Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുകുമാരൻ നായർ ചെയ്തത് ക്വട്ടേഷൻ സംഘത്തിന്റെ പണി; പ്രതിഷേധിക്കാതെ കേട്ടിരുന്ന മന്ത്രിമാർ കുറ്റക്കാർ: രാജ്‌മോഹൻ ഉണ്ണിത്താൻ മറുനാടനോട് പറഞ്ഞത്‌

സുകുമാരൻ നായർ ചെയ്തത് ക്വട്ടേഷൻ സംഘത്തിന്റെ പണി; പ്രതിഷേധിക്കാതെ കേട്ടിരുന്ന മന്ത്രിമാർ കുറ്റക്കാർ: രാജ്‌മോഹൻ ഉണ്ണിത്താൻ മറുനാടനോട് പറഞ്ഞത്‌

ഷാജൻ സ്‌കറിയ

നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ. വടി കിട്ടിയാൽ ആരെയും പൊതിരെ തല്ലാൻ ഉണ്ണിത്താന്റെ അത്രയും ശക്തനായ ഒരു നേതാവ് വേറെ ഇല്ലായിരുന്നു. എന്നാൽ ഏറെ നാളായി കോൺഗ്രസ്സിന്റെ അകത്തളങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ടിരിക്കുകയാണ് ഉണ്ണിത്താൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിവാദമായ പൊലീസ് സ്റ്റേഡിയം പ്രസംഗത്തിന് ശേഷം ഉണ്ണിത്താൻ നടത്തിയ പത്രസമ്മേളനം വളരെയേറെ ചർച്ച ചെയ്യപ്പെട്ടു. ഈ പശ്ചാത്തലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനുമായി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ നടത്തിയ സംഭാഷണമാണ് ചുവടെ കൊടുക്കുന്നത്.

  • മതേതരവാദിയാണ് താനെന്നും ഈ വിവാദങ്ങൾ ഒരു ഗൂഢാലോചനയാണെന്നുമാണ് രമേശ് ചെന്നിത്തല ഇപ്പോൾ പറയുന്നത്. താങ്കൾ അത് വിശ്വസിക്കുന്നുവോ?

രമേശ് ചെന്നിത്തല കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റാണ്. കോൺഗ്രസ്സ് ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ സംഘടനയാണ്. സ്വാഭാവികമായും അതിന്റെ തലപ്പത്ത് മതേതരവാദി അല്ലാത്ത ഒരാൾക്ക് കടന്നുവരാൻ പറ്റില്ല. അതുകൊണ്ടു തന്നെ ചെന്നിത്തല മതേതരവാദിയാണെന്ന കാര്യത്തിൽ സംശയം വേണ്ട.

  • അപ്പോൾ സുകുമാരൻ നായരുടെ പ്രസ്താവന ചെന്നിത്തലയുടെ അറിവോടെ അല്ല എന്നാണോ താങ്കൾ പറയുന്നത്?

കെപിസിസി പ്രസിഡന്റിനെ ഒരു നായരാക്കി ചിത്രീകരിച്ചുകൊണ്ടാണ് സുകമാരൻ നായർ പ്രസംഗിച്ചത്. കെപിസിസി പ്രസിഡന്റ് പദവി മുഖ്യമന്ത്രി പദവിക്ക് മുകളിലാണ്. കേരളത്തിലെ എല്ലാ മന്ത്രിമാരുടേയും മേൽ മുഖ്യമന്ത്രിയെക്കാൾ അധികാരം ഉണ്ട്. മുഖ്യമന്ത്രിയുടെ മുകളിൽ ഇരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയുടെ താഴെ എത്തണം എന്ന വിചിത്രമായ വാദമാണ് ഉയരുന്നത്. ചെന്നിത്തല അതിന് തയ്യാറായാൽ മുഖ്യമന്ത്രി സസന്തോഷം സ്വീകരിക്കും എന്നുതന്നെയാണ് ഞാൻ കരുതുന്നത്. അത്തരം ഒരു മണ്ടത്തരം കാട്ടിയ ഒരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ട്. ശ്രീ കെ മുരളീധരൻ. ചെന്നിത്തല അത്തരം ഒരു മണ്ടത്തരം കാട്ടും എന്ന വിശ്വാസം എനിക്കില്ല.

  • അപ്പോൾ സുകുമാരൻ നായർ ഇത്രയും പ്രകോപിതനാകാൻ കാരണം എന്താണെന്നാണ് താങ്കൾക്ക് തോന്നുന്നത്?

ചെന്നിത്തലയോട് എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് ഉള്ള അമിത വാത്സല്യമായിരിക്കാം കാരണം. ജയ്പൂർ സമ്മേളനത്തിൽ ഒരു പ്രഖ്യാപനം ഉണ്ടായത് ഒരു കാരണമാകാം. മൂന്നു വർഷം വീതം രണ്ട് ടേമിൽ കൂടുതൽ കെപിസിസി പ്രസിഡന്റുമാർ ഇരിക്കരുത് എന്നതാണ് അത്. ചെന്നിത്തല ഇപ്പോൾ ഒൻപതു വർഷം പൂർത്തിയാക്കി. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ചെന്നിത്തലയുടെ പ്രസിഡന്റ് പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കി ഒരു മുഴം മുമ്പേ എറിഞ്ഞതാകാനാണ് സാധ്യത.

  • ഇപ്പോൾ ഇങ്ങനെ ഒരു ചർച്ചയുണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിൽ രമേശ് അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാതാക്കുക എന്ന ഗൂഢാലോചനയാണ് ഇതെന്ന് തോന്നുന്നുണ്ടോ?

അങ്ങനെ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന ആളുകൾ ഒന്നും ഇവിടെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രമേശ് ചെന്നിത്തല ദീർഘ വീക്ഷണമുള്ള ഒരു നേതാവാണ്. അതുകൊണ്ടു തന്നെ താത്കാലിക ലാഭത്തിന് വേണ്ടി ആരുടെയെങ്കിലും കെണിയിൽ പോയി വീഴുകയില്ല.

  • ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് തോന്നുന്നുണ്ടോ?

തീർച്ചയായും. അനാവശ്യ വിവാദങ്ങൾ ഈ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി പറയുന്നു കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത സഹായവും സഹകരണവുമാണ് കെപിസിസി പ്രസിഡന്റിൽ നിന്നും കിട്ടുന്നതെന്ന്. കെപിസിസി പ്രസിഡന്റ് പറയുന്നു കേരളത്തിലെ ഒരു കെപിസിസി പ്രസിഡന്റിനും ലഭിക്കാത്ത പിന്തുണ എനിക്ക് മുഖ്യമന്ത്രിയിൽ നിന്നും ലഭിക്കുന്നുണ്ടെന്ന്. ഇത് പരസ്പര പൂരകമാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ഇരുവർക്കും ഇതിലും നല്ല ഒരു ടീമിനെ കിട്ടാനുമില്ല.

  • സുകുമാരൻ നായരുടെ ഇടപെടൽ കേരളാ രാഷ്ട്രീയത്തെ പിന്നോട്ട് നടത്തി എന്നു പറയേണ്ടി വരില്ലേ?

തീർച്ചയായും. വളരെ പ്രബലമായ ഒരു സമുദായത്തിന്റെ നേതാവാണ് സുകുമാരൻ നായർ. നവോത്ഥാന നായകൻ മന്നത്ത് പത്മനാഭനെ പ്രതിനിധാനം ചെയ്ത എൻഎസ്എസിന്റെ ശിക്ഷണത്തിൽ ഇരിക്കുന്ന ആൾ. മുൻകാല നേതാക്കൾ ഒന്നും കേരളത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെട്ടിട്ടില്ല. കേരളത്തിലെ കോൺഗ്രസ്സിൽ നായർ സമുദായത്തിന് അർഹമായ അംഗീകാരം വേണമെന്ന് സുകുമാരൻ നായർ പറഞ്ഞാൽ അതിനെ കുറ്റം പറയാൻ കഴിയില്ല. കാരണം നായന്മാരിൽ ഭൂരിപക്ഷവും കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നവരാണ്. നായർ സമുദായത്തിന് വേണ്ടി വാദിക്കാൻ ഏതെങ്കിലും ഒരു നായരെക്കുറിച്ച് അവകാശ വാദം നടത്തുന്നത് ശരിയല്ല. കോൺഗ്രസ്സിനകത്തെ അർഹതയുള്ള നായരെ പാർട്ടി തീരുമാനിക്കട്ടെ. ഇത് ഒരു വ്യക്തിക്കു വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്നതു പോലെയാണ് പറഞ്ഞിരിക്കുന്നത്. ഒരാളെ കൊല്ലാനും ഒരു കാര്യം സാധിക്കാനും ഒക്കെയുള്ള ഒരുതരം ക്വട്ടേഷൻ.

  • സുകുമാരൻ നായർ ഇക്കാര്യത്തിൽ പൂർണ്ണമായും കുറ്റക്കാരൻ ആണെന്നാണോ താങ്കൾ പറയുന്നത്?

ഇതിനു മുമ്പ് എത്രയോ നായന്മാർ കോൺഗ്രസ്സിൽ അപമാനിക്കപ്പെട്ടിരിക്കുന്നു. തെന്നല ബാലകൃഷ്ണ പിള്ളയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നാണം കെടുത്തി ഇറക്കി വിടുമ്പോൾ എവിടെയായിരുന്നു എൻഎസ്എസ്? മന്ത്രിസഭയിൽ രണ്ടാമൻ ആക്കാൻ അർഹതയുള്ള കാർത്തികേയനെ ആർക്കും വേണ്ടാത്ത സ്പീക്കർ പദവിയിൽ ഒതുക്കിയപ്പോൾ എവിടെയായിരുന്നു എൻഎസ്എസ്? വർഷങ്ങളായി നായർ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്ന ആലപ്പുഴയിൽ വേണുഗോപാലിനു ശേഷം ആ സാഹചര്യം മാറിയപ്പോൾ എവിടെയായിരുന്നു ഇവർ? കേരളത്തിൽ നിന്നുള്ള എല്ലാ രാജ്യസഭാ എംപിമാരും ന്യൂനപക്ഷത്തു നിന്നായിരിക്കവേ കോൺഗ്രസ്സും സഭയും മിണ്ടുന്നതിന് മുമ്പേ ഈ സുകുമാരൻ നായർ പിജെ കുര്യനെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചത് എന്തിന്?

44 വർഷം തെരുവിൽ ഇറങ്ങി കോൺഗ്രസിനെ പിന്തുണച്ച എനിക്ക് ഒടുവിൽ വച്ചു നീട്ടിയത് മാർക്‌സിസ്റ്റ് കോട്ടയായ തലശ്ശേരി. അവിടെ ഞാൻ ഒറ്റയ്ക്ക് പോരാടി വെല്ലുവിളി ഉയർത്തി. അതുകഴിഞ്ഞ് വീണ്ടും എന്നെ പരിഗണിച്ചില്ല. 69 കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴും എന്റെ പേരില്ല. എൻഎസ്എസിനെതിരെ ആക്രമണം ഉണ്ടായപ്പോൾ ഒക്കെ ശക്തമായി നേരിട്ട ആളാണ് ഞാൻ. എന്നിട്ടെന്തേ എനിക്കു വേണ്ടി ഈ സുകുമാരൻ നായർ ഇതുവരെ ഒച്ചവച്ചില്ല? അതുകൊണ്ട് സുകുമാരൻ നായർ സംസാരിക്കുന്നത് എൻഎസ്എസിനു വേണ്ടിയോ ഭൂരിപക്ഷം സമുദായത്തിനോ വേണ്ടിയോ അല്ല, മറിച്ച് ചില വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടിയാണ്.

  • താങ്കളെ ഒഴിവാക്കി നിർത്തിയതിന് മഞ്ചേരി സംഭവം ഒരു കാരണമായില്ലേ?

എന്താ ഈ മഞ്ചേരി സംഭവം. ഒരു രാഷ്ട്രീയ നേതാവിനെ മോശക്കാരനാക്കാൻ പൊലീസ് ഒരുക്കിയ ഗൂഢാലോചന എന്നു പറഞ്ഞ് എഫ്‌ഐആർ കോടതി റദ്ദു ചെയ്തതാണ്. കെപിസിസി അനേ്വഷണ കമ്മീഷനും അത് തള്ളിക്കളഞ്ഞു. സാധാരണ പൊലീസിന്റെ ഗുണ്ടാവിളയാട്ടമാണ് അവിടെ നടന്നത്. അതാണോ നിങ്ങൾക്ക് ഇപ്പോൾ പ്രശ്‌നം. ആ സംഭവം ഉണ്ടാകുന്നത് 2009ലാണ്. അതിനു മുമ്പ് എന്നെ പരിഗണിച്ചോ? നിങ്ങൾക്ക് പ്രശ്‌നം എൻഎസ്എസും സുകുമാരൻ നായരുമല്ല, മഞ്ചേരി സംഭവം ആണല്ലേ.

  • സുകുമാരൻ നായർ കോൺഗ്രസ്സിനെ ആക്ഷേപിച്ച് പ്രസംഗം നടത്തിയപ്പോൾ അതിനു മുന്നിൽ പോയി കോൺഗ്രസ്സ് മന്ത്രിമാർ കയ്യും കെട്ടി ഇരുന്നതിനെ താങ്കൾ വിമർശിച്ചിരുന്നല്ലോ?

ആത്മാഭിമാനമുള്ള എല്ലാ കോൺഗ്രസ്സുകാർക്കും ആ കാഴ്ച വേദനയുണ്ടാക്കി. സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിമാരും വിളിക്കാതെ ഇത്തരം ഒരു ചടങ്ങിന് പോവാൻ പാടില്ല. അവർ പോയാൽ ഇരിക്കേണ്ടത് വേദിയിലാണ് സദസ്സിൽ അല്ല. വേദിയിൽ അവരെ വിളിക്കുന്നത് തന്നെ ആക്ഷേപം ആണ്. എന്നിട്ട് ഒരു സമുദായ നേതാവ് പറഞ്ഞ ഫള്ള് മുഴുവൻ പഞ്ചപുച്ഛം അടക്കി കേട്ടിരുന്നു. പ്രതികരിക്കാൻ സാധിക്കില്ലെങ്കിൽ പ്രതിഷേധിക്കുക എങ്കിലും വേണമായിരുന്നു. അന്തസ്സുണ്ടായിരുന്നെങ്കിൽ ആ മന്ത്രിമാർ അപ്പോൾ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോകണമായിരുന്നു. സമുദായ നേതാക്കളെ ഭയന്ന് വിളറിയ മുഖത്തോടെ ഇരുന്ന മന്ത്രിമാർ എല്ലാ കോൺഗ്രസ്സുകാരുടേയും ആത്മാഭിമാനത്തെയാണ് വ്രണപ്പെടുത്തിയത്.

  • ഇങ്ങനെ തുറന്നു പറഞ്ഞാൽ കോൺഗ്രസ് നേതൃത്വത്തിന് അപ്രീതിയുണ്ടാകില്ലേ?

എന്ത് തുറന്നു പറഞ്ഞു എന്ന്. ഞാൻ കോൺഗ്രസ്സിനും കോൺഗ്രസ് നേതൃത്വത്തിനും എതിരെ ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ പറയാൻ ശ്രമിക്കുന്നത് സമുദായ നേതാവായ സുകുമാരൻ നായരുടെ ദാർഷ്ഠ്യത്തെക്കുറിച്ചാണ്. അതുപറയാൻ ഉള്ള ധൈര്യം എനിക്കുണ്ട്. അത് പറയാനുള്ള അവകാശം എനിക്കുണ്ട്.

  • കെപിസിസി പ്രസിഡന്റിന് ഈ അഭിപ്രായം ഹർട്ട് ചെയ്യാൻ ഇടയില്ലേ?

അങ്ങനെ എങ്കിൽ നിങ്ങൾ പോയി പ്ലാസ്റ്റർ ഒട്ടിച്ച് സുഖപ്പെടുത്തൂ. അല്ലാതെന്തു ചെയ്യാൻ പറ്റും?

  • നാരായണപ്പണിക്കരെ എൻഎസ്എസ് പൂർണ്ണമായും ഒഴിവാക്കുകയാണോ? പണിക്കരുടെ ഒരു പടം പോലും കണ്ടില്ലല്ലോ?

പണിക്കരെ ഒഴിവാക്കിയാൽ എനിക്കെന്തു ചേതം. അത് എൻഎസ്എസ് അംഗങ്ങൾ ചോദിക്കട്ടെ. ഞാൻ കോൺഗ്രസ്സുകാരനാണ് എനിക്ക് ആരെ ഒഴിവാക്കിയാലും ആരെ പൊക്കി തലയിൽ വച്ചാലും ഒന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP