Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാറമടയെ ചോദ്യം ചെയ്ത വനിതാ പ്രവർത്തകയെ വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്ഥലത്തെത്തിയ മെമ്പറെ പാർട്ടി നേതാവിന്റെ ബന്ധുവായ പാറമട ഉടമ സിനിമാ സ്റ്റൈലിൽ ബൈക്ക് തടഞ്ഞ് വധഭീഷണി മുഴക്കി; സഹായിക്കുമെന്ന് കുരുതിയ പാർട്ടിക്കാരും പുറത്തിറങ്ങില്ലെന്ന് മുന്നറിയിപ്പ് നൽകി: ഗതികെട്ട് ഫേസ്‌ബുക്കിൽ പ്രതിഷേധം അറിയിച്ച ചിറ്റാറിലെ സിപിഐ(എം) പഞ്ചായത്ത് മെമ്പർക്ക് പറയാനുള്ളത്

പാറമടയെ ചോദ്യം ചെയ്ത വനിതാ പ്രവർത്തകയെ വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്ഥലത്തെത്തിയ മെമ്പറെ പാർട്ടി നേതാവിന്റെ ബന്ധുവായ പാറമട ഉടമ സിനിമാ സ്റ്റൈലിൽ ബൈക്ക് തടഞ്ഞ് വധഭീഷണി മുഴക്കി; സഹായിക്കുമെന്ന് കുരുതിയ പാർട്ടിക്കാരും പുറത്തിറങ്ങില്ലെന്ന് മുന്നറിയിപ്പ് നൽകി: ഗതികെട്ട് ഫേസ്‌ബുക്കിൽ പ്രതിഷേധം അറിയിച്ച ചിറ്റാറിലെ സിപിഐ(എം) പഞ്ചായത്ത് മെമ്പർക്ക് പറയാനുള്ളത്

അരുൺ ജയകുമാർ

തിരുവനന്തപുരം: സ്വാർത്ഥ ലാഭത്തിന് വേണ്ടി സിപിഐ(എം) എന്ന തൊഴിലാളി പാർട്ടിയെ ഉപയോഗിക്കുന്നവർ ഇന്ന് നിരവധിയുണ്ട്. ഇക്കൂട്ടത്തിൽ മുതിർന്ന നേതാക്കൾ മുതൽ പാർട്ടിയുടെ ലോക്കൽ നേതാക്കൾ വരെയുണ്ട്. മുതിർന്ന നേതാക്കൾക്ക് ബന്ധം വൻകിട മുതലാളിമാരുമായിട്ടാണെങ്കിൽ പ്രദേശിക നേതാക്കളുടെ ബന്ധം മണൽ-ക്വാറി മാഫിയകളുമായിട്ടാണ്. സംസ്ഥാനത്ത് ശക്തമായ ക്വാറി മാഫിയക്കെതിരെ നിലപാട് സ്വീകരിക്കാൻ പലപ്പോഴു സിപിഐ(എം) നേതാക്കൾ വൈമനസ്യം കാണിക്കുകയാണ്. അങ്ങനെ നിലപാട് സ്വീകരിച്ച് ആരെങ്കിലും രംഗത്തെത്തിയാൽ തന്നെ അവരെ പാർട്ടിയിലെ ഉന്നത നേതാക്കൾ തന്ന ഇടപെട്ട് ഭീഷണിപ്പെടുത്തുന്ന സാഹചര്യം സംജാതമാണ് താനും. ഇത്തരമൊരു സംഭവം പത്തനംതിട്ടയിലെ ചിറ്റാറിൽ ഉണ്ടായത് മറുനാടൻ മലയാളി നേരത്തെ വാർത്തയാക്കിയിരുന്നു. ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന ചിറ്റാറിലെ പാറമടക്കെതിരെ നിലപാട് എടുത്ത സിപിഎമ്മിനെ പഞ്ചായത്ത് മെമ്പർ നിതിൻ കിഷോറിന് നേരിടേണ്ടി വന്നത ഉന്നത നേതാക്കളിൽ നിന്നുള്ള ഭീഷണിയായിരുന്നു.

സിപിഐ(എം) നേതാവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഡെൽറ്റ ക്വാറിക്ക് ഒത്താശ ചെയ്ത മുതിർന്ന നേതാക്കൾ തന്നെയാണ് പാർട്ടി നിലപാടുകളെ തള്ളി മുതലാളിമർക്കൊപ്പം ചേർന്നത്. ക്വാറിക്കെതിരെ ശബ്ദമുയർത്തിയ നിതിനെ നിശബ്ദനാക്കാൻ പാർട്ടിയിലെ തന്നെ നേതാക്കൾ രംഗത്തെത്തിയപ്പോഴാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. ജനതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പാർട്ടി നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിക്കുമെന്നും നിതിൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുകയുണ്ടായി. പാറമട ലോബിയിൽ നിന്നുള്ള ഭീഷണി ഒരു വശത്തും പാർട്ടി നേതാക്കളിൽ നിന്നുള്ള സമ്മർദ്ദം മറുവശത്തുമായി കടുത്ത സമ്മർദ്ദത്തിലാണ് പഞ്ചായത്ത് മെമ്പർ നിതിൻ കിഷോർ.

പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ മുതലാണ് നിതിൻ നേതാക്കളുടെ കണ്ണിലെ കരടായി മാറിയത്. എന്നാൽ തെറ്റു തിരുക്കാൻ കൂട്ടാക്കാതെ അതിനൊപ്പം നിൽക്കാൻ നിർബന്ധിക്കുകയാണ് ചിലനേതക്കൾ ചെയ്തതെനനാണ് നിതിൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. കേവലം പാറമടക്കാർക്ക് മാത്രമല്ല, ചിറ്റാറിലെ പാർട്ടിയിലും സിപിഐ(എം) ഭരണത്തിലും നിലനിൽക്കുന്നതെന്നാണ് നിതിൻ പറയുന്നത്. രണ്ട് കുരുന്നുകളുടെ ജീവനെടുത്ത ചിറ്റാർ ആകാശ ഊഞ്ഞാൽ ദുരന്തത്തിലും പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഇവിടുത്തെ പഞ്ചായത്ത് ഭരണസമിതി തന്നെയാണ്. കാരണം യാതൊരു അംഗീകാരവും സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ആകാശ ഊഞ്ഞാൽ പ്രവർത്തിക്കാൻ അനുവദിച്ചത് സിപിഐ(എം) ഭരണ സമിതി തന്നെയായിരുന്നു.

ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ ആകാശ ഊഞ്ഞാൽ ദുരന്തത്തിൽ പഞ്ചായത്തിന്റെ നിലപാടിനെ ചോദ്യം ചെയ്തത് മുതലാണ് താൻ പാർട്ടിയിലെ ചിലരുടെ കണ്ണിൽ കരടാകുന്നതെന്നാണ് ചിറ്റാർ ഗ്രാമപഞ്ചായത്തംഗം നിതിൻ കിഷോർ പറയുന്നത്. ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ചിറ്റാറിൽ സ്ഥാപിച്ച ആകാശ ഊഞ്ഞാൽ അപകടത്തിൽ 2 കുട്ടികൾ മരിച്ചിരുന്നു. ആരാണ് ഇവിടെ കാർണിവൽ സംഘത്തിന് ആകാശ ഊഞ്ഞാൽ സ്ഥാപിക്കാൻ അധികാരം നൽകിയതെന്നും ദുരന്തത്തിന്റെ കാരണക്കാർ ആരെന്നും അന്ന് തന്നെ ചോദ്യം ഉയർന്നിരുന്നു. പഞ്ചായത്ത് ഭരണ സമിതിയിൽ കാർണിവൽ സംഘം അപേക്ഷ സമർപ്പിച്ചപ്പോൾ പി.ഡബ്ല്യു.ഡി, അഗ്‌നിശമന സേന എന്നിവരുടെ അനുമതി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞ ശേഷം അനുമതി വാങ്ങുകയായിരുന്നു. എന്നാൽ അത് പരിശോധിക്കാതെയാണ് പഞ്ചായത്ത് അന്ന് ടിക്കറ്റ് സീൽ ചെയ്ത് നൽകിയത്.

ടിക്കറ്റ് സീൽ ചെയ്ത് നൽകിയിട്ട് അപകടത്തിൽ പങ്കില്ലെന്ന് പറയുന്നത് എങ്ങനെയെന്ന് നിതിൻ ചോദ്യം ചെയ്തിരുന്നു. അപ്പോൾ മറുപടി ലഭിച്ചില്ലെങ്കിലും പിന്നീട് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പടെ മുതിർന്ന നേതാക്കൾ വിളിച്ച് ശകാരിക്കുകയും പിന്നീട് മര്യാദയ്ക്ക് നടന്നോളണം എന്ന താക്കീത് നൽകിയെന്നും നിതിൻ വ്യക്തമാക്കുന്നു. ഇല്ലെങ്കിൽ ചിറ്റാറിൽ ഇറങ്ങി നടക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോൾ അനധികൃത പാറമട ഘനനത്തിനെതിരെ നിലപാടെടുത്തതിന് പാർട്ടിയിൽ നിന്നുമുണ്ടായ പെരുമാറ്റത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്നും പൊതുപ്രവർത്തന രംഗത്തുനിന്നും മാറുകയാണെന്ന് നിതിൻ പറഞ്ഞത്. ഇപ്പോൾ പാർട്ടിയുടെ നിലപാടിനെ ചോദ്യം ചെയ്തതിന്റെ പേരിൽ തന്നെ സാമൂഹിക വിരുദ്ധനായി ചിത്രീകരിച്ചും വ്യക്തിഹത്യ നടത്തിയും ഇല്ലായ്മ ചെയ്യാൻ പാർട്ടി നീക്കം നടക്കുന്നതായി നിതിൻ മറുനാടനോട് പറഞ്ഞു.

പാർട്ടി മെമ്പറും പഞ്ചായത്തംഗവുമായ തന്റെ നിലപാടിനെ വകവെക്കാതെയാണ് അനധികൃതമായി പാറമട ഘനനം നടത്തുന്നവരെ പാർട്ടി പിന്തുണയ്ക്കുന്നതെന്നാണ് നിതിൻ പറയുന്നത്. ഖനനം നടത്തുന്ന ജെയിംസ് പീടികയിൽ എന്നയാളുടെ അടുത്ത ബന്ധുവാണ് ലോക്കൽ കമ്മിറ്റിയിലെ രണ്ടാമനും സഹകരണ ബാങ്ക് പ്രസിഡന്റുമായ ബിജു പടനിലം. ഇയാളുടെ അടുത്ത ബന്ധുവായതിനാലാണ് പാർട്ടിയിലെ ഒരു പക്ഷം പാറമടക്കാർക്കൊപ്പ നിൽക്കുന്നത്.

പത്തനംതിട്ടയിലെ സിപിഐ(എം) എന്ന പാർട്ടിയും പാറമട മുതലാളികളുമായുള്ള ബന്ധങ്ങളെ പറ്റി ആരോപണങ്ങളും അഭ്യൂഹങ്ങളും ചില്ലറയൊന്നുമല്ല ഉയരുന്നതെന്നും നിതിൽ പറയുന്നു. ചിറ്റാർ തോട്ടം വാർഡിൽ അനധികൃതപാറ ഖനനം നടക്കുന്നുവെന്നറിഞ്ഞാണ് അവിടെയെത്തിയ വനിതാ അംഗമായ ഷൈലജ സ്ഥലത്തെത്തി ഇതിനെ ചോദ്യം ചെയ്തത്. ഇവിടെ വെടിമരുന്നും ബോംബുമൊക്കെ ഉണ്ടെന്നും വാഹനമിടിച്ച് കൊല്ലുമെന്നുമൊക്കെ ഭീഷണിയുയർത്തിയപ്പോൾ ഉടൻ തന്നെ ചിറ്റാർ ടൗൺ വാർഡംഗമായ നിതിനെ കാര്യം അറിയിക്കുകയായിരുന്നു. അവിടെയെത്തി കാര്യങ്ങൾ തിരക്കിയ ശേഷം സ്ഥലം എസ്‌ഐയെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ എസ്‌ഐയിൽ നിന്നും വിവരമറിഞ്ഞ ജെയിംസ് സിനിമാ സ്‌റ്റൈലിൽ തന്റെ ബൈക്കിന് കുറുകെ കാർ നിർത്തി പുറത്തിറങ്ങി ഭീഷണിപ്പെടുത്തുക ആയിരുന്നുവെന്നും നിതിൻ പറയുന്നു.

20 ലക്ഷത്തോളം മാസവരുമാനമുണ്ട്. നാല് ലക്ഷത്തോളം രൂപ ഞാൻ ശമ്പളം മാത്രം നൽകുന്നു. ഉദ്യോഗസ്ഥർക്ക് മാസം മൂന്ന് ലക്ഷം നൽകുന്നുണ്ട്. വെറുതെ എന്നെ ഉപദ്രവിക്കരുത്. ഞാനും തിരിച്ച് ഉപദ്രവിക്കുമെന്ന് പറഞ്ഞ് ജെയിംസ് ഭീഷണി ഉയർത്തുകയാണ് ചെയ്തത്. ഇപ്പോൾ ഉണ്ടായ സംഭവത്തെ തുടർന്ന് കുടുംബം ആകെ ഭയന്നിരിക്കുകയാണ്. വിഷയങ്ങളുണ്ടായപ്പോൾ തന്നെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിനായി നാളെ പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി കൂടുന്നുണ്ടെന്നും നിതിൻ വ്യക്തമാക്കി.

സിപിഐ എം ചിറ്റാർ ടൗൺ ബ്രാഞ്ച് അംഗമാണ് നിതിൻ. ഡിവൈഎഫ്‌ഐയുടെ റാന്നി ഏര്യാകമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. എസ്എഫ്‌ഐയിലൂടെയാണ് നിതിൻ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ എസ്എഫ്‌ഐയുടെ ജില്ലാ കമ്മറ്റി അംഗമായിരുന്നു. ചെറുപ്പം മുതൽ പാർട്ടിയെകുറിച്ച് കേട്ടാണ് വളർന്നത്. വിപ്ലവഗാനങ്ങളും രക്തസാക്ഷികലെകുറിച്ചുള്ള കവിതകളുമൊക്കെ കേൾക്കുമ്പോൾ അതേകുറിച്ച് വീട്ടുകാരോട് ചോദിച്ച് മനസ്സിലാക്കുമായിരുന്നുവെന്നും ഒരു പരമ്പരാഗത കമ്മ്യൂണിസറ്റ് അനുഭാവി കുടുബത്തിൽ ജനിച്ച നിതിൻ പറയുന്നു.

പത്തനംതിട്ട കാത്തലക്കിറ്റ് കോളേജിൽ നിന്നും ബിഎസ്‌സി ഫിസിക്‌സ് പാസ്സായി. ഈ സമയത്ത് സർവകലാശാല സെനറ്റ് അംഗവുമായിരുന്നു നിതിൻ.തന്റെ ഭാവി പരിപാടികൾ എന്താണെന്നത് നാളെ ബ്രാഞ്ച് കമ്മറ്റിക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. പഞ്ചായത്തംഗമായ നിതിൻ ആ സ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തിന് തന്നെ വിജയിപ്പിച്ചത് പാർട്ടിയും ജനങ്ങളും ചേർന്ന് തന്നെയാണെന്നും അതിനാൽ പാർട്ടി ആവശ്യപ്പെട്ടാൽ രാജി വെയ്ക്കുമെന്നും നിതിൻ പറയുന്നു. അതേ സമയം താൻ വാർഡിൻ നിന്നുള്ള അംഗമായി തുടണമെന്നാണ് വാർഡിലെ വോട്ടമാരുടെ ആവശ്യമെന്നും നിതിൻ പറയുന്നു.

സിപിഐ(എം) ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന ശ്രീധരന്റെ വസ്തുവിലാണ് പാറഖനനം നടക്കുന്നത്. ക്വാറിക്ക് യാതൊരു വിധത്തിലുള്ള പാരിസ്ഥിതികത അനുമതിയും ഉണ്ടായിരുന്നില്ല. അതിനാൽ കഴിഞ്ഞ ജൂണിൽ പെർമിറ്റ് റദ്ദാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ജില്ലയിലെ സിപിഐ(എം) നേതാക്കളുടെ ഒത്താശയോടെ ഡെൽറ്റ ക്വാറിയുടെ പ്രവർത്തനം മുന്നോട്ടു പോകുകയായിരുന്നു. സ്ഥലത്തെ മെമ്പറായ നിതിൻ കിഷോർ ഈ വിഷയത്തിൽ പാറമടക്കെതിരെയാണ് നിലപാട് സ്വീകരിച്ചത്. എന്നാൽ, പാർട്ടിക്കാരിൽ ഒരാൾ നടത്തുന്ന അനധികൃത പാറമടക്കെതിരെ പ്രതികരിച്ചതോടെ പാർട്ടിയിലെ ഒരു കൂട്ടർ നിതിന് എതിരാകുകയായിരുന്നു.

വണ്ടിയിടിപ്പിച്ച് കൊല്ലുമെന്ന വരയെയാണ് തനിക്കെതിരായ ഭീഷണിയെന്നാണ് നിതിൻ കിഷോർ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ചിറ്റാറിലെ പൊലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി. താൻ ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം എന്നുമാണ് കിഷേർ പറയുന്നത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ വായടക്കാൻ ശ്രമം ഉണ്ടായതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കിഷേർ വ്യക്തമാക്കുകയായിരുന്നു. ഇത് കൂടാതെ നിതിൻ കരഞ്ഞു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതും സോഷ്യൽ മീഡിയിയൽ ഏറെ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP