Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണി അതിബുദ്ധിശാലി, ഇബ്രാഹിംകുഞ്ഞും ഷിബുവും മിടുക്കരായ മന്ത്രിമാർ; കുട്ടിക്കളി മാറാത്ത ബാബു; ഉമ്മൻ ചാണ്ടിക്ക് ശനിയുടെ അപഹാരംതന്നെ; ഡി ബാബുപോൾ തുടരുന്നു

മാണി അതിബുദ്ധിശാലി, ഇബ്രാഹിംകുഞ്ഞും ഷിബുവും മിടുക്കരായ മന്ത്രിമാർ; കുട്ടിക്കളി മാറാത്ത ബാബു; ഉമ്മൻ ചാണ്ടിക്ക് ശനിയുടെ അപഹാരംതന്നെ; ഡി ബാബുപോൾ തുടരുന്നു

രാഷ്ട്രീയത്തിലും സാംസ്‌കാരിക കാര്യങ്ങളിലും കേരളം ഗൗരവത്തോടെ കേട്ടിരുന്ന സ്വരമാണ് ഡോ. ഡി ബാബുപോളിന്റെത്. ഭരണകർത്താവ്, എഴുത്തുകാൻ, വാഗ്മി... കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ ബാബുപോൾ. കേരളത്തിലെ ഭരണാധികാരികളുമായി അടുത്ത ബന്ധം. സെക്രട്ടേറിയറ്റിലെ ജീവിതം. ഇന്നത്തെ കേരളത്തെക്കുറിച്ചു വിലയിരുത്താൻ മതിയായ വ്യക്തിത്വമാണ് അദ്ദേഹം. മറുനാടൻ മലയാളി അദ്ദേഹത്തെ കാണാനെത്തിയപ്പോൾ പ്രതീക്ഷിച്ചതുപോലെതന്നെ... സോളാറും സരിതോർജവും കേരളത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ കേരളത്തിന്റെ സമകാലിക ജീവിതത്തെയും ഭരണാധികാരികളെയും കുറിച്ചു ബാബു പോളിനു പറയാനുണ്ടായിരുന്നു ഒരുപാട്. ഓരോ മന്ത്രിമാരെയും വിലയിരുത്താനും. ഇന്നത്തെ കേരളത്തെക്കുറിച്ചു ഡി ബാബുപോളുമായി മറുനാടൻ മലയാളി ലേഖിക സുനിത ദേവദാസ് നടത്തുന്ന സംഭാഷണം തുടരുന്നു.

ഉമ്മൻ ചാണ്ടി മന്ത്രിസഭ യഥാർത്ഥ്യത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ്. അച്യുതാനന്ദൻ മന്ത്രിസഭക്ക് ആ പേര് ക്യാബിനറ്റ് നോട്ടിന്റെ ആമുഖത്തിൽ എഴുതാൻ വേണ്ടി മാത്രമുള്ളതായിരുന്നു. കുഞ്ഞാലിക്കുട്ടിയും മാണിയും ആര്യാടനുമൊക്കെ ഉണ്ടെങ്കിലും ഇത് അക്ഷരാർത്ഥത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ്. ഇതിൽ അസ്വസ്ഥനായ കെ. എം. മാണി കാരുണ്യ ബനവെളന്റ് ഫണ്ട് എന്നൊന്നുണ്ടാക്കി. മാണിയുടെ വലിയപടവും സൈഡിൽ ഉമ്മൻ ചാണ്ടിയുടെ അവ്യക്തമായ ചെറിയ പടവും വച്ച് പരസ്യമുണ്ടാക്കി. എന്ത് കാര്യം? ആര് ശ്രദ്ധിക്കുന്നു?

മാണിയുടെ ജീവിത്തിലെ ഏറ്റവും വലിയകാര്യം ഒന്നു മുഖ്യമന്ത്രിയായാൽ കൊള്ളാം എന്നത് തന്നെയാണ്. വ്യക്തിപരമായ കഴിവുള്ള ഒരു വ്യക്തി എന്ന നിലയിൽ മാണിക്കതിന് യോഗ്യതയുണ്ടെങ്കിലും ചങ്ങനാശേരി മുതൽ പാലാ വരെ ഒരു പ്രത്യേക വിഭാഗം ജനങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിന് എന്തർഹതയാണുള്ളത്. മാണി അതിബുദ്ധിശാലിയാണ്. വെള്ളാപ്പള്ളി നടേശൻ സോളാർ സരിതവിഷയത്തിൽ ആദ്യം പറഞ്ഞ പേരിൽ ജോസ് കെ. മാണിയുടെ പേരുണ്ടായിരുന്നു. കൈരളിയടക്കമുള്ള ചാനലുകൾ ഒരേയൊരു തവണ മാത്രമാണ് ജോസ് കെ. മാണിയുടെ പേര് പരാമർശിക്കപ്പെട്ടത്.


പിറ്റേദിവസത്തെ ഒരു ദിനപത്രത്തിലും ഈ വാർത്തയുണ്ടായിരുന്നില്ല. ഇതാണു മാണിയുടെ പ്രവർത്തനരീതി. മകനെ കേന്ദ്രമന്ത്രിയാക്കണം എന്നതും മാണിയുടെ വലിയ ആഗ്രഹമാണ്? എന്നാൽ രണ്ട് എംപി മാരുള്ള ലീഗിന് മന്ത്രിസ്ഥാനം കൊടുത്താൽ രണ്ട് എംപി മാരുള്ള കേരള കോൺഗ്രസിനും മന്ത്രിസ്ഥാനം കിട്ടണമെന്നത് എന്ന ന്യായമായ ആവശ്യമാണ് ലീഗിന് ജനങ്ങളുടെ വോട്ടു വാങ്ങി ജയിച്ചാണ് എംപിമാരുണ്ടായത്. മാണിയുടേതോ? കോൺഗ്രസ് വിട്ട് നൽകിയ രാജ്യസഭാ സീറ്റല്ലേ? ഇതിനു മറുപടി പറയേണ്ടതു സോണിയയാണ്.

ഇപ്പോൾ രാജ്യസഭാ എംപിമാരിൽനിന്നുള്ള മന്ത്രിമാരാണ് കുറവ്. അത് കൊണ്ട് ജോയി എബ്രഹാമിനെ മന്ത്രിയാക്കാം എന്ന് സോണിയ പറഞ്ഞാൽ ആ നിമിഷം മാണിക്ക് കേന്ദ്രമന്ത്രി സ്ഥാനമേ വേണ്ടാതാകും. മാണി മറുകണ്ടം ചാടി ഉമ്മൻ ചാണ്ടി മന്ത്രിസഭയെ മറിച്ചിട്ട് മുഖ്യന്ത്രിയായാൽ അടുത്ത തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി തോൽക്കും എന്ന് ഇടതുപക്ഷത്തെക്കാൾ നന്നായി മാണിക്കറിയാവുന്നതു കൊണ്ടാണ് മാണി മുഖ്യമന്ത്രിയാവാത്തത്.

ഇനി മാണി മുഖ്യമന്ത്രിയാവാൻ ഒരേയൊരു സാധ്യതയേയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ജോസ് കെ. മാണി ജയിക്കുകയും കേന്ദ്രത്തിൽ എൻഡിഎക്കു ഭരണം കിട്ടുകയും ചെയ്താൽ മാണി ഉമ്മൻ ചാണ്ടിയെ മറിച്ചിട്ട് മുഖ്യമന്ത്രിയാകും. ജോസ് കെ മാണി കേന്ദ്രമന്ത്രിയും.


ആര്യാടന് ആഭ്യന്തര മന്ത്രിയാകണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയും സിപിഎമ്മിനെയും ലീഗിനെയും ഒറ്റയ്ക്കു നേരിടാൻ പ്രാപ്തിയുള്ള ആര്യാടന് ആഭ്യന്തരം നൽകിയാൽ പാണക്കാട്ടു നിന്നു പ്രതിഷേധക്കാറ്റ് ആഞ്ഞടിക്കുമെന്നു ഭയന്നാണ് ഉമ്മൻ ചാണ്ടി അതു ചെയ്യാതിരുന്നത്. പ്രായമായതിന്റെ ക്ഷീണവും തളർച്ചയുമല്ല ആര്യാടനിൽ കാണുന്നത്. സിഗരറ്റു വലി നിർത്തിച്ചതിന്റെ വിത്ത്‌ഡ്രോവൽ സിൻഡ്രോമാണ്. ഇനിയും പുകവലിക്കാൻ അനുവദിക്കുകയാണെങ്കിൽ ആര്യാടൻ വീണ്ടും പഴയ മുന്നളിപ്പോരാളിയാകും.

ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ ലീഗിന്റെ നല്ല മന്ത്രിയാണ്. ഷിബു ബേബി ജോൺ വിചാരിച്ചതിലും ഭംഗിയായി പ്രവർത്തിക്കുന്നു. വളരെ മികച്ച മന്ത്രിയാകുമെന്ന് കണക്ക് കൂട്ടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതീക്ഷിച്ചത്ര മുന്നോട്ടുവന്നില്ല. ഉമ്മൻ ചാണ്ടി വിദേശത്ത് അവാർഡ് വാങ്ങിക്കാൻ പോയ തക്കം നോക്കി ജോപ്പനെ അറസ്റ്റ് ചെയ്തപ്പോൾ മുതൽ കഷ്ടകാലം തുടങ്ങി. ബോബനും മോളിയും പോലെ നടന്നവരാണ് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും. ജോപ്പാന്റെ അറസ്റ്റ് വഴി തിരുവഞ്ചൂർ തെളിയിക്കാൻ ശ്രമിച്ചത് ഇതാ സത്യസന്ധനായ ഒരു മുഖ്യമന്ത്രി യുഎന്നിൽ അവാർഡ് വാങ്ങുന്ന സമയത്ത് ഇവിടെ പേഴ്‌സണൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്യുന്നു എന്നാണ്. എന്നാൽ ആ സദുദ്ദേശ്യം പാളിപ്പോയി ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഞങ്ങളുടെ നാട്ടിലെ കറുകറെ കറുത്ത ഒരാൾ വെളുക്കാൻ വേണ്ടി ആടലോടകം അരച്ചു തേച്ചു. എല്ലായിടവും വെളുത്തില്ല. അവിടെയും ഇവിടെയും വെളുത്തു. അതിൽനിന്നുമാണ് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന ചൊല്ലുണ്ടായത്. അതിപ്പോൾ തിരുവഞ്ചൂരിനും പറ്റും.

ഇരിക്കൂർ ഗാന്ധി എന്നാണ് കെ. സി. ജോസഫിനെ ഞാൻ വിശേഷിപ്പിക്കുന്നത്. സത്യസന്ധ്യൻ, ത്യാഗി ആറു പ്രാവശ്യം എംഎൽഎ ആയിട്ടും മന്ത്രിസഭ രൂപീകരണം വരുമ്പോൾ ആരെങ്കിലും മന്ത്രിയാകണം എന്ന് പറഞ്ഞാലുടൻ കെ. സി. ജോസഫ് പറയും അടുത്ത പ്രാവശ്യം ആവാം എന്ന്. ഒടുവിൽ വീട്ടിലെ മൂത്തയാളുടെ കല്ല്യാണം അവസാനമായിപ്പോയി എന്ന ഗതിയിലേക്ക് കെ. സി. ജോസഫെത്തി.

അടൂർ പ്രകാശ് മന്ത്രിയായത് സമുദായത്തിന്റെ ബലത്തിലാണ്. ആ സമുദായത്തില്പെട്ട ഭൂരിപക്ഷം പേരും എൽഡിഎഫിൽ ആയതു കൊണ്ട് കോൺഗ്രസ്സിനുണ്ടായ മൂന്ന് എംഎൽഎമാരിൽ അടൂർ പ്രകാശിന് നറുക്കു വീണു. വക്കം പുരുഷത്തമനോ വിഎം സുധീരനോ എംഎൽഎ ആയിരുന്നെങ്കിൽ അടൂർ പ്രകാശ് മന്ത്രിയാകുമായിരുന്നില്ല.

ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരിയും ശിങ്കിടിയുമാണ് കെ ബാബു. പക്ഷേ, കുട്ടിക്കളി മാറിയിട്ടില്ല. തൃപ്പൂണിത്തുറയിലും അങ്കമാലിയിലുമൊക്കെ ഇപ്പോഴും അവസരം കിട്ടിയാൽ കുട്ടീം കോലും കളിക്കും. എന്നാൽ നമുക്കൊന്ന് സാറ്റ് കളിച്ചാലോ എന്നാണ് ലൈൻ. അത്യാവശ്യം നല്ല മന്ത്രിയാണെങ്കിലും ഈ പിള്ളേരുകളി മാറാത്തത് കാരണം പുള്ളി പറയുന്നത് ആര്യം കാര്യമായിട്ടെടുക്കുന്നില്ല.


പി. കെ. ജയലക്ഷ്മിയെ മന്ത്രിയാക്കുന്നതിന് മുൻപ് കോൺഗ്രസ്സുകാർ ഓർക്കണമായിരുന്നു മന്ത്രിസഭക്ക് വനിത പ്രാതിനിധ്യം വേണ്ടിവരുമെന്ന്. മന്ത്രിയാക്കാൻ കൊള്ളാവുന്ന അഞ്ചു സ്ത്രീകളെ മത്സരിപ്പിക്കണമായിരുന്നു. മന്ത്രിയാകാനും അവർ തമ്മിൽ മൽസരിച്ചില്ലെങ്കിൽ നമുക്കു കഴിവുള്ള വനിതാമന്ത്രി ഉണ്ടായേനെ. ഭരണം മുസ്ലിപവർ എക്‌സ്ട്രാ പോലെയാണ്. ഉത്തേജക മരുന്ന്. എന്നിട്ടും സിഎൻ ബാലകൃഷ്ണൻ പ്രായം കൊണ്ടും പെരുമാറ്റം കൊണ്ടും വാർധക്യ കാല പെൻഷൻ വാങ്ങാൻ തയാറായി നിൽക്കുന്നു.

അനൂപ് ജേക്കബിനെ മന്ത്രിയാകാൻ നിർബന്ധിച്ചത് നിർഭാഗ്യകരമായി പോയി. ഡെയ്‌സി ജേക്കബായിരുന്നു മന്ത്രിയാകേണ്ടിയിരുന്നത്. എങ്കിൽ ജേക്കബിന്റെ കൂടെ ഉണ്ടായിരുന്നവരുടെ പിന്തുണ കിട്ടുമായിരുന്നു. അനൂപ് ജേക്കബ് വളരെ ഒറ്റപ്പെട്ടാണ് ഭരണം നടത്തുന്നത്. ജനറേഷൻ ഗ്യാപ്പാവും ജേക്കബിന്റെ സന്തതസഹചാരികളെയും അനൂപിനെയും അകറ്റുന്നത്. പാർട്ടിയുടെ സപ്പോർട്ട് അനൂപിന് ലഭിക്കുന്നില്ല.

ജോസ് തെറ്റയിൽ ശരിക്കും ചതിച്ചത് ആ പെൺകുട്ടിയെയല്ല. ജോണി നെല്ലൂരിനെയാണ്. ജോണി നെല്ലൂർ ജയിച്ചിരുന്നെങ്കിൽ മന്ത്രിയായേനെ. ആ സങ്കടം താങ്ങാൻ കഴിയതെ ജോണി നെല്ലൂർ ഇപ്പോഴും വിഷമിക്കുന്നു. ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ ശനിയുടെ അപഹാരമാഹാം ശനി ബുധനിലേക്ക് സംക്രമിക്കുകയാവാം കണ്ടക ശനിയാവാം. ജാതകം പരിശോധിച്ചാലെ കൃത്യമായി അറിയാനാകൂ. ഒരു കാര്യം ഉറപ്പ്. എന്തോ ഒരു ശനിയുടെ സ്പർശമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP