Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കി മെഡിക്കൽ കോളേജ് തുടങ്ങി മുൻസർക്കാറെങ്കിലും ഈ സർക്കാർ നൽകുന്നത് മികച്ച പിന്തുണ; അക്കാര്യത്തിൽ പിണറായി സർക്കാറിനെ അഭിനന്ദിക്കുന്നു; കോട്ടയത്ത് സ്ഥാനാർത്ഥിയൊക്കെ സമയമാകുമ്പോൾ എത്തും; കാനം തോറ്റത് മുഴുവൻ കേരള കോൺഗ്രസ്സിനോടാണ്; അദ്ദേഹത്തിന്റെ പ്രസ്താവനകൾ വ്യക്തി വിരോധം തീർക്കും പോലെ; റോഷി അഗസ്റ്റിൽ എംഎൽഎ മറുനാടനോട് മനസു തുറക്കുന്നു

ഇടുക്കി മെഡിക്കൽ കോളേജ് തുടങ്ങി മുൻസർക്കാറെങ്കിലും ഈ സർക്കാർ നൽകുന്നത് മികച്ച പിന്തുണ; അക്കാര്യത്തിൽ പിണറായി സർക്കാറിനെ അഭിനന്ദിക്കുന്നു; കോട്ടയത്ത് സ്ഥാനാർത്ഥിയൊക്കെ സമയമാകുമ്പോൾ എത്തും; കാനം തോറ്റത് മുഴുവൻ കേരള കോൺഗ്രസ്സിനോടാണ്; അദ്ദേഹത്തിന്റെ പ്രസ്താവനകൾ വ്യക്തി വിരോധം തീർക്കും പോലെ; റോഷി അഗസ്റ്റിൽ എംഎൽഎ മറുനാടനോട് മനസു തുറക്കുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളാ കോൺഗ്രസിലെ ചുറുചുറുക്കുള്ള നേതാക്കളിൽ ഒരാളാണ് ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ. ഇടുക്കി മണ്ഡലത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഭൂരിപക്ഷത്തിൽ വർദ്ധനവു വരുത്തി എംഎൽഎ ആകുന്നത് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പ്രകടന മികവിനുള്ള അംഗീകാരമാണ്. മണ്ഡലത്തിലെ വികസന കാര്യത്തിൽ ഓടിയെത്തുന്ന റോഷി അഗസ്റ്റിൻ ബ്രിട്ടൻ സന്ദർശിക്കുന്ന വേളയിലാണ്. യുകെയിലെ മലയാൡസമൂഹത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയ എംഎൽഎ മറുനാടൻ മലയാളിയോട് മനസു തുറന്നു. രാഷ്ട്രീയവും വികസനവും കേരളാ കോൺഗ്രസിന്റെ ഭാവി കാര്യങ്ങളെ കുറിച്ചും അദ്ദേഹം മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേരള സർക്കാറിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കാനും അദ്ദേഹത്തിന് മടിയില്ല. പേരിൽ സദാ കടിച്ചു കീറേണ്ടവർ അല്ല രാഷ്ട്രീയക്കാർ. അതുകൊണ്ട് യാതൊരു നേട്ടവുമില്ല. മറിച്ച് സഹകരിക്കാവുന്ന മേഖലകളിൽ ഒന്നിച്ചാൽ നാടിനും ജനങ്ങൾക്കുമാണ് നേട്ടം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്റെ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് പിണറായി സർക്കാർ നൽകുന്ന പിന്തുണയെ പറ്റി പരാമർശിക്കവെയാണ് പ്രതിപക്ഷ എംഎൽഎയായ റോഷി സർക്കാരിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. ഇടുക്കിയുടെ വികസന കാര്യത്തിൽ അടക്കം പിണറായി സർക്കാർ താൽപ്പര്യം കാണിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. റോഷിയുമായുള്ള അഭിമുഖത്തിലേക്ക്.

  • മാറുന്ന ഇടുക്കിയുടെ മുഖം?

നിങ്ങളുടെ എല്ലാം മനസ്സിൽ ഒരു പരമ്പരാഗത കാർഷിക മണ്ണാണ്. പാവപ്പെട്ടവരും സാധാരണക്കാരും കുടിയേറ്റക്കാരും. നിറഞ്ഞ നാട് എന്നാൽ ഇപ്പോൾ ഇടുക്കിക്ക് മറ്റൊരു മുഖം കൂടിയുണ്ട്. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വൻ നേട്ടങ്ങൾ കൊയ്യുന്ന ഇടുക്കി. കഴിഞ്ഞ 20 വർഷമായി ഞാൻ കൂടി നേതൃത്വം നൽകുന്ന വികസന പദ്ധതികൾ പൂർത്തീകരിക്കുന്നത് വഴി ഇടുക്കി നേടുന്ന പുതിയ മുഖമാണിത്.

  • ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ സഹായത്തിന് ഏറ്റവും കൂടുതൽ അപേക്ഷ എത്തിയത് ഇടുക്കിയിൽ നിന്നാണ്. സർക്കാർ പദ്ധതികൾ ആവശ്യക്കാരിൽ എത്തുന്നില്ല എന്നതല്ലേ സത്യം?

ഞാൻ പൂർണ്ണമായും നിഷേധിക്കുന്നില്ല. സർക്കാർ പദ്ധതികൾക്ക് പോരായ്മകൾ സംഭവിക്കുന്നുണ്ട്? വിദ്യാഭ്യാസ പ്രോത്സാഹന മേഖലകളിൽ. സംസ്ഥാനത്തെ തന്നെ ആദ്യമായി എൻട്രൻസ് കോച്ചിങ് സൗജന്യാമിയ സർക്കാർ ചെലവിൽ നടത്താൻ സാധിച്ച മണ്ഡലമാണ് ഇടുക്കി. കെ. എം. മാണി ധനമന്ത്രി ആയിരുന്നപ്പോൾ പ്രത്യേക പ്രോജക്റ്റ് വഴി ലഭിച്ച് ഫണ്ട് ഉപയോഗിച്ച് 60 കുട്ടികളെ വീതം പഠിപ്പിക്കുന്ന 4 സെന്ററുകൾ ആരംഭിച്ചിരിക്കുകയാണ്. കട്ടപ്പന, മുരിക്കതോട്, വാഴത്തോട്, കൊടയത്തൂർ എന്നിവിടങ്ങളിൽ ഇവിടെ പഠിക്കുന്നവരിൽ 20% പേരെങ്കിലും എൻട്രൻസ് കടമ്പ കടക്കുന്നുണ്ട്.

ഈ സെന്ററുകൾ ആരംഭിച്ചില്ലായിരുന്നു എങ്കിൽ ഒരു കുട്ടിക്കു പോലും ഈ നേട്ടം സ്വന്തമാക്കാൻ ആകുമായിരുന്നില്ല. ഈ പദ്ധതിയെക്കുറിച്ചു കേട്ടറിഞ്ഞു മറ്റു എം എൽ എ മാരും ഇപ്പോൾ നടപ്പാക്കാൻ ഉള്ള ശ്രമമാണ്. പിറവത്ത് ഉടൻ നടപ്പിലായേക്കും. സ്വകാര്യ കുത്തക പരിശീലന കേന്ദ്രങ്ങളുടെ കഴുത്തറപ്പൻ രീതി ഇല്ലാതാക്കാനും ഓരോ എംഎൽഎ വിചാരിച്ചാലും സാധിക്കും. പഠിക്കാൻ ഉള്ള ബുദ്ധിമുട്ട് നന്നായി അറിഞ്ഞവൻ ആണ് ഞാൻ. കുട്ടികൾക്ക് ട്യൂഷൻ എടുത്ത് മാസം 500 രൂപ സമ്പാദിച്ചാണ് ഞാൻ ഡിഗ്രി പഠനം പൂർത്തിയാക്കിയത്.

  • ആരോഗ്യ രംഗമാണ് എന്നും ഇടുക്കിയുടെ വേദന. 20 വർഷം കൊണ്ട് താങ്കൾ ഉണ്ടാക്കിയ മാറ്റം?

1995 ൽ വിദ്യാർത്ഥി സംഘടനാ നേതാവ് ആയിരിക്കെ ഞാൻ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കു ഒരു കാൽനട വിമോചന യാത്ര നടത്തിയിരുന്നു. 43 ദിവസം കൊണ്ട് 1186 കിലോമീറ്റർ കാൽ നടയായി നടത്തിയ യാത്ര. ആയിരക്കണക്കിന് ആളുകളെ നേരിൽ കണ്ട് സംസാരിച്ചു യാത്രയ്ക്കൊടുവിൽ ഒരു വികസന മാർഗ്ഗ രേഖ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് നൽകി. അതിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇടുക്കിയിൽ മെഡിക്കൽ കോളേജ്. അന്ന് എനിക്ക് ഇടുക്കിയുമായി പ്രത്യേക ബന്ധം ഒന്നുമില്ല. എന്റെ നാട് പാലായിലെ രാമപുരത്തിനടുത്ത് ചക്കാമ്പുഴയാണ്.

അന്നത്തെ ഇടുക്കി മെഡിക്കൽ കോളേജ് എന്ന ആവശ്യം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞ യുഡിഎഫ് മന്ത്രി സഭ വഴി സാധിച്ചു. കഴിഞ്ഞ സർക്കാരിന്റെ പദ്ധതി എന്ന നിലയിൽ മുടക്കം വരാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ. കെ. ഷൈജലയെയും കണ്ടപ്പോൾ പൂർണ്ണ പിന്തുണയാണ് ലഭിച്ചത്. പുതിയ മെഡിക്കൽ കോളേജ് ഈ സർക്കാർ ആരംഭിക്കില്ലെങ്കിലും തുടങ്ങിയത് ഇനി പിന്നോട്ടില്ലെന്ന ഉറപ്പാണ് ലഭിച്ചത്. ഇതു വരെ 40 കോടി രൂപയോളം ചെലവിട്ടു. പൂർണ്ണ വേഗതയിൽ പദ്ധതി മുന്നോട്ട് പോകുന്നു. അക്കാര്യത്തിൽ ഈ സർക്കാരിനെ അഭിനന്ദിക്കാൻ എനിക്കൊരു മടിയുമില്ല.

  • മുതിർന്ന നേതാക്കളെപ്പോലെ എങ്ങനെയാണു ഒരേ മണ്ഡലത്തിൽ നിന്നും തുടർച്ചയായ ജയം സാധ്യമാകുന്നത്?

ജനങ്ങളുടെ കൂടെയാണ് എന്ന് എല്ലാ രാഷ്ട്രീയക്കാരും പറയുന്നതാണ്. അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നതു വഴിയാണ് ഞാൻ ഇടുക്കിയുടെ ഇഷ്ടം സ്വന്തമാക്കുന്നത്. 66 കിലോമീറ്റർ അകലെയുള്ള തൊടുപുഴയിലെ താലൂക്ക് ഓഫീസിന് പകരം ഇടുക്കി താലൂക്ക്. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും ആംബുലൻസ്, കട്ടപ്പന ആർട്സ് ആൻഡ് സയൻസ് കോളേജിനെ നവീകരിച്ചത്. ഇടുക്കി എഞ്ചിനീയറിങ്ങ് കോളേജ് നിലനിർത്തി മുൻ നിരയിൽ എത്തിച്ചത്. എണ്ണം പറയാൻ ഏറെയാണ്. ഒരു പക്ഷെ കോട്ടയത്തെ കൊച്ചിയിലോ കൊല്ലത്തെ ഇത് പറഞ്ഞൽ ജനം ചിരിക്കുമായിരുക്കും. എന്നാൽ ഇടുക്കിക്കാർക്ക് ഇപ്പോൾ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായാൽ അത്യാഹിത സ്ഥലത്ത് മിന്നിറ്റുകൾക്കം 4, 5 ആംബുലൻസുകൾ എത്താൻ സാധിക്കും വിധം ഇടുക്കി മാറിക്കഴിഞ്ഞു. താൻ ആദ്യം കാണുമ്പോൾ ഒരു ഷെഡ് മാത്രമായിരുന്നു.

ആർട്സ് ആൻഡ് സയൻസ് കോളേജ് കേരളത്തിലെ എട്ടാമത്തെ മികച്ച കോളേജുകളിൽ ഒന്നായി. 42 കോടി രൂപയാണ് കോളേജിനായി ചെലവാക്കിയത്. ഡിഗ്രി വിദ്യാർത്ഥികൾ 100 ശതമാനം വിജയം കൊണ്ടു വരുമ്പോൾ എംഎൽഎ ഫണ്ടിൽ നിന്നും സൗജന്യമായി ബസ് നൽകിയാണ് അവരെ പ്രോത്സാഹിപ്പിക്കുന്നത്. നാറ്റ അക്രഡിറ്റേഷൻ എ ഗ്രേഡ് ആദ്യ ശ്രമത്തിൽ സ്വന്തമാക്കിയ കേളേജുകളിൽ ഒന്നാണിത്. ഇടുക്കി എൻജിനിയറിങ് കോളേജ് നിർത്തലാക്കി പാമ്പാടി കോളേജിലേക്ക് കുട്ടികളെ മാറ്റാൻ നിർദ്ദേശം വന്നപ്പോൾ സംസ്ഥാന സർക്കാരിനെ കൊണ്ട് സുപ്രീം കോടതിയിൽ ഹർജി നൽകി അടിസ്ഥാന സൗകര്യ വികസനം സ്വന്തമാക്കി ആ കോളേജിനെ രക്ഷിക്കാൻ കഴിഞ്ഞു. ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഒന്നാണ് ഇടുക്കി. മുരിക്കാട്ടുകുടി ഹൈ ടെക് സ്‌കൂൾ 11 കോടി രൂപയുടെ വികസനമുണാണ് സ്വന്തമാക്കിയത്. എല്ലാ ഹയർ സെക്കൻഡറി സ്‌കൂളിനും 2 ലക്ഷം രൂപ വീതം നൽകി. മോഡൽ യുപി സ്‌കൂളിന് 1 കോടി രൂപയുടെ വികസനമാണ് ലഭിച്ചത്. ഇത്തരത്തിൽ പലതും സംസ്ഥാനത്ത് ആദ്യമായി സംഭവിക്കുന്ന ഇടുക്കി. ഇങ്ങനെയാണ് ഞാൻ അവരിൽ ഒരാളായി മാറുന്നത്.

  • 2016ൽ യുഡിഎഫ് വിട്ടതും 2018ൽ തിരികെ വന്നതും രാഷ്ട്രീയ അഭ്യാസമല്ലേ?

ഓരോ സാഹചര്യമാണ് ഇതൊക്കെ സൃഷ്ടിക്കുന്നത്. മണി സാറിനെ പോലെ ഒരാളോട് ചെയ്യാൻ പാടില്ലാത്തത് സംഭവിച്ചു എന്ന വികാരമുണ്ടായി. അപ്പോൾ മുന്നണി വിട്ടു. കഴിഞ്ഞ 5 - 6 മാസമായി യുഡിഎഫ് നേതാക്കൾ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ തിരിച്ചു വരവ്. ഞങ്ങൾ പുറത്തു നിന്നപ്പോഴും ഒരു യുഡിഎഫ് നേതാവ് പോലും മോശമായി സംസാരിച്ചിട്ടില്ലെന്ന് നിങ്ങൾ ശ്രദ്ധിക്കണം.

  • കേരള കോൺഗ്രസ്സ് സുന്ദരിയായ യുവതി ആണെന്നാണ് മാണിയുടെ അഭിപ്രായം. എങ്കിൽ എൽഡിഎഫ് എന്തു കൊണ്ട് ആ സൗന്ദര്യത്തിൽ മയങ്ങിയില്ല?

അതൊക്കെ തന്ത്രജ്ഞനായ മാണി സർക്കാരിന്റെ കസർത്തായി കണ്ടാൽ മതി. ഒരു ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗത്തും പ്രതീക്ഷ നൽകുന്നത് തെറ്റല്ലല്ലോ.

  • എന്താണ് കാനത്തിന് മാണിയോട് ഇത്ര വിരോധം?

കാനം തോറ്റത് മുഴുവൻ കേരള കോൺഗ്രസ്സിനോടാണ്. ഒരു തരം വ്യക്തി വിരോധം പോലെയാണ് കാനത്തിന്റെ പ്രസ്താവനകൾ ഉണ്ടായത്.

  • മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന എൽഡിഎഫ് ഓഫർ സത്യമായിരുന്നോ?

ഞാൻ വിശ്വസിക്കുന്നില്ല ഓരോ ഉപചാപങ്ങൾ ഉണ്ടാകുന്നതാണ്. കേരള കോൺഗ്രസ്സ് തീരുമാനങ്ങൾ മാണി കുടുംബത്തിൽ നിന്ന് മാത്രമാണോ നിങ്ങൾ ഒക്കെ വെറും കാഴ്ചക്കാരുടെ റോളിൽ അല്ലെ, ഇതൊക്കെ നാട്ടുകാരുടെ തോന്നലാണ്. പാർട്ടിക്ക് അതിന്റെ രീതികളുണ്ട്. മറ്റു പാർട്ടികളെ പോലെ തന്നെയാണ് കേരളം. കോൺഗ്രസ് ഒരു അടിച്ചേൽപ്പിക്കലുമില്ല. തുറന്ന ചർച്ചകൾ തന്നെയാണ് എല്ലായ്‌പ്പോഴും നടന്നിട്ടുള്ളത്.

  • കോട്ടയത്ത് നിഷ ജോസ് മാണി സ്ഥാനാർത്ഥിയാകുമോ? വിജയം വീണ്ടും ഒപ്പം നിൽക്കുമോ?

കോട്ടയം ഞങ്ങളുടെ ഉറച്ച സീറ്റാണ്, കൈവിടുന്നു പ്രശ്നമില്ല. സ്ഥാനാർത്ഥി ഒക്കെ സമയമാകുമ്പോൾ എത്തിക്കോളും. നേതാക്കൾ ഇല്ലാത്ത പാർട്ടിയല്ല കേരള കോൺഗ്രസ്. രാഷ്ട്രീയം ഇല്ലാത്തവർക്ക് പോലും സീറ്റ് നൽകി വിജയിപ്പിച്ചിട്ടുണ്ട്.

  • കേരള കോൺഗ്രസ് സമുദായ വോട്ടു ബാങ്ക് ആണെന്ന ആരോപണം ഉണ്ടല്ലോ. പ്രത്യേകിച്ചും കേരളം വർഗീയമായി ചേരി തിരിയുന്ന സാഹചര്യത്തിൽ എന്ത് പറയാനുണ്ട്?

കാഞ്ഞിരപ്പള്ളി എംഎൽഎ ഏതു സമുദായക്കാരാൻ ആണ്. എത്രയോ അക്രൈസ്തവർ കേരള കോൺഗ്രസ് നേതാക്കളാണ്. അവിഹിതമായി ഒരു സമുദായത്തിനും കേരള കോൺഗ്രസ് ഒന്നും നൽകിയിട്ടില്ല.

യുകെ സന്ദർശനത്തിൽ നിന്നും മലയാളികൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറയുന്നു. യുകെയിൽ മലയാളികളോട് സംസാരിച്ചപ്പോൾ മനസിലാകുന്നത്, പല സന്ദർഭങ്ങളിലും മാതാപിതാക്കൾക്ക് ശരിയായ ദിശ പറഞ്ഞു കൊടുക്കുന്നത് കുട്ടികളാണ്. അതവർ ബ്രിട്ടനിലെ സാംസ്‌കാരിക പ്രാധാന്യം ഉള്ളതും സാമൂഹിക ഉത്തരവാദിത്തം ഉള്ളതുമായ വിദ്യാഭ്യാസത്തിൽ നിന്നും അദ്ധ്യാപകരിൽ നിന്നും കണ്ടറിഞ്ഞ കാര്യങ്ങളാണ്. ഒരാൾ പോലെ റോഡോ പരിസരമോ വൃത്തികേടാക്കുന്നില്ല. ഒരാൾ പോലും റോഡിൽ ട്രാഫിക് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നില്ല. ഒരു കടയിൽ പോലും വാക്കേറ്റമോ ഒച്ചപ്പാടോ കാണാൻ സാധിച്ചില്ല. ഇതൊന്നും ഒരു സർക്കാരിനോ ഭരണാധികാരിക്കോ ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല. കേരളത്തിലും നമുക്കു ഇങ്ങനെയൊക്കെ മാറേണ്ടി വരണമെങ്കിൽ കുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങണമെന്നും റോഷി അഗസ്റ്റിൻ പറയുന്നു.

ആദ്യ തിരഞ്ഞെടുപ്പിൽ 1996ൽ വെറും 25 വയസ്സിൽ പേരാമ്പ്രയിൽ 1000 വോട്ടിനു തോറ്റ റോഷി അഗസ്റ്റിൻ അഞ്ചു ലക്ഷം രൂപയുടെ കടബാധ്യതയാണ് വീട്ടിൽ ഉണ്ടാക്കിയത്. പെങ്ങളെ കെട്ടിക്കാൻ വച്ചിരുന്ന കാപ്പിയും കുരുമുളകും റബറും വിറ്റ കാശാണ് പേരാമ്പ്രയിൽ പൊലിഞ്ഞത്. ഒടുവിൽ കല്യാണത്തിന് വയ്പ എടുക്കേണ്ടി വന്നു. കുറ്റബോധത്തിൽ അഞ്ചു വർഷം വീട്ടിൽ ഉറങ്ങാതെ കോട്ടയത്തു പാർട്ടി ഓഫിസിലെ പായും തലയിണയും രാത്രിയിൽ അഭയമായി. ഇന്നും പാർട്ടി ഓഫിസിൽ ഉറങ്ങാൻ മടിയില്ലാത്ത എംഎൽഎ നാല് വട്ടം ജയിച്ചിട്ടും കടത്തിൽ നിന്നും മോചിതനല്ല. തിരിച്ചു ചോദിച്ചു ശല്യം ചെയ്യാത്ത പാലായിലെയും ഈരാറ്റുപേട്ടയിലെയും തൊടുപുഴയിലെയും മൂന്നു സുഹൃത്തുക്കൾക്ക് വൻതുക കടക്കാരനാണ് ഈ എംഎൽഎ എന്നറിയുമ്പോൾ രാഷ്ട്രീയം കാശുണ്ടാക്കാൻ ഉള്ള എളുപ്പവഴിയാണെന്ന സാധാരണ മലയാളിയുടെ ചിന്തയ്ക്കു തട്ട് കിട്ടുകയാണ്.

കുടുംബം പുലരുന്നത് ഭാര്യ റാണി ആർസിസിയിൽ ജോലി ചെയ്തിട്ടും. മൂന്നു മക്കൾ ഉള്ള കുടുംബത്തിന് വേണ്ടി റോഷി അഗസ്റ്റിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെങ്കിലും മൂന്നു വലിയ അപകടങ്ങളിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട അത്ഭുതവും അദ്ദേഹത്തിനു പറയാനുണ്ട്. കോളേജ് രാഷ്ട്രീയത്തിൽ നെഞ്ചിൽ കത്തി കുത്തിയിറക്കാൻ ചവിട്ടി നിന്നവന് വർഷങ്ങൾ കഴിഞ്ഞു നെഞ്ചു വേദന ഉണ്ടായപ്പോൾ ആശുപത്രിയിൽ എടുത്തോടിയതു വോട്ടു രാഷ്ട്രീയത്തിന് വേണ്ടിയല്ല. മറിച്ചു, പകയും വിദ്വേഷവും മനസ്സിൽ സൂക്ഷിക്കാൻ ഉള്ളതല്ലെന്ന മനസിലെ നന്മ ആവശ്യപ്പെട്ടപ്പോഴാണ്. രാഷ്ട്രീയക്കാരിൽ ഇങ്ങനെ ഉള്ളവരും ഉണ്ടെന്ന തിരിച്ചറിവാണ് റോഷി അഗസ്റ്റിൻ എംഎൽഎ യുമായുള്ള സംഭാഷണം പങ്കിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP