൻ ഞാൻ പറയും. മൂന്ന് ദിവസമായി കൊച്ചിയിൽ പര്യടനം നടത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ചപ്പും ചവറും മാത്രമാണ്. ഇതാണ് കൊച്ചിയുടെ ഇപ്പോഴത്തെ ട്രേഡ് മാർക്ക്. ഇവിടുള്ള ആളുകളൊക്കെ എന്ത് സ്മാർട്ടാണ്. കോർപ്പറേഷനും മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളുമൊക്കെ ഒന്നു കൂടി ആക്ടീവായി പ്രവർത്തിച്ചാൽ ഈ മാലിന്യ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ കഴിയും. ഇന്ത്യ വൃത്തിയായിരിക്കണം എന്ന ഉദ്ദേശത്തോടെ നമ്മുടെ പ്രധാനമന്ത്രി നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സ്വച്ഛഭാരത്. ടൂറിസം മന്ത്രി എന്ന നിലയ്ക്ക് ഞാൻ എവിടെ പോയാലും ആളുകൾ ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഇന്ത്യ വൃത്തിയില്ലാത്ത രാജ്യമല്ലേ എന്നാണ്.

ഇതിനൊക്കെ എത്രയോ വിപ്ലവകരമായ മാറ്റങ്ങൾ പ്രധാനമന്ത്രി കൊണ്ടു വന്നു. ഇന്ത്യയിലെ 62 ശതമാനത്തോളം ആളുകൾ മലമൂത്ര വിസർജ്ജനം നടത്തിയിരുന്നത് തുറസ്സായ സ്ഥലങ്ങളിലായിരുന്നു. കാരണം ആർക്കും ടോയ്ലറ്റുകളില്ലായിരുന്നു. ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ വെറും മുപ്പത്തിരണ്ട് ശതമാനം ആളുകൾക്ക് മാത്രമേ ടോയ്ലറ്റുകൾ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 98 ശതമാനം ആളുകൾക്കും ടോയ്ലറ്റായി. പല ഠൗണുകളും മനോഹരമായി. ഇന്ത്യയിൽ ഏറ്റവും വൃത്തിഹീനമായ ഇൻഡോർ ഇന്ന് ഏറ്റവും മനോഹരമായ ടൗണായി മാറി. ഇതിനൊക്കെ ഭരിക്കുന്ന സർക്കാരിന് ഇച്ഛാ ശക്തി വേണം. ഇവിടെ കോർപ്പറേഷനും മുനിസിപ്പാലിറ്റിയും പഞ്ചായത്തും ഭരിക്കുന്നവർ വെറുതേ പോയി കല്യാണവും മരണവും കൂടി പത്രത്തിൽ ഫോട്ടോയും വരുത്തുകയും എന്തേലും ഉദ്ഘാടനം ചെയ്താൽ പോരാ. കാര്യമായി അടിസ്ഥാനപരമായി സൗകര്യങ്ങൽ ചെയ്യണം. ഇതൊക്കെയാണ് എന്നെ സംബന്ധിച്ച് ഒരു ടൂറിസം മന്ത്രി എന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ. നമുക്ക് കൊച്ചിയെ ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കും. പക്ഷേ ഇതിനൊക്കെ വേണ്ടി നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം, ഇച്ഛാശക്തിയുള്ള ഗവൺമെന്റ് ഉണ്ടാവണം.

  • മണ്ഡലത്തിൽ കണ്ട പ്രശ്നങ്ങൾ?

അടിസ്ഥാനപരമായി ചില പ്രശ്നങ്ങൾ ഉണ്ടിവിടെ. ഞങ്ങൾ രാഷ്ട്രീയക്കാർക്ക്, മന്ത്രിക്ക്, എംഎ‍ൽഎയ്ക്ക്, ഐ.എ.എസ് ഉദ്യോഗസ്ഥന്മാർക്ക് എല്ലാം അറിയാവുന്ന തോന്നലാണ് ഞങ്ങളൊക്കെ ആകാശത്തൂന്ന് പൊട്ടിവീണ ആൾക്കാരാണെ എന്ന്. എന്റെ പ്രവർത്തന ശൈലി അങ്ങനെ അല്ല. ഞാൻ ഐ.എ.എസ് കാരനായിരിക്കുമ്പോൾ ഐ.എ.എസ് അക്കാഡമിയിൽ ചെല്ലുമ്പോൾ പറഞ്ഞു ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഞാൻ. കളക്ടർ ആയിരിക്കുമ്പോൾ ഓഫീസിൽ ഇരിക്കില്ലായിരുന്നു ഞാൻ. എപ്പോഴും ഗ്രാമങ്ങളിലെ ജനങ്ങളുടെ കൂടെയായിരുന്നു. ഇന്ത്യയിൽ ഏറ്റവും സക്സസ്ഫുളായി പറയാവുന്ന പരിപാടി യു.എന്നിന്റെ അവാർഡ് കിട്ടിയ ജനസമ്പർക്ക പരിപാടിയായിരുന്നു. ആ ആശയം കോട്ടയം കളക്ടറായിരിക്കുമ്പോൾ നടപ്പിലാക്കിയതാണ്. അങ്ങനെ ആ പരിപാടിയിൽ 80 വയസ്സുള്ള ഒരു സ്ത്രീ വന്ന് കണ്ടിട്ട് പറഞ്ഞു. സർക്കാർ കാറ് തന്നിട്ടില്ലേ, ആകാറിൽ വന്ന് എന്തുകൊണ്ട് എന്നെ വന്ന് കണ്ടുകൂടാ എന്ന്.

എപ്പോൾ ഞാൻ ചിന്തിച്ചു എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്ന്. അങ്ങനെ ആ ജില്ലയിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരുമായി ഗ്രാമങ്ങളിൽ പോയി അവർ നൽകിയ അയ്യായിരം പരാതികളിൽ തീർപ്പു കൽപ്പിച്ചു പോരുകയായിരുന്നു. ഇതിനാണ് യു.എന്നിന്റെ അവാർഡ് കിട്ടിയത്. ഈ ആശയം വന്നത് പാവപ്പെട്ട സാധാരണ ജനങ്ങളിൽ നിന്നാണ്. കോട്ടയത്തെ സാക്ഷരതാ യജ്ഞപരിപാടി നടത്തി. ഈ ആശയങ്ങളൊക്കെ വന്നത് സാധാരണ ജനങ്ങളിൽ നിന്നാണ്. ഡൽഹിയിൽ കമ്മീഷനായിരിക്കുമ്പോൾ പതിനാലായിരത്തി മുന്നൂറ്റി പത്തൊൻപതുകൊട്ടാരങ്ങൾ ഇടിച്ചു പൊളിച്ചെങ്കിിലും ഞാനാണോ അത് ചെയ്തത്? ഞാനും എന്റെ കൂടെ പ്രവർത്തിക്കുന്നവരും ഒരുമിച്ച് ചേർന്നാണ് നടത്തിയത്. അപ്പോൾ നമ്മൾ ഒരുമിച്ചു പ്രവർത്തിച്ചാൽ ജനങ്ങളുടെ കൈയിൽ ആശയമുണ്ട് എന്ന് നമ്മൾ വിശ്വസിച്ചാൽ നമുക്ക് അതറിഞ്ഞ് നടപ്പിലാക്കാൻ കഴിയും.

ഞാനിവിടെ ജനങ്ങളെ നേരിൽ കണ്ടപ്പോൾ അവർ ചോദിച്ചു താങ്കളെന്താണ് ഞങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് എന്ന്. ഞാൻ നിങ്ങളുടെ കൂടെയുണ്ടാവും എന്ന വാഗ്ദാനം മാത്രമാണ് നൽകിയത്. എംഎ‍ൽഎ ആയിരിക്കുമ്പോൾ ഡ്രൈവറില്ലാത്ത ഏക എംഎ‍ൽഎ ഞാനായിരുന്നു. രാവിലെ ആറുമണിക്ക് ഇറങ്ങി കാപ്പികുടിക്കുമ്പോൾ എല്ലാ പരാതിക്കാരെയും കാണും. അതു കഴിഞ്ഞ് നിശ്ചയിച്ചുറപ്പിച്ച ഒരു പഞ്ചായത്തിലേക്ക് പോകും. ആ ദിവസം മുഴുവൻ ആ പഞ്ചായത്തിൽ ചിലവഴിക്കുകയും അവർ പറയുന്നതെല്ലാം എഴുതിയെടുക്കുകയും വൈകുന്നേരം എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ജനങ്ങൾക്ക് ഏറെ ആവശ്യമുള്ള കാര്യം എന്താണെന്ന് ചർച്ച ചെയ്യുകയും പ്രോജക്ട് ഉണ്ടാക്കി അതിനുള്ള ഫണ്ട് അനുവദിപ്പിക്കും. ഇതാണ് ജനാധിപത്യം. ഇങ്ങനെയാണ് നമ്മൾ പ്രവർത്തിക്കേണ്ടത്. ആ ഒരു ശൈലിയാണ് ഞാൻ എംഎ‍ൽഎ ആയിരിക്കുമ്പോഴും കളക്ടറായിരിക്കുമ്പോഴുമൊക്കെ കൊണ്ടുവന്നിരിക്കുന്നത്.

  • രാഹുൽ ഗാന്ധിയുടെ കടന്ന് വരവ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ മാറ്റുമോ?

ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഒരു കുടുബത്തിന്റെ കുടുംബ സ്വത്താണോ ഇന്ത്യ എന്ന രാജ്യം? ഒരു കുടുംബത്തിന്റെ കുടുംബ സ്വത്താണോ കോൺഗ്രസ്സ് പാർട്ടി. വല്ല്യപ്പൻ, വല്യമ്മ, അപ്പൻ അതുകഴിഞ്ഞിപ്പോൾ മകൻ ഇപ്പോൾ പെങ്ങൾ. ഇതു കഴിഞ്ഞാൽ പിന്നെ പ്രിയങ്കാ ഗാന്ധിയുടെ മക്കൾ. ഇതാണോ ജനാധിപത്യം? ഇതൊണോ കോൺഗ്രസ്സ് പാർട്ടി? അടിസ്ഥാനപരമായി കോൺഗ്രസ്സ് പാർട്ടി ഒരു കുടുംബ പ്രസ്ഥാനമാണ്. ആ കുടുംബം എന്തോരം പണമുണ്ടാക്കി എന്ന് എല്ലാവർക്കും അറിയാം. ചായവിറ്റു കൊണ്ടിരുന്ന ഒരു കുട്ടി ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നു. ഇതാണ് ജനാധിപത്യം.

മോദി സർക്കാർ ഇപ്പോൾ ചിലവഴിച്ചിരിക്കുന്ന പൈസയിൽ 70 ശതമാനത്തോളം പണം ചിലവഴിച്ചിരിക്കുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയാണ്. അടിസ്ഥാന സൗകര്യങ്ങളായ വീട്, ടോയ്ലറ്റ്, കരണ്ട്, ബാങ്ക് അക്കൗണ്ട്, ആ അക്കൗണ്ടിലേക്ക് ആവശ്യമുള്ള പൈസ, ആക്സിഡന്റ് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ചികിത്സിക്കാനുള്ള പണം, സ്‌ക്കോളർഷിപ്പ് ഫൗണ്ടേഷനെല്ലാം റെഡിയായി. ഇനി അടുത്ത അഞ്ചുവർഷംമോദ് സർക്കാരിന് കിട്ടിയാൽ അതിൽ നിന്നും മനോഹരമായ ഒരു ഇന്ത്യ ഉണ്ടാക്കും. ഇന്ത്യയുടെ സുരക്ഷിതത്വമാണ് നമ്മുടെ സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം. നമ്മുടെ ശത്രു ആക്രമിച്ചപ്പോൾ നട്ടെല്ലുള്ള പ്രധാനമന്ത്രി അതിന് മറുപടി കൊടുത്തു. ഇതൊക്കെയാണ് വേണ്ടത്.

  • കേരളത്തിൽ  സിപിഎമ്മിന്റെ ഭരണം

സിപിഎമ്മും കോൺഗ്രസ്സും അഞ്ചു വർഷം മാറി മാറി ഭരിച്ചു. ഇവിടെ വിദ്യാഭ്യാസമുള്ള ആരോഗ്യമുള്ള ചെറുപ്പകാരെല്ലാം എവിടെയാ? എല്ലാവരും വിദേശ രാജ്യങ്ങളിലാണ്. വാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ വഞ്ചിക്കുയാണ് അവർ. വിദ്യാഭ്യാസ മേഖലയിൽ എത്രത്തോളം പുരോഗതി വരുത്താൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ആരോഗ്യ രംഗത്തും കാര്യമായ പുരോഗതി വരുത്താൻ കഴിഞ്ഞിട്ടില്ല. അപ്പോൾ തന്നെ കേരളത്തിലെ ഭരണം വിലയിരുത്താവുന്നതോയുള്ളൂ.

  • ട്രോളുകൾ എങ്ങനെ നോക്കി കാണുന്നു?

വലിയ വിദ്യാഭ്യാസമുള്ളവരെന്ന് അവകാശപ്പെടുന്ന കേരളക്കാർ രാവിലെ മുതൽ ചെയ്യുന്നതെന്താണ്. മൊബൈൽ എടുക്കുക ട്രോളടിക്കുക. ആരെ വധിക്കാം എന്ന് നോക്കുക. ഇതിനകത്തെന്തെങ്കിലും സത്യമുണ്ടോ? എൽഡിഎഫും യുഡിഎഫും ഭരിച്ചപ്പോൾ ചിരിക്കാനെന്തെങ്കിലും ഉണ്ടായിരുന്നോ ഇവിടെ. മനുഷ്യന് എന്തെങ്കിലും ചിരിക്കാൻ വക വേണ്ടെ. അതു കൊണ്ട് ട്രോളുകളെല്ലാം വളരെ പോസിറ്റീവായി കാണുന്നു. പ്രളയക്യാമ്പിൽ കിടന്ന ഫോട്ടോ ആരോ എടുത്ത് ഫെയ്സ് ബുക്കിൽ ഇട്ടു. പിന്നെ അതു വച്ച് ട്രോളുകളുടെ ബഹളമായിരുന്നു. ട്രോൾ വന്നു എന്ന് കരുതി ഞാൻ പിൻവാങ്ങിയില്ല. അടുത്ത ക്യാമ്പിലും പോയി അവർക്കൊപ്പം കഴിഞ്ഞു. അപ്പോൾ ട്രോളുകളൊന്നും എന്ന തളർത്തിയിട്ടില്ല. അതിനാൽ ഇതൊക്കെ വളരെ പോസിറ്റീവായി കാണുന്നു.

മറ്റു സ്ഥാനാർത്ഥികളെ എങ്ങനെ കാണുന്നു

മറ്റു സ്ഥാനാർത്ഥികൾ മോശക്കാരല്ല. എങ്കിലും അവർ എന്തു ചെയ്തു ഞാൻ എന്തു ചെയ്തു എന്ന് നോക്കു. എന്നിട്ട് അവർ തീരുമാനിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP