Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർത്തിരിക്കാൻ നല്ലതൊന്നും ബാക്കിയില്ല, പൊതു ജീവിതം അവസാനിപ്പിക്കുന്നു: സിന്ധു ജോയി മറുനാടൻ മലയാളിയോട് പറഞ്ഞത്‌

ഓർത്തിരിക്കാൻ നല്ലതൊന്നും ബാക്കിയില്ല, പൊതു ജീവിതം അവസാനിപ്പിക്കുന്നു: സിന്ധു ജോയി മറുനാടൻ മലയാളിയോട് പറഞ്ഞത്‌

ഷാജൻ സ്‌കറിയ

മരമുഖത്ത് ചുവന്ന നക്ഷത്രമായിരുന്ന സിന്ധു ജോയിയാണ് ഇത്. ഒരുകാലത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും ചുറുചുറുക്കുള്ള യുവജന നേതാവായിരുന്ന സിന്ധു ജോയി. അടിയും ഇടിയും ചവിട്ടും ഒക്കെ ഏറ്റ് സിപിഐ(എം) കെട്ടിപ്പടുക്കാൻ വിദ്യാഭ്യാസ കാലത്ത് ഇറങ്ങിയ സിന്ധു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാടകീയമായി കളം മാറ്റി ചവിട്ടി കോൺഗ്രസ്സിൽ എത്തിയപ്പോൾ നെറ്റി ചുളിച്ചവർ ഏറെ. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെപ്പോലും നിശ്ചയിച്ച ശേഷം നടന്ന ഈ ചാട്ടത്തിന്റെ ലക്ഷ്യം അധികാര കസേര ആയിരുന്നില്ല എന്ന് സിന്ധു പലതവണ ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതാ അധികാരത്തിന്റെ ഇടനാഴിയിലേക്ക് കാലെടുത്ത് വയ്ക്കും മുമ്പേ സിന്ധു അവിടെ നിന്നും ഇറങ്ങി നടന്നിരിക്കുന്നു.

 
എന്തുകൊണ്ടാണ് സിന്ധു ജോയി യൂത്ത് കമ്മീഷൻ ചെയർപേഴ്‌സൺ സ്ഥാനം രാജിവച്ചത്? എന്തുകൊണ്ടാണ് മുഖ്യമന്ത്രിയോട് പോലും പിണങ്ങി സിന്ധു ഒളിച്ചോടിയത്? ഇതിന്റെയെല്ലാം യഥാർത്ഥ കാരണം അറിയാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അറിയാനുള്ള സാധ്യത തത്ക്കാലം കുറവാണ്.പ്രതീക്ഷിച്ചതും വാഗ്ദാനം ചെയ്തതും ഒക്കെ കോൺഗ്രസ്സ് നേതൃത്വം അവസാന നിമിഷം തട്ടിത്തെറുപ്പിച്ചതായിരിക്കുമോകാരണം എന്നറിയണമെങ്കിൽ സിന്ധു ആദ്യം മനസ്സു തുറക്കണം. മറുനാടൻ മലയാളിയിൽ നിന്ന് വിളിക്കുമ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിസമ്മതിച്ചെങ്കിലും പറഞ്ഞ ഉത്തരങ്ങൾ പലതും പറയാൻ ആഗ്രഹിക്കുന്നവ അല്ല എന്ന് തീർച്ചയായിരുന്നു. മറുനാടൻ മലയാളിയുമായി നടത്തിയ അഭിമുഖ സംഭാഷണമാണ് ചുവടെ കൊടുക്കുന്നത്.

  • സിന്ധു എവിടെയാണ് ഇപ്പോൾ ഒന്നു കാണാൻ കഴിയുമോ? ചില കാര്യങ്ങൾ ചോദിക്കാനുണ്ട്

അയ്യോ ഞാൻ തിരുവനന്തപുരത്തില്ലല്ലോ. ഇപ്പോൾ ബാംഗ്ലൂരിൽ ആണ്. നിങ്ങളെപ്പോലുള്ളവരുടെ ഏറെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താത്പര്യം ഇല്ലാത്തതു കൊണ്ടാണ് ഞാൻ ബാംഗ്ലൂർക്ക് പോന്നത്.

  • അവിടെന്താണ് പരിപാടി? ഉടനെ മടങ്ങി വരില്ലേ?

എന്റെ സഹോദരിയുടെ അടുത്തേക്ക് പോന്നതാണ്. വെറുതെ ഒന്നു റിലാക്‌സ് ചെയ്യാൻ. രണ്ട് മൂന്ന് ആഴ്ച കഴിയാതെ മടക്കമില്ല. എന്തായാലും ഞാൻ ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ഒന്നുമില്ല. മടങ്ങി വരുമ്പോൾ വിശദമായി സംസാരിക്കാം. ഇപ്പോൾ വച്ചോട്ടെ.

  • ഒരു നിമിഷം സിന്ധു. എന്തിനാണ് യൂത്ത് കമ്മീഷൻ സ്ഥാനം രാജി വച്ചത്?

വേറെ നിവൃത്തി ഒന്നും ഇല്ലാത്തതുകൊണ്ട്. എന്നെ യൂത്ത് കമ്മീഷൻ ചെയർപേഴ്‌സണായി നിയമിച്ചു കൊണ്ടുള്ള ഓർഡിനൻസ് ഇറങ്ങിയിട്ട് രണ്ടോ മൂന്നോ ആഴ്ചയേ ആയുള്ളൂ. അതിന്റെ നിയമാവലിയിൽ പറയുന്നുണ്ട് പദവി വേണ്ടെങ്കിൽ രാജി വയ്ക്കണമെന്ന്. അതുകൊണ്ട് രാജി വച്ചു.

  • അതു മനസ്സിലായി. അതല്ല ചോദ്യം രാജി വയ്ക്കാനുണ്ടായ കാരണം എന്താണ്?

പ്രത്യേകിച്ച് കാരണം ഒന്നുമില്ല. എന്റെ അഭിരുചിയിൽ മാറ്റം ഉണ്ടായി. എനിക്കിപ്പോൾ പൊതുപ്രവർത്തനത്തോട് താത്പര്യം ഇല്ല. അത് നിർത്താൻ ഞാൻ തീരുമാനിച്ചു. മനുഷ്യരല്ലേ താത്പര്യങ്ങൾ എപ്പോഴും മാറി മാറി വന്നു കൂടെന്നുണ്ടോ? ഇനി കുറച്ചുകാലം ഞാൻ അടിച്ചു പൊളിച്ചു ജീവിക്കട്ടെ.

  • എങ്ങനെയാണ് അടിച്ചു പൊളിച്ചു ജീവിക്കുന്നത്? കല്യാണം ഉടനെ ഉണ്ടോ?


എല്ലാ സാധാരണ ചെറുപ്പക്കാരെയും പോലെ ഒരു സാധാരണ ജീവിതം. കല്യാണക്കാര്യം തത്ക്കാലം ആലോചിച്ചിട്ടില്ല. ആലോചിക്കില്ല എന്നു പറയാൻ വയ്യ. ഇപ്പോൾ അത് അജണ്ടയിൽ ഇല്ലെന്നു മാത്രം.

  • യൂത്ത് കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവച്ചാലും കോൺഗ്രസ്സ് നേതാവായി തുടരുമോ?

ഞാൻ എന്റെ പൊതുപ്രവർത്തനമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇനി ഞാൻ രാഷ്ട്രീയത്തിൽ ഇല്ല. എനിക്ക് രാഷ്ട്രീയം മടുത്തു. ഇനിയുള്ള കാലം എന്റെ താത്പര്യങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി ജീവിക്കണം.

  • 18 വർഷത്തെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പ്രത്യേകിച്ച് ഒന്നും പറയാനില്ല. കാരണം അത് എനിക്ക് നല്ലതൊന്നും സമ്മാനിച്ചിട്ടില്ല. വേദനയും സങ്കടവും നിരാശയും മാത്രമാണ് പൊതുജീവിതം എനിക്ക് നൽകിയത്. അതുകൊണ്ട് ഇനി അത്തരം ഒരു ജീവിതം ഇല്ല.

  • ആരാണ് സിന്ധുവിനെ ഒഴിവാക്കാൻ അണിയറയിൽ കളിച്ചത്?

ഞാൻ രാജിവച്ചതാണല്ലോ. എന്നെ ഒഴിവാക്കാനാണെങ്കിൽ ഓർഡിനൻസ് ഇറക്കാതിരുന്നാൽ പോരായിരുന്നോ? പിന്നെ രാഷ്ട്രീയത്തിലെ കളികൾ പറഞ്ഞു തരേണ്ട കാര്യമുണ്ടോ? ഞാൻ അതേക്കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ആരെയും കുറ്റപ്പെടുത്താൻ തത്ക്കാലം താത്പര്യവുമില്ല.

  • രാജി തീരമാനം പെട്ടന്നായിരുന്നല്ലോ?

അല്ല. കുറച്ചു നാളായി ഞാനിത് ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയോടും മറ്റും പറഞ്ഞിരുന്നു. ആരും സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ രാജി വയ്ക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

  • നിരാശ തോന്നുന്നുണ്ടോ?

ഞാൻ ഉത്തരം പറയുന്നില്ല.

ചോദ്യങ്ങൾ അവിടെ നിലച്ചു. ഉത്തരങ്ങളും. പെട്ടന്നുള്ള ചോദ്യങ്ങൾ ആയിരുന്നു ഇവയൊക്കെ. ധൃതിവച്ചുള്ള ഉത്തരങ്ങളും. സിന്ധുവിന്റെ രീതി ഇതല്ല. മനസ്സിൽ നിന്നുള്ള ഉത്തരങ്ങളായിരുന്നില്ല ഇവയിൽ പലതും എന്നു തീർച്ച. സത്യസന്ധമായി മാത്രം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സിന്ധുവിന് കാര്യങ്ങൾ മറച്ച് വച്ച് സംസാരിക്കാൻ സാധിക്കില്ല. 'തിരുവനന്തപുരത്ത് വരുമ്പോൾ നമുക്ക് കാണാം. ബോബിയോട് അന്വേഷണം പറയുക.'ഇത്രയും പറഞ്ഞ് സിന്ധു സംഭാഷണം പെട്ടന്ന് അവസാനിപ്പിച്ചു. സിന്ധു എന്തിനു വേണ്ടിയായിരിക്കും രാജി വച്ചത്? തത്ക്കാലം അതിന് ഉത്തരം ആർക്കും ലഭിച്ചേക്കില്ല. കോൺഗ്രസ്സിലെ ചീഞ്ഞ് നാറുന്ന അധികാര തർക്കക്കാർക്ക് അറിയാമായിരിക്കും ഈ പെൺകുട്ടി എന്തിനാണ് വേദനിക്കുന്നതെന്ന്. അവർ ആ അറിവുമായി ജീവിക്കട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP