Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിൽ സാമൂഹിക വിരുദ്ധഘടകങ്ങൾ പ്രവർത്തിക്കുന്നതിനാൽ സർക്കാരിന്റെ പ്രതിഛായ തകരുന്നു; മലപ്പുറം ഇന്നും ഇടതിന് ബാലികേറാമല, വലിയ പ്രതീക്ഷ വേണ്ട; ഭൂരിപക്ഷം കുറക്കാനായാൽ അത് ഭരണനേട്ടമാകും; പിണറായിക്കെതിരെയുള്ള കാനത്തിന്റെ വിമർശനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പന്ന്യൻ രവീന്ദ്രൻ മറുനാടനോട്

പൊലീസിൽ സാമൂഹിക വിരുദ്ധഘടകങ്ങൾ പ്രവർത്തിക്കുന്നതിനാൽ സർക്കാരിന്റെ പ്രതിഛായ തകരുന്നു; മലപ്പുറം ഇന്നും ഇടതിന് ബാലികേറാമല, വലിയ പ്രതീക്ഷ വേണ്ട; ഭൂരിപക്ഷം കുറക്കാനായാൽ അത് ഭരണനേട്ടമാകും; പിണറായിക്കെതിരെയുള്ള കാനത്തിന്റെ വിമർശനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പന്ന്യൻ രവീന്ദ്രൻ മറുനാടനോട്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ വിവാദ പരാമർശത്തെ പൂർണമായി പിന്തുണച്ച് മുൻ സംസ്ഥാന സെക്രട്ടറിയും ദേശീയ നിർവാഹക സമിതി അംഗവുമായ പന്ന്യൻ രവീന്ദ്രൻ രംഗത്ത്. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പന്ന്യൻ ഇത്തരത്തിൽ പ്രതികരിച്ചത്.

വിമർശനങ്ങളോട് വികാരപരമായി പ്രതികരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ്. കമ്മ്യൂണിസ്റ്റുകാരൻ ഒരിക്കലും വികാരത്തിന് അടിപ്പെടരുത്. വിമർശനങ്ങൾക്കു മുന്നിൽ പ്രകോപിതനും ആകരുത്. കൂട്ടായ ചർച്ചകൾക്കുശേഷം പ്രശ്നപരിഹാരം നടത്തണം. ഇതാണ് യാഥാർത്ഥ കമ്മ്യൂണിസ്റ്റ് വഴി. മുഖ്യമന്ത്രിയും ജയരാജനും അടക്കമുള്ളവർ സിപിഐയ്ക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് പന്ന്യൻ സി പി എമ്മിന് നല്ലനടപ്പിനുള്ള വഴി അറിയിച്ച് രംഗത്തുവന്നത്. തന്റെ ജീവിതാനുഭവം വിവരിച്ചാണ് പന്ന്യൻ സി പി എമ്മിന് താക്കീത് നൽകിയത്. 'താൻ തികഞ്ഞ സസ്യബുക്കായിരുന്നു എന്നാൽ വിവാഹശേഷം ഞാൻ മാംസബുക്കുമായി. കാരണം എന്റെ ഭാര്യ മാംസഭുക്കായിരുന്നു. ഞങ്ങൾ തമ്മിലുള്ള പൊരുത്തം അനിവാര്യമാകണമെങ്കിൽ അത്തരത്തിലൊരു സമവായം ആവശ്യമായിരുന്നു.'

സി പി എമ്മിൽ സമവായങ്ങൾക്ക് സ്ഥാനമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന സൂചനയാണ് സ്വന്തം ജീവിതാനുഭവം വിവരിച്ച് പന്ന്യൻ മനസു തുറന്നത്. ഭരണമില്ലാത്തപ്പോൾ തന്നെ പന്ന്യൻ സി പി എമ്മിനോട് തിരുത്താൻ സമയമായെന്ന് സൂചന നൽകിയിരുന്നു. പന്ന്യന്റെ നിലപാട് മുഖവിലക്കെടുക്കാതെ അരുവിക്കരയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടു. രണ്ടു പ്രബല നേതാക്കൾ മണ്ഡലത്തിൽ രാപ്പകൽ പ്രവർത്തിച്ചിട്ടും പാർട്ടി സ്ഥാനാർത്ഥി തോറ്റു. പിണറായിയും വി എസ്സും കൈമെയ് മറന്നാണ് അരുവിക്കരയിൽ പ്രവർത്തിച്ചത്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്നു പന്ന്യൻ വീണ്ടും ആവർത്തിച്ചു തിരുത്താൻ. പക്ഷെ പിണറായി ചെവിക്കൊണ്ടില്ല.

കാനത്തിന്റെ പ്രതികരണം വ്യക്തിപരമല്ല. പാർട്ടിയുടെ ശബ്ദമാണ്. ഏറെ ത്യാഗം സഹിച്ചാണ് കേരളത്തിൽ ഭരണം തിരിച്ചുപിടിച്ചത്. അത് അങ്ങനെ വലിച്ചെറിയാനുള്ളതല്ല. രാജ്യത്ത് ഒരു ചെറിയ സംസ്ഥാനത്തു മാത്രമാണ് ഇപ്പോൾ ഇടത് ഭരണമുള്ളത്. അത് അത്ര പ്രസക്തമല്ല. എന്നാൽ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഭരണം കൈയിൽ കിട്ടിയപ്പോൾ തോന്നിയ രീതിയിൽ ഭരിച്ച് തകർക്കാൻ ഉള്ളതല്ല. അത് പ്രതീക്ഷയോടെ ഭരണത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയും ചതിയുമാണ്. അതുകൊണ്ടുതന്നെ കൂട്ടായ ചർച്ചയ്ക്ക് സി പി എം തയ്യാറാകണം.

ചർച്ച എവിടെ വേണമെങ്കിലും ആകാം. സഹകരിക്കാൻ സിപിഐ തയ്യാറാണ്. സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ അത് പുറത്തുവരുന്നില്ല. വിവാദങ്ങൾകൊണ്ട് മൂടപ്പെടുകയാണ്. തങ്ങളുടെ മന്ത്രിമാർ പൂർണമായും വകുപ്പുകളെ കൈകാര്യം ചെയ്യുന്നുണ്ട്. പൊതുവിതരണ മേഖലയിലായാലും, കൃഷിയിലായാലും റവന്യുവിലായാലും കാര്യങ്ങൾ വളരെ സുഗമമായി നടക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. മൂന്നാറിലെ കൈയേറ്റ വിഷയത്തിൽ സി പി എം നേരിട്ട് ഇടപെട്ട് തടഞ്ഞതിനെ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു പന്ന്യൻ.

സിപിഐ യഥാർത്ഥ കമ്മ്യൂണിസ്റ്റ് വഴിയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ സർക്കാരിന് എതിരല്ല. ഭരണം അട്ടിമറിക്കാനുള്ള യാതൊരു നീക്കവും സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല. മറിച്ച് തിരുത്തൽ അനിവാര്യമാണ്. സിപിഐയുടെ ഈ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ലേഖകൻ സൂചിപ്പിച്ചപ്പോൾ ഇനിയും തൽസ്ഥിതി തുടരുമെന്നാണ് അറിയിച്ചത്. എല്ലാം ശരിയാകുമെന്നാണ് ജനങ്ങളോട് പറഞ്ഞിരുന്നത്. അത് അങ്ങനെ തന്നെ നടക്കണം. അതിനുവേണ്ടിയുള്ള നീക്കങ്ങളാണ് സിപിഐ നടത്തുന്നത്.

പൊലീസിൽ സാമൂഹ്യവിരുദ്ധർ ധാരളമുണ്ട്. ഇവരാണ് സർക്കാരിന്റെ പ്രതിഛായ കളയുന്നതിൽ മുൻപന്തിയിൽ. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പൊലീസ് നിലപാട് തികഞ്ഞ പരാജയമായിരുന്നു. അതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകണമെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് കിട്ടുന്ന ഭൂരിപക്ഷത്തിൽ കുറവുണ്ടാകണം. നേരത്തെ ജില്ലയിൽ ചിലയിടങ്ങളിൽ ജയിക്കാൻ കഴിഞ്ഞെങ്കിലും മലപ്പുറം അത്ര സുഖകരമല്ല. ഇടത് മുന്നണിക്ക് മലപ്പുറം ഇന്നും ബാലികേറാമല തന്നെയാണ്. ഇടത് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കലാണ് സിപിഐയുടെ ലക്ഷ്യം. മറിച്ച് അട്ടിമറിയല്ല. സി പി എം കാര്യങ്ങളെ പഠിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാകുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും പന്ന്യൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP