Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടിപി വധം കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് ആശയക്കുഴപ്പം ഉണ്ടായി; എക്‌സ്പ്രസ് ഹൈവേ പദ്ധതി ഇല്ലാതാക്കിയത് മാതൃഭൂമിയും മാദ്ധ്യമവും- കോടിയേരി മറുനാടൻ മലയാളിയോട് ലണ്ടനിൽ പറഞ്ഞത്‌

ടിപി വധം കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് ആശയക്കുഴപ്പം ഉണ്ടായി; എക്‌സ്പ്രസ് ഹൈവേ പദ്ധതി ഇല്ലാതാക്കിയത് മാതൃഭൂമിയും മാദ്ധ്യമവും- കോടിയേരി മറുനാടൻ മലയാളിയോട് ലണ്ടനിൽ പറഞ്ഞത്‌

കെ ആർ ഷൈജുമോൻ, ലണ്ടൻ

കോടിയേരി ബാലകൃഷ്ണൻ. മുഖവുര വേണ്ടാത്ത കേരള രാഷ്ട്രീയത്തിലെ അതികായൻ.. ഏതു അഭിപ്രായവും ചങ്കുറപ്പോടെ പറയാൻ കഴിയുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ.. ബ്രിട്ടീഷ് പാർലിമെന്റ് ഹൗസിൽ നടന്ന അവാർഡ് സ്വീകരണ ചടങ്ങിനു എത്തിയ കോടിയേരി ഇന്ന് കേരളത്തിലേക്ക് മടങ്ങുന്നു. ഹ്രസ്വ സന്ദർശനത്തിനു ലണ്ടനിൽ എത്തിയ കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവും സിപിഐ(എം) പോളിറ്റ് ബ്യുറോ അംഗവും ആയ കോടിയേരി മറുനാടൻ മലയാളി റെസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോന് നൽകിയ അഭിമുഖം. കേരള വികസനവും പൊതു രാഷ്ട്രീയവും ഇന്ത്യയിലെ വിദേശ നിക്ഷേപവും ടെസ്‌കോ ഉൾപ്പെടെ ചെറുകിട വ്യാപാര രംഗത്തെ ഭീമന്മാരുടെ ഇന്ത്യയിലേക്കുള്ള വരവും ഒക്കെ കടന്നു വന്ന അഭിമുഖത്തിൽ കോടിയേരി തന്റെ വികസന സ്വപ്നങ്ങളും പങ്കു വയ്ക്കാൻ തയ്യാറായി.

  • ആദ്യം ലണ്ടൻ ട്രിപിനെ പറ്റി തന്നെ ആകട്ടെ. ഈ സന്ദർശനത്തിന്റെ പ്രാധാന്യം?

കേരളീയം എന്ന സാംസ്‌ക്കാരിക സംഘടനയും യുകെ കേരള ബിസിനസ് ഫോറവും ചേർന്ന് സംഘടിപ്പിച്ച ബെസ്റ്റ് പാർലമെന്റേറിയൻ അവാർഡ് ഏറ്റു വാങ്ങാൻ ആണ് ഞാൻ എത്തിയത്. ഈ വരവിൽ പാർലിമെന്റ് ഹൗസിൽ പ്രസംഗിക്കാൻ അവസരം കിട്ടി. ഏകദേശം നൂറോളം പേർ പങ്കെടുത്ത പ്രൗഡമായ ചടങ്ങ് തന്നെ ആയിരുന്നു. വീരേന്ദ്രശർമ എംപി ആയിരുന്നു അധ്യക്ഷൻ. വേറെയും ചില നേതാക്കൾ പങ്കെടുത്തിരുന്നു.

  • കേരളത്തിന്റെ വികസനത്തിൽ യുകെ കേരള ബിസിനസ്സ് ഫോറത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് അങ്ങ് കരുതുന്നുണ്ടോ?

ഈ സംഘടനയെ കുറിച്ച് കൂടുതൽ പഠിച്ചിട്ടില്ല. എന്നാൽ കേരളത്തിൽ വികസനം നടപ്പാക്കുമ്പോൾ പ്രഥമ പരിഗണന നൽകുന്നത് വിദേശ മലയാളിക്ക് ആയിരിക്കണം. ഇക്കാര്യം ഇടതു സംഘടനകൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ മാറി മാറി വന്ന സർക്കാരുകൾക്ക് ഇത് നിലനിർത്താൻ കഴിഞ്ഞില്ല. ആദ്യം നിക്ഷേപം നടത്താൻ പറ്റിയ തരത്തിൽ വിശ്വാസം ഉണ്ടാക്കി എടുക്കണം. സ്വകാര്യ നിക്ഷേപം എത്തിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിജയകരമായ പദ്ധതി ആണ് കണ്ണൂർ എയർപോർട്ട്. 1300 ഏക്കർ ഭൂമി ഏറ്റടുത്തു. വിദേശ മലയാളികൾ തന്നെ 200 കോടി രൂപ നിക്ഷേപം ആയി നൽകി. എന്നാൽ തുടർനടപടികൾ ഇഴയുകയാണ്. ഈ സർക്കാരിനു പദ്ധതിയിൽ വേണ്ടത്ര താൽപ്പര്യം ഇല്ലെന്നു ബോധ്യമയിക്കഴിഞ്ഞു. സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു
നല്കരുതെന്നേ എൽ ഡി എഫ് പറയുന്നുള്ളൂ.

  • യുകെ കേരള ബിസിനസ്സ് ഫോറത്തിന് താൽപ്പര്യം ഉള്ള ചില പദ്ധതികളും എമെർജിങ് കേരളയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. അത് നടപ്പാക്കാൻ എൽ ഡി എഫ് സമ്മതിക്കുമോ?

ഈ ചോദ്യത്തിന് പദ്ധതി ഏതെന്നു വ്യക്തമായി അറിഞ്ഞാൽ മാത്രമേ മറുപടി നല്കാൻ കഴിയൂ. എമർജിങ് കേരളയിൽ എത്തിയ എല്ലാ പദ്ധതികൾക്കും സി പി എം പിന്തുണ ഉണ്ടാകില്ല. പരിസ്ഥിതി സൗഹാർദം ആയ പദ്ധതികൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കും. അന്തിമമായി പദ്ധതി വിശകലനം ചെയ്ത ശേഷമേ പിന്തുണയുടെ കാര്യം പരിഗണിക്കൂ എന്ന് ചുരുക്കം.

  • പൊതുവേ ഇത്തരം നയം മൂലം സി പി എം വികസന വിരോധികൾ എന്ന പേര് സമ്പാദിച്ചു എന്ന് പറയുന്നതിനോട് എന്താണ് പ്രതികരണം?

എല്ലാതരം വികസനത്തെയും ഏതെങ്കിലും വിധത്തിൽ പ്രോത്സാഹിപ്പിക്കുക അല്ല ഞങ്ങളുടെ നയം. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണം. പരിസ്ഥിതി സൗഹാർദ്ദമാകണം വികസനം. നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിൽ ആരംഭിക്കുമ്പോൾ 13 കോടി ആയിരുന്നത് ഇപ്പോൽ 4000 കോടി രൂപ ആയി. ഇത്ര വലിയ നിക്ഷേപം നടന്നിട്ടും പ്രയോജനം സാധാരനക്കാരന് കിട്ടിയോ? ഓഹരി വിപണിയാണ് നേട്ടം ഉണ്ടാക്കിയത്. ഉദ്പാദനപരമായ നിക്ഷേപം ആണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.

  • അപ്പോൾ ചെറുകിട മേഖലയിലെ നിക്ഷേപത്തെ അനുകൂലിക്കുമോ, ഇവർ വരുന്നത് കർഷകർക്ക് ഗുണം ആകും എന്നും പറയപ്പെടുന്നുണ്ടല്ലോ?

ഒരിക്കലുമില്ല. ഞങ്ങൾക്ക് ശക്തിയുള്ളിടത്ത് ഒക്കെ എതിർക്കും. 4 കോടി ചെറുകിട വ്യാപാരികൾ എങ്കിലും കുത്തക ഭീമന്മാരുടെ കടന്നു വരവോടെ ഇല്ലാതാകും എന്നാണ് വിലയിരുത്തൽ. കർഷകരെ സഹായിക്കും എന്നൊക്കെ പറയുന്നത് വെറുതെ ആണ്. തുടക്കത്തിൽ ഉണ്ടായേക്കും. എന്നാൽ ഭാവിയിൽ അതൊക്കെ നിലക്കും. സാധാരണ ഗതിയിൽ ഇന്ത്യയിലെ കർഷകരിൽ നിന്ന് ഉൽപ്പന്നം വാങ്ങി കച്ചവടം ചെയ്യാൻ ചെറുകിട നിക്ഷേപ രംഗത്തെ കൂറ്റൻ സ്ഥാപനങ്ങൾ തയ്യാറാകില്ല.

  • ഇപ്പോൾ രാഷ്ട്രീയത്തെക്കാൾ അരാഷ്ട്രീയവാദം ചർച്ച ചെയ്യപ്പെടുന്നുണ്ടോ (രാഷ്ട്രീയം ഒഴിവാക്കാം എന്ന് ഇടയ്ക്കു കോടിയേരി സൂചന നൽകിയിരുന്നു)?

(നിങ്ങളുടെ രാഷ്ട്രീയം ഏതെന്നായിരുന്നു മറു ചോദ്യം) രാഷ്ട്രീയ ബോധം ഇല്ലാതാക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ഇതിന്നാണ് അരാഷ്ട്രീയ വാദം എന്ന് പേരിട്ടിരിക്കുന്നത്. നിലവിലുള്ള സാമൂഹിക വ്യവസ്ഥ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. എന്നാൽ മാറ്റം കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവരാണ് ഞങ്ങളെ പോലുള്ള രാഷ്ട്രീയക്കാർ. ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ രാഷ്ട്രീയം കൂടുതൽ ശക്തമാകണം, ഊർജ്ജസ്വലമാകണം. കൂടുതൽ നന്നായി രാഷ്ട്രീയം പറയുക എന്നതാണ് മറ്റൊരു പോംവഴി.

  • നവമാദ്ധ്യമങ്ങളുടെ വരവോടെ സി പി എം പോലുള്ള പ്രസ്ഥാനങ്ങൾ ഇടർച്ച നേരിടുന്നുണ്ടോ? മുൻപ് മനോരമയോടും മാദ്ധ്യമ സിന്റിക്കേറ്റിനോടും മറ്റും പൊരുതിയ സ്ഥാനത്ത് കുറേക്കൂടി വിശാലമായ പശ്ചാത്തലം ഉള്ള ഫേസ്‌ബുക്ക്, ട്വിറ്റർ മുതലായ നവമാദ്ധ്യമാങ്ങളോടല്ലേ പൊരുതേണ്ടത്?

ഞങ്ങൾക്ക് എതിരായ ആശയങ്ങൾ ഇത്തരം മാദ്ധ്യമങ്ങൾ വഴി നന്നായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിനെ നേരിടാനുള്ള വഴിയും പാർട്ടി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങളുടെ ഇടപെടൽ ആരംഭിച്ചിട്ടെ ഉള്ളൂ. ഇപ്പോഴും സി പി എം ശക്തരായ ശത്രുക്കളോടാണ് ഏറ്റു മുട്ടുന്നത്. ഐ ടി രംഗത്തും മറ്റുമുള്ള വിദഗ്ദ്ധരെ ഉപയോഗിച്ചു ഇത്തരം ചർച്ചകളിൽ ഞങ്ങളുടെ ഇടപെടൽ കൂടുതലായി നടത്താൻ ഉള്ള ശ്രമം ആണ് ഇപ്പോൾ ഉള്ളത്.

  • യഥാർത്ഥത്തിൽ ടി പി വധം പോലുള്ള സംഭവങ്ങൾ ഫെസ് ബുക്കിലും മറ്റും ചർച്ച ചെയ്യപ്പെട്ടത് സിപിഎമ്മിന് ക്ഷീണം ആയില്ലേ?

ഇക്കാര്യത്തിൽ ഞങ്ങൾക്ക് തുടക്കത്തിൽ ചില ആശയക്കുഴപ്പം സംഭവിച്ചു എന്ന് സമ്മതിക്കുന്നു. എന്നാൽ ഈ സംഭവം വഴി ഉണ്ടായ തെറ്റായ പ്രചരണം ജനങ്ങൾ തള്ളി എന്നല്ലേ ഒക്‌ടോബറിൽ വടകരക്കടുത്ത മടപ്പള്ളി കോളേജ് യൂണിയൻ മുഴുവൻ സീറ്റും എസ്എഫ്‌ഐ നേടാൻ കാരണം? മാത്രമല്ല വടകര മുൻസിപ്പൽ കൗൺസിലർ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സീറ്റ് സി പി എം പിടിച്ചടക്കിയതും ടി പി വധത്തിനു ശേഷമാണ്. അപ്പോൾ നവമാദ്ധ്യമങ്ങൾ ഉപയോഗിച്ചുള്ള തെറ്റായ പ്രചരണം ഏശിയില്ല എന്നാണ് വ്യക്തമാകുന്നത്. ആശയ പ്രചാരണ രംഗത്ത് സി പി എം നു മേൽ ആധിപത്യം സ്ഥാപിക്കാനാണ് എതിരാളികളുടെ ശ്രമം. എന്നാൽ ഞങ്ങൾ അതിനെ ചെറുത്ത് തോൽപ്പിക്കും. ചിലപ്പോൾ സമയം എടുത്തേക്കും. എങ്കിലും താൽക്കാലിക പ്രതിസന്ധികൾ തരണം ചെയ്യാൻ സി പി എം നു കഴിയും. ചില വീഴ്ചകൾ താൽക്കാലികമായ തിരിച്ചടികൾ ആണെന്ന് കരുതാൻ സി പി എം പ്രവർത്തകർക്ക് കഴിയും.

  • എങ്കിലും ആ സംഭവം ജനങ്ങളുടെ മനസ്സിൽ മായാതെ കിടക്കുക ആല്ലേ?

ഇതൊക്ക പാർട്ടി പരസ്യമായി പറഞ്ഞ കാര്യങ്ങൾ ആണ്. സംഭവത്തിൽ അപലപിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകം പ്രോത്സാഹിപ്പിക്കുന്ന പാർട്ടി അല്ല സി പി എം. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാദികളെ വേട്ടയാടാൻ തുടങ്ങിയപ്പോളാണ് പാർട്ടി പ്രതിഷേധവും ആയി രംഗത്ത് വന്നത്. യഥാർത്ഥ കുറ്റക്കാരെ വെളിയിൽ കൊണ്ട് വരട്ടെ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ രക്തസാക്ഷികൾ ഉണ്ടായിട്ടുള്ള പാർട്ടി ആണ് സി പി എം. ഞങ്ങൾക്ക് 700 പേരുടെ എങ്കിലും ജീവൻ ബലി നൽകേണ്ടി വന്നിട്ടുണ്ട്. എന്നും കൊലപാതക രാഷ്ട്രീയത്തെ അപലപിക്കാൻ സി പി എം തയ്യാറായിട്ടുണ്ട്. അതൊക്കെ പടി പടി ആയി ജനം മനസ്സിലാക്കും.

  • കേരളത്തിൽ പ്രതിപക്ഷം നിർജീവം ആകുക ആണോ. സമരങ്ങൾക്ക് ഇപ്പോൾ അവധി നൽകിയിരിക്കുക ആണോ?

അക്രമ സമരം അവസാനിപ്പിക്കണം എന്നാണ് സി പി എം നിലപാട്. ബസ് ചാർജ് വർധനയ്ക്ക് എതിരെ ബസിനു കല്ലെറിഞ്ഞല്ല സമരം ചെയ്യേണ്ടത്. ബഹുജന മുന്നേറ്റം വഴി ഉള്ള സമരമാണ് സി പി എം പദ്ധതി ഇടുന്നത്. നാളെ (ഡിസ ഒന്ന് ) വളരെ അപൂർവമായ ഒരു സമരത്തിന് സാക്ഷികൾ ആകുകയാണ് കേരള ജനത. റോഡിൽ അടുപ്പ് കൂട്ടി സമരം ചെയ്യുന്ന ലോകത്തിലെ ഏക ജനവിഭാഗം ആയിരിക്കും കേരളത്തിലെ ജനങ്ങൾ. അഗ്നി ശൃംഖല എന്ന പേരിൽ നടത്തുന്ന സമരത്തിൽ വഴിയിൽ ഭക്ഷണം വച്ച് കഴിക്കുവാനാണ് ജനം തയ്യാറാകുന്നത്. ഭൂമി ഏറ്റെടുക്കലിന് എതിരെ മറ്റൊരു വൻ പ്രക്ഷോഭം പാർട്ടി ഈ ദിവസങ്ങളിൽ നടത്തുന്നുണ്ട്. നിരന്തരമായ സമരങ്ങൾ തന്നെ ആണ് ലക്ഷ്യം.

  • സമരങ്ങൾ വളർന്നു സർക്കാർ താഴെ പോകുമോ?

സർക്കാരിനെ മറിച്ചിടൽ അല്ല ഞങ്ങളുടെ നയം. എന്നാൽ യു ഡി എഫ് തകരും എന്നത് സുനിശ്ചിതം ആണ്. അതിനു പ്രത്യേക കാലവും തിയതിയും ഒന്നും പറയാൻകഴിയില്ല. സർക്കാരിന്റെ കൂടെ നിൽക്കുന്നവർ തന്നെ മറിച്ചു ചിന്തിക്കും.

  • അടുത്ത തലമുറയുടെ നേതാവായി വ്യാഖ്യാനിക്കപ്പെടുന്ന അങ്ങ് കേരളത്തെ കുറിച്ച് കാണുന്ന സ്വപനം?

സാമ്പത്തികമായി മുന്നേറുന്ന കേരളം ആണ് എന്റെ സ്വപനം. അതിനു അടിസ്ഥാന സൗകര്യ വികസനം സാധ്യമാകണം ഗുണമേന്മ നേട്ടമായി മാറണം. വിദ്യാഭ്യാസം, ഐ ടി, ആരോഗ്യം, ടൂറിസം എന്നീ രംഗങ്ങളിൽ ഒക്കെ കൂടുതൽ ഗുണമേന്മ നാം കാട്ടണം. ഏറ്റവും അധികം അറിവ് ഉള്ള ജനതയാണ് കേരളത്തിൽ ഉള്ളത്.

  • അടിസ്ഥാന സൗകര്യം വേണമെന്ന് സ്വപ്നം കാണുന്ന താങ്കൾ ഉൾപ്പെടെയുള്ളവർ എങ്കിൽ എക്‌സ്പ്രസ് ഹൈവേ പോലുള്ള പദ്ധതികളെ എതിർത്തു?

എക്‌സ്പ്രസ് ഹൈവെ എതിർത്തത് ഞങ്ങൾ അല്ല. വീരേന്ദ്ര കുമാറും മാതൃഭൂമിയും ജമാ അത്തെ ഇസ്ലാമിയും മാദ്ധ്യമവും കൂടിയാണ് പദ്ധതിക്ക് തുരങ്കം വച്ചത്. അതിന്റെ കാരണങ്ങൾ ഒക്കെ എല്ലാവർക്കും അറിയാം. റോഡ് വികസനം എന്ന പേരിൽ ജനങ്ങളെ കണ്ണീരു കുടിപ്പിക്കരുത് എന്നാണ് ഞങൾ പറയുന്നത്. റോഡ് വേണ്ട എന്നല്ല നിലപാട്. സ്ഥലം ഏറ്റെടുക്കുമ്പോൾ ജനത്തിന് മതിപ്പ് വില നൽകണം. വെറുതെ സ്ഥലം വിട്ടു നല്കാൻ ജനത്തിന് പ്രയാസമുണ്ട്. അത് കാണാതെ പോകുമ്പോൾ ആണ് എതിർപ്പ് ഉണ്ടാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP