Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാഞ്ചനമാലയെപ്പോലെ കാത്തിരുന്നിട്ടും വനിതയെ സ്ഥാനാർത്ഥിയാക്കിയില്ല; മുസ്ലിം ലീഗിൽ സമ്പൂർണ്ണ പുരുഷാധിപത്യം; ഒരു കഴിവുമില്ലാത്തവർക്ക് സീറ്റ് കൊടുത്തിട്ടും സ്ത്രീകളെ മാത്രം പരിഗണിച്ചില്ല; നിരാശ മറച്ചുവയ്ക്കാതെ ഖമറുന്നിസ അൻവർ മറുനാടനോട് മനസ് തുറക്കുന്നു

കാഞ്ചനമാലയെപ്പോലെ കാത്തിരുന്നിട്ടും വനിതയെ സ്ഥാനാർത്ഥിയാക്കിയില്ല; മുസ്ലിം ലീഗിൽ സമ്പൂർണ്ണ പുരുഷാധിപത്യം; ഒരു കഴിവുമില്ലാത്തവർക്ക് സീറ്റ് കൊടുത്തിട്ടും സ്ത്രീകളെ മാത്രം പരിഗണിച്ചില്ല; നിരാശ മറച്ചുവയ്ക്കാതെ ഖമറുന്നിസ അൻവർ മറുനാടനോട് മനസ് തുറക്കുന്നു

എം പി റാഫി

നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ ലീഗ് പ്രതിനിധിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് കത്ത് അയച്ചിട്ടും പരിഗണിച്ചില്ലെന്ന് ഖമറുന്നിസ അൻവർ. മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വനിതാലീഗ് സംസ്ഥാന അധ്യക്ഷ വെളിപ്പെടുത്തിയത്. മൂന്നു ഘട്ടങ്ങളിലായി നടന്ന മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിൽ വനിതക്ക് സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും വനിതാ ലീഗിന് സീറ്റ് നിഷേധിച്ചതിൽ ഏറെ നിരാശയുണ്ടെന്നും ഖമറുന്നിസ പറഞ്ഞു. കഴിവില്ലാത്ത പുരുഷന്മാർക്കു പോലും സീറ്റ് നൽകിയിട്ടും കഴിവുള്ള വനിതകൾക്ക് സീറ്റ് നൽകാതിരുന്ന നേതൃത്വത്തിന്റെ നടപടി ശരിയായില്ലെന്നും ഖമറുന്നിസ തുറന്നടിച്ചു.

സീറ്റ് നൽകാത്തത് വനിതാ ലീഗിന്റെ പോരായ്മ കൊണ്ടോ വനിതകൾക്ക് കഴിവില്ലാത്തതു കൊണ്ടോയെന്ന് അവർ നേതൃത്വത്തോട് ചോദിക്കുന്നു. മുസ്ലിം ലീഗിൽ ഇപ്പോഴും പുരുഷാധിപത്യമാണ് നടക്കുന്നത്. പഞ്ചായത്ത്- മുനിസിപ്പാലിറ്റികളിൽ സ്ത്രീകൾ അധ്യക്ഷപദവിയിലും മറ്റും എത്തുന്നത് സംവരണം നടപ്പാക്കിയതു കൊണ്ട് മാത്രമാണെന്നും അല്ലെങ്കിൽ പുരുഷ•ാർ സീറ്റ് നൽകില്ലെന്നും ഖമറുന്നിസ പറയുന്നു.

സ്ത്രീ വോട്ടുകളാണ് പകുതിയിലേറെ മുസ്ലിംലീഗിലുള്ളത്. എന്നാൽ ഇതുവരെ നിയമസഭയിലേക്ക് ലീഗ് ഒരാളെ മാത്രമാണ് മത്സരിപ്പിച്ചത്. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അൻവറിനാണ് ലീഗിന്റെ ഒരേയൊരു നിയമസഭാ വനിതാ സ്ഥാനാർത്ഥിയാകാൻ ഭാഗ്യം ലഭിച്ചത്. മുസ്ലിം വനിതകളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം പൊതുസമൂഹത്തിൽ പ്രവർത്തിച്ച ഖമറുന്നിസ അൻവർ തന്റെ പൊതുപ്രവർത്തന ജീവിതത്തെക്കുറിച്ചും ഇപ്പോഴത്തെ സീറ്റ് വിവാദത്തെ കുറിച്ചുമെല്ലാം മറുനാടൻ മലയാളിയോടു മനസു തുറക്കുകയാണ്.

? പൊതുപ്രവർത്തന രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു

പഠന കാലം തൊട്ടേ പൊതുരംഗത്ത് പ്രവർത്തിക്കാനായിരുന്നു എനിക്ക് താൽപര്യം. ഡോക്ടർ അൻവറുമായുള്ള വിവാഹശേഷം അവർക്ക് മലപ്പുറം തിരൂർ ഗവൺമെന്റ് ആശുപത്രിയിൽ ജോലി ലഭിച്ചു. ഇതോടെ ഞങ്ങൾ സ്വദേശമായ കണ്ണൂരിൽ നിന്നും 1971 ൽ തിരൂരിലേക്ക് മാറി. അന്നു മുതൽ ഇന്നുവരെ ഇവിടെയാണ് താമസം. മലപ്പുറം ജില്ലയിൽ എത്തിയതോടെയാണ് ഇവിടത്തെ സ്ത്രീകളുടെ പിന്നോക്കാവസ്ഥ മനസിലാക്കിയ എനിക്ക് പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങാൻ കൂടുതൽ കാരണമായത്. പ്രധാനമായും സ്ത്രീകളുടെ വിദ്യാഭ്യാസപുരോഗതിക്ക് എന്തു ചെയ്യുമെന്ന ആലോചനയിലാണ് എം.ഇ.എസുമായി ഞാൻ ബന്ധപ്പെടുന്നത്.

ഇവിടെത്തെ പിന്നോക്കാവസ്ഥ അവരെ സൂചിപ്പിച്ചപ്പോൾ അവർ എല്ലാവിധ സഹായവും ചെയ്യാമെന്നും ഉറപ്പ് നൽകി. ഇതോടെ 1972 ൽ എം.ഇ.എസിന്റെ വനിതാ വിങ് മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഇത് വലിയ വാർത്തയായി അടുത്ത ദിവസത്തെ പത്രത്തിന്റെ ഒന്നാം പേജിൽ തന്നെ വന്നിരുന്നു. ഇത് പുറത്തറിഞ്ഞതോടെ പിന്മാറണമെന്നാവശ്യപ്പെട്ട് പല പൗരപ്രമഖരും ഞങ്ങളെ വന്നു കണ്ടിരുന്നു. എന്നാൽ ഞാൻ ഉറച്ച് മുന്നോട്ടു പോയതോടെ പിന്നീട് വർഷങ്ങൾക്കു ശേഷം ഇവർ എന്റെ അടുത്ത് വന്നത് എം.ഇ.എസ് സ്ഥാപനങ്ങളിൽ സീറ്റ് വേണമെന്നു പറഞ്ഞായിരുന്നു. 1972 മതൽ 76 വരെ എം.ഇ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുകയും.

പിന്നീട് 21 വർഷം സംസ്ഥാന പ്രസിഡന്റ് പദവിയിലും ഇതായിരുന്നു എന്റെ പൊതുപ്രവർത്തന മേഖലയിലേക്കുള്ള വരവ്. ഇക്കാലത്ത് ഓരോ ഗ്രാമങ്ങളിലും കടലോര പ്രദേശത്തും ഇറങ്ങിപ്പോയി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചു. ഇന്നും പൊതുപ്രവർത്തന രംഗത്തു തന്നെ സജീവമായി തുടരുന്നു. എന്റെ വീടിനോടു ചേർന്ന സ്‌നേഹവീട് കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്നു. ഇത് ആരോരുമില്ലാത്ത സ്ത്രീൾക്കുള്ളതാണ്.

? മുസ്ലിം ലീഗുമായുള്ള ബന്ധം എപ്പോഴാണ് തുടങ്ങുന്നത്.

എന്റെ പിതാവ് ഡോക്ടർ അബ്ദുൽ ഖാദർ എപ്പോഴും പറയുമായിരുന്നു പൊതു പ്രവർത്തനത്തിന് ഒരു രാഷ്ട്രീയ പിൻബലം നല്ലതാണെന്ന്. അത് സി.എച്ചിന്റെ പാർട്ടിയായാൽ അത്രയും നല്ലത്. സി.എച്ച് മുഹമ്മദ് കോയയെ ബാപ്പക്ക് വലിയ ഇഷ്ടമായിരുന്നു. ഈ സമയത്താണ് കോട്ടക്കൽ ഡിവിഷനിൽ നിന്നും മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ എനിക്ക് അവസരം ലഭിച്ചത്. അന്ന് കോട്ടക്കലിൽ മത്സരിച്ചു ഞാൻ വിജയിച്ചു. അതുവരെ പുരുഷന്മാർക്കു മാത്രം വോട്ടു ചെയ്ത സ്ത്രീകൾക്ക് വലിയ അനുഭൂതിയാണ് ഇത് നൽകിയത്. ശേഷം 1997ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വനിതാ ലീഗിന് രൂപം നൽകുകയും ചെയ്തു.

അന്നു മുതൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ തുടരുന്നു. അന്നു മുതൽ പാർട്ടി ഏൽപിച്ച വിവിധ ഉത്തരവാദിത്വങ്ങൾ ഞാൻ ആത്മാർത്ഥതയോടെ നിർവഹിച്ചു പോന്നിട്ടുണ്ട്. കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് സംസ്ഥാന അധ്യക്ഷയാകുന്നത് മൂന്നാം തവണയാണ്. ഈ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അധ്യക്ഷ പദവി അവസാനിച്ചിരുന്നു. പിന്നീട് കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നതോടെ എന്നെ അധ്യക്ഷയാക്കുമോ എന്ന് സംശയിച്ചിരുന്നു. എന്നാൽ യാതൊരു എതിർപ്പും കൂടാതെ അവർ അത് അംഗീകരിക്കുകയാണുണ്ടായത്. നീതിയും സത്യവും മുറുകെ പിടിച്ചുള്ള എന്റെ പ്രവർത്തനങ്ങളാണ് ബിജെപി സർക്കാറിനും തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

വെൽഫെയർ ബോർഡ് ചെയർപേഴ്‌സണായി ഞാൻ വന്ന ശേഷം വിവിധ ഗ്രാന്റുകൾ എല്ലാ അർഹരിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലെ കടലോര നിവാസികൾക്കു മാത്രമാണ് ഗ്രാന്റ് നേരത്തെ ലഭിച്ചിരുന്നത്. ഞാൻ ചോദ്യം ചെയ്ത ശേഷമായിരുന്നു വടക്കൻ കേരളത്തിലേക്കും വ്യാപിച്ചത്.

? 2006ൽ നിയമസഭയിലേക്ക് മത്സരിച്ച അനുഭവം

എനിക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു അന്ന് സീറ്റ് ലഭിച്ചത്. വെൽഫെയർ ബോർഡ് അധ്യക്ഷയായിരിക്കുമ്പോഴായിരുന്നു അന്ന് മത്സരിക്കാൻ സമ്മതം തേടി എന്നെ വിളിച്ചത്. ഞാൻ ഭാർത്താവിനോട് ചോദിച്ച് തിരിച്ചു വിളിക്കാമെന്നു പറഞ്ഞു. ഭർത്താവ് സമ്മതിച്ചതോടെ ഞാൻ ഓകെ പറഞ്ഞു. അടുത്ത ദിവസം തന്നെ നോമിനേഷൻ കൊടുക്കുകയും ചെയ്തു. അന്ന് വനിതാ ലീഗ് സീറ്റ് ചോദിച്ചിരുന്നില്ല.

28 ദിവസം മാത്രമായിരുന്നു അന്ന് പ്രചാരണത്തിന് ലഭിച്ചിരുന്നത്. ഞാൻ മത്സരരംഗത്തേക്ക് വന്നതോടെ വെൽഫെയർ ബോർഡിലെ പല ഉദ്യോഗസ്ഥരും എനിക്കെതിരെ പരാതി പ്രധാനമന്ത്രിക്കു വരെ നൽകിയിരുന്നു. എന്നാൽ അവരുടെ അന്വേഷണത്തിൽ ഞാൻ പദവി രാജിവച്ച എല്ലാം തിരിച്ചു നൽകിയ ശേഷമാണ് മത്സരിക്കുന്നതെന്ന് കണ്ടെത്തുകയാണുണ്ടായ്. മത്സരിക്കുമ്പോൾ നിരവധി ആശങ്കകളോടെയാണ് ഇറങ്ങിയത്. ഒന്നര ലക്ഷം വോട്ടർമാരെ 28 ദിവസത്തിനകം കാണാൻ പറ്റാത്തതിൽ ഇന്നും എനിക്ക് സങ്കടമുണ്ട്. ജയിച്ച സ്ഥാനാർത്ഥിയെ പോലെയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പും എന്നെ കൊണ്ടു പോയിരുന്നത്. പതിനായിരം വോട്ടിന് ജയിക്കുമെന്നായിരുന്നു നേതാക്കളെല്ലാം പറഞ്ഞിരുന്നത്.

പിന്നീട് എതിർ സ്ഥാനാർത്ഥി എളമരം കരീം കുറച്ചു വോട്ടിന്റെ ലീഡിൽ വിജയിക്കുകയാണുണ്ടായത്. സ്ത്രീയെ നിർത്തിയതിൽ പാർട്ടിക്കുള്ളിൽ നിന്നുള്ള അമർഷമാവും പരാജയത്തിന് ഒരു കാരണം. മുസ്ലിങ്ങൾ അറഫ നോമ്പ് എടുത്ത ദിവസമായിരുന്നു തെരഞ്ഞെടുപ്പ് എന്നതും പരാജയത്തിന് കാരണമായി. പല സ്ത്രീകളും സമയം കഴിഞ്ഞതിന്റെ പേരിൽ വോട്ടു ചെയ്യാന് പറ്റാതെ പോകുന്നത് ഞാൻ കണ്ടതാണ്.

? ഇപ്പോൾ എന്തുകൊണ്ടാണ് വനിതാ ലീഗ് പ്രതിനിധിക്ക് നേതൃത്വം സീറ്റ് നൽകാതിരുന്നത്.

വനിതാ ലീഗിന് സീറ്റ് വേണമെന്ന് ഞങ്ങൾ നേരത്തെ നേതൃത്വത്തിന് കത്തെഴുതിയിട്ടുണ്ടായിരുന്നു. ആർക്കു നൽകണമെന്നോ എത്ര സീറ്റ് വേണമെന്നോ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. സീറ്റു ലഭിക്കുകയാണെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങളാൽ ഞാൻ മത്സരിക്കില്ലെന്ന് ഹൈദരലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും നേരത്തെ അറിയിച്ചിരുന്നു. കഴിവും പ്രാപ്തിയുമുള്ള നിരവധി പേർ വനിതാ ലീഗ് നേതൃത്വത്തിലുണ്ട്. ഇവരിൽ ഒരാൾക്കെങ്കിലും സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു വനിതയെ എങ്കിലും മത്സരിപ്പിക്കാത്തതിൽ സങ്കടമുണ്ട്.

പാർട്ടിയോടുള്ള സ്‌നേഹം കൊണ്ട് പ്രതിഷേധിക്കാനില്ല. പുരുഷ മേൽക്കോയ്മയാണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ സ്ത്രീകൾ അധ്യക്ഷ പദവിയിലും മറ്റും എത്തുന്നത് 50 ശതമാനം സംവരണം ഉണ്ടായതുകൊണ്ടു മാത്രമാണ്. ഈ സംവരണമില്ലെങ്കിൽ പുരുഷന്മാർ സ്ത്രീകൾക്ക് സീറ്റ് നൽകുമോ? സീറ്റ് നൽകാത്തത് വനിതാ ലീഗിന്റെ പോരായ്മയോ ഞങ്ങളുടെ കഴിവില്ലായ്മയോ കൊണ്ടാവണം അല്ലാതെ എന്തുപറയാൻ..കഴിവില്ലാത്തവർക്കു പോലും പുരുഷനെന്ന പേരിൽ സീറ്റ് നൽകിയിട്ടും വനിതകൾക്ക് സീറ്റ് നിഷേധിച്ചത് ശരിയായില്ല. അവസാനത്തെ ഒരു സീറ്റെങ്കിലും വനിതക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണുണ്ടായത്. അവസാനത്തെ പ്രഖ്യാപനം വരെ കാഞ്ചനമാലയെ പോലെ കാത്തിരുന്നു.

ഇതിനെതിരെ പ്രതിഷേധിക്കാനൊന്നും ഞങ്ങളില്ല. ഞങ്ങൾ എന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകരാണ്. ലീഗിൽ മാത്രമല്ല ഈ പ്രശ്‌നമുള്ളത്. ഈ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്നുള്ള ജയലക്ഷ്മി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിലും ശ്രീമതി അല്ലാതെ ആരും ഉണ്ടായിരുന്നില്ല. സ്ത്രീകളോടുള്ള ഈ സമീപനം എല്ലാ പാർട്ടികളും മാറ്റണം. ലിംഗസമത്വത്തിനു വാദിക്കുന്നവരുടെ സ്ഥിതി പോലും ഇതാണ്. ലീംഗനീതിയാണ് സ്ത്രീകൾക്ക് ലഭിക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP