Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി പിയുടെ കുടുംബവുമായി ഉണ്ടായിരുന്നത് നല്ല ബന്ധം; മാധവേട്ടനും തെറ്റിദ്ധരിച്ചതിൽ വിഷമം; കൊടി സുനിയേയും കൂട്ടരെയും ആദ്യം കണ്ടത് ജയിലിൽ വച്ച്: പി മോഹനനുമായുള്ള അഭിമുഖം തുടരുന്നു

ടി പിയുടെ കുടുംബവുമായി ഉണ്ടായിരുന്നത് നല്ല ബന്ധം; മാധവേട്ടനും തെറ്റിദ്ധരിച്ചതിൽ വിഷമം; കൊടി സുനിയേയും കൂട്ടരെയും ആദ്യം കണ്ടത് ജയിലിൽ വച്ച്: പി മോഹനനുമായുള്ള അഭിമുഖം തുടരുന്നു

കൊല ചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ കുടുംബവുമായി ഒരുകാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നു പി മോഹനന്. എന്നാൽ ടി പി വധിക്കപ്പെട്ടതോടെ ഒഞ്ചിയത്തെ വിപ്ലവകാരിയും രമയുടെ പിതാവുമായി മാധവൻ പോലും തന്നെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് പി മോഹനൻ മറുനാടൻ മലയാളി ലേഖകൻ ശ്രീജിത്ത് ശ്രീകുമാരന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ടി പി യെ കൊലപ്പെടുത്താനോ ഗൂഢാലോചന നടത്താനോ കഴിയില്ലെന്നും മോഹനൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. അഭിമുഖത്തിന്റെ ആദ്യഭാഗത്തിൽ താൻ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യവും ജയിൽ ജീവിതത്തെ കുറിച്ചും സംസാരിച്ച പി മോഹനൻ വടകര ലോക്‌സഭാ മണ്ഡലത്തെത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും ആർഎംപിയെക്കുറിച്ചും ടി പിയുടെ കുടുബംവുമായുള്ള ബന്ധത്തെ കുറിച്ചും സംസാരിക്കുന്നു...

  • ആർഎംപി ചന്ദ്രശേഖരൻ വധം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണോ താങ്കളുടെ അഭിപ്രായം?

അതെല്ലാം വൈകാരികമായിട്ടുള്ള ഒന്നാണ്. അതിലൊന്നും ഒരു കമന്റ് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ, ടിപി വധത്തെ യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്നല്ലേ സത്യം. ഇപ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വരികയാണ് ഈ വിഷയം ലൈവായിട്ട് നിർത്തേണ്ടത് അവരുടെ ആവശ്യമാണ്. അതിനായി ആർഎംപിയെ യുഡിഎഫ് ഉപയോഗിക്കുകയാണ്. സ്വാഭാവികമായി പൊളിറ്റിക്‌സ് ആണല്ലോ....

വടകര മണ്ഡലത്തിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ ഒട്ടേറെ ഘടകങ്ങൾ രൂപപ്പെട്ട് വന്നിട്ടുണ്ട്. ജനതാദൾ അപ്പുറം പോയതിന്റെ അടിസ്ഥാനത്തിൽ ആണ് കഴിഞ്ഞ തവണ എൽഡിഎഫ് പരാജയപ്പെട്ടത്. പൊതുവായിട്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയം ഇടതുമുന്നണിക്ക് അത്ര നല്ലസമയമായിരുന്നില്ല. പലരും പറയുന്നത് കേട്ടാൽ തോന്നും വടകര മാത്രമാണ് തോറ്റതെന്ന്. കേരളത്തിൽ മാത്രമല്ല രാജ്യവ്യാപകമായി ഇടതുപക്ഷത്തിന് തിരിച്ചടിയാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ തവണ മാത്രമല്ല അതിനു മുമ്പും ഇടതുപക്ഷത്തിന് വടകരയിൽ തോൽവി ഉണ്ടായിട്ടുണ്ട്. അരങ്ങിൽ ശ്രീധരനെ തോൽപിച്ച് ഉണ്ണികൃഷ്ണൻ ജയിച്ചു. സിഎൻഎൻഐബിഎന്നിന്റ ഒരു സർവ്വേ നടത്തിയപ്പോൾ ജയിക്കാവുന്ന രണ്ട് സീറ്റിൽ ഒന്ന് വടകരയാണ്. എൽഡിഎഫിന് അനുകൂലമായി വടകര മാറിക്കഴിഞ്ഞു. അതിലൊന്നും ഞങ്ങൾക്ക് ഒരാശങ്കയും ഇല്ല. പിന്നെ ചന്ദ്രശേഖരന്റെ വധം ഉപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടാനാണ് ശ്രമിച്ചത്. അത് നന്നായി മാർക്കറ്റ് ചെയ്തു. ഇവിടെയും ഞാൻ ആവർത്തിച്ചു പറയുന്നു ചന്ദ്രശേഖരൻ എന്നല്ല ആരും കൊലപ്പെടാൻ പാടില്ല. സിപിഎമ്മിന് അതിനോട് യോജിപ്പില്ല ആരെല്ലാം എന്തല്ലാം പറഞ്ഞാലും സിപിഎമ്മിന് ഒരുണർവ്വ് ഉണ്ടായിട്ടുണ്ട്. നിർജീവമായി കിടന്നിരുന്ന എല്ലാ സഖാക്കളും ഭരണകൂട ഭീകരതക്കെതിരെ ഒന്നിക്കുന്ന കാഴ്ചയാണ് കണ്ടത്. സാധാരണ ജയിലിൽ ഒന്നും വരാത്ത പ്രായം ചെന്നവർ ഉൾപ്പെടെ പാർട്ടി പരിപാടികൾക്കെത്തി. എന്തായാലും ആ ഒരു മുന്നേറ്റം തിരഞ്ഞെടുപ്പിലും കാണാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

  • കഴിഞ്ഞ ദിവസം ടി പി കേസിലെ പ്രതികൾ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു അതിനെക്കുറിച്ച് ഒന്നു പറയാനില്ലേ?

കേരളത്തിൽ മുഴുവൻ ജില്ലകളിലും ഇതെല്ലാം നടക്കുന്നുണ്ട്. മനോരമയിലാണ് ഞാൻ വായിച്ചത്. ചീമേനി തുറന്ന ജയിലിൽ അവിടെ 20 തടവുകാരൊഴിച്ച് മറ്റുള്ളവർ മുഴുവൻ ഫോണുപയോഗിക്കുന്നു. മദ്യം ഇഷ്ടം പോലെ വരുന്നു. ആ വാർത്ത ശരിയാണെങ്കിൽ കേരളാ ഗവൺമെന്റ് വിശേഷിച്ച് ആഭ്യന്തരവകുപ്പ് ലജ്ജിച്ച് തല താഴ്‌ത്തണം. പുറത്തു നിന്ന് സ്ത്രീകളെ ഉൾപ്പെടെ ജയിലിൽ എത്തിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതൊക്കെ ഒട്ടുമിക്ക ജയിലുകളിലും നടക്കുന്നുണ്ടന്നല്ലേ കരുതേണ്ടത്. അങ്ങിനെ ഫോണുപയോഗിച്ചിട്ടുണ്ടെങ്കിൽ അത് ചട്ടവിരുദ്ധമാണ്. ആഭ്യന്തര വകുപ്പ് അനേ്വഷിക്കട്ടെ. നമുക്കൊന്നും എന്തായാലും ആ സൗകര്യം ലഭിച്ചിട്ടില്ല. ആഴ്ചയിൽ 10 രൂപക്കോ മറ്റോ കോയിൻ ബോക്‌സിൽ നിന്നും വിളിക്കാം. ചിലപ്പോൾ എന്തെങ്കിലും കൂടുതൽ വിളിക്കണമെങ്കിൽ പ്രത്യേക പെർമിഷൻവേണം. എനിക്കിപ്പോൾ ഉണ്ടായ പ്രശ്‌നം ഉപയോഗിക്കുമ്പോഴുള്ള പരിചയക്കുറവ് നല്ല പോലെയുണ്ട്.

  • കൊലയാളി സംഘത്തിലെ പ്രതികളെ ആദ്യമായി കാണുന്നത് എവിടെ വച്ചാണ്?

ഞാൻ ഇവരെയെല്ലാം ആദ്യമായിട്ട് കാണുന്നത് ജയിലിൽ വച്ചാണ്. കുഞ്ഞനന്തനെ മുൻപ് അറിയാം. ചില യോഗങ്ങൾക്കെല്ലാം പോയി കണ്ടിട്ടുണ്ട്. അതും നേരിട്ട് ഇടപെടേണ്ടി വന്നിട്ടില്ല. സെല്ല് തുറന്ന് വിടുമ്പോഴാണ് പരസ്പരം കണ്ടിട്ടുള്ളത്. ഇവരാരും ഫോൺ ഉപയോഗിക്കുന്നത് എന്റെ ശ്രദ്ധയിൽ എന്തായലും പെട്ടിട്ടില്ല. ഫോൺ ചട്ടവിരുദ്ധമായി ഉപയോഗിച്ചെങ്കിൽ ആർക്കെങ്കിലും അംഗീകരിക്കാനാകുമോ? ഇതെല്ലാം അവർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ആഭ്യന്തരവകുപ്പിന്റെയും ജയിൽ വകുപ്പിന്റേയും പരാജയമാണ്.

  • ആർഎംപിയുടെ ഒരു രാഷ്ട്രീയ ഭാവി എന്തായിരിക്കും?

അവരിപ്പോൾ അവിടുത്തെ രണ്ട് മൂന്ന് പഞ്ചായത്തിൽ ഉണ്ട് എന്നത് ഞങ്ങളും അംഗീകരിക്കുന്നു. അതിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചൊന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല അതെല്ലാം ആളുകൾ തിരിച്ചറിയാം.

  • അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് തിരിച്ച് വരുമെന്നാണോ?

നമ്മളിപ്പോഴും കരുതുന്നത് അങ്ങിനെ ഒരു സാഹചര്യം രൂപപ്പെട്ട് വരും എന്ന് തന്നെയാണ്. ഇന്നിപ്പോൾ കണ്ടില്ലേ കണ്ണൂർ ജില്ലയിൽ ആർഎസ്എസ് വിട്ട് ഒ.കെ.വാസുവിന്റേയും അശോകന്റെയും നേതൃത്വത്തിൽ ആയിരങ്ങൾ ചെങ്കൊടിയുടെ കീഴിൽ വന്നില്ലേ. അനുഭവത്തിലൂടെയാണല്ലോ ആളുകൾ പഠിക്കുന്നത്. വൈകാരികമായി നിൽക്കുന്ന ഒരു പറ്റം ആളുകളെ ചിലപ്പോൾ തെറ്റിദ്ധരിപ്പിക്കാനാകും. നാളെ ഒരാശയ വിനിമയം നടക്കുമ്പോൾ പല പ്രശ്‌നങ്ങളും തീർന്നേക്കാം.

  • അവരെ പാർട്ടിയിലേക്ക് തിരിച്ച് കൊണ്ടു വരാൻ ശ്രമിക്കുമോ?

അതിലൊന്നും ഒരു തർക്കവും ഇല്ല. ഇപ്പോൾ അതൊന്നും അജണ്ടയിൽ ഇല്ലെങ്കിലും തുറന്ന മനസ്സോടെയുള്ള ചർച്ചകൾക്ക് പാർട്ടി എപ്പോഴും തയ്യാറാണ്. ഞങ്ങൾ എന്തെങ്കിലും ആത്മപരിശോധന നടത്തണമെങ്കിൽ അത് നടത്താനും തയ്യാറാണ്. മീഡിയാസാണ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്. ഇതുവരെ മോഹനൻ മാസ്റ്ററുടെ നേർ കൂരമ്പുകൾ എയ്ത മനോരമ ഒടുവിൽ മോഹനൻ മാഷുടെ പൊളിറ്റിക്കൽ ഗ്രാഫ് ഉയർന്നു എന്നു എഴുതി. ഇതെല്ലാം അത്രയെയുള്ളു.

  • പിണറായി ലാവിലിൻ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ ജയിലിൽ ആയിരുന്നു. ആവാർത്ത കേട്ടപ്പോൾ എന്ത് തോന്നി?

പിണറായി തെറ്റുകാരനല്ലെന്ന് വളരെ മുൻപെ എനിക്കറിയാമായിരുന്നു. അത് പാർട്ടിയും പറഞ്ഞിരുന്നു. കേസിന്റെ ഗതി ഇതു തന്നെയായിരിക്കുമെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. അപ്പോൾ അമിതമായ സന്തോഷം ഒന്നും ഉണ്ടായില്ല. നേരത്തെ തന്നെ അറിയാമല്ലോ.

  • പാർട്ടി നേതാക്കളെല്ലാം കാണാൻ വരുമ്പോഴും, പിണറായി താങ്കളെ കാണാൻ ജയിലിൽ വന്നിരുന്നില്ല. എന്തുകൊണ്ടാണത്?

പിണറായി സഖാവ് എന്നെ കാണാൻ വരണ്ട എന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. എനിക്കതിൽ മാനസികമായ ഒരു വിഷമവും ഇല്ല. ഞാൻ അത്ര അവശനൊന്നും അല്ലല്ലോ പിന്നെന്തിനാണ് പാർട്ടി സെക്രട്ടറി വരുന്നത്. ആദ്യം ഞാൻ ഇറങ്ങിയപ്പോൾ ഫോണിൽ സംസാരിച്ചത് പിണറായിയോടാണ്. പിണറായി എന്നെയാണ് വിളിച്ചത്. പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വവുമായെല്ലാം സംസാരിച്ചിട്ടുണ്ട്. സഖാവ്
എസ്.ആർ.പിയാണ് വിളിച്ചത്. പിണറായി ജയിലിൽ വന്ന് കണ്ടിരുന്നെങ്കിൽ എന്തെങ്കിലും മീഡിയാസ് ഉണ്ടാക്കും. അതുറപ്പായിരുന്നു.

  • ചന്ദ്രശേഖരന്റെ ബന്ധുക്കളെ സന്ദർശിക്കാൻ വല്ല പരിപാടിയുമുണ്ടോ?

അതിപ്പോ അവർക്ക് ഉൾക്കൊള്ളാൻ കഴിയാത്തിടത്തോളം നമ്മൾ പോയി ഒരു പ്രശ്‌നം സൃഷ്ടിക്കുന്നത് ശരിയല്ലല്ലോ. നമ്മൾ ഖേദ പ്രകടനം നടത്തിയിട്ടുണ്ട്. അത് ആത്മാർത്ഥമായി തന്നെയാണ് ചെയ്തത്. അവരുടെ തെറ്റിധാരണ പെട്ടെന്ന് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. സമീപഭാവിയിൽ ആ കുടുംബത്തിന്റെ ഉൾപ്പെടെ തെറ്റിധാരണമാറി വരുമെന്ന് തന്നെയാണ് കരുതുന്നത്. കമ്മ്യൂണിസ്റ്റ്കാരെന്ന് പറയുമ്പോൾ തന്നെ മനുഷ്യസ്‌നേഹത്തിന്റെ വക്താക്കളാണല്ലോ. നാദാപുരത്ത് കലാപമുണ്ടായപ്പോൾ അത് അവസാനിപ്പിക്കാനായി ഇറങ്ങി നടന്നവനാണ് ഞാൻ, എനിക്കാരെയും കൊല്ലാനോ, ഗൂഢാലോചന നടത്താനോ കഴിയില്ല. പിന്നെ ഇപ്പോഴത്തെ സ്ഥിതിയെല്ലാം മാറിവരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. മാറ്റം ഒരനിവാര്യ ഘടകമാണല്ലോ... ഞാൻ ഒരിക്കലും ചന്ദ്രശേഖരനെ വെട്ടികൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ല.

  • ചന്ദ്രശേഖരനുമായുള്ള വ്യക്തിബന്ധം എങ്ങിനെയായിരുന്നു?

നല്ലബന്ധമായിരുന്നു. ചന്ദ്രശേഖരന്റെ കല്യാണത്തിനൊക്കെ ഞങ്ങൾ സജീവമായിരുന്നു. ടിപിയെക്കാൾ കൂടുതൽ ബന്ധം സഖാവ് മാധവേട്ടനുമായിട്ടായിരുന്നു. ഞാനിപ്പോഴും കരുതുന്നത് മാധവേട്ടനും ഈ മാദ്ധ്യമപ്രചരണത്തിന്റെ ഭാഗമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ്. അത് മാധവേട്ടന് ബോധ്യപ്പെടണമെന്ന് ഞാനും ആഗ്രഹിക്കുന്നു. മാധവേട്ടൻ തെറ്റിദ്ധരിച്ചതിൽ എനിക്ക് അതിയായ വിഷമമുണ്ട്.

ഞങ്ങൾ ആമുറിയിൽ നിന്നിറങ്ങി. പാർട്ടി ഓഫീസിന്റെ ഉമ്മറത്ത് ടിവിയിൽ പാനൂരിൽ ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയവർക്കുള്ള സ്വീകരണം കാണുന്നവരിൽ വി.വി.ദക്ഷിണാമൂർത്തിയും ടി.പി.രാമകൃഷ്ണനും ഉൾപ്പെടെയുള്ള നേതാക്കൾ ഉണ്ടായിരുന്നു. വി.മോഹനൻ എന്ന ഹസ്തദാനം ചെയ്ത് യാത്രയാക്കി.
അവസാനിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP